1. ആനവണ്ടി
ചിലയിടങ്ങളില്‍ ആളുകള്‍ സുഹൃത്താവാന്‍ ശ്രമിച്ചാലും ആരും അവരെ ശ്രദ്ധിക്കില്ലെന്നു മാത്രമല്ല, പരിഹസിക്കുകയുംകൂടി ചെയ്യും.
അങ്ങനെ ഒരു സൗഹൃദകഥ വായിക്കൂ..
കുറച്ചു വർഷങ്ങൾക്കു മുൻപ്- ഒരിക്കൽ, ടോമി ചങ്ങനാശേരിയില്‍നിന്ന് കോട്ടയം പോരികയായിരുന്നു. സര്‍ക്കാരിന്റെ ആനവണ്ടിയിലായിരുന്നു യാത്ര. ബസില്‍ ഇരിക്കാനുള്ള ആളുകള്‍ മാത്രം. അക്കൂട്ടത്തില്‍ കൊച്ചുകുട്ടികളും വൃദ്ധരും എല്ലാവരും ഉള്‍പ്പെടും. ടോമി ഏകദേശം മധ്യനിരയിലെ സീറ്റില്‍ ഇരുന്നു. തൊട്ടടുത്ത സീറ്റിലെ അമ്മയുടെ മടിയില്‍ ഒരു കുഞ്ഞ്, കമ്പിയില്‍ പിടിച്ച് എഴുന്നേറ്റുനിന്നു പുറത്തെ വിസ്മയ കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ട്. ആനവണ്ടിയുടെ ആനവളയം പിടിച്ചിരിക്കുന്ന ഡ്രൈവറുടെ അട്ടഹാസം കേട്ടാണ് അങ്ങോട്ടു ടോമി ശ്രദ്ധിച്ചത്.
ബസ് നല്ല വേഗത്തിൽ ഓടിച്ചിരുന്ന ഡ്രൈവർ തൊട്ടടുത്ത് പെട്ടിപ്പുറത്തിരുന്ന ഒരാളോട് ഒരു കൈ എടുത്തു പ്രസംഗിച്ചുകൊണ്ട് ഇടയ്ക്കു മാത്രം വഴിയിലേക്ക് പാളി നോക്കും! അയാള്‍ ഒരു കൈ മാത്രമേ സ്റ്റീയറിങ്ങില്‍ പിടിച്ചിട്ടുള്ളൂ! സംസാരം കേട്ടിട്ട് അതും സഹപ്രവര്‍ത്തകനാണ് എന്നു തോന്നുന്നു. കാരണം, അവരുടെ ഡ്യൂട്ടിയിടുന്ന പ്രശ്നമാണ് ചൂടേറിയ സംസാര വിഷയം. അതിനൊപ്പം, ഏതോ മേലധികാരിയെ പരിഹസിച്ചു ചിരിക്കുന്നുമുണ്ട്. യാത്രക്കാരെല്ലാം അവരുടെ സ്വന്തം ലോകത്തിലിരുന്ന് യാത്ര ചെയ്യുകയാണ്. പക്ഷേ, ഇത്തരം അശ്രദ്ധ ചിലപ്പോള്‍ അപകടയാത്രയാകാനും ഇതൊക്കെ ധാരാളം മതിയാകും. ഒന്നു പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാലും മുഖം കമ്പിയില്‍ ഇടിക്കാന്‍ പലരും ഉറക്കം തൂങ്ങി അവസരം ഉറപ്പാക്കിയിട്ടുണ്ട്.
എന്തായാലും, ഇത് കണ്ടക്ടറുടെ ശ്രദ്ധയിലെങ്കിലും പെടുത്തണമെന്ന് ടോമി വിചാരിച്ചു. ടിക്കറ്റ് കൊടുക്കാന്‍ ഇടയ്ക്ക് അതിലെ മുന്നോട്ടു പോകാന്‍ നേരം അയാളോട് ടോമി ഇക്കാര്യം സൂചിപ്പിച്ചു. കണ്ടക്ടര്‍ അത് ഡ്രൈവറെയും അറിയിച്ചു.
