(771) അത്യാഗ്രഹിയും അസൂയക്കാരനും!

 പണ്ടുപണ്ട്, സിൽബാരിപുരം കാട്ടുപ്രദേശത്ത് ഒരു അത്യാഗ്രഹിയായ മനുഷ്യൻ ജീവിച്ചിരുന്നു. അയാളുടെ അയൽവാസിയാകട്ടെ, മുഴുത്ത അസൂയക്കാരനുമായിരുന്നു. ഇവർ രണ്ടു പേരും തമ്മിൽ പുറമേ, സൗഹൃദം നടിക്കുമെങ്കിലും അത്യാഗ്രഹവും അസൂയയും പരസ്പരം ഉണ്ടായിരുന്നു. അതിനാൽത്തന്നെ, ഒരാൾ നശിച്ചു കാണാനായിരുന്നു മറ്റൊരുവന്റെ ചിന്ത.

ഒരിക്കൽ, കൂടുതൽ സമ്പത്തു ലഭിക്കാനായി അത്യാഗ്രഹി ആരും കാണാതെ ഒളിച്ച് കാട്ടിലേക്കു കയറി. പക്ഷേ, അസൂയക്കാരൻ രഹസ്യമായി ഇതെല്ലാം നിരീക്ഷിച്ച് പിറകേ പോയി. ഒടുവിൽ, രണ്ടുപേരും ഒരുമിച്ച് ഒരേ സ്ഥലത്ത്, ഉഗ്രമായ തപസ്സ് തുടങ്ങി.

കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അവർക്കു മുന്നിൽ വനദേവത പ്രത്യക്ഷപ്പെട്ടു- "നിങ്ങൾക്ക് വരം തരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ആദ്യം ആര് വരം ചോദിക്കുന്നുവോ, അതിന്റെ ഇരട്ടി രണ്ടാമത്തെ ആളിന് കൊടുക്കും"

അന്നേരം, അത്യാഗ്രഹി മൗനം പാലിച്ചു. കാരണം, അസൂയക്കാരൻ ആദ്യം ചോദിക്കട്ടെ. ഇരട്ടി തനിക്കു കിട്ടുമല്ലോ എന്നാണ് അത്യാർത്തി മൂലം കണക്കുകൂട്ടിയത്.

എന്നാൽ, അതുവരെ, അസൂയക്കാരൻ സമ്പത്താണ് വരമാക്കാൻ നിശ്ചയിച്ചിരുന്നത്. എങ്കിലും, അസൂയ കുബുദ്ധിയായി ഇവിടെ പ്രവർത്തിച്ചു. രണ്ടാമൻ വരമായി ചോദിച്ചു - "എനിക്ക് ഒരു കണ്ണിന്റെ മാത്രം കാഴ്ച മതിയെന്നാണ് എന്റെ ആഗ്രഹം!"

ഉടൻ, വനദേവത അസൂയക്കാരന്റെ ഒരു കണ്ണിന്റെ കാഴ്ച കളഞ്ഞു. പെട്ടെന്ന്, അത്യാഗ്രഹിയുടെ രണ്ടു കണ്ണിന്റെയും കാഴ്ച പോയി നിലവിളിച്ചു! ഫലത്തിൽ, അത്യാർത്തിയും അസൂയയും മൂലം രണ്ടുപേർക്കും നഷ്ടമല്ലാതെ ലാഭമൊന്നും കിട്ടിയില്ല.

Written by Binoy Thomas, Malayalam eBooks- 771 - Katha Sarith Sagaram - 4. PDF -https://drive.google.com/file/d/1WrEXdQ04yT2Ocpfstclj27dmyG2VBE9M/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1