(762) ആരാധനാലയത്തിലെ പൂച്ച

 സിൽബാരിപുരംദേശത്ത്, പ്രശസ്തമായ ഒരു ആരാധനാലയം സ്ഥിതി ചെയ്യുന്നുണ്ട്. അവിടത്തെ പ്രത്യേകത എന്തെന്നാൽ, മണി കെട്ടിയ പൂച്ചയെ ഒരു തൂണിൽ കെട്ടിയിട്ടുണ്ട്. അതിനെ ആൾക്കാർ വണങ്ങുകയും ആഹാരം നേർച്ചയായി കൊടുക്കയും ചെയ്തുപോന്നു.

ഒരിക്കൽ, അവിടെ ഒരു വൃദ്ധൻ പ്രാർഥിക്കാനായി വന്നു. പ്രാർഥന കഴിഞ്ഞ് ഇറങ്ങാൻ നേരം, പൂച്ചയുടെ ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്. വൃദ്ധൻ വേച്ചുവേച്ച് അവിടെ എത്തി നോക്കി.

"ഹോ! ഇപ്പോഴും ശല്യക്കാരായ പൂച്ചകൾ ഇവിടെയുണ്ടോ?"

ഉടൻ, അതു കേട്ട്, അടുത്തു നിന്ന ആൾ കയർത്തു - "തനിക്ക് അനുഗ്രഹം വേണമെങ്കിൽ ഈ അവതാരത്തോടു പ്രാർഥിക്ക്!"

വൃദ്ധൻ ഇതു കേട്ട് പൊട്ടിച്ചിരിച്ചു -" എന്റെ ചെറുപ്പത്തിൽ, ഇവിടെ തൂപ്പുകാരനായിരുന്നു ഞാൻ. ഒരിക്കൽ, എവിടെ നിന്നോ വന്ന മണി കെട്ടിയ പൂച്ചയുടെ മണിനാദം കാരണം, പുരോഹിതന്റെ മണി കിലുക്കത്തിന് ശല്യമായി. അന്ന്, ഉടമസ്ഥൻ വരും വരെ ഈ തൂണിൽ പൂച്ചയെ കെട്ടിയതു ഞാനാണ്. പിന്നെ, പകർച്ചവ്യാധി ഈ നാട്ടിൽ വന്ന നേരത്ത് ഞാൻ നാടുവിട്ടു"

അപരിചിതൻ പിന്നെയും വൃദ്ധനോടു തട്ടിക്കയറി - "എങ്കിൽ, അതു കഴിഞ്ഞും എത്ര പൂച്ചകൾ ഇവിടെ അവതരിച്ചിട്ടുണ്ടാകും?"

വൃദ്ധൻ പരിഹാസത്തോടെ പറഞ്ഞു -"ആദ്യത്തെ പൂച്ചയുടെ കാലം കഴിഞ്ഞപ്പോൾ ആളുകൾ പിന്നെയും തുടർച്ചയായി പൂച്ചയെ തൂണിൽ ബന്ധിക്കാൻ തുടങ്ങിക്കാണും. അങ്ങനെ, ഒരു ആചാരമായി തെറ്റിദ്ധരിച്ച് അതു തുടരുകയാണ്. ശുദ്ധ മണ്ടത്തരം!"

ഉടൻ, ആളുകൾ വൃദ്ധനെ പിടിച്ചു വലിച്ച് ആരാധനാലയത്തിനു പുറത്തു തളളി!

ചിന്തിക്കാൻ - നാം ഇന്നു കാണുന്ന ചില ആചാരങ്ങൾ ഇങ്ങനെ തുടങ്ങിയതാകാം. വ്യക്തമായ കാരണം അറിയാതെ എന്തിനോ വേണ്ടി ആചരിക്കപ്പെടുന്നു.

Written by Binoy Thomas, Malayalam eBooks-762-Katha Sarit sagaram - 3, PDF -https://drive.google.com/file/d/1sBbSQoXw6Qg-tDX6MTGk2QHg7SkYXAuG/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