(686) പൂച്ചകളുടെ പാൽക്കട്ടി

 രണ്ടു ചങ്ങാതിപ്പൂച്ചകൾ ആഹാരം തേടി നടക്കുകയായിരുന്നു. അവർ ഒരുമിച്ച് ഒരു വീട്ടിലെ അടുക്കളയിലേക്ക് പതുങ്ങിക്കയറി.

ഒരു വലിയ പാൽക്കട്ടിയാണ് അവരുടെ കണ്ണിൽ പെട്ടത്. ഒന്നാമൻ അത് കടിച്ചെടുത്ത് ഓടി. രണ്ടാമൻ കൂടെയും. അല്പദൂരം മാറി അതൊരു ഇലയിൽ വച്ചു.

ഒന്നാമൻ പറഞ്ഞു - "നമുക്ക് ഇതു രണ്ടായി മുറിച്ച് തുല്യമായി പങ്കിട്ടു തിന്നാം"

രണ്ടാമൻ മുറിച്ചപ്പോൾ ഒരു കഷണം ചെറുതും ഒരെണ്ണം വലുതുമായി. അപ്പോൾ ഒന്നാമൻ നിർദ്ദേശിച്ചു - "ഇതിൻ്റെ നീളം ഒരുപോലെയല്ല. വലുത് ഞാനെടുക്കാം. നീ ചെറുത് എടുത്തോളൂ"

അന്നേരം, രണ്ടാമത്തെ പൂച്ച പറഞ്ഞു - "അതു ശരിയല്ല. തുല്യനീളമാക്കണം"

കുറച്ചു നേരത്തേക്ക് അവർ ആശയക്കുഴപ്പത്തിലായി. ആ സമയത്ത്, ഇതെല്ലാം കണ്ടു കൊണ്ട് മരത്തിൽ ഇരുന്ന കുരങ്ങൻ താഴേക്കു ചാടി - "ഞാൻ ഈ പ്രശ്നം പരിഹരിക്കാം. രണ്ടു കഷണങ്ങളും തുല്യ നീളമാക്കിത്തരാം"

എന്നിട്ട്, ഒരു കഷണം പാൽക്കട്ടി കുറച്ചു കൂടുതൽ അവൻ തിന്ന് മറ്റേതിനേക്കാൾ വീണ്ടും നീള വ്യത്യാസമുണ്ടാക്കി!

വീണ്ടും പൂച്ചകൾ തർക്കം തുടങ്ങി. പിന്നെയും കുരങ്ങൻ മധ്യസ്ഥനായി ചമഞ്ഞ് നീളം കൂടിയ പാൽക്കട്ടി കടിച്ചു തിന്ന് മന:പൂർവ്വമായി നീള വ്യത്യാസമുണ്ടാക്കി പറ്റിച്ചു.

അപ്പോഴും പൂച്ചകൾ വലിപ്പച്ചെറുപ്പം മാത്രമേ ശ്രദ്ധിച്ചുള്ളൂ. അങ്ങനെ, അവസാനത്തെ ചെറുകഷണം കൂടി കുരങ്ങൻ അകത്താക്കി. എന്നിട്ട്, ചാടി മരത്തിൽ കയറി ഇപ്രകാരം പറഞ്ഞു - " നോക്കൂ... ഞാൻ നിങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലേ? ഹി...ഹി...."

അപ്പോഴാണ് പൂച്ചകൾക്ക് പാൽക്കട്ടി മുഴുവനും കുരങ്ങൻ്റെ വയറ്റിലായ ബോധം വീണത്. പൂച്ചകൾ വിഷമത്തോടെ തിരിഞ്ഞു നടന്നു. കുരങ്ങൻ ഉന്മേഷത്തോടെ മരത്തിലൂടെ കുത്തിമറിഞ്ഞു.

ഗുണപാഠം - തർക്കങ്ങൾ ഒന്നിനും ഒരു പരിഹാരമല്ല. അത്, വിലപ്പെട്ട സമയവും ഊർജ്ജവും പാഴാക്കും.

Written by Binoy Thomas, Malayalam eBooks - 686- Aesop Series - 95, PDF -https://drive.google.com/file/d/1BQqSTZBOLnJhy7cHn6WdO1xOWB29Shzp/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം