മലയാളം 5 കഥകൾ ഇ-ബുക്കുകൾ (Malayalam stories eBooks)

5 ഇ-വായന മലയാളം ഡിജിറ്റല്‍‍ പുസ്തകങ്ങള്‍ (Malayalam digital books)

1. കറുത്ത കുഞ്ഞ് 

ബിനീഷ്, വിദേശത്തു നിന്ന് അവധിക്കു വന്ന സ്വന്തക്കാരുമൊത്ത് സഹായം ചെയ്യാനായി ഒരു ഓർഫനേജ് സന്ദർശിച്ചു. അവിടെ അഞ്ചു വയസ്സിൽ താഴെയുള്ള ഇരുപതു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അവിടത്തെ സിസ്റ്റർ പറഞ്ഞ ഒരു ഇരുണ്ട യാഥാർഥ്യം പറയട്ടെ -സാധാരണയായി കുട്ടികളെ ദത്തെടുക്കാൻ കുട്ടികളില്ലാത്ത ദമ്പതിമാരുടെ 2 വർഷത്തെ വെയിറ്റിങ് ലിസ്റ്റ് ഈ സ്ഥാപനത്തിലുണ്ട്. അങ്ങനെ ഒരു ഫാമിലിയുടെ ഊഴം വന്നു. പക്ഷേ, അപ്പോൾ Adoption Register ലിസ്റ്റിൽ മുന്നിലുള്ള പിഞ്ചുകുഞ്ഞ് ഒരാൺകുഞ്ഞാണ്. മിടുക്കൻ. പക്ഷേ, കറുത്തതാണ്. അവർക്ക് അവനെ വേണ്ട. ലിസ്റ്റിൽ പിന്നെ വരുന്ന വെളുത്ത കുഞ്ഞുങ്ങളെ മതി!

അടുത്ത വെയിറ്റിങ് ലിസ്റ്റിലെ ദമ്പതികൾക്കും ഇവനെ വേണ്ട.

കാരണം പറഞ്ഞതാണ് വിചിത്രം - "ഞങ്ങൾ രണ്ടു പേരും വെളുത്തതാണ്. കറുത്ത കുഞ്ഞ് ഞങ്ങളുടേതല്ലെന്ന് എല്ലാവരും അറിയും''

സിസ്റ്റർ തുടർന്നു പറഞ്ഞു -

"പക്ഷേ, കറുത്ത ദമ്പതികൾക്ക് വെളുത്ത കൊച്ചിനെ ഞങ്ങൾ പലവട്ടം കൊടുത്തിട്ടുണ്ട്. അത് ചേരില്ലെന്ന് ആരും പറഞ്ഞില്ല!"

ബിനീഷും കൂട്ടരും നോക്കുമ്പോൾ തൊട്ടിലിൽ ആ കറുത്ത കുഞ്ഞു സുന്ദരൻ മനുഷ്യ മനസ്സിലെ ഇരുട്ടിനെ കുറിച്ച് യാതൊന്നും അറിയാതെ ഉറക്കമായിരുന്നു.

ആശയം-

ഇങ്ങനെ പലവിധവും അവഗണന നേരിടുന്ന അനാഥ ശിശുക്കള്‍ക്ക് എന്തെങ്കിലും സഹായം ചെയ്താല്‍ ആ പുണ്യം ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ പെട്ടെന്നു തന്നെ പേരെഴുതി ചേര്‍ക്കപ്പെടും!

പ്രേരണക്കുറ്റം എന്നു നാം സാധാരണയായി കേട്ടിരിക്കും. എന്നാൽ പ്രേരണനന്മ എന്നൊരു മഹത്തായ കാര്യം കൂടിയുണ്ട്. അതായത്, ആരെയെങ്കിലും നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. അവർക്കു കിട്ടുന്ന പുണ്യത്തിനൊപ്പം നമുക്ക് ചെറിയ പുണ്യവും സമ്പാദിക്കാനാവും. കൂടാതെ ചെറിയ Contribution നമുക്ക് ഒതുക്കത്തിൽ കൊടുക്കാനും പറ്റും.

