(820) ആനക്കാരൻ
ഹിമാലയത്തിലെ തപസ്സു കഴിഞ്ഞ് ബോധിസത്വൻ ഒരു ഭിക്ഷുവായി കാശിരാജ്യത്ത് എത്തിച്ചേർന്നു. രാജാവിന്റെ സേനയിലെ പ്രധാന ആനക്കാരനായിരുന്ന മനുഷ്യന്റെ വീട്ടിൽ അദ്ദേഹം എത്തിച്ചേർന്നു.
അതേസമയം, ആ ഗ്രാമത്തിലെ മരംവെട്ടുകാരനായിരുന്ന ആളിന് സവിശേഷമായ ഒരു കഴിവുണ്ട് - കിളികളുടെ സംസാരം അയാൾക്കു മനസ്സിലാകും!
ഒരു ദിനം - അയാൾ മരം വെട്ടാൻ മഴു ഓങ്ങുന്നതിനു മുൻപ് രണ്ടു കിളികൾ സംസാരിക്കുന്നത് കേട്ടു.
വലിയ കിളി പറഞ്ഞു - "എന്റെ ജീവൻ ഏതു മനുഷ്യൻ എടുക്കുന്നുവോ അതോടെ എനിക്കു ശാപമോക്ഷം ലഭിക്കും. പകരമായി അയാൾക്ക് മൂന്നു ദിവസത്തിനകം രാജയോഗം ലഭിക്കും. കറി വയ്ക്കുന്ന സ്ത്രീക്ക് രാജ്ഞിപദം കിട്ടും. ഇറച്ചി തിന്നുന്ന ആൾ കൊട്ടാരത്തിലെ രാജപുരോഹിതനും ആകും"
ഇതു കേട്ട്, ക്ഷമയോടെ അയാൾ പക്ഷികൾ ഉറങ്ങുന്നതുവരെ കാത്തിരുന്നു. മെല്ലെ, മരത്തിൽ കയറി ആ വലിയ പക്ഷിയെ പിടിച്ചു കൂടയിൽ അടച്ചു വീട്ടിലേക്കു നടന്നു. പക്ഷേ, നദിക്കരയിലൂടെ നടന്നപ്പോൾ കൂട കയ്യിൽ നിന്നും വഴുതി വെള്ളത്തിൽ ഒഴുകിപ്പോയി.
അന്നേരം, കുറെ താഴെയായി നദിയിൽ ആനയെ കുളിപ്പിക്കുന്ന ആനക്കാരന്റെ മുന്നിൽ കൂട തട്ടി നിന്നു. അയാൾ അതെടുത്ത് നടക്കുമ്പോൾ പിറുപിറുത്തു - "ഈ പക്ഷിയെ സന്യാസിയെ ഏൽപ്പിക്കണം. അദ്ദേഹം അതിനെ എന്തു ചെയ്യണമെന്നു തീരുമാനിക്കട്ടെ"
അയാൾ പക്ഷിയുമായി വീട്ടിലെത്തിയപ്പോൾ ബോധിസത്വൻ ജ്ഞാനദൃഷ്ടി കൊണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു - "താങ്കൾ അതിന്റെ ജീവനെടുക്കുക. പത്നി കറി വയ്ക്കണം. ഞാൻ നടുക്കഷണം തിന്നാം"
അതുപോലെ കാര്യങ്ങൾ നടന്നു. അടുത്ത ദിവസം, ആനക്കാരൻ കൊട്ടാരത്തിലെത്തിയ നേരം, രാജാവ് രഹസ്യമായി അവനോടു പറഞ്ഞു - " ശത്രുരാജ്യം നമ്മുടെ രാജ്യം വളഞ്ഞിരിക്കുകയാണ്. നീ എന്റെ വേഷങ്ങൾ അണിഞ്ഞ് ആനപ്പുറത്ത് കയറി ശത്രു രാജ്യത്തിന് എതിരെ യുദ്ധം നയിക്കണം. ഞാൻ പിന്നിലായി ഭടന്റെ വേഷം അണിയാം"
ആനക്കാരന് രാജവേഷം കിട്ടിയപ്പോൾ ധൈര്യം ഇരട്ടിച്ചു. അതേ സമയം, രാജാവിന് ഭടന്റെ വേഷത്തിൽ പേടി ഇരട്ടിച്ചു. ശത്രു സൈന്യം എയ്ത അമ്പ് തറച്ച് രാജാവ് പിടഞ്ഞു വീണത് ആരും അറിഞ്ഞതു പോലുമില്ല. പക്ഷേ, ആനക്കാരൻ യുദ്ധം നയിച്ച് ശത്രുക്കളെ തുരത്തി. അയാളെ രാജാവാക്കി വാഴിച്ചു. ഭാര്യയെ കൊട്ടാരത്തിലെ റാണിയായി അംഗീകരിച്ചു. കൂടാതെ, ബോധിസത്വൻ കൊട്ടാരത്തിലെ രാജപുരോഹിതൻ ആയി നിയമിക്കപ്പെട്ടു.
അങ്ങനെ, മരത്തിലെ കിളി പറഞ്ഞ പ്രകാരം കാര്യങ്ങളെല്ലാം വാസ്തവങ്ങളായി.
Written by Binoy Thomas, Malayalam eBooks-820- Jataka Series -84. PDF -https://drive.google.com/file/d/1nR8Nk1gkUReNS_dHM9_5ostJg40by_LK/view?usp=drivesdk
Comments