(721) മനുഷ്യനും സിംഹവും

 കാട്ടിൽ കഴിഞ്ഞിരുന്ന ഒരു മനുഷ്യൻ എല്ലാ മൃഗങ്ങളുമായും ചങ്ങാത്തത്തിലായിരുന്നു. ഒരിക്കൽ, സിംഹത്തിനൊപ്പം അയാൾ സംസാരിച്ചു നടക്കുകയായിരുന്നു. അതിനിടയിൽ, മനുഷ്യൻ പറഞ്ഞു - "നിങ്ങൾ സിംഹങ്ങളേക്കാൾ മനുഷ്യരാണ് ശക്തർ"

സിംഹം ശാന്തനായി പറഞ്ഞു - "മനുഷ്യരേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ട് ഞങ്ങൾക്ക് "

മനുഷ്യൻ സമ്മതിക്കാതെ തുടർന്നു - "ഈ കാണുന്ന മരത്തിൽ എത്ര വേഗത്തിലും എനിക്ക് കയറാൻ പറ്റും. മഴു കൊണ്ട് ചുവടെ വെട്ടി മരം മുറിച്ചിടാനും ഞങ്ങൾക്കാവും"

സിംഹം പറഞ്ഞു - "ഞങ്ങൾ മരം കയറില്ല. പക്ഷേ, മഴു കൊണ്ട് മരം മുറിച്ചിടുന്നതിനു മുൻപ്, കൂർത്ത പല്ലുകൾ കൊണ്ട് മുറിച്ചിടാൻ എനിക്കു പറ്റും"

അങ്ങനെ, രണ്ടു പേരും വാദവും മറുവാദവും പറഞ്ഞു മുന്നോട്ടു പോയപ്പോൾ മരച്ചുവട്ടിൽ ഒരു ശിൽപം കിടക്കുന്നതു കണ്ടു.

മനുഷ്യൻ അതെടുത്ത് അഭിമാനത്തോടെ പറഞ്ഞു - "ഇതാ, തെളിവ്. മനുഷ്യൻ സിംഹത്തെ വലയിലാക്കുന്നതാണ് ഈ ചിത്രം"

ഉടൻ, സിംഹം പറഞ്ഞു - "ഞങ്ങൾക്ക് ശില്പം ഉണ്ടാക്കാനോ, ചിത്രം വരയ്ക്കാനോ അറിയില്ല. അതിനു കഴിവുണ്ടായിരുന്നു എങ്കിൽ, സിംഹം മനുഷ്യനെ കടിച്ചു കീറി വലിക്കുന്ന ശില്പം ഇതിനു പകരമായി കിട്ടുമായിരുന്നു!"

മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തി.

ഗുണപാഠം - ശക്തിയുള്ളവർ അത് എപ്പോഴും പറഞ്ഞു നടക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.

Written by Binoy Thomas, Malayalam eBooks-721, Aesop - 116 , PDF -https://drive.google.com/file/d/1Jnc9MMH39IyrCm6bkYeb_Pe7dWfaBshl/view?usp=drivesdk

Comments