2. അത്താഴ പട്ടിണിക്കാർ

പണ്ടുകാലത്ത്, സിൽബാരിപുരംഗ്രാമത്തിൽ പ്രതാപത്തിലിരുന്ന ഒരു തറവാടുണ്ടായിരുന്നു. ആ നാട്ടിലെ പട്ടിണിക്കാലത്ത് ഗ്രാമവാസികളിൽ പലരും ജീവിച്ചു പോന്നതുതന്നെ ആ വീട്ടുകാരുടെ കാരുണ്യത്തിലായിരുന്നു. അങ്ങനെ, കാലം മുന്നോട്ടു പോയപ്പോൾ തറവാട് ധൂർത്തിലും കെടുകാര്യസ്ഥതയിലും ക്ഷയിച്ചു തുടങ്ങി. വസ്തുവകകൾ അയലത്തുകാർ സൂത്രത്തിൽ കൈവശമാക്കി. പുതിയ തലമുറയിലെ കാരണവരും ഭാര്യയും മാത്രമായി അവിടെ താമസം. കേശു എന്നായിരുന്നു അയാളുടെ പേര്.

അതേ സമയം, കള്ളപ്പണക്കാർ ആ നാട്ടിലും പെരുകി. കള്ളവും ചതിയുമൊന്നും വശമില്ലാത്ത ദമ്പതികൾ വല്ലാതെ ഞെരുങ്ങി. ഒടുവിൽ, ഗത്യന്തരമില്ലാതെ ആ ഗൃഹനാഥൻ അയലത്തെ വീട്ടുകാരുടെ ചന്തയിലുള്ള കടയിൽ കണക്കെഴുതാൻ പോയിത്തുടങ്ങി. രാത്രിയിൽ കടയടച്ചു തിരികെയുള്ള മടക്കയാത്രയിൽ അതേ കടയിലെ ക്രിസ്ത്യാനിയായ പൗലോസിനെ കൂട്ടുകാരനായി കിട്ടി.

എന്നും, വീടിനു മുന്നിലെത്തുമ്പോൾ കേശു കൂട്ടുകാരനോടു പറയും-

''എടോ, അത്താഴം കഴിച്ചിട്ടു പോകാം. ഇനിയും ഒരു മണിക്കൂർ തനിക്കു നടക്കാനില്യേ?"

"ഓ... പിന്നെയാവട്ടെ...കെട്ട്യോള് അത്താഴവുമായി പെരേല് എന്നെ നോക്കിയിരിക്കും..."

പൗലോസ് സ്നേഹപൂർവം ഒഴിഞ്ഞു മാറും. കാരണം, സ്നേഹിതന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ അയാൾ മനസ്സിലാക്കിയിരുന്നു.

എന്നാൽ പോലും, ആ വീട്ടമ്മ വീടിന്റെ പടിപ്പുര അടയ്ക്കുമ്പോൾ ശബ്ദം താഴ്ത്തി പരമ്പരാഗതമായ ചോദ്യം ചോദിക്കും -

"അത്താഴപ്പഷ്ണിക്കാര് ആരെങ്കിലുമുണ്ടോ?"

അങ്ങനെ ദിവസങ്ങൾ ഇരുണ്ടു വെളുത്തു നീങ്ങവേ,

ഒരു ദിനം - പൗലോയുടെ മകനാണ് പകരമായി ജോലിക്കു കടയിൽ വന്നത്. തിരികെ കേശുവിനൊപ്പം അവനും നടന്ന് തറവാടായപ്പോൾ പതിവു ചോദ്യം അയാൾ ചോദിച്ചു.

അപ്പോൾ മകൻ സന്തോഷത്തോടെ പറഞ്ഞു -"ശരി. എന്നാൽ അങ്ങനെയാവട്ടെ "

അതേസമയം, മകൻ മനസ്സിൽ ഒട്ടേറെ സങ്കല്പവിഭവങ്ങളൊരുക്കി. പപ്പടം -പഴം-പായസം, പച്ചടി, കിച്ചടി, അവിയൽ, സാമ്പാർ, രസം... ആദ്യമായിട്ടാണ് ഇങ്ങനൊരു ക്ഷണം കിട്ടുന്നത്.

ഇലയിട്ട് തവിയിൽ അല്പം ചോറ് കേശുവിനും അവനും ഭാര്യ വിളമ്പി. കറിയായി ആകെയുണ്ടായിരുന്നത് അച്ചാറും പുളിശേരിയും!

