സിൽബാരിപുരം ദേശത്തെ ഒരു കൃഷിക്കാരന് ഏറെ സ്ഥലമുണ്ട്. പലതരം കൃഷികൾ അയാൾ അവിടെ ചെയ്തുപോന്നു.
ഒരിക്കൽ, അയാളുടെ കോഴിക്കൂട്ടിലെ കോഴികളുടെ എണ്ണം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽ പെട്ടു. അയാൾ ഒളിച്ചിരുന്ന് നിരീക്ഷിച്ചപ്പോൾ ഒരു കുറുക്കൻ വന്ന് സൂത്രത്തിൽ പതുങ്ങിയിരുന്ന് കോഴികളെ കടിച്ചു പിടിച്ച് കൊണ്ടു പോകുന്ന കാര്യം അയാൾ മനസ്സിലാക്കി.
കർഷകൻ ദേഷ്യം കൊണ്ട് കുറുക്കനെ കൊല്ലുമെന്ന് അലറി. ഭാര്യ അയാളോടു പറഞ്ഞു - "കുറുക്കൻമാർ സൂത്രശാലികളാണ്. അതിനാൽ, ക്ഷമയോടെ കെണിയൊരുക്കണം"
അയാളുടെ കോപം അടങ്ങിയപ്പോൾ കുറുക്കനുള്ള കെണി ഒരുക്കി. അന്നു രാത്രിയിൽ കുറുക്കൻ കെണിയിൽ വീണു. വീണ്ടും അയാൾ കുറുക്കനു നേരെ അലറി! - "ഞാൻ ഇവന്റെ വാലിൽ തുണി ചുരുട്ടി കത്തിച്ചു വിടും. അവൻ വെന്തു ചാകട്ടെ"
അന്നേരം, ഭാര്യ ഉപദേശിച്ചു - "അതിനെ നിങ്ങൾ ഒന്നും ചെയ്യേണ്ട. അതു പട്ടിണി കിടന്നു കൂട്ടിൽ ചത്തുകിടക്കും. കാരണം, വെളിയിൽ ഇറക്കി യാതൊന്നും വേണ്ട"
പക്ഷേ, ഭാര്യയുടെ വാക്കുകൾ ഒന്നും അയാളുടെ കോപത്തെ ശമിപ്പിച്ചില്ല. അയാൾ അതിന്റെ വായ ചരടുകൊണ്ട് കെട്ടി. പിന്നെ, കൈകാലുകൾ ബന്ധിച്ചു. എന്നിട്ട്, വാലിൽ നന്നായി തുണി ചുറ്റിയ ശേഷം അതിനു മേൽ എണ്ണയൊഴിച്ച് തീ കൊടുത്തു.
പക്ഷേ, കർഷകൻ വിചാരിച്ചപോലെ അവിടെ അതു നിന്നില്ല. വാലിലെ തീയ് കെടുത്താൻ വേണ്ടി വാലിൽ കടിക്കാൻ ശ്രമിച്ചപ്പോൾ കുറുക്കന്റെ വായിലെ കെട്ടു വിട്ടു. പിന്നെ, കൈകാലിലെ ചരടുകൾ നിമിഷ നേരം കൊണ്ട് കടിച്ചു കളഞ്ഞു. കുറുക്കൻ കർഷകന്റെ പാടത്തിലൂടെ ഓടി.
അന്നേരം, തീ ആളിപ്പടർന്നത് ധാന്യ വയലുകളിലാണ്. കർഷകൻ നോക്കി നിൽക്കെ, പാടങ്ങൾ കത്തിയമർന്നു. അതിനൊപ്പം കുറുക്കനും!
ചിന്തിക്കുക: കോപം അഗ്നിക്കു സമമാണ്. അതിന് പലതിനെയും ചുട്ടെരിക്കാനുള്ള കഴിവുണ്ട്.
Written by Binoy Thomas, Malayalam eBooks - 931- folk tales - 57 PDF -https://drive.google.com/file/d/1QVMPqljRxsCdcVptrvedq5c4KeUHwn9t/view?usp=drivesdk
Comments