ഉടന്‍ വന്നു ഉച്ചത്തിലുള്ള മറുപടി-
“ഞാനീ വളയം പിടിക്കാൻ തുടങ്ങീട്ട് വർഷം മുപ്പതായി. പിന്നല്ലേ"
അയാളുടെ പരിഹാസച്ചിരി വേറെ! ഇതു കേട്ട് കാര്യം മനസ്സിലായിട്ടുപോലും യാത്രക്കാരും ചിരിയിൽ പങ്കെടുത്തു. ആ കുഞ്ഞിനെ എടുത്ത് മടിയില്‍ നിര്‍ത്തിയിരിക്കുന്ന അമ്മപോലും ഏതോ കോമഡി കേട്ടപോലെ ചിരിച്ചു!ടോമിക്ക് അമര്‍ഷം മനസ്സില്‍ നുരഞ്ഞുപൊന്തി. ഉടന്‍, ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു. അതില്‍ സൂം ചെയ്യാവുന്ന നല്ല വീഡിയോ ക്യാമറയുള്ളതാണ്. ഇത് തെളിവായി റെക്കോര്‍ഡ് ചെയ്ത്- പരാതി കൊടുത്താലോ? ഫെയ്സ്ബുക്കില്‍ ഇട്ടാലോ? അല്ലെങ്കില്‍, വാട്സാപ്പില്‍?
പക്ഷേ, ഒന്നും നടന്നില്ല. അല്പസമയത്തിനുള്ളില്‍ ഫോണ്‍ തിരികെ അതേപടി ജീന്‍സിന്റെ പോക്കറ്റില്‍ത്തിരുകി. കാരണം, ആര്‍ക്കും വേണ്ടാത്ത സുരക്ഷയില്‍ തനിക്കെന്തിന്റെ സൂക്കേട്? പറയാനുള്ളത് പറഞ്ഞു; അത്രതന്നെ!
പകരം, ടോമി അമര്‍ഷവും ജാഗ്രതയും കൂട്ടിച്ചേര്‍ത്ത് മുന്‍സീറ്റിന്റെ കമ്പിയില്‍ ഇറുക്കിപ്പിടിച്ചു. അതേസമയം, ഡ്രൈവർ കോട്ടയംവരെയും പഴയ പ്രസംഗം തുടർന്നുകൊണ്ടിരുന്നു! നാം നമ്മോടു തന്നെ നല്ല സുഹൃത്താണോ? അങ്ങനെയെങ്കിൽ മാത്രമേ മറ്റുള്ളവരോടും നല്ല സുഹൃത്താവാന്‍ പറ്റൂ.
നല്ല സുഹൃത്തിന്റെ ചില പൊതു ലക്ഷണങ്ങള്‍- ആരെയും സന്തോഷിപ്പിക്കാൻ തിന്മയുടെ മാർഗം സ്വീകരിക്കില്ല, ലഹരി പദാർഥങ്ങൾ ഉപയോഗിക്കില്ല, ഗുണമേന്മയില്ലാത്ത അലവലാതിഭക്ഷണങ്ങൾ കഴിക്കില്ല, അമിത ശബ്ദത്തിൽ സംസാരിക്കുകയോ തീവ്ര ശബ്ദങ്ങൾ കേൾക്കുകയോ ചെയ്യില്ല. അഴുക്കായത് കാണാനും കാണിക്കാനും ശ്രമിക്കില്ല. വാദങ്ങളല്ലാതെ വാഗ്വാദങ്ങളിലും തർക്കങ്ങളിലും ഏർപ്പെടില്ല. പരദൂഷണം ഉപേക്ഷിക്കും. ദൈവഭയമുള്ള മനഃസാക്ഷി സൂക്ഷിക്കും. അത്യാഡംബരങ്ങൾ വേണ്ടന്നു വയ്ക്കും. പരോപകാരി ചമഞ്ഞ് മറ്റുള്ള കുടുംബങ്ങളിൽ ഇടിച്ചുകയറില്ല. ഇനിയും ഒരുപാട് ഇങ്ങനെ പറയാം..സ്വയം നല്ല സുഹൃത്തായി മറ്റുള്ളവരുടെയും നല്ല സുഹൃത്തായി മാറാം!