അവന്റെ പ്രതീക്ഷ തെറ്റിയതിനാൽ താൽപര്യമില്ലാതെ ചിക്കിച്ചികഞ്ഞ് ഊണ് ലേശം മാത്രം കഴിച്ച് ഭൂരിഭാഗവും പാഴാക്കുകയും ചെയ്തു. അപ്പോൾ കേശുവിന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞത് ഈ മകൻ കണ്ടതുമില്ല!

അടുത്ത ദിവസം രാത്രിയിൽ ഒപ്പമുണ്ടായിരുന്ന പൗലോസിനെ കേശു അത്താഴത്തിനു വിളിച്ചില്ല!

അയാൾക്ക് കാര്യം പിടികിട്ടി. മകനോടു പൗലോസ് പറഞ്ഞു-

"മോനേ, ആ വീട്ടുകാരൻ അത്താഴത്തിനു വിളിച്ചത് അയാളുടെ മര്യാദ. പക്ഷേ, അത് സ്നേഹപൂർവം നിരസിക്കേണ്ടത് നമ്മുടെ മര്യാദ. കാരണം, ഒരാൾക്ക് അത്താഴം കൊടുത്താൽ ആ വീട്ടമ്മ അന്നു പട്ടിണി കിടക്കണം!"

അപ്പോഴാണ് താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി മകനു മനസ്സിലായത്.

"ക്ഷമിക്കണം, അപ്പച്ചാ, നല്ല 'കൂട്ടാൻ' (കറി) ഇല്ലാത്തതു കൊണ്ട് ഞാനത് പാഴാക്കി കളയുക കൂടി ചെയ്തു!"

അനന്തരം, അയാൾ മകനെ ആശ്വസിപ്പിച്ചു. മകന്റെ ഉഴപ്പു ജീവിതത്തിനും അതോടെ തിരശ്ശീല വീണു!

ചിന്തിക്കുക..മറ്റുള്ളവരുടെ വിഷമങ്ങള്‍ അവരെ പരിഹസിക്കാതെ ഉള്‍ക്കൊള്ളാന്‍ ആവുമെങ്കില്‍ നമ്മുടെ ജീവിത സമവാക്യങ്ങള്‍ പലതും മാറിമറിയും!

ധൂര്‍ത്തു കാണിക്കാന്‍ തോന്നില്ല! പൊങ്ങച്ചം നമ്മെ വിട്ടുപോകും! ആരെയും ചതിക്കാനും തോന്നില്ല!

നിഷ്പക്ഷ മനസ്സിന് നാം ഉടമകളും ആയിത്തീരും!

3. അലക്സാണ്ടർ ചക്രവർത്തിയും സന്യാസിയും

"Alexander the Great " -എന്നാണ് അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്നത്.

ഗ്രീസിൽ നിന്നും പടയോട്ടം തുടങ്ങി രാജ്യങ്ങൾ അനേകം പിടിച്ചടക്കി ഇന്ത്യയിലും വിജയം കണ്ടു. അങ്ങനെ, വിപുലമായ സാമ്രാജ്യ അധിപനും മികച്ച നേതൃത്വവും പോരാളിയും യുദ്ധതന്ത്രജ്ഞനും ഒക്കെ ആയതിനാൽ "മഹാനായ അലക്സാണ്ടർ" എന്നു ലോകം വാഴ്ത്തി.

ഇതിനൊരു മറുവശമുണ്ട്. സ്വന്തം രാജ്യം മെച്ചപ്പെടുത്തുന്നതിനു പകരം അയൽ രാജ്യം ആക്രമിച്ച് കീഴ്‌പ്പെടുത്തുമ്പോൾ എത്രയധികം വേദനകൾ ആണു സൃഷ്ടിക്കപ്പെട്ടത്?

അനേകം ആളുകളും മൃഗങ്ങളും മരണപ്പെട്ടു. പരുക്കേറ്റ് നരകിച്ചു!

അതൊക്കെ എങ്ങനെയാണ് മഹാൻ എന്ന പേരിനു ചേരുക? ആ വഴിയിൽ ചിന്തിച്ച് മഹാനായ അശോക ചക്രവർത്തി കലിംഗ യുദ്ധക്കെടുതിയിൽ മനംമടുത്ത് ബുദ്ധമതത്തിൽ ആശ്വാസം കണ്ടെത്തി.

