(699) ചെന്നായും ചെമ്മരിയാടും
പുൽമേട്ടിലൂടെ ഒരു പറ്റം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുകയായിരുന്നു. പെട്ടെന്ന്, ഒരു ചെന്നായ ഒരെണ്ണത്തിനെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് അതിനെ ഓടിച്ചു മറ്റുള്ളവയിൽ നിന്നും അകറ്റി.
കുറെ ദൂരം ഓടിയപ്പോൾ ആട് ക്ഷീണിച്ചു. ചെന്നായ തന്നെ പിടിക്കുമെന്ന് ഉറപ്പായപ്പോൾ ആട് ഓട്ടം നിർത്തി. എന്നിട്ട്, പറഞ്ഞു - "ഞാൻ തോറ്റിരിക്കുന്നു. പക്ഷേ, നീ എന്നെ തിന്നുന്നതിനു മുൻപ് എനിക്ക് ഒരു അന്ത്യാഭിലാഷമുണ്ട് "
"എന്താണത്?" ചെന്നായ ആശ്ചര്യത്തിലായി.
"എനിക്ക് സന്തോഷത്തോടെ മരിക്കണം. അതിന്, നീ ഒരു പാട്ടു പാടണം. അതു കേട്ട് ഞാൻ നൃത്തം വയ്ക്കും. അതു കഴിഞ്ഞ് എന്നെ തിന്നുകൊള്ളൂ"
ചെന്നായ അതു സമ്മതിച്ചു. അവൻ ഓരിയിടുന്ന പോലെ പാട്ടു പാടിയപ്പോൾ ആട് ബഹളം വയ്ക്കുന്ന മാതിരി നൃത്തമാടി. ഈ അപൂർവ കാഴ്ച കണ്ട് കിളികളും ചെറുമൃഗങ്ങളും ഒച്ചയെടുത്തു.
പെട്ടെന്ന്, ശബ്ദം കേട്ട ഭാഗത്തേക്ക് വേട്ടനായ്ക്കളും പിറകെ വേട്ടക്കാരും കുതിച്ചെത്തി. അപ്പോൾ, ചെന്നായ ജീവനും കൊണ്ട് പാഞ്ഞു! ആട് കാട്ടുപള്ളയ്ക്കുള്ളിൽ മറഞ്ഞു.
ഗുണപാഠം - ഏത് ആപത്തിലും സമചിത്തത വെടിയാതെ പ്രവർത്തിക്കണം.
Written by Binoy Thomas, Malayalam eBooks - 699- Aesop stories - 101, PDF -https://drive.google.com/file/d/1cz7HI7zwQWLyLDd7tXNS0ZERfmXjlPjh/view?usp=drivesdk
Comments