2. നല്ല കാര്യങ്ങളുടെ ലോകം
നല്ല കാര്യങ്ങൾ ചെയ്യാനായി ഈ ലോകത്തിന്റെ പൈശാചിക ശക്തിയെ നാം മറികടക്കണം. അതിനായി ദൈവിക ശക്തിയെ കൂട്ടുപിടിച്ചാൽ മാത്രമേ സാധിക്കൂ. എന്നാൽ ദുഷ്ചെയ്തികൾ എളുപ്പത്തില്‍ ചെയ്യാൻ വേണ്ടി ദുഷ്ടശക്തി നമുക്കു വേണ്ട എല്ലാ സഹായവും ചെയ്തു തരും. അങ്ങനെയാണ് ഈ ഭൂമിയിൽ ഭൂരിപക്ഷം മനസ്സുകളും തിന്മകൊണ്ട് നിറയുന്നത്. അങ്ങനെ, നന്മ നിറഞ്ഞവർ വെറും ന്യൂനപക്ഷം മാത്രമായി ചുരുങ്ങുകയാണ്. നല്ല സുഹൃത്തുക്കള്‍ നന്മയിലേക്ക് നയിച്ച് ദൈവത്തോട് നമ്മെ അടുപ്പിക്കുമ്പോള്‍, ദുഷിച്ച സുഹൃത്തുക്കള്‍ നമ്മില്‍ പൈശാചിക-മൃഗീയ വാസനകളും നിറയ്ക്കുന്നു. ചിലപ്പോള്‍, നാം ഒരിക്കലും അറിയാതെ പോകുന്ന നല്ല സുഹൃത്തുക്കളും അനേകമുണ്ട്.
ഒരു ഉദാഹരണം ശ്രദ്ധിക്കൂ..
രവി നടന്നുപോകുന്ന റോഡ് സൈഡിൽ പല മരങ്ങളുടെയും ശിഖരങ്ങള്‍ മിക്കവാറും എല്ലാ പറമ്പില്‍നിന്നും തലനീട്ടി വഴിയിലേക്ക് എത്തിനോക്കുന്നുണ്ട്. കാറ്റടിക്കുമ്പോള്‍ അതൊക്കെ കറന്റ്കമ്പിയില്‍ മുട്ടി ചിലപ്പോള്‍ ഫ്യൂസും പോകും. ഇതിനൊരു പരിഹാരമായി വൈദ്യുതിബോര്‍ഡ് ജോലിക്കാര്‍ ഇടയ്ക്ക് ടച്ചിങ്ങ്സ് വെട്ടാറുണ്ട്. അവർ വലിയ അരിവാൾകത്തി പിടിപ്പിച്ച നീളമുള്ള തോട്ടികൊണ്ട് വഴിവക്കിൽ കമ്പുകള്‍ മുറിച്ചിട്ട് വേഗം മുന്നോട്ടു പോകും. കാരണം, വേഗം പണിതീര്‍ത്തിട്ടുവേണം കയ്യിലിരിക്കുന്ന ഫ്യൂസ് കുത്താന്‍.
അങ്ങനെയുള്ള ഒരു ദിവസം-
രാവിലെ, രവി ജോലിയ്ക്ക് പോകാനായി അടുത്തുള്ള കവലയിലേക്ക് നടക്കുകയാണ്. വെട്ടിയിട്ട ഒരു കമ്പിന്റെ അറ്റം വഴിയിലേക്ക് നീണ്ടു നിൽക്കുന്നത് കണ്ടിട്ടും തന്റെ കയ്യിൽ ചെളിയും കറയും പറ്റിക്കാൻ മടിയായതുകൊണ്ട് അവന്‍ കാണാത്ത മട്ടിൽ നടന്നു.
അപ്പോള്‍, എതിരെ വന്ന വൃദ്ധന്‍ "മുപ്പത്..മുപ്പത്..” എന്ന ലോട്ടറിമന്ത്രം ജപിച്ചുകൊണ്ട് ടിക്കറ്റുകള്‍ രവിയുടെ നേരെ നീട്ടി. രവി അതും കണ്ടില്ലെന്നു വരുത്തി കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു ശബ്ദം കേട്ട് പിറകോട്ട് നോക്കി. ലോട്ടറി ടിക്കറ്റു നടന്നു വിൽക്കുന്ന വൃദ്ധൻ അല്പം വിഷമിച്ച് ആ കമ്പുകള്‍ അരികിലേക്ക് നീക്കിയിടുന്നു! സാധാരണ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം പറ്റാൻ നീണ്ടു നിൽക്കുന്ന അതു ധാരാളം! പക്ഷേ, ആ മനുഷ്യന് ഒരു സൈക്കിൾ പോലുമില്ല!
ലോട്ടറിടിക്കറ്റ് എടുക്കാതെയും മറ്റുള്ള ആര്‍ക്കോവേണ്ടി ഇത്തരത്തില്‍ ഭാഗ്യം എത്തിക്കുന്ന അയാൾ അങ്ങനെ ആരുമറിയാതെ വാഹനത്തില്‍ പോകുന്നവരുടെ സുഹൃത്തായി മാറിയില്ലേ? പക്ഷേ, ഇങ്ങനെ ചെറിയ സൗഹൃദങ്ങള്‍ ആരും അറിയാതെ പോകുന്നു. അയാളെ നോക്കി രവി ലജ്ജിച്ചു തല താഴ്ത്തി നടന്നുപോയി.
3. നന്മയുള്ള മാഷ്
പല സുഹൃത്തുക്കളും സാധാരണയായി പറയാറുള്ള ചില കാര്യങ്ങൾ -
"എന്നെ ഉപദേശിക്കാൻ അവൻ/അവൾ വളർന്നിട്ടില്ല"
"എന്റെ കാര്യത്തിൽ ഇടപെടാൻ അവൻ/അവൾ ആരാ ?"
"അവന്റെ/അവളുടെ ശകാരം എന്റെയടുത്തു വേണ്ട"
ഇവിടെ വാസ്തവം എന്താണ്?
നാം അത്തരക്കാരെ വെറുക്കുന്നു. വെളുക്കച്ചിരികൊണ്ട് സുഖിപ്പിച്ചു പോകുന്നവരെ നാം ഇഷ്ടപ്പെടുന്നു.
എന്നാൽ, നാം ഏതെങ്കിലും രീതിയിൽ നന്നാവട്ടെ എന്നു കരുതുന്നവരാകും പ്രതികരിക്കുന്നവർ! നമുക്കു പുല്ലുവില കൊടുക്കുന്നവർ ഗൗനിക്കാതെ കള്ളച്ചിരിയുടെ പൊയ്മുഖം വച്ച് കടന്നുപോകും! അവര്‍ നമുക്ക് പ്രിയപ്പെട്ടവരായി കയ്യടി നേടും! ഒട്ടേറെ യുവതീ-യുവാക്കൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം കളഞ്ഞ് ഗവൺമെന്റ് സർവീസിൽ കയറിപ്പറ്റാനുള്ള അവസരം കളയുകയാണ്. മറ്റു ചിലർ സർക്കാർ ഉദ്യോഗം കിട്ടാൻ സാധ്യത കുറവുള്ള പഠനശാഖയിലേക്കും പോകുന്നു.
അത്തരത്തിലൊരു കഥ വായിക്കൂ..
സീന്‍-1
രാത്രി ഒന്‍പതുമണി. ഗോപിയുടെ കുടുംബം അത്താഴം കഴിക്കുന്ന സമയം. അപ്പനും അമ്മയും മകനും മകളും അടങ്ങുന്ന സാധാരണ കുടുംബം. അന്നും പതിവുപോലെ ആനുകാലിക വിഷയങ്ങള്‍ പലതും തീന്മേശയിലേക്ക് അവര്‍ മത്സരിച്ചു വിളമ്പി- പെട്രോള്‍ വിലക്കയറ്റം, മതഭ്രാന്ത്, പീഡനം...എന്നിങ്ങനെ പലതും.
അതിനിടയില്‍-
“നിങ്ങളോട് ഒരു കാര്യം പറയാന്‍ മറന്നു. ഇന്നു വൈകുന്നേരം സുധാകരന്‍മാഷിനെ കടയില്‍ വച്ചു കണ്ടപ്പോള്‍ അയാള്‍ ഒരു കാര്യം പറഞ്ഞു.."
എല്ലാവരും ഗോപിയെ ആകാംഷയോടെ നോക്കി. അയാള്‍ തുടര്‍ന്നു-
“എടാ, വിനൂ, നിന്റെ കൂട്ട് ശരിയല്ലെന്ന്. പലയിടത്തും നീ ഫോണും കൂട്ടുകാരുമായി നടക്കുന്നുവെന്നാണ് അയാളുടെ പരാതി. സര്‍ക്കാരു ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ, എല്‍ഡിസി പരീക്ഷ അടുത്ത മാസമുണ്ടല്ലോ എന്നൊക്കെ കുറെ ഉപദേശവും"
“എന്നിട്ട്, ഡാഡി എന്തു പറഞ്ഞു?”
