(857) എന്തിനാണ് വേർതിരിവ് ?
ഒരു യുവാവ് ദൂരെ ദേശത്ത് പോയി ആഴത്തിലുള്ള അറിവ് സമ്പാദിച്ച് സ്വന്തം നാട്ടിൽ തിരികെ എത്തി.
നീതിയും ന്യായവും വേദവും യുക്തിയും എല്ലാം അയാൾക്ക് അറിയാമായിരുന്നു.
അതിനാൽ കൊട്ടാരത്തിൽ പണ്ഠിതനായി ജോലി കിട്ടി.
എന്നും രാവിലെ കൊട്ടാരത്തിലേക്ക് പോകുന്ന വഴിയോരത്ത് ഒരു ജന്മിയുടെ കുളം സ്ഥിതി ചെയ്യുന്നുണ്ട്.
പണ്ഡിതൻ കുളത്തിന്റെ കരയിൽ പോയി കുറെ നേരം ഇരുന്ന് പൂക്കളുടെ മണം ആസ്വദിക്കും.
ഒരു ദിവസം, ഇങ്ങനെ ഇരിക്കുമ്പോൾ അപരിഷ്കൃതനായ മനുഷ്യൻ അങ്ങോട്ട് ഓടി വന്ന് കുളത്തിൽ ചാടി.
അയാൾ വെള്ളത്തിൽ വിടർന്നു നിന്ന താമരയുടെ തണ്ട് വലിച്ചെടുത്ത് ചേറിൽ പൂണ്ടിരുന്ന കിഴങ്ങ് മാത്രം എടുത്ത് പോയി.
പൂക്കൾ ഭൂരിഭാഗവും നശിച്ചെങ്കിലും പണ്ഡിതൻ ഒന്നും മിണ്ടിയില്ല.
അന്നേരം, കുളക്കരയിൽ നിന്നിരുന്ന മരത്തിൽ നിന്ന് വനദേവതയുടെ അശരീരി മുഴങ്ങി.
" ഹേയ്, താങ്കൾ പൂക്കളുടെ മണം മോഷ്ടിക്കുന്നത് ശരിയല്ല ! "
അന്നേരം, അയാൾ വനദേവതയോടു ചോദിച്ചു -"ഞാൻ മണം മോഷ്ടിച്ചത് തെറ്റു തന്നെ. പക്ഷേ, പൂക്കൾ നശിപ്പിച്ച് കിഴങ്ങുമായി പോയ അയാളോട് എന്തുകൊണ്ടാണ് ദേവത ഒന്നും മിണ്ടാതിരുന്നത്?"
ഈ ചോദ്യത്തിന് നിങ്ങൾക്കു നൽകാൻ പറ്റുന്ന ഉത്തരം എന്താണ്? ഇനി താഴെയുള്ള ശരിയുത്തരം കാണുക.
ഉത്തരം -കാരണം, അവനും നീയും ഒരു പോലെയല്ല. നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള അറിവുണ്ട്. പക്ഷേ, അവൻ അപരിഷ്കൃതനാണ്.
Written by Binoy Thomas, Malayalam eBooks-857-I.Q - 30, PDF -https://drive.google.com/file/d/1T_R62zWV1w4VjNoVct_lpjoUWtEY1NNT/view?usp=drivesdk