മലയാളം കഥക്കൂട്ട്
1. കടംകഥകൾ
അകത്ത് പോയപ്പോൾ പച്ച, പുറത്തു വന്നപ്പോൾ ചുവപ്പ്- വെറ്റില മുറുക്ക്
അകത്ത് രോമം, പുറത്ത് ഇറച്ചി - മൂക്ക്
അക്കമില്ല, പുറമില്ല, ഞെട്ടില്ല, വട്ടയില- പപ്പടം
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി- കൺപീലി
അങ്ങോട്ടോടും ഇങ്ങോട്ടോടും മേലേ നിന്ന് സത്യം പറയും- തുലാസ്
മുക്കിയാലും നനയാത്ത പട്ട് - ചേമ്പില
അഛൻ തന്ന കാളയ്ക്ക് കൊമ്പ് - കിണ്ടി
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു- കയ്യിലെ ചോറുരുള
അടയുടെ മുൻപിൽ വൻപട – തേനീച്ച
അടിച്ചു വാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ – നക്ഷത്രങ്ങൾ
അനുജത്തി ചുവന്ന്, ഏട്ടത്തി പച്ചച്ച്, മൂത്തേച്ചി മഞ്ഞച്ച്- ഇല.
അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണപ്പന്തലിൽ - തെങ്ങും തെങ്ങിൻ പൂക്കുലയും
അമ്മ കറുത്ത്, മകൾ വെളുത്ത്, കൊച്ചുമകൾ അതിസുന്ദരി - വെള്ളില
അമ്മ കിടക്കും മകൾ ഓടും - അമ്മിക്കല്ലും കുഴവിയും
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മക്കൾ ഇല്ലാതാകം - തീപ്പെട്ടിയും കൊള്ളികളും
അമ്മയ്ക്ക് വാലില്ല, മക്കൾക്കുണ്ട് - തവള
അരയുണ്ട്, കാലുണ്ട്, കാൽപാദമില്ല – പാന്റ്
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു - ചൂല്
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല – മിന്നൽ
ആകാശത്തിലെത്തുന്ന തോട്ടി - കണ്ണ്
ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി - നക്ഷത്രങ്ങൾ
ആരാലും അടിക്കാത്ത മുറ്റം - ആകാശം
ആരും കാണാതെ വരും ആരും കാണാതെ പോകും - കാറ്റ്
ആരോടും മല്ലടിക്കും വെള്ളത്തെ പേടി - അഗ്നി
ആവശ്യക്കാരൻ വാങ്ങില്ല, വാങ്ങുന്നവൻ ഉപയോഗിക്കില്ല, ഉപയോഗിക്കുന്നവൻ അറിയില്ല – ശവപ്പെട്ടി
ഇത്തിരി വായ, കുടവയറ് - കുടം
ഇരുട്ടുകാട്ടിൽ പന്നിക്കൂട്ടം -പേൻ
എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും - വൈദ്യുതി
ഒരമ്മ എന്നും വെന്തും നീറിയും - അടുപ്പ്
ഒറ്റക്കാലൻ ചന്തയ്ക്കു പോയി - കുട
ഒറ്റത്തടിമരം, വേരില്ലാ മരം - കൊടിമരം
ഓടി നടക്കും തീയുണ്ട- മിന്നാമിനുങ്ങ്
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര - ചെരുപ്പ്
2. കുട്ടികളുടെ കൃത്യനിഷ്ഠ
സമയം പാലിക്കാത്ത ട്രെയിൻ, സർക്കാർ ബസുകൾ എന്നിവയൊക്കെ വൈകിയോടുന്ന വണ്ടികളെന്ന് സ്ഥിരമായി പഴി കേൾക്കാറുണ്ട്. അങ്ങനെ ഇത് കൃത്യനിഷ്ഠയില്ലാത്തവരെ സൂചിപ്പിക്കുന്ന ഒരു പ്രയോഗവുമായി മാറി.
അതിവിടെ പറയാനുള്ള കാര്യം എന്താണാവോ? പറയാം- അജു ഇത്തരമൊരു വിദ്യാർഥിയാണ്. കുട്ടികൾ അവനെ 'ലാസ്റ്റ്മാൻ' എന്നാണ് കളിയാക്കി വിളിക്കുന്നത്. കാരണം, ആഴ്ചയിൽ ചുരുങ്ങിയത്, രണ്ടു ദിവസമെങ്കിലും സ്കൂൾബസ് അവനു വേണ്ടി കാത്തു കിടക്കണം. ബസ് എട്ടര മണിയാകുമ്പോൾ അവന്റെ വീടിനപ്പുറത്തെ മെയിൻ റോഡിൽ നിർത്തി ഹോൺ മുഴക്കും. ഡ്രൈവർ പിറുപിറുക്കാനും തുടങ്ങും. സ്കൂൾ അസംബ്ലി തുടങ്ങുന്നതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ അയാളുടെ ശമ്പളം കുറവു ചെയ്യുമെന്ന് ഹെഡ്മാസ്റ്ററുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ, കുട്ടികളെയും മാതാപിതാക്കളെയും പിണക്കിയാലോ? അവർ പി.ടി.എ മീറ്റിങ്ങിൽ മീശ പിരിച്ചു കണ്ണുരുട്ടി ഡ്രൈവറെ മാറ്റണമെന്ന് വാശി പിടിക്കും. എങ്കിലും, തിരക്കുള്ള മെയിൻ റോഡിലെ ജങ്ക്ഷനിൽ അഞ്ചു മിനിറ്റോളം ബസ് നിർത്തിയിടുന്നതു തന്നെ അപകടം പിടിച്ച പണിയാണ്.അതു മാത്രമോ? അജുവിന്റെ ബാഗും തൂക്കിയുള്ള ഓട്ടം അവസാനിക്കുന്നത് റോഡിന്റെ അപ്പുറത്തു വശത്തു കിടക്കുന്ന ബസിലാണ്. ഈ പരവേശത്തിനിടയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ അവൻ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് സത്യം.
ഒരു ദിവസം - പതിവുപോലെ രാവിലെ അജു എട്ടര കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഓടാൻ തുടങ്ങി. വഴി മുറിച്ചുകടന്നപ്പോൾ - എവിടെയോ മണ്ണെടുക്കാനായി പാഞ്ഞു പോകുകയായിരുന്ന ടിപ്പർ ലോറി വന്നത് അവൻ അറിഞ്ഞതേയില്ല! സർവ്വശക്തിയുമെടുത്ത് ടിപ്പർ ബ്രേക്ക് പിടിച്ചപ്പോൾ അതൊരു അലർച്ചയോടെ ടയർ കത്തിയ മണത്തോടെ നിന്നു.
ബസിലുള്ള കുട്ടികൾ 'അയ്യോ' ശബ്ദം പുറപ്പെടുവിച്ചു.
ഭാഗ്യം! തലനാരിഴ വ്യത്യാസത്തിൽ അജുവിനെ ഇടിക്കാതെ ടിപ്പർ കനിഞ്ഞു. പക്ഷേ, അതിന്റെ ഡ്രൈവർ പല്ലുകടിച്ച് അലറി!
"മനുഷ്യനെ തൊലയ്ക്കാനായിട്ട് രാവിലെ ഓരോന്ന് കെട്ടിയെടുത്തോളും "അപ്പോൾത്തന്നെ മൺകൂനയുമായി മല്ലിടാൻ ടിപ്പർ വീണ്ടും കുതിച്ചു പാഞ്ഞു. വഴിയിൽ അരങ്ങേറിയ കാര്യം ആരൊക്കയോ വീട്ടുകാരെ ധരിപ്പിച്ചു. വീട്ടിലെ അപ്പനും അമ്മയും അവനില്‍ പഴിയും ചാരി ആശ്വസിച്ചു.
അജുവിന്റെ വീട്ടിലെ കൃത്യനിഷ്ഠ ഒന്നു പരിശോധിക്കാം. അജുവിന്റെ അച്ഛൻ സുധാകരന്റെ ഓഫീസ് മുറി ആകെ അലങ്കോലമായിട്ടാണ് കിടക്കുന്നത്. അതിൽ നിന്ന് പെട്ടെന്ന് എന്തെങ്കിലും കണ്ടു കിട്ടുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.
ഇനി വീട്ടമ്മ ലീലാമ്മയുടെ ചിട്ട കാണണമെങ്കിൽ അടുക്കളയിൽ ചെന്നു തന്നെ നോക്കണം. പാത്രങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി ചിതറിക്കിടക്കുന്ന അവസ്ഥ. ഫലമോ? അജുവിന് ഉച്ചഭക്ഷണത്തിനായുള്ള ടിഫിൻ ബോക്സ് സമയത്ത് തയാറാക്കാൻ പറ്റുന്നില്ല! അജുവിന്റെ ഹോം വർക്ക് ചെയ്യാൻ രാവിലെയാണ് തുടക്കമിടുന്നത്. അത് കഠിനമാണെന്നും സമയം കൂടുതൽ വേണമെന്നുമൊക്കെ തിരിച്ചറിയുമ്പോൾ സമയം വൈകും. ഒരു സ്വഭാവവും മാനത്തു നിന്ന് പെട്ടെന്ന് പൊട്ടിവീഴുന്ന ഒന്നല്ല. ക്രമേണ വിവിധ കാരണങ്ങൾ കണ്ടും കേട്ടും കുട്ടിയുടെ സ്വഭാവത്തിൽ അലിഞ്ഞു ചേരുന്നതാകാം. കൃത്യനിഷ്ഠയുടെ ബാലപാഠങ്ങൾ മാതാപിതാക്കളിൽ നിന്നു തന്നെ കുട്ടികൾ പഠിക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ അനേകം ദുരിതങ്ങൾ സമ്പാദിച്ചതായി പത്രവാർത്തകളിലും മറ്റും കാണാം. ഇവിടെ ഇത്തരം കുടുംബങ്ങൾ കുട്ടികളുടെ കൃത്യനിഷ്ഠ, സമയ വിനിമയം, കാര്യശേഷി എന്നിവ കുറയുന്നതു കാണേണ്ടിവരും. സമയത്ത്, പഠിച്ചു തീർക്കാൻ പോലും പറ്റിയെന്നു വരില്ല. പരീക്ഷകൾപോലും താമസിച്ചു പോയതിന്റെ പേരിൽ വെപ്രാളപ്പെട്ട് എഴുതേണ്ടിയും വരും.
ചില പ്രായോഗിക സമീപനങ്ങൾ ശ്രദ്ധിക്കുക..കുട്ടികളുടെ രാവിലത്തെ ജോലികൾ കഴിവുന്നതും കുറയ്ക്കുക. തലേ ദിവസം വൈകുന്നേരം കളിക്കുക. ഹോം വർക്ക് സ്കൂൾ വിട്ടു വീട്ടിൽ വന്നാലുടൻ ചെയ്യണം. ടൈം ടേബിൾ അനുസരിച്ച് പുസ്തകങ്ങൾ രാത്രിയിൽ ബാഗിൽ വച്ചശേഷം ഉറങ്ങാൻ പോകുക.
രാത്രി വൈകി ടി.വി., ഫോൺ, കംപ്യൂട്ടർ ഉപയോഗിക്കരുത്, നേരത്തേ ഉറങ്ങി നേരത്തേ എണീക്കുക, കുട്ടികളെ ഫോണ്‍ അറ്റന്‍ഡ് ചെയ്യിക്കരുത്. സ്കൂളില്‍ പോകാന്‍ തയ്യാറായ ശേഷം മാത്രം പത്രം വായിക്കുക. അതുപോലെതന്നെ, അപ്പോള്‍, ഏതെങ്കിലും ഒരു പുസ്തകം മാത്രം ബാഗിനു പുറത്തെടുത്ത് വായിക്കാം.
3. ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം?
പ്രശസ്തമായ ഈ പഴഞ്ചൊല്ല് നാം പലപ്പോഴും കേൾക്കുന്നതും പ്രയോഗിക്കുന്നതുമല്ലേ?
പ്രാധാന്യമുള്ള ഒരു കാര്യത്തിനിടയില്‍ നിസ്സാരമായത് വേണ്ട എന്നാണു പൊതുവേ ഇത് സൂചിപ്പിക്കുന്നത്.
ഇതിന്റെ ആദ്യ പ്രയോഗം എന്നായിരുന്നു?
ആർക്കുമറിയില്ല. എന്നാൽ, ഇതു സംബന്ധിച്ച് ഒട്ടേറെ കഥകൾ മലയാളികൾക്കുണ്ട്. അതിലൊന്ന് പറയാം-
പണ്ടുപണ്ട്, വീരു എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന നാട്ടുരാജ്യമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പുരോഗമിച്ച നാടായിരുന്നില്ല അത്. കൃഷി മാത്രമായിരുന്നു വരുമാനമാർഗം. ചില വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കൃഷികൾ നശിക്കുമ്പോൾ കൊട്ടാരത്തിലെ വലിയ പത്തായപ്പുരയിൽ സംഭരിച്ചിരിക്കുന്ന നെല്ലുവിതരണത്തിലൂടെ വീടുകൾക്ക് താൽക്കാലിക ആശ്വാസമാകും.
ഒരിക്കൽ, നല്ല വിളവു കിട്ടിയ ഒരു വർഷം വന്നു ചേർന്നു. രാജാവിനും പ്രജകൾക്കും വലിയ സന്തോഷമായി. പത്തായപ്പുരയിൽ ധാന്യങ്ങൾ ശേഖരിക്കാൻ സ്ഥലം തികഞ്ഞില്ല.
അപ്പോള്‍, രാജാവിനോട് മന്ത്രി ഉണർത്തിച്ചു-
"പ്രഭോ, ഇത്തവണ ധാന്യ വിതരണം വേണ്ടല്ലോ. അതിനാൽ, ഇതെല്ലാം അയൽരാജ്യത്തിനു വിറ്റ് സ്വർണം വാങ്ങാം തിരുമനസ്സേ"
"ശരിയാണു മന്ത്രി പറഞ്ഞത്. ഖജനാവിൽ സ്വർണവും വെള്ളിയും കാര്യമായി നീക്കിയിരുപ്പ് ഇല്ലല്ലോ"
ഒട്ടും വൈകാതെ ധാന്യങ്ങൾ നിറച്ച ചാക്കുകളുമായി കാളവണ്ടികൾ നിരനിരയായി അയൽനാട്ടിലേക്കു പോയി.
അതിന്റെ വിലയായി സ്വർണം രാജാവിനു ലഭിക്കുകയും ചെയ്തു.
താമസിയാതെ ചിങ്ങമാസം വന്നുചേർന്നു. ഇത്തവണത്തെ ഓണത്തിന് പ്രജകളെയെല്ലാം നേരിൽ കാണണമെന്ന് രാജാവിന് മോഹമുദിച്ചു. അതിനുള്ള രാജ വിളംബരവും പുറപ്പെടുവിച്ചു.
പ്രജകൾക്കും സന്തോഷമായി. കല്പനപ്രകാരം, ഒന്നാം ഓണദിനത്തിൽ ഓരോ കുടുംബവും കൊട്ടാരത്തിലേക്ക് വച്ചുപിടിച്ചു.
ഇതേസമയം, നാട്ടിലെ ചായക്കട നടത്തിവന്നിരുന്ന കേശു അയാളുടെ ഭാര്യയോടു പറഞ്ഞു:
"എടീ, എന്തുമാത്രം ആളുകളാണ് കൊട്ടാരത്തിലേക്ക് അതിരാവിലെ ഒഴുകുന്നത്? രാജാവ് ഒരു വെള്ളിനാണയമെങ്കിലും സമ്മാനമായി തരുമായിരിക്കും"
"ശരിയാ, കിട്ടും. നമുക്ക് കടയടച്ചിട്ട് വൈകുന്നേരം പോകാം"
"ഞാനൊരു സംശയം പറയട്ടെ. ഈ ജനങ്ങളെല്ലാം തിരികെയെത്തുമ്പോൾ കഴിക്കാൻ നമ്മുടെ ചായക്കടയിൽ കേറില്ലേ? നല്ല വിശപ്പു കാണും''
"ഉം. അതും ശരിയാ. ദോശയും ചമ്മന്തിയും മതിയോ?"
"പറ്റില്ല. ഏറെ ദൂരം നടന്നു വരുന്നവരുണ്ട്. അതു കൊണ്ട് പുട്ടുതന്നെ ഉണ്ടാക്കണം"
ഇരുവരും അതിവേഗം പരിശ്രമിച്ചപ്പോൾ ചായക്കടയിലെ ചില്ലിട്ട അലമാര നിറയെ പുട്ടുകുറ്റികൾ നിറഞ്ഞു.
പിന്നീട്, കേശുവും ഭാര്യയും വഴിയിലേക്ക് നോക്കിയിരിപ്പായി. പക്ഷേ, രാവിലെ പോയ ആളുകൾ പോലും ഉച്ചയായിട്ടും തിരികെ വരുന്നില്ല!
അവർക്ക് ആശങ്ക തോന്നി. എന്നാൽ, രണ്ടുമണി കഴിഞ്ഞപ്പോൾ ആളുകൾ വന്നു തുടങ്ങി. അപ്പോൾ കേശു ബഞ്ചും മേശയുമൊക്കെ തുണികൊണ്ട് വൃത്തിയാക്കി തയ്യാറായി നിന്നു.
പക്ഷേ, ജനങ്ങൾ ചായക്കടയിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു പോയി!
കേശുവും ഭാര്യയും എന്താണു കാര്യമെന്ന് അറിയാതെ വെപ്രാളപ്പെട്ടു!
അപ്പോൾ കേശു ഉച്ചത്തിൽ വിളിച്ചുകൂവി-
"എല്ലാവരും കടന്നുവരൂ.. നല്ലൊന്നാന്തരം പുട്ടു കഴിച്ചിട്ടുപോകാം"
അതുകേട്ട്, ഒരുവന് കുടവയറില്‍ തടവിക്കൊണ്ട് ദേഷ്യപ്പെട്ടു:
“ഓണത്തിനിടയ്ക്കാണോടാ നിന്റെ പുട്ടുകച്ചവടം?”
അപ്പോഴും കേശുവിനും ഭാര്യക്കും കാര്യം മനസ്സിലായില്ല. അവര്‍ കണ്ണുമിഴിച്ചു നില്ക്കുമ്പോള് പിറകേ വന്ന ഒരാള്‍ പറഞ്ഞു:
“ഓണത്തിന് രാജാവ് ഇതുപോലൊരു സദ്യ തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല!"
അങ്ങനെ, കേശുവിന്റെയും ഭാര്യയുടെയും പുട്ടുകച്ചവടം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീണു!
