സൗഹൃദം-1

'eBook-66-souhrudam-1-vizhungunna changathi' is the first story of friendship Malayalam story series. Author- Binoy Thomas, format-PDF, page-6, price-free
സുഹൃത്ത്, സൗഹൃദം, കൂട്ട്, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, ഫ്രണ്ട്ഷിപ്പ്, ചങ്ങാത്തം, ചങ്ങാതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'സൗഹൃദം-1- വിഴുങ്ങുന്ന ചങ്ങാതി' ഇവിടെ വായിക്കാം. 

വിഴുങ്ങുന്ന ചങ്ങാതി

കാടിനു സമീപമുള്ള ഒരു ഗ്രാമത്തിലായിരുന്നു ഹാരോ താമസിച്ചിരുന്നത്. കൂലിപ്പണികൾ എല്ലാംതന്നെ ചെയ്യുമെങ്കിലും കാട്ടിൽനിന്ന് വിറകു ശേഖരിച്ച് ഗ്രാമത്തിലെ വലിയ കൂട്ടുകുടുംബങ്ങൾക്ക് എത്തിച്ചു കൊടുത്താണ് അയാൾ ജീവിച്ചിരുന്നത്. വന്യമൃഗങ്ങളെ ഭയന്നു സ്ത്രീകൾ ആ പണിക്ക് പോകാറുമില്ല.

ഒരിക്കല്‍, അയാൾ പതിവുപോലെ വിറകുകെട്ടുമായി വരുമ്പോൾ ഒരു കുഞ്ഞുപെരുമ്പാമ്പ് നടപ്പാതയിൽ കിടക്കുന്നതു കണ്ടു. അതിന്റെ തൊലിയിലെ ചിത്രപ്പണിപോലുള്ള രൂപം അയാളെ വല്ലാതെയങ്ങ് ആകർഷിച്ചു.

ഉടനെ ഹാരോ തന്റെ വിറകുകെട്ടിലേക്ക് അതിനെ എടുത്തുവച്ച് വീട്ടിൽ കൊണ്ടുവന്ന് ഓമനിച്ചു വളർത്തി. ചെറുജീവികളും പഴങ്ങളുമൊക്കെ കൊടുത്ത് അതിനെ നിലത്ത് കൂടെ കിടത്തി. കുറെ നാളുകൾ കഴിഞ്ഞപ്പോൾ പാമ്പ് നീളം വച്ചു ഹാരോയുടെ ഒപ്പമായി.

അങ്ങനെയിരിക്കെ, ഒരു ദിവസം -

ഹാരോ കൊടുത്ത ഭക്ഷണമൊന്നും പാമ്പ് കഴിച്ചില്ല. വളഞ്ഞുകൂടിമാത്രം കിടന്നിരുന്ന അത് ചത്തതുപോലെ നീണ്ടു നിവർന്നു കിടക്കുന്നു.

ഇഷ്ട ഭക്ഷണമായ എലിയെയും മുയലിനെയും കൊടുത്തിട്ടും പാമ്പ് കണ്ടതായിപ്പോലും ഭാവിച്ചില്ല. കുറച്ചു ദിവസംകൊണ്ട് പാമ്പ് മെലിഞ്ഞുണങ്ങിയിരിക്കുന്നു.

പാമ്പിന് രോഗം ബാധിച്ചുവെന്ന് മനസ്സിലാക്കി ഹാരോയ്ക്ക് വിഷമമായി -

താമസിയാതെ അയാൾ അടുത്ത ഗ്രാമത്തിലെ വൈദ്യനെ കാണാൻ പുറപ്പെട്ടു.

അവിടെ ചെന്നപ്പോൾ വൈദ്യൻ ചോദിച്ചു:

"പാമ്പ് ചുരുണ്ടാണോ നിവർന്നാണോ കിടക്കുന്നത്?"

"കുറച്ചു ദിവസമായി നീണ്ടു നിവർന്ന് എന്റെ കൂടെയാണ് കിടക്കുന്നത് "

വീണ്ടും വൈദ്യൻ ചോദിച്ചു:

"തീറ്റ എന്തെങ്കിലും എടുക്കുന്നുണ്ടോ?"

"ഇല്ല വൈദ്യരേ... പാവം അത് മെലിഞ്ഞുണങ്ങിപ്പോയി "

അപ്പോൾ വൈദ്യൻ മരുന്ന് കല്പിച്ചു:

"ആ പെരുമ്പാമ്പ് നീണ്ടു നിവർന്നു കിടന്ന് നിന്റെ നീളം അളക്കുകയാണ്!

പട്ടിണി കിടന്നു മെലിയുന്നത് ഇരയായ നിന്റെ വലിപ്പം മനസ്സിലാക്കി വിഴുങ്ങാനുള്ള തയ്യാറെടുപ്പാണ്! എത്രയും വേഗം അതിനെ വള്ളിയിൽ ബന്ധിച്ച് കാട്ടിൽ ഉപേക്ഷിക്കുക”

അതു കേട്ട ഹാരോയ്ക്ക് പൊടുന്നനെ ദേഷ്യം ഇരച്ചുകയറി.

"ഞാൻ ഇത്രയും തീറ്റ കൊടുത്തിട്ട് എന്നേത്തന്നെ വിഴുങ്ങാൻ നോക്കുന്ന ജന്തുവിനെ കൊന്നുകളയട്ടെ?"

"വേണ്ട, കൊല്ലരുത്. കാരണം, കാട്ടിൽ വളരേണ്ട അതിനെ നീയാണ് വീട്ടിൽ വളർത്തിയത്. പെരുമ്പാമ്പിന്റെ സഹജവാസന അതു കാട്ടിയതിൽ തെറ്റുപറയാനാവില്ല. നിന്റെ ചങ്ങാത്തം നാട്ടിലും പെരുമ്പാമ്പിന്റെ ചങ്ങാത്തം കാട്ടിലുമാണ് വേണ്ടത് "

ഗുണപാഠം

ഒരു വ്യക്തിയുടെ സ്വഭാവം അവന്റെ സൗഹൃദം അനുസരിച്ച് നല്ലതും ചീത്തയും ആയി പരിണമിക്കും. അതിനാല്‍, കൂട്ടുകാരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. സൗഹൃദങ്ങളിൽ ജാഗ്രത പുലർത്തുക. നിങ്ങളെ വിഴുങ്ങാൻ ആരെയും അനുവദിക്കരുത്.

ശ്രീബുദ്ധന്‍ പറഞ്ഞത് ശ്രദ്ധിക്കുക:

“ആത്മാര്‍ഥതയില്ലാത്ത സൗഹൃദം വന്യമൃഗത്തേക്കാള്‍ ഭയാനകമായിരിക്കും. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍, ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളുടെ ആത്മാവിനെയാണ്"

friendship series read online Malayalam digital eBooks, stories, kathakal, souhrudam, ചങ്ങാതികള്‍, കൂട്ടുകാര്‍, സൗഹൃദം, ചങ്ങാത്തം, സുഹൃത്ത്, സുഹൃത്തുക്കള്‍.  

To download this safe Google Drive PDF eBook-66 file, click here-

https://drive.google.com/file/d/0Bx95kjma05ciYWNqX3ZFdFNGNUk/view?usp=sharing&resourcekey=0-a8MQJpjyEQylCPI3BrU-YQ