“ഓ...ഞാന്‍ എന്തു പറയാന്‍. നിന്നെ മൂന്നിലോ നാലിലോ പഠിപ്പിച്ച മാഷല്ലേ. അയാള് വേറെ ആരെയെങ്കിലും കണ്ടിട്ട് പറഞ്ഞതാവും. നിന്നെ ഞങ്ങള്‍ക്ക് അറിയാവുന്നതു കൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല"
“അതെയതെ. ആ മാഷ് പണ്ടത്തെ മലയാളംവിദ്വാനാ. അന്നൊക്കെ മലയാളം കൂട്ടി വായിക്കാന്‍ അറിഞ്ഞാല്‍ മാഷല്ലേ" ഭാര്യ ചോറിടുമ്പോള്‍ അല്പം തത്വം കൂടി വിളമ്പി. അപ്പോള്‍ മകള്‍ ഇടപെട്ടു:
“കഴിഞ്ഞ മാസത്തെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ഇവനു കിട്ടിയ കാര്യം ഡാഡി അങ്ങ് പറയാന്‍ മേലായിരുന്നോ. മാഷ് ഇതൊക്കെ ജോലിയില്ലാതെ നടക്കുന്ന പഴയ കുട്ടികളോട് പറയട്ടെ"
ഉടന്‍തന്നെ വിനു ന്യായീകരണവുമായി രംഗത്തെത്തി-
“മാഷിന് ഉപദേശിക്കാന്‍ മക്കളൊന്നും ഇല്ലല്ലോ. അങ്ങേര്‍ക്ക് സ്മാര്‍ട്ട് ഫോണും വാട്ട്സാപ്പും ഫെയ്സ്ബുക്കും ഇല്ലാത്തതിന് ഞാനെന്തു പിഴച്ചു?”
“അതെയതെ. ജനറേഷന്‍ ഗ്യാപ് ഒരു പ്രശ്നം തന്നെ"
സഹോദരി മൊഴിഞ്ഞു.
സീന്‍-2
ആറുമാസങ്ങള്‍ വേഗം കടന്നുപോയി.
സുധാകരന്‍മാഷിന്റെ വീട്. മാഷ് രാവിലെ പത്രം അരച്ചുകുടിക്കുകയാണ്. മേശമേല്‍ ഇരിക്കുന്ന കട്ടന്‍ചായ ഇനിയും തൊട്ടിട്ടുപോലുമില്ല. അന്നേരം, ഭാര്യ കട്ടിലിന്റെ അരികത്ത് വന്നിരുന്നു.
“മാഷേ, ചായ വല്ലാണ്ടങ്ങ് തണുത്തു..”
“സാരല്യ, നീയ് ഈ വാര്‍ത്ത കണ്ടോ. ഗോപീടെ മോന്‍ ജോലി ചെയ്യണ കമ്പനി ഒരു വിദേശ കമ്പനിയുമായി ലയിക്കുന്നു. ഒരുപാടു ജോലിക്കാരെ പിരിച്ചുവിടുമെന്ന്"
“അതിനെന്താ, അവനു വേറെ ജോലി കിട്ടില്യെ?”
“കിട്ടുമായിരിക്കും, പക്ഷേ, പൊതുവേ മാന്ദ്യം പിടികൂടിയ മേഖലയാ അത്"
“ഇനിയെന്തെല്ലാം പുതീത് വരാനിരിക്കണ്..നമ്മുടെ കാലം കഴിഞ്ഞു"
“എന്നാലും..ഞാന്‍ പഠിപ്പിച്ച കുട്ട്യോളെല്ലാം നമ്മുടെ മക്കള് തന്ന്യാ"
മാഷ് ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ മന്ത്രിച്ചു.
ആശയത്തിലേക്ക്..
കരാർ ജോലി, ദിവസ വേതനം, കമ്മീഷൻ, ഇന്‍സെന്റീവ് എന്നിങ്ങനെ ജോലി ചെയ്യുന്നതിന്റെ അസ്ഥിരത ചിലപ്പോള്‍ ദോഷമായി വരും. ആശ്വസിക്കാന്‍ പെൻഷനും മറ്റുള്ള ആനുകൂല്യങ്ങളുമില്ല.
