(821) രാജാവും വായാടിയും

 ബ്രഹ്മദത്തൻ കാശിയിലെ രാജാവായി വാണിരുന്ന കാലം. അവിടത്തെ മന്ത്രിയായിരുന്നു ബോധിസത്വൻ. കൊട്ടാര സഭയിലെ രാജപുരോഹിതൻ മഹാ പണ്ഡിതനായിരുന്നു. പക്ഷേ, അയാൾക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു - വായാടിത്തരം!

എന്തിലും ഏതിലും അവസരം നോക്കാതെ അറിവ് വിളമ്പുന്നത് മറ്റുള്ളവർക്കെല്ലാം അരോചകമായിരുന്നു. ആർക്കും സംസാരിക്കാനുള്ള അവസരം കൊടുക്കാതിരിക്കുന്നത് അയാളുടെ ശീലമായിരുന്നു.

രാജാവ് ഈ കാര്യത്തിൽ വല്ലാതെ നീരസപ്പെട്ടുവെങ്കിലും രാജപുരോഹിതനായതിനാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല.

ഒരു ദിവസം, രാജാവും കൂട്ടരും രാജവീഥിയിലൂടെ പ്രഭാത സവാരി ചെയ്യുമ്പോൾ ഒരു കാഴ്ച കണ്ടു. കുറെ കുട്ടികൾ ഒരു മുടന്തന്റെ ചുറ്റിനും കൂടി നിന്ന് ഞങ്ങൾക്ക് ആനയെയും കുതിരയെയും കാണിച്ചു തരണമെന്ന് വാശി പിടിക്കുകയാണ്.

അന്നേരം അയാൾ കല്ലെടുത്ത് ഇലകൾ തിങ്ങി നിറഞ്ഞ ആൽമരത്തിലേക്ക് എറിയാൻ തുടങ്ങി. കിറുകൃത്യമായി എറിഞ്ഞ് ഓരോ ഇലയും അടർത്തി മാറ്റിയപ്പോൾ ഒരു ആനയുടെ ആകൃതി അവിടെ തോന്നിച്ചു. അതേ പോലെ, കുതിരയുടെ ആകൃതിയും ഇലകൾ അടർന്നു വീണ ഭാഗത്ത് കുട്ടികൾക്കു കാണാനായി. അവരെല്ലാം കയ്യടിച്ച് തുള്ളിച്ചാടി.

പക്ഷേ, രാജാവിനെയും ഭടന്മാരെയും കണ്ടപ്പോൾ കുട്ടികൾ പേടിച്ച് ഓടിപ്പോയി. മുടന്തന്റെ കഴിവിൽ മതിപ്പു തോന്നിയ രാജാവ്, രാജപുരോഹിതന്റെ വായാടിത്തരം കളയാൻ സൂത്രവിദ്യ എന്തെങ്കിലും ഉണ്ടോ എന്ന് അവനോടു ചോദിച്ചു.

"ഞാൻ, ശ്രമിച്ചു നോക്കാം മഹാരാജൻ" എന്നു പറഞ്ഞു കൊണ്ട് കൊട്ടാരത്തിലേക്ക് മുടന്തൻ പോന്നു.

അടുത്ത ദിവസം, അയൽദേശത്തെ പണ്ഡിതൻ കൊട്ടാരത്തിലെത്തിയ നേരത്ത് പതിവു പോലെ രാജപുരോഹിതന്റെ വീറും വാശിയും നിറഞ്ഞ വിടുവായത്തരം തുടങ്ങി. അന്നേരം, മുറിയുടെ അലങ്കാരത്തുണിയുടെ പിറകിൽ മറഞ്ഞിരുന്ന് മുടന്തൻ ആട്ടിൻ കാഷ്ഠം ഓരോന്നായി പുരോഹിതന്റെ തുറന്ന വായിലേക്ക് എറിയാൻ തുടങ്ങി. എന്നാൽ, അദ്ദേഹം ഇതെല്ലാം വിഴുങ്ങി വർത്തമാനം തുടർന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ പുരോഹിതന് വയറു വേദന തുടങ്ങി. എങ്ങനെയോ സംസാരത്തിനിടയിൽ ആട്ടിൻ കാഷ്ഠം വയറ്റിൽ നിറഞ്ഞതാണെന്നു കൊട്ടാരവാസികൾ പറഞ്ഞു. ഉപ്പുവെള്ളം കൊടുത്ത് ഛർദ്ദിപ്പിച്ച് പുരോഹിതന്റെ വയറു വൃത്തിയായി. ആ സംഭവത്തോടെ പുരോഹിതൻ വളരെ ശ്രദ്ധിച്ച് വായ തുറന്ന് കുറച്ചു മാത്രം സംസാരിച്ചു തുടങ്ങി.

Written by Binoy Thomas, Malayalam eBooks-821- Jataka - 85, PDF -https://drive.google.com/file/d/1HiZ_4et00vVse61SdGvFy-s-Aca-q73q/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam