13/10/20

First in Malayalam

മലയാളത്തിലെ ആദ്യം

നമ്മുടെ ഭാഷ നമ്മുടെ ജീവനാണ്. നാം ഏറ്റവും വിലയേറിയ പദമായി ഉപയോഗിക്കുന്ന 'അമ്മ' എന്ന വാക്കുപോലെ ഓരോ മലയാളിക്കും നെഞ്ചോടു ചേര്‍ക്കാനാവുന്ന ഒരേ വികാരമായിരിക്കണം മലയാള ഭാഷയോട്.. ഓരോ നാടിന്‍റെ സംസ്കാരവും അതിന്റെ ഭാഷയുമായി ഇടകലര്‍ന്നിരിക്കുന്നു. എന്നാല്‍, ഇംഗ്ലീഷ് ഭാഷയുടെ കടന്നാക്രമണം മലയാള ഭാഷയെ അവഗണിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അതിന്റെ പല മേഖലയിലും മലയാളം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്റെ മലയാളംപ്ലസ്  എന്നാല്‍ 'അധിക മലയാളം' എന്നാകുന്നു അര്‍ഥം! മലയാളത്തെ കുറച്ചധികമായി പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ വിദ്യയിലൂടെ ഈ പരമ്പരയെ ഞാന്‍ ഉപയോഗിക്കട്ടെ..

നാം മലയാളികൾ തന്നെ പ്രദർശിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഒന്നു ശ്രദ്ധിക്കുക.. എല്ലാം ഇംഗ്ലീഷിൽ! ഇംഗ്ലീഷിൽ പറയാനും പഠിക്കാനും എഴുതാനും കൂടുതൽ പ്രാധാന്യം കൊടുക്കാനായിരുന്നെങ്കിൽ നാം ഇംഗ്ലീഷ് മാതൃഭാഷയായ വിദേശ നാടുകളിൽ ജനിച്ചാൽ മതിയല്ലൊ. ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതുതന്നെ. പക്ഷേ, അതിനു താല്പര്യമില്ലാത്ത കുട്ടികളെ- ഇതിന്റെ പേരില്‍ അടിമകളെ എന്തിനു സൃഷ്ടിക്കണം? മലയാള മണ്ണിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്കൂളിൽ മലയാളം പറഞ്ഞാൽ പിഴ ചുമത്തുക എന്ന കാര്യം എത്ര ശോചനീയം! ഭാഷയ്ക്കു സംസ്കാരവുമായി ഇഴുകിച്ചേർന്നൊരു ബന്ധമുണ്ട്. അത് പഴഞ്ചൊല്ലുകളിൽ കൂടിയും മുത്തശ്ശിക്കഥകളില്‍കൂടിയും പകർന്നു തന്നിരുന്നത് വിസ്മൃതിയിലാണ്ടിരിക്കുന്നു. സർക്കാർ ഓഫീസുകളിലും കോടതികളിലും മറ്റും സാധാരണക്കാർക്കും വൃദ്ധജനങ്ങൾക്കും ഇംഗ്ലീഷ് ഭാഷ ഒരു മുൾവേലി കണക്കെ തടസ്സമാകുന്നുണ്ട്.

ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് മലയാളത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണമലയാളം പേപ്പർ രഹിത ഓഫീസ്, മലയാളം ആപ്ലിക്കേഷനുകൾ, യൂണികോഡ് ഫോണ്ടുകൾ, ടൈപ്പിങ്ങ് സഹായി, ഒടുവിൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഭരണ മലയാളം നിഘണ്ടു ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാം. ഇ- ഓഫിസ്, ഇ-ഡിസ്ട്രിക്റ്റ് എന്നിവയെല്ലാം ഫയലുകൾക്ക് വേഗം നൽകുന്ന വിദ്യകൾ തന്നെ. സർക്കാർജോലികൾക്ക് കയറുന്നവർ പ്രൊബേഷനിൽ ആയിരിക്കുമ്പോൾ മലയാള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. പി.എസ്.സി പരീക്ഷകളിൽ മലയാളം നിർബന്ധവുമാക്കിയിരിക്കുന്നു. സർക്കാർജോലിയിൽ സ്ഥിരപ്പെടാൻ മലയാളം അറിയണമെന്നുള്ളത് സ്വാഗതാർഹംതന്നെ.

മറുനാടൻമലയാളികൾക്ക് മലയാളം പഠിക്കാൻ സാധിക്കുന്ന സർക്കാർ സ്ഥാപനമാണ് മലയാളം മിഷൻ. അങ്ങനെ 10, 12, ബിരുദതലത്തിൽ മലയാളം പഠിക്കാത്തവർക്ക് പ്രൊബേഷൻ കാലയളവിൽ മലയാളം മിഷൻ കോഴ്സ് ജയിച്ചിരിക്കണം.

മലയാള ഭാഷയുടെ ചരിത്രം..