ഒരിക്കല്‍, ഭാരതത്തിലെ ഒരു സന്യാസി, അലക്സാണ്ടറോട് ചോദിക്കുകയുണ്ടായി-

"താങ്കൾ എന്തിനാണ് ഈ ലോകം മുഴുവൻ പിടിച്ചടക്കാൻ ശ്രമിക്കുന്നത്?"

"എന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ്!"

സന്യാസി ഇപ്രകാരം പ്രതിവചിച്ചു- "അങ്ങനെയെങ്കിൽ, താങ്കളുടെ സാമ്രാജ്യവും കിരീടവും അധികാരവും പോലുള്ള യാതൊന്നുമില്ലാതെ തന്നെ എനിക്ക് നല്ല സുഖവും സന്തോഷവും ഇവിടെയിരുന്ന്‍ അനുഭവിക്കാൻ പറ്റുന്നുണ്ടല്ലോ!"

തന്റെ ജീവിതത്തിൽ ഏതാനും ദിവസങ്ങൾ മാത്രമേ സന്തോഷം അനുഭവിച്ചിട്ടുള്ളൂ എന്ന് ഒരിക്കൽ അലക്സാണ്ടർചക്രവര്‍ത്തി പറഞ്ഞിട്ടുണ്ട്.

ഇതില്‍നിന്നും എന്താണു മനസ്സിലാകുന്നത്?

സര്‍വതും ത്യജിച്ചു ജീവിക്കുന്ന ഒരു സന്യാസിക്ക് ചക്രവര്‍ത്തിയെക്കാളും സുഖവും സന്തോഷവും കിട്ടുമെങ്കില്‍ നാം ഓരോരുത്തര്‍ക്കും ഇപ്പോള്‍ നിലവിലുള്ള കാര്യങ്ങളില്‍ സംതൃപ്തി കണ്ടെത്തി മനസ്സുഖവും സന്തോഷവും അനുഭവിക്കാം!

ഭാരതം മുന്നോട്ടു വച്ച അഷ്ടാംഗ യോഗയിലെ രണ്ടാം അംഗമായ 'നിയമ'ത്തിൽ അഞ്ചു ഉള്‍പിരിവുകള്‍ ഉണ്ട്. അതില്‍ രണ്ടാമത്തെ ഘടകമായ 'സന്തോഷം' നാം മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്താതെ നേടാൻ ശ്രമിക്കുക. ദുശ്ശീലങ്ങളിലൂടെ നേടുന്ന സന്തോഷം ഭാവിയിൽ സ്വന്തം സന്തോഷത്തെ നശിപ്പിക്കാം. ഒപ്പം സഹജീവികളുടെ സന്തോഷം മോഷ്ടിക്കുന്നു അല്ലെങ്കിൽ നശിപ്പിക്കുന്നതാകാം.

പണ്ട്, സമ്പൂർണ സമർപ്പണത്തിലൂടെ പലരും മഹാനായിട്ടുണ്ട്. അല്ലെങ്കിൽ കുടുംബ ജീവിതം പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ശാസ്ത്രത്തിനു വേണ്ടി ജീവിതം മാറ്റിവച്ചപ്പോൾ മഹാനായ അബ്ദുൽ കലാം കുടുംബ ജീവിതം മറന്നു പോയി.

ഗൃഹസ്ഥാശ്രമികൾക്ക് ഒട്ടേറെ പിരിമുറുക്കങ്ങളും വെല്ലുവിളികളും കടമ്പകളും സന്തോഷ ലബ്ധിക്കു തടസ്സമാകാം. എങ്കിലും, ആദ്യം യോഗയിലെ 'യമ നിയമ'ങ്ങൾ പാലിക്കാനുള്ള സത്യസന്ധമായ ശ്രമമുണ്ടാകട്ടെ.

അതിലൂടെ, മനുഷ്യ ജന്മത്തിന്റെ പ്രധാന ജീവിത ഘടകമായ സന്തോഷവും അതിലും ഉയർന്ന ആനന്ദവും ലഭിക്കട്ടെ!

