കാട്ടിലെ രാജാവായി സിംഹം വിലസിയ സമയം. പൊതുവേ, മൃഗങ്ങൾക്ക്, സിംഹത്തിൻ്റെ ദുർഭരണത്തിൽ അതൃപ്തിയുണ്ടായിരുന്നു. കാരണം, എല്ലാ ദിവസവും യഥേഷ്ടം മൃഗങ്ങളെ കൊന്നു തിന്നുന്ന രീതിയായിരുന്നു അവൻ്റേത്.
ഒരു ദിനം - മുയൽ, ആട്, പോത്ത്, കുറുക്കൻ, മാൻ, പന്നി, സീബ്ര, ചെന്നായ തുടങ്ങിയ മൃഗങ്ങൾ അടിയന്തര യോഗം ചേർന്നു.
ഓരോരുത്തരും സിംഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീറോടെ പ്രസംഗിച്ചു. അതിനിടയിൽ മുയലിൻ്റെ ഊഴമായി.
"പ്രിയ സുഹൃത്തുക്കളെ, നാം ഓരോരുത്തരായി നശിച്ചു കൊണ്ടിരിക്കുകയാണ്. അവൻ്റെ ദുർഭരണം അവസാനിപ്പിച്ചേ മതിയാകൂ. ഒന്നുകിൽ അവനെ ഈ കാട്ടിൽ നിന്നും ഓടിക്കണം. അല്ലെങ്കിൽ ചതിയിൽപ്പെടുത്തി കൊല്ലണം"
ഈ വിധം പ്രസംഗം ആവേശത്തിൽ നടക്കുമ്പോൾ ഇര തേടിയ സിംഹം യാദൃശ്ചികമായി ഇതു കേട്ടുകൊണ്ട് ഗർജ്ജിച്ചു - "നിങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. അത് ഇപ്പോൾത്തന്നെ നടപ്പിലാക്കിക്കൊള്ളൂ"
ഞെട്ടിത്തിരിഞ്ഞ മുയൽ ആദ്യം തന്നെ ചെറു മാളത്തിൽ ഒളിച്ചു. മറ്റു മൃഗങ്ങൾ പരമാവധി വേഗത്തിൽ ചിതറിയോടി!
സിംഹം അതു കണ്ടു കൊണ്ട് പൊട്ടിച്ചിരിച്ചു!
ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത പദ്ധതികൾക്കു വേണ്ടി വാക്കും പണവും സമയവും വെറുതെ കളയരുത്.
Written by Binoy Thomas, Malayalam eBooks - 671- Aesop - 87 PDF -https://drive.google.com/file/d/1_HX-iXVKnqKfFtmYobAAgNQ12bDOjU-i/view?usp=drivesdk
Comments