മലയാളം എന്നാൽ മലയും ആളവും(സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്നുണ്ടായതാണ്. മലയാളം ഉപയോഗിക്കുന്ന നമ്മെ മലയാളിയെന്നും വിളിച്ചു പോരുന്നു. ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. കൈരളിയെന്നും മലയാളത്തിനു പേരുണ്ട്. മലയാള ദേശം, മലയാള നാട് എന്നൊക്കെ അങ്ങനെ കേരളത്തിനു പണ്ട് പേരും ഉണ്ടായിരുന്നു. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാ പദവി (classical Language) നേടുന്ന അഞ്ചാമത്തെ ഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചത് 2013 മെയ് - 23-നാണ്.

നമ്മുടെ ഭാഷ കേരളത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ലക്ഷദ്വീപ്, മാഹി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ പ്രചാരമുള്ള ഭാഷയാണ്. ഇന്ത്യയ്ക്കു പുറത്ത് യു.എ.ഇ അവരുടെ നാല് ഔദ്യോഗിക ഭാഷയിൽ ഒരെണ്ണമായി മലയാളത്തെ ഉൾപ്പെടുത്തി. വിദേശത്ത് മലയാളം പറയുന്നതിൽ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, യു.എസ്.എ എന്നിങ്ങനെ യഥാക്രമം മുൻനിരയിലെ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇംഗ്ലീഷിലെ പാലിന്‍ഡ്രോം വാക്കു കൂടിയാണ് 'Malayalam'- മുന്നിൽനിന്നും പിന്നിൽ നിന്നും വായിച്ചാൽ ഒരേ നാമം.

മലയാളത്തിന്റെ ഉൽപത്തി

ഇതിനെക്കുറിച്ച്‌ പലതരം അഭിപ്രായങ്ങൾ ഭാഷാപണ്ഡിതർ ഉന്നയിക്കുന്നുണ്ട്-ദ്രാവിഡ ഭാഷാ ഗോത്രത്തിലെ ആധുനിക ഭാഷയായി മലയാളത്തെ ഗണിക്കുന്നു. എ.ഡി. ഒൻപതാം നൂറ്റാണ്ടിൽ പ്രത്യേക ഭാഷയായി മലയാളം മാറിയെന്ന് നിഗമനം. തമിഴിന്റെ ഉപഭാഷയായി മലയാളം വേർതിരിഞ്ഞെന്ന് മറ്റൊരു വാദമുണ്ട്. കൊടും തമിഴ് മലയാളമായി പരിണമിച്ചെന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും സംസ്കൃത പദങ്ങൾ മലയാളത്തിൽ കാണുന്നതിനാൽ ഉറവിടം സംസ്കൃതത്തില്‍ നിന്നാണെന്നും വാദിക്കുന്നവരുണ്ട്.

മറ്റൊരു മിശ്ര ഭാഷാ വാദവും രംഗത്തുണ്ട്. ചെന്തമിഴിൽ സംസ്കൃതം കലർന്ന് രൂപപ്പെട്ട ഭാഷയാകുന്നു മലയാളമെന്ന്! പൂർവ ദ്രാവിഡ ഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞ്, പൂർവ - തമിഴ് - മലയാളം എന്നൊരു പൊതു ഭാഷാക്കാലം ഉണ്ടായിരുവെന്നും അനുമാനിക്കുന്നുണ്ട്.

മലയാളം അച്ചടിയുടെ പിറവി

1678-ൽ ആംസ്റ്റർഡാം (നെതർലൻഡ്) -യൂറോപ്പിലെ അച്ചടിശാലയിലാണ് ആദ്യത്തെ മലയാള ഗ്രന്ഥം ഉണ്ടായത്. സസ്യ ശാസ്ത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് എന്നായിരുന്നു അതിന്റെ പേര്. ചെമ്പുതകിടിൽ ഒറ്റ ബ്ലോക്കായി കൃത്യതയില്ലാത്ത അച്ചടിയായിരുന്നു അതിൽ.

എന്നാൽ, ഓരോ അക്ഷരങ്ങൾക്കായുള്ള പ്രത്യേകം അച്ചടി വന്നത് 1772-ൽ ഇറങ്ങിയ 'നസ്രാണികൾ ഒക്കെയും അറിയേണ്ടുന്ന സംക്ഷേപ വേദാർഥം' എന്ന പുസ്തകത്തിലാണ്. എങ്കിലും, കേരളത്തിൽ ആദ്യമായി അച്ചടിച്ച മലയാള കൃതി 1824-ൽ ബഞ്ചമിൻ ബെയ്‌ലി കോട്ടയത്തുനിന്ന് ഇറക്കിയ 'ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തുന്ന കഥകൾ ' ആയിരുന്നു.

മലയാളത്തിലെ ആദ്യത്തെ സംരംഭങ്ങള്‍-

മലയാളത്തിൽ എഴുതപ്പെട്ടവയിൽ കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖ ചേരസാമ്രാജ്യ ചക്രവർത്തിയായ രാജശേഖരന്റെ പേരിലുള്ള എ.ഡി. 829-ലെ 'വാഴപ്പള്ളിശാസനം' ആകുന്നു. അതേ നൂറ്റാണ്ടിൽ, 'തരിസാപ്പള്ളി ശാസനം' എന്ന തെളിവിൽ ആദ്യ കാല മലയാള സ്വഭാവം കാണിക്കുന്നവയാണ്.