ഷഡ് വൈരികളില്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ആറെണ്ണം ഉള്‍പ്പെടുന്നു. ഇതില്‍, രണ്ടാമത്തെ ക്രോധമാകുന്നു ഇവിടെ നമ്മുടെ വിഷയം.

ദേഷ്യം, വെറുപ്പ്, കോപം, അരിശം, കലിപ്പ്‌, വൈരാഗ്യം, വൈരം, പ്രതികാരം, പകരം വീട്ടല്‍ എന്നിങ്ങനെ പല രൂപങ്ങളില്‍ ഇത് അറിയപ്പെടുന്നു. ദേഷ്യവും കോപവും വരാത്ത ഒരാളും ഈ ലോകത്തുണ്ടാവില്ല. ചിലരില്‍, കൂടിയും മറ്റു ചിലരില്‍ കുറഞ്ഞും കണ്ടേക്കാം. പാരമ്പര്യമായി തൊട്ടതും പിടിച്ചതിനുമെല്ലാം ദേഷ്യം പിടിക്കുന്ന കുടുംബങ്ങളെ കാണാം.

അതൃപ്തിയിലും അമർഷത്തിലും രസക്കേടിലും അസമത്വത്തിലും പക്ഷഭേദത്തിലും ഒക്കെ അത് തുടങ്ങുന്നു.

യേശുക്രിസ്തു പോലും, ദേവാലയത്തില്‍ ചെന്നപ്പോള്‍ അവിടം കച്ചവടക്കാര്‍ കയ്യടക്കിയത് കണ്ട് ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കി എന്നു ബൈബിളില്‍ പറയുന്നു! എന്നാൽ, കോപാന്ധത എന്നൊരു സ്ഥിതിവിശേഷമുണ്ട്- അതായത് കോപം കൊണ്ട് അന്ധരാകുന്ന അല്ലെങ്കില്‍ ഭ്രാന്തു കാട്ടുന്ന അവസ്ഥ.

കണ്ണു ചുവക്കുക, വിറയ്ക്കുക, ഹൃദയമിടിപ്പ് കൂടുക, നാവിന്റെ നിയന്ത്രണം പോയി അസഭ്യം പറയുക, കയ്യേറ്റം ചെയ്യുക. യഥാർഥത്തിൽ, നിയന്ത്രിതമായ കോപം ഉള്ളവർ യോഗ, ഭക്തി, പ്രാർഥന പോലുള്ള കടമ്പയിൽ തട്ടി നിൽക്കും. അവർ ബാലൻസിലായിരിക്കും.

ഇനി എപ്പോഴും ചിരിക്കുന്നവർ ഗൗരവക്കാരേക്കാളും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നത് പലയിടങ്ങളിലും കാണാം. അതാണ് ചില പത്രവാർത്തകർ വായിച്ച് ജനങ്ങൾ പറയുന്നത് അവർ അങ്ങനെ ചെയ്യുന്നവരെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നൊക്കെ. ദേഷ്യവും കോപവും വൈറസ് പോലെയാണ്. അതിനെ ഏതെങ്കിലും രൂപത്തിൽ തുമ്മിക്കളഞ്ഞില്ലെങ്കിൽ അത് മനസ്സിൽ പെറ്റുപെരുകും!

അതിനാല്‍, ഓരോ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്, നിങ്ങള്‍ സ്വയം ക്ഷമിക്കുക. അല്ലെങ്കില്‍ കോപം ഉണ്ടാക്കിയ ആളിനെ അല്ലെങ്കില്‍ സംഭവത്തെ മറന്നു കളയണം. മനസ്സില്‍ അടുത്ത ദിവസം കോപം കൊണ്ട് നടക്കരുത്. അത് വലിയ ആപത്തില്‍ കലാശിക്കും.

മാത്രമല്ല, വിരുദ്ധ ചിന്തകളും കോപവും സ്വന്തം കോശങ്ങളെ ക്ഷയിപ്പിക്കുന്നു. ദീര്‍ഘകാലമായി പ്രതികാരം ചെയ്യാനുള്ള അവസരത്തിനു കാത്തിരുന്നവര്‍ അവരുടെ ലക്‌ഷ്യം നേടുന്നതിനു മുന്‍പുതന്നെ രോഗം പിടിപെട്ടു മരിച്ചു പോയവരും അനേകമാണ്!

