(865) തേരാളിയും കുതിരവണ്ടിയും
ഒരിക്കൽ, ദേവന്മാരുടെ രാജാവായ ശക്രൻ, ബോധിസത്വന്റെ കീർത്തി ദേവലോകത്തും എത്തിയ നേരത്ത്, അയാളെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
ശക്രൻ ഭൂമിയിലെത്തി. അന്നേരം, ഒരു കുതിരവണ്ടിക്കാരൻ വണ്ടി പുഴയോരത്ത് നിർത്തി താഴെയിറങ്ങി. ആ സമയത്ത് ശക്രൻ മനുഷ്യ രൂപത്തിൽ അയാളുടെ അടുത്തെത്തി.
ശക്രൻ ചോദിച്ചു - "ഞാൻ നിന്നെ സഹായിച്ച് നിന്റെ കൂടെ വന്നോട്ടെ?"
വണ്ടിക്കാരൻ സന്തോഷത്തോടെ പറഞ്ഞു - "അതിനെന്താ, എനിക്ക് സന്തോഷമേയുള്ളൂ"
അതു പറഞ്ഞിട്ട്, വണ്ടിക്കാരൻ ക്ഷീണം തീർക്കാനായി പുഴയിലിറങ്ങി കയ്യും കാലും മുഖവും കഴുകി.
അന്നേരം, ശക്രൻ കുതിര വണ്ടിയിലേക്ക് ചാടിക്കയറി തേരാളിയായി മാറി. കുതിരവണ്ടിയുമായി പോയി.
അതു കണ്ട്, വണ്ടിക്കാരൻ പിറകെ പാഞ്ഞു. ആ ബഹളം കേട്ട് നാട്ടുകാർ കുതിര വണ്ടി തടഞ്ഞു. അതിന്റെ ഉടമ ആരെന്നുള്ള തർക്കം മുറുകിയപ്പോൾ അവർ ബോധിസത്വന്റെ അടുക്കലേക്കു കൊണ്ടുപോയി.
അദ്ദേഹം നോക്കിയപ്പോൾ ശക്രൻ കണ്ണു ചിമ്മുന്ന പ്രത്യേകത നോക്കിയപ്പോൾ അത് ദേവനാണെന്നു പിടികിട്ടി. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല.
ബോധിസത്വൻ പറഞ്ഞു - "ഈ കുതിര വണ്ടിയുടെ തേരാളിയായി ഞാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും ആ കുതിര വണ്ടിയുടെ പിറകിൽ പിടിച്ച് ഓടുക. അതിനു ശേഷം ആരാണ് കുതിര വണ്ടിയുടെ ഉടമ എന്നു ഞാൻ പറയാം"
അവർ രണ്ടു പേരും ഓടി. പക്ഷേ, അല്പ ദൂരം ഓടിയപ്പോൾ യഥാർഥ ഉടമ തളർന്ന് തിരികെ എത്തി. എന്നാൽ ശക്രദേവൻ യാതൊരു ക്ഷീണവുമില്ലാതെ ഓട്ടം പൂർത്തിയാക്കി.
ബോധിസത്വൻ പറഞ്ഞു - "യഥാർഥ അവകാശി കുറച്ച് ഓടി തിരികെയെത്തി. എന്നാൽ, അമാനുഷികമായി ഓടിയത് വ്യാജമാണ്"
ഉടൻ, ശക്രദേവൻ ബോധിസത്വനെ അനുഗ്രഹിച്ച് ദേവലോകത്തേക്കു പോയി.
Written by Binoy Thomas, Malayalam eBooks-865- Jataka tales - 106. PDF -https://drive.google.com/file/d/1MMD04_YyK_WJywXr5pAAfn4KGoZK3GsP/view?usp=drivesdk