1100-ൽ തോലൻ രചിച്ച 'മന്ത്രാങ്കം ആട്ടപ്രകാരം'-ൽ മലയാളപദ്യങ്ങൾ ഉണ്ടായിരുന്നു. 1200-ൽ ചീരാമൻ എഴുതിയ 'രാമചരിതം' ആദ്യത്തെ മലയാള സാഹിത്യ കൃതിയായി പരിഗണിക്കുന്നു. ന്യൂസ് പേപ്പർ - രാജ്യ സമാചാരം - ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നും 1847-1850 വരെ പ്രസിദ്ധീകരിച്ചു.

ഇപ്പോഴും പ്രചാരത്തിലുള്ള ആദ്യമലയാളപത്രം - ദീപിക (1887)

ആദ്യമലയാളസിനിമ - വിഗതകുമാരൻ (1928) ജെ.സി.ഡാനിയൽ സംവിധാനം ചെയ്ത നിശബ്ദചിത്രം ആയിരുന്നു.

ആദ്യ ശബ്ദ ചലച്ചിത്രം - 'ബാലൻ' (എസ്.നെട്ടാണി, 1938)

ആദ്യ ചെറുകഥ -വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ (1889) 'വാസനാ വികൃതി'

മലയാളത്തിലെ ആദ്യ ജ്ഞാനപീഠം - ജി.ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴൽ'

ആദ്യ മലയാള അച്ചടി ശാല - സി.എം.എസ് പ്രസ്, കോട്ടയം

മലയാളം ഇന്ത്യയിൽ ആദ്യം അച്ചടിച്ച പ്രസ് - കരിയർ പ്രസ്, ബോംബെ

ആദ്യ മലയാള കളർസിനിമ - 'കണ്ടം ബച്ച കോട്ട്'

ആദ്യത്തെ മലയാളനോവൽ - അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' – 1887

ലക്ഷണമൊത്ത നോവൽ – ഒ. ചന്തുമേനോൻ 1889-ൽ എഴുതിയ 'ഇന്ദുലേഖ'

ആദ്യ മാസിക - വിദ്യാവിലാസിനി

ഡിക്റ്ററ്റീവ് നോവൽ – 'ഭാസ്കരമേനോൻ'

മലയാള സിനിമയിലെ ആദ്യ നായകന്‍ - എ.കെ.അരൂർ

നായിക – കമലം

ആദ്യത്തെ സിനിമാ സ്റ്റുഡിയോ -ഉദയാ സ്റ്റുഡിയോ ആലപ്പുഴ

ആദ്യ സ്ത്രീകളുടെ മാസിക - കേരളീയ സുഗുണ ബോധിനി

വാർത്താ മാസിക - കവന കൗമുദി

ആദ്യമായി നോവൽ സിനിമയായത് - മാർത്താണ്ഡവർമ

അന്യഭാഷയിലേക്ക് ഡബ് ചെയ്ത ആദ്യമലയാളസിനിമ – ജീവിതനൗക

ആദ്യ സ്റ്റേറ്റ് അവാർഡ് നേടിയ സിനിമ – കുമാരസംഭവം

ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണമെഡൽ കിട്ടിയ ആദ്യമലയാളസിനിമ – ചെമ്മീൻ

വെളളി മെഡൽ – നീലക്കുയിൽ

ഏറ്റവും വലിയ മലയാള നോവൽ - 'അവകാശികൾ' (വിലാസിനി)

ആദ്യ 3D സിനിമ - മൈ ഡിയർ കുട്ടിച്ചാത്തൻ

ആദ്യ 70mm സിനിമ - പടയോട്ടം (1982)

സിനിമാസ്കോപ് - തച്ചോളി അമ്പു (1978)

ആദ്യ രാഷ്ട്രീയ മലയാളനാടകം - 'പാട്ടബാക്കി'

ആദ്യ ഡിജിറ്റൽ മലയാള സിനിമ – 'മൂന്നാമതൊരാൾ'

ആദ്യമലയാള നാടകം -മണിപ്രവാളം ശാകുന്തളം(1882)

പ്രചാരത്തിലുള്ള ആദ്യത്തെ സാഹിത്യ മാസിക – ഭാഷാപോഷിണി

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം - മലയാള മനോരമ, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സ്ത്രീകളുടെ പ്രസിദ്ധീകരണം -വനിത

മലയാളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകർ -ഡി.സി ബുക്സ്

മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം - ബൈബിൾ

മലയാള ഭാഷയുടെ പിതാവ് - തുഞ്ചത്ത് എഴുത്തച്ഛന്‍

ആദ്യത്തെ മലയാളം ടി.വി ചാനല്‍- ദൂരദര്‍ശന്‍ മലയാളം (DD4)-1985

ആദ്യത്തെ മലയാളം സ്വകാര്യ ചാനല്‍- ഏഷ്യാനെറ്റ്‌

No comments:

POPULAR POSTS