കരാർ ജോലിയിൽ ഏതാനും വർഷങ്ങൾ നല്ല വരുമാനം കിട്ടിയാലും അതിൽ കുടുങ്ങിപ്പോകരുത്. എപ്പോൾ വേണമെങ്കിലും അതൊക്കെ നിന്നു പോകാം. ദീർഘവീക്ഷണത്തോടെ നീങ്ങുക. യൂണിവേഴ്സിറ്റികളുടെ സാദാ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞ് അനേകം ആളുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് PSC പഠിക്കാനുള്ള സമയം ചിലർക്ക് കിട്ടാറുണ്ട്. പക്ഷേ, അവർ ചെയ്യുന്നതോ? സോഷ്യൽ മീഡിയ, ഇന്റർനെറ്റിലായിരിക്കും. കാലം കടന്നു പോകുന്നത് അറിയാതെ പോകുന്നു. ഒഴുക്കൻമട്ടിൽ കുറച്ചു PSC ഒക്കെ എഴുതുമെന്നു മാത്രം.
എന്നാൽ, മറ്റൊരു സത്യം കൂടിയുണ്ട്. കഴിവും പ്രാപ്തിയും അവസരവും കുറഞ്ഞവരും ധാരാളമാണ്. അവർ ഇങ്ങനെ ശ്രമിച്ചിട്ടും കാര്യമില്ല. മാത്രമല്ല, 3 കോടി ജനങ്ങളിൽ ആറു ലക്ഷം സർക്കാർ ജോലിക്കാരേ ഉള്ളുവെന്നും ഓർക്കണം. മൽസരം കഠിനമാണ്.
നാം പലയിടങ്ങളിലും നല്ല അറിവും കഴിവുമുള്ളവരുമൊക്കെ അബദ്ധവിശ്വാസങ്ങൾ പേറി ജീവിതം ഉയർന്ന നിലവാരത്തിലെത്തിക്കാനുള്ള അവസരവും സമയവും കളയുന്നതു കാണാം.
അപ്പോൾ, ആളുകൾ ചിലപ്പോൾ ഉപദേശിക്കും, ശകാരിക്കും. ഇനി അല്പം കൂടി താൽപര്യം തോന്നിയാൽ അത്തരം ആളുകളെ സ്വാധീനിക്കാനും വഴിതിരിച്ചുവിടുന്ന കരിയർ ഗൈഡൻസിനും ശേഷിയുള്ളവരോട് നിജസ്ഥിതി ബോധ്യപ്പെടുത്താം.
ഉദാഹരണത്തിന്, അവരുടെ അധ്യാപകർ, ഡോക്ടർമാർ, പോലീസുകാർ, കൗൺസിലർമാർ, മത പുരോഹിതർ, ബന്ധുക്കൾ, മാതാപിതാക്കൾ, കൂട്ടുകാർ എന്നിങ്ങനെ.. ചിലപ്പോൾ ഫലിച്ചെന്നും വരാം.
പക്ഷേ, സാധാരണക്കാരൊക്കെ ഇങ്ങനെ സഹായിക്കാൻ ശ്രമിച്ചാൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. കാരണം, ഉന്നത ജീവിതവിജയം, സ്ഥാനം, പ്രശസ്തി നേടിയവർ പറഞ്ഞാലേ അതിനൊക്കെ അംഗീകാരവും സ്വീകാര്യതയും ഉള്ളൂ.
അല്ലെങ്കിൽ, നാം എന്താണു പറയുക?
അവനെന്തു യോഗ്യത? ഇതവന് സ്വന്തമായി ചെയ്യാൻ പറ്റിയില്ലല്ലോ. അതിന്റെ നിരാശ, കുറ്റബോധം, പരാതി, പരിഭവം, ആവലാതി, പരദൂഷണം എന്നിങ്ങനെ ആയിരിക്കാം. അങ്ങനെ ഉദ്യോഗാർഥിയും കുടുംബവും സമാധാനിക്കും!
ഇവിടെ ഉദ്യോഗാർഥികൾക്ക് സ്വീകരിക്കാവുന്ന ഒരു നയമുണ്ട് -
പറയുന്ന രീതിയും സാഹചര്യവും എന്തുമാകട്ടെ, അതിൽ നമുക്കു പ്രയോജനപ്പെടാവുന്ന വസ്തുത ഉണ്ടോ? എങ്കിൽ സ്വീകരിക്കുക! കാരണം, വിജയിച്ചവർക്കു മാത്രമല്ല നമുക്കു നല്ല വഴി പറയാനാകുന്നത്. പരാജയപ്പെട്ടവരുടെതും ഒന്നാന്തരം അനുഭവപാഠമാണ്.
No comments:
Post a Comment