(683) ഈന്തപ്പനയുടെ സാക്ഷ്യം

 പേർഷ്യയിലെ ഒരു ന്യായാധിപനു മുന്നിൽ രണ്ടു പേരെ ഭടന്മാർ ഹാജരാക്കി.

ഒരാൾ നിലവിളിച്ചു കൊണ്ടു പറഞ്ഞു - "ഞാൻ നൂറു സ്വർണ്ണനാണയങ്ങൾ ഈ കച്ചവടക്കാരനു കടം കൊടുത്തു. ഒരു മാസം കഴിഞ്ഞ് പലിശ സഹിതം പണം മടക്കി തരാമെന്നായിരുന്നു വാക്ക്. പക്ഷേ, ഇപ്പോൾ ഒരു നാണയം പോലും ഇയാൾ കടം മേടിച്ചിട്ടില്ലെന്നാണു പറയുന്നത്!"

കച്ചവടക്കാരൻ മറുവാദം ഉയർത്തി - "അങ്ങുന്ന്, ദയവായി ഇതു വിശ്വസിക്കരുതേ. ഞാൻ യാതൊന്നും ഈ മനുഷ്യനോടു മേടിച്ചിട്ടില്ല. ഉണ്ടെങ്കിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അയാൾ ഹാജരാക്കട്ടെ''

ഉടൻ, ന്യായാധിപൻ പറഞ്ഞു - "ശരിയാണ്. തെളിവിൻ്റെ ആവശ്യം തികച്ചും ന്യായം തന്നെ"

അപ്പോൾ, കച്ചവടക്കാരന് ആശ്വാസം തോന്നി. അന്നേരം, രണ്ടാമൻ വിലപിച്ചു - "അങ്ങുന്നേ, ഞാൻ പണം കടം കൊടുത്തത് ആളുകൾ ഇല്ലാത്ത സ്ഥലത്ത് ഒരു ഈന്തപ്പനയുടെ ചുവട്ടിൽ വച്ചായിരുന്നു. അതിനാൽ, സാക്ഷികൾ ആരുമില്ലായിരുന്നു"

പക്ഷേ, ഇതു കേട്ട്, ന്യായാധിപൻ കോപിച്ചു - "നിന്നോട് ആരു പറഞ്ഞു സാക്ഷിയില്ലെന്ന്? ഇവിടെ ഈന്തപ്പനയാണ് ഏക ദൃക്സാക്ഷി. വേഗം അതിനെയും കൂട്ടി എൻ്റെ അടുക്കലേക്കു വരിക"

മറ്റു രണ്ടു പേരും ന്യായാധിപൻ്റെ വിചിത്രമായ തീരുമാനം കേട്ട് അന്ധാളിച്ചു പോയി. അതു നടക്കാത്ത കാര്യമാണെന്നു മനസ്സിലായെങ്കിലും കടം കൊടുത്തയാൾ നിലവിളിച്ചു കൊണ്ട് ഏറെ അകലെയുള്ള ഇന്തപ്പനയുടെ ചുവട്ടിലേക്ക് ഓടി.

ഏതാനും മണിക്കൂറുകൾക്കു ശേഷം, ന്യായാധിപൻ കച്ചവടക്കാരനു സമീപം വീണ്ടും വന്ന് ചോദിച്ചു - "ഹൊ! ആ മണ്ടൻ പോയിട്ട് എത്ര നേരമായിരിക്കുന്നു. ഈന്തപ്പന അടുത്തെങ്ങുമല്ലേ?"

കച്ചവടക്കാരൻ ആശ്വാസത്തോടെ പറഞ്ഞു - " അങ്ങുന്നേ, ആ ഈന്തപ്പന വളരെ ദൂരെയാണ്. ഇനിയും രണ്ടു മണിക്കൂർ സമയമെടുക്കും"

ന്യായാധിപൻ മൗനം പാലിച്ചു. ഏകദേശം രണ്ടു മണിക്കൂർ സമയം കഴിഞ്ഞ് അയാൾ കരഞ്ഞുകൊണ്ട് മടങ്ങിയെത്തി - " അങ്ങുന്നേ, എന്നോടു ക്ഷമിച്ചാലും. വലിയ ഈന്തപ്പനയെ ഇവിടെ കൊണ്ടുവരാൻ എനിക്കു ശക്തിയില്ല"

ന്യായാധിപൻ ഗൗരവത്തോടെ പറഞ്ഞു- "നീ മടങ്ങിയെത്തുന്നതിനു മുൻപേ, ഈന്തപ്പന എൻ്റെ മുന്നിൽ സാക്ഷി പറഞ്ഞു! അതായത്, പണം കൈമാറിയ ഈന്തപ്പന എവിടെയെന്ന് കച്ചവടക്കാരന് നേരത്തേ അറിവുണ്ടായിരുന്നു."

ന്യായാധിപൻ തുടർന്നു - "ഹും! ഈ കള്ളക്കച്ചവടക്കാരനെ കൊട്ടാരത്തിലെ ഇരുണ്ട തടവറയിൽ അടയ്ക്കുക. ഒരു മനുഷ്യൻ പോലും അടുത്തില്ലാതെ കച്ചവടക്കാരനെ മാത്രം വിശ്വസിച്ച് പണം കടം കൊടുത്ത ഈ സാധു മനുഷ്യന് കൊട്ടാര ഖജനാവിൽ നിന്നും 200 സ്വർണ്ണ നാണയം കൊടുക്കാൻ ഉത്തരവായിരിക്കുന്നു!"

Written by Binoy Thomas, Malayalam eBooks - 683- Arabian story series - 4 PDF -https://drive.google.com/file/d/1qnL9Smtaw8OzhJMaxFp-YnRPI0HyMj3c/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