സ്വതന്ത്രമായി കോപത്തെ പറന്നു പോകാൻ മനസ്സിന്റെയും വായുടെയും കൂടു തുറന്നിടുക!

കോപം ഉണ്ടാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക.

കോപം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാം

കോപം ഉണ്ടാക്കുന്ന സംസാരം വേണ്ടെന്നു വയ്ക്കാം.

കോപം ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക.

യോഗയും ധ്യാനവും പ്രാര്‍ത്ഥനയും പരിശീലിക്കുക.

കോപിക്കുന്ന സമയത്തെ സ്വന്തം ഭ്രാന്തന്‍പ്രകടനങ്ങള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്തത് കണ്ടു നോക്കുക.

ദിവസവും രാവിലെ നടക്കാന്‍ പോകുക.

മനസ്സിന് സന്തോഷം തരുന്ന ഒന്നോ രണ്ടോ ഹോബികളില്‍ ഏര്‍പ്പെടുക.

രാവിലെ കണ്ണാടിയില്‍ നോക്കി പുഞ്ചിരി പരിശീലിക്കുക.

ശാന്ത സ്വഭാവമുള്ള സുഹൃത്തുക്കളെ കണ്ടെത്തുക.

കോപത്തെ പ്രമേയമാക്കി നിര്‍മിച്ച മികച്ച മലയാളംസിനിമയായ 'കലി' കണ്ടു കോപത്തിന്റെ അനന്തര ഫലങ്ങളെ മനസിലാക്കുക.

5. മുതലാളിയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ!

ഒന്നര പതിറ്റാണ്ടു മുൻപ് ബിജേഷിന്റെ വിവാഹദിനം. കല്യാണം കഴിഞ്ഞു അന്നത്തെ രീതിയായ ഫ്രൈഡ് റൈസ് ആണു ഭക്ഷണം. പെൺവീട്ടുകാരുടെ ക്ഷണമനുസരിച്ച് ഒരു കോടീശ്വരൻ (ചില ഉന്നത പദവികളിൽ ഇരിക്കുന്ന മുതലാളി) വന്നിട്ടുണ്ട്. അയാളുടെ അത്യാഡംബര വാഹനം ഓടിക്കുന്ന ഡ്രൈവറുമുണ്ട്. അവർ ഭക്ഷണം കഴിക്കാതെ ഒരുമിച്ചു ഫോട്ടോയുമൊക്കെ എടുത്തിട്ടു സ്ഥലം വിട്ടു.

ഡ്രൈവറോട് തിരക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്- മുതലാളിക്ക് അന്നുതന്നെ രണ്ടു കല്യാണം കൂടിയുണ്ട്. സാധാരണയായി ഏറ്റവും മുന്തിയ കൂട്ടരുടെ മാത്രമേ അയാൾ കഴിക്കയുള്ളൂ. മറ്റുള്ള സ്ഥലങ്ങളിൽ ഒന്നു തല കാണിച്ചിട്ടു മടങ്ങുകയാണ് പതിവ്. ഇനി ഏതെങ്കിലും ദിവസം സാധാരണക്കാരുടെ ക്ഷണം മാത്രമേ ഉള്ളൂ എങ്കില്‍ അവിടെ കഴിക്കാതെ ഏറ്റവും അടുത്തുള്ള വലിയ ഹോട്ടലില്‍നിന്ന് കഴിക്കും!

ഒരിക്കല്‍, ഈ മുതലാളിയുടെ വീട്ടില്‍ വലിയ വിഭവങ്ങള്‍ തയ്യാറാക്കുന്ന അടുക്കളയില്‍ ഇന്ധനമാക്കാന്‍ വിധിക്കപ്പെട്ട വിറകുകള്‍ ഒരു തുറന്ന ജീപ്പില്‍ എത്തി.

