(855) ന്യായം എന്ത്?
ഒരിക്കൽ, 5 കച്ചവടക്കാർ യാത്രാമധ്യേ അന്തിയുറങ്ങാൻ ഒരു വൃദ്ധയുടെ സത്രത്തിൽ ചെന്നു.
കച്ചവടക്കാർ ഒരു ചെമ്പുകുടം വൃദ്ധയെ ഏൽപ്പിച്ചിട്ടു പറഞ്ഞു -
"ഞങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവനും ഇതിലുണ്ട്. അതുകൊണ്ട് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു ചോദിച്ചാൽ മാത്രമേ അമ്മച്ചി ഈ കുടം തിരികെ തരാവൂ"
കാരണം, അവർക്ക് പരസ്പരം വിശ്വാസമില്ലായിരുന്നു.
അടുത്ത പകൽ, അവർ അഞ്ചു പേരും മുറ്റത്ത് ഇരിക്കുന്ന സമയത്ത് മോരുവെള്ളവുമായി ഒരാൾ ആ വഴി പോയി.
അവർക്കു ദാഹിച്ചപ്പോൾ അയാളെ വിളിച്ചു. മോര് വാങ്ങാനായി അമ്മച്ചിയോട് ഒരു കുടം വാങ്ങി വരാൻ അഞ്ചാമത്തെ കച്ചവടക്കാരനോട് മറ്റുള്ളവർ പറഞ്ഞു.
പക്ഷേ, അഞ്ചാമൻ സൂത്രശാലി ആയിരുന്നു. അവൻ അമ്മച്ചിയോട് ചെമ്പു കുടമാണ് ചോദിച്ചത്!
ഉടൻ, അമ്മച്ചിക്ക് വ്യവസ്ഥ ഓർമ്മ വന്നു.
അമ്മച്ചി മുറ്റത്തുള്ള നാല് കച്ചവടക്കാരോട് വിളിച്ചു ചോദിച്ചു-
"ഞാൻ കുടം ഇവന്റെ കയ്യിൽ കൊടുക്കട്ടെ ?"
ഉടൻ, അവർ കൊടുക്കാൻ സമ്മതിക്കുകയും ചെയ്തു.
അമ്മച്ചി കൊടുത്ത ചെമ്പു കുടവുമായി അഞ്ചാമൻ ആരും കാണാതെ സത്രത്തിന്റെ പിറകിലൂടെ ഓടി !
കുറെ കഴിഞ്ഞ് നാലു പേരും ചെമ്പുകുടം നഷ്ടപ്പെട്ടതിനാൽ അമ്മച്ചിയെ കൊട്ടാരത്തിലെ ന്യായാധിപന്റെ അടുത്ത് കച്ചവടക്കാർ എത്തിച്ചു.
കുടം കിട്ടുന്നതുവരെ അമ്മച്ചി തടവറയിൽ കിടക്കണമെന്ന സ്ഥിതിയായി.
ഈ കാര്യം രാമൻ എന്നു പേരുള്ള ചെറുപ്പക്കാരൻ എതിർത്തു സംസാരിച്ചത് രാജാവ് അറിഞ്ഞു.
ഉടൻ അവനെ കൊട്ടാരത്തിലെത്തിച്ചു.
രാജാവ് പറഞ്ഞു- "നിനക്ക് ഈ ന്യായവിധിയിൽ എതിർപ്പുണ്ടെങ്കിൽ നീ ന്യായമായ വിധി കൽപ്പിക്കൂ."
ഉടൻ, രാമൻ ഒരു വിധി കൽപ്പിച്ചു. അപ്പോൾ, നാലു കച്ചവടക്കാരും മടങ്ങിപ്പോയി. അമ്മച്ചി സ്വതന്ത്രയുമായി!
ചോദ്യം: എന്തായിരുന്നു ആ വിധി?
ഉത്തരം:
നിങ്ങളുടെ വ്യവസ്ഥ പ്രകാരം 5 പേരും ഒന്നിച്ച് കുടം ചോദിക്കൂ. അന്നേരം അമ്മച്ചി തരും.
Written by Binoy Thomas. Malayalam eBooks-855-I. Q - 28, PDF -https://drive.google.com/file/d/1v9CwkaqwaG-1ekB6UAhnXuqBZmEv-_DL/view?usp=drivesdk
Comments