(901) പാലവും ഭൂതവും

 വിജയനഗരത്തിലെ തുംഗഭദ്ര നദിക്കു കുറുകെ ഒരു പാലം പണിയാൻ രാജാവ് തീരുമാനിച്ചു. പക്ഷേ പണി പൂർത്തിയായ സമയത്ത് അത് ഇടിഞ്ഞു വീണു.

ഇത് ഭൂതത്തിന്റെ കോപമാണെന്ന് പലരും അന്ധവിശ്വാസം പ്രകടിപ്പിച്ചു. അത് പിന്നീട് പണിയാൻ ആരും മുന്നോട്ടു വന്നില്ല. എന്താണ് ഇതിനൊരു പോംവഴിയെന്ന് രാജാവ് ഒരു സന്യാസിയുമായി ആലോചിച്ചു. അയാൾ പറഞ്ഞു - "പണ്ട് നരബലി നടത്തിയിരുന്ന നദീ തീരമായിരുന്നു ഇവിടം. പാലം പണിതിട്ട് ഒരു നരബലി നടത്തിയാൽ മാത്രമേ പാലത്തിന് സ്ഥിരമായ നിലനിൽപ്പുള്ളൂ"

രാജാവ് പിന്നെയും കുഴങ്ങി. നരബലിക്കുള്ള ആളിനെ എവിടെ കിട്ടും? വെറുതെ ഏതെങ്കിലും ആളിനെ കൊന്നാൽ ജനവികാരം തനിക്ക് എതിരാകുമെന്ന് രാജാവിന് അറിയാമായിരുന്നു.

ഒടുവിൽ, രാജാവ് തെനാലിയെ വിളിച്ചു. അയാൾ പറഞ്ഞു - "രാജാവേ, ഓരോ പാലം പണിയുമ്പോഴും നരബലിക്കായി ആളിനെ കിട്ടാൻ യാതൊരു പ്രയാസവുമില്ല. കൊടും ക്രൂരന്മാരായ കുറ്റവാളികൾക്ക് നാം വധശിക്ഷയാണല്ലോ കൊടുക്കുന്നത്. അതിലെ ആളുകളെ നരബലിക്കു കൊടുക്കാം. വെറുതെ കൊന്നുതള്ളുന്നവരെ ഇങ്ങനെ പ്രയോജനപ്പെടുത്താമല്ലോ"

രാജാവിന് തെനാലിയുടെ ബുദ്ധിശക്തിയിൽ അഭിമാനം തോന്നി.

Written by Binoy Thomas, Malayalam eBooks-901 - Tenali stories - 18, PDF -https://drive.google.com/file/d/1x3UkzUXfTKUmol8jWSI1ilqqY6V8SShK/view?usp=drivesdk

Comments