4. അണക്കെട്ട്
ഇന്ത്യയിലെ ഒരു മലയോര ഗ്രാമം. അവിടെ ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒത്തൊരുമയോടെ പാർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു പ്രശ്നത്തിലാണ്. പട്ടണത്തിലേക്കുള്ള കുടിവെളള പദ്ധതിക്കും അന്യദേശങ്ങളിലെ കൃഷികൾക്കുള്ള ജലസേചനത്തിനുമായി ഗ്രാമത്തിനു മുകളിലായി കുറച്ചകലെ പണികഴിച്ചിരുന്ന എരിപൊരിയണ എന്ന ജലാശയത്തിന്റെ നിർമ്മിതിക്ക് ചോർച്ച സംഭവിച്ചിരിക്കുന്നു. 999 വർഷം എന്ന സാങ്കല്പിക ആയുസ്സ് കല്പിച്ചിരിക്കുന്ന ഈ അണയാകട്ടെ, 99 വർഷം പോലും തികയുന്നതിനു മുൻപുതന്നെ ഭിത്തികളിൽ ചോർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു!
സിമന്റ് ഉപയോഗിച്ചുള്ള നിർമാണം പ്രയോഗത്തിൽ വരുന്നതിനും മുന്നേയുള്ള ഇതിന്റെ നിർമാണത്തിൽ ചുണ്ണാമ്പ്-സുർക്കിയും മറ്റുമായിരുന്നു ഉപയോഗിച്ചത്. കാലപ്പഴക്കത്താൽ അത് കുറച്ചൊക്കെ വെള്ളത്തിനൊപ്പം ഒലിച്ചുപോയിരിക്കുന്നു!
ഗ്രാമവാസികൾ ഇതിനെതിരെ സമരവും തുടങ്ങിയെങ്കിലും പുതിയ അണ നിർമിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭീതി പടർന്നുതുടങ്ങി.
ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ദൂരദേശങ്ങളിലേക്ക് കടക്കാൻ വിവാഹം ഒരു രക്ഷാമാർഗമായപ്പോൾ അവിടത്തെ ആണുങ്ങൾ മൂത്തു നരച്ചു! കാരണം, സ്വദേശത്തുള്ള വധുവിനെ കിട്ടിയില്ലെന്നു മാത്രമല്ല, മറ്റു ഗ്രാമങ്ങളിൽനിന്ന് ഇവിടേക്ക് ആരും വരില്ലെന്നുമുള്ള സത്യം അവരെ ഞെട്ടിച്ചു.
അതേസമയം, സർക്കാർ ഇവരുടെ സമരങ്ങൾ കണ്ടില്ലെന്നു നടിച്ച് പുതിയ പദ്ധതിയിൽ താൽപര്യമില്ലാതെ കുറച്ചു മുടന്തൻ ന്യായങ്ങൾ നിരത്തിപ്പരത്തി.
എന്നാൽ, വിദഗ്ധരുടെ ചർച്ചകൾക്കും സംവാദങ്ങൾക്കും സന്ദർശനങ്ങൾക്കും ആരും മുടക്കം വരുത്തിയയതുമില്ല. അങ്ങനെയും സർക്കാരിന് ലക്ഷക്കണക്കിനു രൂപ ചോർന്നൊലിച്ചു.
അങ്ങനെയിരിക്കെ, ഒരു ദിനം -താടിയും മുടിയും നീട്ടി വളർത്തിയ മെലിഞ്ഞുണങ്ങിയ ഒരാൾ ഗ്രാമത്തിലൂടെ നടന്ന് ഒരു വീടിനു മുന്നിലെത്തി യാചിച്ചു -
"ഇവിടാരുമില്ലേ? ലേശം കഞ്ഞി വെള്ളം കിട്ടിയാൽ വല്യുപകാരാർന്ന്..."
അന്നേരം, രമേശൻ എന്നു പേരുള്ള ഗൃഹനാഥൻ മറുപടി നൽകാതെ തൂങ്ങിയ മുഖവുമായി തിണ്ണയിലെ കസേരയിൽ വന്നിരുന്നു.
"എന്താ?"
"വല്ലാത്ത പരവേശം.."
നിർവികാരമായ ഒരു നോട്ടത്തിനു ശേഷം പതിയെ രമേശൻ അകത്തേക്കു പോയി ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു നീട്ടിയ ശേഷം പറഞ്ഞു:
"എന്റെ കെട്ട്യോൾക്ക് നല്ല സുഖമില്ലാത്തോണ്ട്.."
"അതു സാരല്യ.. വെള്ളായാലും മതി..ആട്ടെ.. ഭാര്യയ്ക്ക് എന്തു പിണഞ്ഞു?"
"ങാ.. അതുശരി.. തനിക്ക് ഈ നാട്ടിലെ കാര്യമൊന്നുമറിയില്ലേ? അണയുടെ കാര്യം അറിയാത്തവർ ഈ ലോകത്ത്, ആരെങ്കിലുമുണ്ടാകുമോ?"
"അണ അപകടത്തിലാണെന്ന് അറിയാം. പക്ഷേ, അസുഖമെന്താണെന്ന് പറഞ്ഞില്ല?"
"അവൾക്ക് രാത്രി ഒറക്കമില്ല. അണ പൊട്ടുമോന്ന് പേടിയാ കാര്യം. രാവിലെയാകുമ്പോ കൊറച്ച് ഒറങ്ങും"
വെള്ളം കുടിച്ചുകൊണ്ട് അപരിചിതന് ഒന്നു തലയാട്ടി. രമേശൻ പോക്കറ്റിൽനിന്ന് പത്തു രൂപ തപ്പിയെടുത്ത് അയാൾക്കു നേരേ നീട്ടിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല.
"ഇയാള്‍ വെള്ളം മാത്രം കുടിച്ച് പട്ടിണി കിടക്കണ്ട, അവള് എണീറ്റ് വല്ലതും ഒണ്ടാക്കണേങ്കില് ഉച്ചയാകും"
"രൂപാ വേണ്ടാ.. ഭക്ഷണം ഭിക്ഷയായി എവിടുന്നെങ്കിലും മേടിച്ചു കൊള്ളാം''
"താൻ ആളു കൊള്ളാമല്ലോ. രൂപാ കൊടുത്താലും ഭക്ഷണം കിട്ടും. ഇങ്ങനെ ആദ്യം കാണുകയാ..''
അതിനിടയിൽ അയാൾ നടയിൽ കാലു നിവർത്തിയിരുന്ന് പറഞ്ഞു:
"അതിനൊരു കാരണമുണ്ട്. ഞാൻ കഴിഞ്ഞ ജന്മത്തിൽ ആഡംബര ജീവിതം നയിച്ച ഒരു ജന്മിയായിരുന്നു. ആ കടം തീർക്കാനാണ് ആഹാരം ഭിക്ഷയായി സ്വീകരിക്കുന്നത്''
ഇതുകേട്ട് രമേശൻ പൊട്ടിച്ചിരിച്ചു.
"ഇതൊക്കെ ഏതെങ്കിലും മണ്ടന്മാരോടു പറഞ്ഞാൽ വിശ്വസിക്കും"
"ഇതു ഞാൻ പറഞ്ഞതല്ലാ. ഞങ്ങളുടെ ആശ്രമത്തിലെ സ്വാമിജി എന്റെ തലയിൽ പിടിച്ച് പറഞ്ഞതാണ് "
അങ്ങനെ ആ സംസാരം കുറച്ചു നേരംകൂടി നീണ്ടു.
രമേശന്റെ ഭാര്യയുടെ ഭയം ചിലപ്പോൾ അപകടകരമായ അവസ്ഥയിലേക്കാവുമെന്ന് പരദേശിക്ക് തോന്നിയതിനാൽ അയാൾ ഒരു ഉപാധി മുന്നോട്ടുവച്ചു:
"എന്തായാലും അണ മാറ്റാനുള്ള ശക്തിയൊന്നും നാട്ടുകാര്‍ക്കുമില്ല, നിങ്ങൾക്കുമില്ല. എങ്കിലും, ഈ കുടുംബത്തെ മാറ്റി പാർപ്പിക്കാനുള്ള ശക്തിയൊക്കെ രമേശനുണ്ട്"
"എനിക്കിത് പുതിയ അറിവൊന്നുമല്ല. എങ്കിൽപിന്നെ ഈ ബുദ്ധി നാട്ടുകാർക്കൊന്നും ഇല്ലെന്നാണോ? നിസ്സാര വിലയ്ക്ക് എല്ലാം വിറ്റുതുലയ്ക്കേണ്ടി വരും!"
"രമേശൻ നന്നായിട്ട് ഒന്നാലോചിക്ക്. സമ്പത്തൊക്കെ ഭഗവാൻ കനിഞ്ഞാൽ എപ്പോൾ വേണമെങ്കിലും കിട്ടും. പക്ഷേ, ഭാര്യയോ? മകന്റെ കല്യാണമോ? അതുകൊണ്ട്..ഞങ്ങളുടെ ആശ്രമമുള്ള ഗ്രാമത്തിൽ കുറച്ചു മണ്ണ് വാങ്ങി അവിടെ അധ്വാനിച്ചാൽ... "
കൂടുതലായി ഒന്നും പറയാതെ അയാൾ അവിടെ നിന്ന് ഇറങ്ങി നടന്നു.
അഞ്ചുവർഷങ്ങൾ അങ്ങനെ കടന്നു പോയി. ഇപ്പോൾ രമേശന്റെ ഭാര്യയ്ക്ക് ഉറക്കമുണ്ട്! അണയെ ലവലേശം പേടിയില്ല! മകന്റെ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി കുടുംബത്തിൽ സന്തോഷവും സമാധാനവുമാണ് അണപൊട്ടിയൊഴുകുന്നത്!
എന്താണു കാര്യം? എരിപൊരിയണ പുതുക്കിപ്പണിതോ? ഇല്ല..പുതിയ അണ നിർമ്മിച്ചോ? ഇല്ലേയില്ല. പിന്നെ?
അന്ന്, യാചകനായ ആശ്രമവാസി പറഞ്ഞ അകലെയുള്ള ഗ്രാമത്തിലേക്ക് രമേശനും കുടുംബവും കുടിയേറി. അവിടെ, ചെറിയൊരു വീടും പണിതു കൃഷിയിടത്തില്‍ നല്ലവണ്ണം അധ്വാനിച്ചു സുഖമായി താമസിക്കുന്നു.
പഴയ ഗ്രാമത്തിലെ ഒരു 'പുരോഗതി' കണ്ടില്ലെന്നു നടിക്കരുത്. പണ്ടത്തെ ചെറിയ ക്ലിനിക് ഇപ്പോള്‍ വികസിച്ച് ആശുപത്രിയായി നന്നായി പ്രവർത്തിക്കുന്നുണ്ട്. അതായത്, അറിഞ്ഞും അറിയാതെയും അണയെ പേടിച്ച ഗ്രാമവാസികളിൽ പുതിയ രോഗങ്ങൾ വരുകയും ഉണ്ടായിരുന്ന രോഗങ്ങൾ മൂർഛിക്കുകയും ചെയ്തിരിക്കുന്നു!
ആശയം- ചില സാഹചര്യങ്ങൾ ഒഴിവാക്കി നോക്കുക. നമ്മെ ഗ്രസിച്ചിരിക്കുന്ന വിപത്തുകൾ എന്നന്നേക്കുമായി മാറിപ്പോയെന്നിരിക്കും. ഇതിനിടയിൽ ചില നഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടി വന്നേക്കാം. ഏതാണ് വലിയ നഷ്ടം അല്ലെങ്കിൽ ദുരവസ്ഥ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മിലെ അറിവല്ല, തിരിച്ചറിവും വിവേക ബുദ്ധിയുമായിരിക്കും.
Comments