അത് ബംഗ്ലാവിന്റെ പിറകിലെ മുറ്റത്ത്‌ ഇറക്കി. വേലക്കാര്‍ അതെല്ലാം വിറകുപുരയില്‍ അടുക്കിവച്ചു. അന്ന്‍, സന്ധ്യയായപ്പോള്‍ വീട്ടിലേക്കു മടങ്ങുന്ന ഒരു വേലക്കാരി പിന്‍മുറ്റത്തുകൂടി പോയപ്പോള്‍ അവിടെ അല്പം പൊടിവിറകുകള്‍ മണ്ണില്‍ അവശേഷിക്കുന്നുണ്ടായിരുന്നു. സാധാരണയായി ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുമ്പോള്‍ അതും വെറുതെയങ്ങു കത്തിത്തീരും. എന്നാല്‍, ആ സാധു സ്ത്രീ തന്റെ അടുപ്പില്‍ തീ പുകയ്ക്കാന്‍ വേണ്ടിയാവണം കുറച്ചുനേരംകൊണ്ട് ഇതു പെറുക്കിയെടുത്ത് നടന്നുനീങ്ങി.

അല്‍പനേരം കഴിഞ്ഞപ്പോള്‍ മുതലാളിയുടെ ചെവിയില്‍ ഇക്കാര്യം ആരോ ഓതിക്കൊടുത്തു.

"വിളിച്ചോണ്ടു വാടാ അവളെ!”

മുതലാളി അലറി. ഉടനെ വേലക്കാരന്‍ ഓടിപ്പോയി അവളെ തിരികെ വിറകുമായി ആ മുറ്റത്തെത്തിച്ചു!

മുതലാളിയുടെ കല്പന പ്രകാരം- വേലക്കാരി പൊടിവിറക് മുറ്റത്തിട്ടു. അതോടൊപ്പം ജീപ്പില്‍ കൊണ്ടുവന്ന മുഴുവന്‍ വിറകും വേലക്കാരന്‍ വിറകുപുരയില്‍നിന്നും മുറ്റത്തുകൂട്ടിയിട്ടു. എന്നിട്ട്, അതു മുഴുവനും അവിടെയിട്ടു കത്തിച്ചു ചാമ്പലാക്കി.

അതിനുശേഷം മുതലാളി കോപത്തോടെ പറഞ്ഞു- “ഈ വിറക് എന്റെ വീട്ടിലും നിന്റെ വീട്ടിലും ഒരുപോലെ അങ്ങ് കത്തിക്കാനുള്ളതല്ല. എല്ലാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ. ഉം...ഇനി നീ പൊയ്ക്കോ"

എല്ലാവരും അന്തംവിട്ടു നോക്കി നിന്നു! അപ്പോള്‍, വേലക്കാരി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.

മറ്റൊരു അവസരത്തില്‍, മുതലാളിയുടെ പഴയ അംബാസിഡര്‍കാര്‍ നിസ്സാര വിലയ്ക്ക് ഒരാള്‍ക്ക് വിറ്റു. ഒരു വര്‍ഷം കഴിഞ്ഞ് ആഡംബര കാറില്‍ എവിടെയോ പോയപ്പോള്‍ ഒരുവന്റെ വീട്ടു മുറ്റത്ത്- ദാ, കിടക്കുന്നു തന്റെ പഴയ കാര്‍!

പക്ഷേ, അന്നു വാങ്ങിയ ആള്‍ അല്ലറചില്ലറ പണികള്‍ ചെയ്ത്‌ കാര്‍ തിളങ്ങി നിന്നപ്പോള്‍ മുതലാളിക്ക് വീണ്ടും ആ കാര്‍ വേണം!

മുതലാളിയുടെ പണത്തിന്റെ ഹുങ്ക് പിടികിട്ടിയ അയാള്‍ അത്തരം പുതിയ കാറിനെക്കാളും വിലയില്‍ തിരികെ കാര്‍കച്ചവടം നടത്തി. വലിയ അഭിമാനത്തോടെ മുതലാളി കാറുമായി പോയി!

ചിന്തിക്കുക..യാതൊരു ആവശ്യവുമില്ലാതെ, അര്‍ത്ഥവുമില്ലാതെ പണം കളയുന്ന അനേകം ദുശീലങ്ങള്‍ സമ്പന്നര്‍ക്കിടയില്‍ നിലവിലുണ്ട്. ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ കേരളത്തിലും അനേകം ആളുകള്‍ വിഷമിക്കുന്നുണ്ടെന്ന് മുതലാളിമാര്‍ മാത്രമല്ല, സാധാരണക്കാരും ഓര്‍ക്കേണ്ടതാണ്.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam