ഒരു മഴക്കാലം (Malayalam short story)


ഏതാണ്ട്, 1993-95 കാലം.  അന്നും രാവിലെ പൂവൻകോഴി കൂവിയതു കേട്ട്, സൂര്യൻ പേടിച്ച് ഭൂമിയിലേക്ക് എത്തി നോക്കിയപ്പോൾ സംഗതി സുപ്രഭാതം! പിന്നെയും സമയം ഇഴഞ്ഞുനീങ്ങി. സൂര്യനെ വായിനോക്കി ചുറ്റിത്തിരിഞ്ഞ് ഭൂമിയുടെ തലതിരിഞ്ഞ് ഉച്ചയായി.

"ണ്റീം..ൺ...ഡ്രീം.."

പോസ്റ്റ്മാൻ സൈക്കിൾ ശബ്ദം മുഴക്കിയപ്പോൾ ബെന്നിച്ചൻ മൂക്കറ്റം തട്ടിയ ശേഷമുള്ള ഉച്ചമയക്കത്തിലായിരുന്നു. 

അവൻ പെട്ടെന്ന് എണീറ്റ് മുണ്ടുകുത്തി മുറ്റത്തേക്ക് വച്ചുപിടിച്ച് ഒരു രജിസ്റ്റേർഡ് കവർ കൈപ്പറ്റുകയും ചെയ്തു. 'ഓൺ ഐ.ജി.എസ്' എന്ന് പ്രിന്റ് ചെയ്ത കവർ തുറക്കുന്നതിനു മുൻപുതന്നെ ബെന്നിച്ചനു കാര്യം പിടികിട്ടിയിരുന്നു.

പി.എസ്.സി പരീക്ഷാ ഹാൾ ടിക്കറ്റ്!

പക്ഷേ, അവൻ അതു വായിച്ച് കണ്ണു മിഴിച്ചു. 

ഇത് ഏതു പോസ്റ്റാണ്? 

ഞാൻ ഇങ്ങനെയൊരെണ്ണം അയച്ചിരുന്നോ?

ഏതു കാലത്ത്?

"സർക്കാരു കാര്യം എന്നു നേരെയാകാനാ? നാലഞ്ച് കൊല്ലം ഇതൊക്കെ ആരാണ് ഓർത്തു വയ്ക്കുന്നത്?"

പത്താംതരം വിജയമായിരുന്നു ആ ജോലിയുടെ ഏക യോഗ്യത. അക്കാലത്ത് പഠിക്കാത്ത ഏതൊരു ഉദ്യോഗാർഥിയുടെയും ആത്മഗതം പോലൊന്ന് അവിടെയും നെടുവീർപ്പിട്ടു -

"ങാ... ഇതൊക്കെ തലേവരയുള്ളവനു കിട്ടും. അല്ലെങ്കിൽ തിരുവനന്തപുരത്ത് പിടി വേണം"

അടുത്ത ശനിയാഴ്ച കോട്ടയം ജില്ലയുടെ വാലറ്റത്തുള്ള വൈക്കത്തേക്കു യാത്രയായി. അവിടെ രാവിലെയാണ് പരീക്ഷ അഥവാ ഭാഗ്യപരീക്ഷണം നടത്താൻ പോകുന്നത്. ഹാൾടിക്കറ്റിൽ സർക്കാർവക സ്കൂളിന്റെ പേര് സീൽ അടിച്ചിരുന്ന നീലമഷി കുറച്ചു കൂടിപ്പോയതിനാൽ അതു പടർന്നു വ്യക്തമല്ലായിരുന്നു. അതിനു മുൻപ്, വൈക്കം വഴിയുള്ള എറണാകുളം ബസിൽ പോയ പരിചയം മാത്രം. അതിനാൽ, ബസിറങ്ങി ഗവ. സ്കൂൾ അന്വേഷിച്ച് പടിഞ്ഞാറുദിക്കിലേക്കു നടന്നു. ആ സ്കൂളിന്റെ വരാന്തയിലെ ബോർഡിൽ ഒട്ടിച്ചിരുന്ന പേരുകളിൽ ബെന്നിച്ചൻ ശൂന്യം.

വൈക്കത്തുതന്നെയുള്ള മറ്റൊരു ദിക്കിലേക്ക് ഒരാൾ വിരൽ ചൂണ്ടിയ പ്രകാരം പിന്നെയും അവന്‍ വഴികള്‍ ചോദിച്ചു ചോദിച്ചു നടന്നുപോയി. എല്ലാം ചെറിയ ചെറിയ വഴികൾ. മഴക്കാറ് കയറിയതിനാൽ ഉടൻ മഴയ്ക്കു സാധ്യതയുണ്ട്. റോഡരികിൽ ചെളിയുടെ ശല്യവുമുണ്ട്. കയ്യിൽ കുടയുണ്ടെങ്കിലും മഴയ്ക്കു മുൻപേ സ്കൂളിൽ എത്തുന്നതായിരിക്കും ബുദ്ധി. അവൻ നടപ്പിന്റെയും ഓട്ടത്തിന്റെയും ഇടയിലുള്ള അവസ്ഥയിലെത്തി. അടുത്ത ഗവ. സ്കൂളിലെത്തിയപ്പോൾ പട്ടിയണയ്ക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. നാക്ക് വെളിയിലല്ലെന്നു മാത്രം! മുറിയൊക്കെ കണ്ടുപിടിച്ച് അതിനുള്ളിൽ ഓടിക്കയറി. അവസാന നിമിഷവും ഗൈഡുകളിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളുകളെ കണ്ടപ്പോൾ താനെത്ര സ്വതന്ത്രനാണെന്ന് ബെന്നിച്ചൻ സ്വയം അഭിമാനിച്ചു. ജൂലൈ മാസമാകയാൽ തന്റെ കയ്യിൽ ഒരു കുടയുടെ ബാധ്യത മാത്രമേയുള്ളൂ. ചുറ്റുപാടൊക്കെ ഒന്നു നിരീക്ഷിച്ചു. വിരൂപവും അംഗവൈകല്യവും ചൊറിയും കുഴിയും അശ്ലീലവും നിറഞ്ഞ ഡസ്കുകൾ!

എപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന മുക്കാലിയിൽ നിൽക്കുന്ന ബ്ളാക്ക് ബോർഡിൽ തലേ ദിവസത്തെ ചരിത്രമെല്ലാമുണ്ട്. മുറിയിൽ ഫാൻ, ബൾബ് ഇല്ല. ജനാലകൾ വിജാഗിരി പിണങ്ങി നിൽക്കുന്ന ഹൈ-ടെക്  തരമാകയാല്‍ അത് സ്ഥിരമായി മലര്‍ക്കെ തുറന്ന് കിടക്കുന്ന ഇനമാണ്. പെട്ടെന്ന്, മഴക്കാറ് മാനത്ത് കറുത്ത് ഉരുണ്ടു കൂടി. പരീക്ഷയ്ക്കുള്ളത് പൂരിപ്പിക്കാൻ തുടങ്ങിയപ്പോൾ മുറിയാകെ ഇരുട്ടു നിറഞ്ഞു. ഉടൻതന്നെ, മഴയും കാറ്റും ചീറിയടിച്ചു വന്നു. കിഴക്കു വശത്തെ ഒരു ജനാല ഭാഗികമായി അടച്ചു. ഒരെണ്ണത്തിന്റെ ഒരു പാളി അടയ്ക്കാൻ ഒട്ടും പറ്റിയില്ല. ഇവിടെ, മേല്‍ക്കൂരയിലെ പഴഞ്ചന്‍ ഓടുകളെയും പ്രതിസ്ഥാനത്ത് ചേര്‍ക്കണം! 

പിന്നത്തെ കാഴ്ചകൾ ബെന്നിച്ചന് രസാവഹമായിരുന്നു. കിഴക്കുവശത്തെ ഡസ്കുകൾ നിലത്തുരച്ച് പടിഞ്ഞാറോട്ടു നടന്നു നീങ്ങി. കാരണം, പടിഞ്ഞാറ് വരാന്തയുള്ളതിനാൽ എറിച്ചിൽ അടിക്കില്ല. പരീക്ഷയ്ക്കു വന്ന സാർ നല്ലൊരു മനുഷ്യനായതിനാൽ പരമാവധി പരീക്ഷക്കുട്ടികളുടെ വിഷമങ്ങൾ കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ചോദ്യങ്ങൾ ശരിക്കു വായിക്കാൻ പറ്റാതെ വാതിലിന്റെ നേരെ ചിലർ ക്വസ്റ്റ്യന്‍ പേപ്പര്‍   പൊക്കിപ്പിടിച്ചു.  മഴവെള്ളം തുമ്മിത്തെറിച്ചപ്പോള്‍ കയ്യിലിരുന്ന തൂവാല കൊണ്ട് പലരും ഉത്തരക്കടലാസിന്‍റെ കണ്ണീര്‍ യഥാസമയം ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഈ വക അലോസരങ്ങള്‍ക്കിടയില്‍ കുബുദ്ധികള്‍ സുഖമായി അയല്‍പക്കത്തെ  ഉത്തരങ്ങളിലേക്ക് എത്തിനോക്കി സായൂജ്യമടഞ്ഞു.  ചോദ്യങ്ങൾ വായിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ മിടുക്കരുടെ വില പിടിച്ച സമയം നഷ്ടപ്പെട്ടു. അതായത്, നിമിഷങ്ങള്‍ക്ക് ഒരു ജോലിയുടെ വിലതന്നെ വരുന്ന അപാരത! ഏതാണ്ട്, അരമുക്കാൽ മണിക്കൂർ മഴ സ്കോർ ചെയ്തപ്പോൾ പഠിച്ചിട്ടു വന്ന ഉദ്യോഗാര്‍ഥികള്‍  ആ മഴയത്തെ അഭയാര്‍ഥികളായി മാറി. പ്രകൃതി ശല്യം ചെയ്ത പരീക്ഷയുടെ അവസാന സമയത്ത് സാർ ആരോടെന്നില്ലാതെ പറഞ്ഞു -

"ഈ പിള്ളേരുടെ ഒരു ഭാഗ്യക്കേട്, അല്ലാണ്ടെന്താ?"

അതേസമയം, പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായം മുപ്പതു കഴിഞ്ഞെന്നു തോന്നിക്കുന്ന സ്ത്രീ കണ്ണീർ തുടയ്ക്കുന്നതും ബെന്നിച്ചൻ കണ്ടു.

അന്നേരം, അവൻ അടക്കംപറഞ്ഞു -

" ഹൊ! എന്റെ ഒരു ഭാഗ്യം! ഞാൻ പഠിച്ചിട്ടു വന്നാൽ ഇതുപോലെ വിഷമിച്ചേനേ!"

ചിന്താശകലം - Malayalam cherukatha online reading

ദൈവാനുഗ്രഹത്തിന്റെ മറ്റൊരു പേരാകുന്നു ഭാഗ്യം. 'താൻ പാതി ദൈവം പാതി' എന്ന പഴഞ്ചൊല്ല് എത്ര സത്യമാണല്ലേ? ഒരേ വേദി തന്നെ ആ സ്ത്രീയ്ക്ക് നല്ല ജീവിതത്തിനായുള്ള കച്ചിത്തുരുമ്പിന്‍റെ പോരാട്ടമായിരുന്നുവെങ്കിൽ ബെന്നിച്ചന് വെറും തമാശയായിരുന്നു. അതായത്, 'താൻ ഫുൾ, ദൈവം സീറോ' എന്ന ഭാവവും 'താൻ സീറോ ദൈവം ഫുൾ' എന്ന പരിപാടിയും നല്ലതല്ല !

സ്വന്തം മിടുക്കില്‍ മാത്രം ആശ്രയിക്കാതെ കഠിനാധ്വാനവും ദൈവാശ്രയവും ജീവിതത്തില്‍ തുല്യ അളവില്‍ വിളക്കിച്ചേര്‍ക്കാന്‍ നാം ശ്രമിക്കണം.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam