(725) കുറുക്കന്റെ വിരുന്ന്

 ഒരിക്കൽ, കുറുക്കൻ കാട്ടിലൂടെ അലസമായി നടക്കവേ, ഒരു കൊക്ക് ഒറ്റക്കാലിൽ ഇരതേടാൻ കുളത്തിന്റെ സമീപം ഇരിക്കുന്നതു കണ്ടു.

അതിന്റെ ഇരിപ്പു കണ്ടപ്പോൾ കുറുക്കന് ഒരു സൂത്രം തോന്നി - "നീ എത്ര നേരം ഇരുന്നാലാണ് നിനക്ക് മീനോ തവളയോ കിട്ടുന്നത് ? നാളെ എന്റെ മാളത്തിനടുത്തേക്ക് വന്നാൽ തവള സൂപ്പ് തരാം"

കൊക്കിന് സന്തോഷമായി. ആ പക്ഷി അടുത്ത ദിവസം കൊതിയോടെ കുറുക്കനെ കാണാനെത്തി. കുറുക്കൻ അപ്പോൾ, ഒരു പരന്ന പാത്രത്തിൽ സൂപ്പ് വച്ചിട്ട് കൊക്കിനെ വിളിച്ചു. എന്നാൽ, കൊക്കിന് പരന്ന പാത്രത്തിൽ നിന്നും ഒന്നും വലിച്ചെടുക്കാൻ പറ്റിയില്ല.

എന്നാലോ? കുറുക്കൻ എളുപ്പത്തിൽ നാവു കൊണ്ട് സൂപ്പ് കഴിക്കുകയും ചെയ്തു. കുറുക്കൻ പരിഹസിക്കാനായി ചോദിച്ചു - ''സുഹൃത്തേ, എങ്ങനെയുണ്ടായിരുന്നു സൂപ്പ്?"

കൊക്ക് നിരാശ മറച്ചു കൊണ്ട് പറഞ്ഞു - "വളരെ നന്നായിരുന്നു. ഇതിനു പകരമായി നാളെ എന്റെ മരച്ചുവട്ടിൽ വരണം. നല്ലൊരു സൂപ്പ് ഞാനും തരാം"

അടുത്ത ദിവസം, കുറുക്കൻ ആർത്തിയോടെ കൊക്കിനടുത്തെത്തി. കൊക്ക് സൂപ്പ് വച്ചിരുന്നത് കുഴൽ പോലത്തെ ഒരു പാത്രത്തിലായിരുന്നു. അപ്പോൾ, കുറുക്കന് അല്പം പോലും അത്തരം പാത്രത്തിൽ നിന്നും കഴിക്കാനായില്ല. കൊക്ക് എളുപ്പത്തിൽ കഴിക്കുന്നതു കണ്ട് കുറുക്കൻ ചമ്മൽ പുറത്തറിയിച്ചില്ല.

കൊക്ക് ചോദിച്ചു - "സുഹൃത്തേ, എങ്ങനെയുണ്ടായിരുന്നു സൂപ്പ്?"

"നന്നായിരുന്നു" എന്ന മറുപടിയോടെ കുറുക്കൻ പെട്ടെന്ന് അവിടെ നിന്നും മുങ്ങി. പിന്നീട്, ഒരിക്കലും ആരെയും പറ്റിക്കാൻ അവൻ ശ്രമിച്ചില്ല.

ഗുണപാഠം - സ്വന്തം കഴിവിൽ അഹങ്കരിച്ച് മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വന്തം കഴിവുകേടിൽ മറ്റുള്ളവർ നിങ്ങളെയും ചതിക്കും.

Written by Binoy Thomas, Malayalam eBooks-725- Aesop stories - 120, PDF -https://drive.google.com/file/d/110hChdJ8K0AUT5XZ7EJysGS8Ikkfn0Wt/view?usp=drivesdk

Comments