ഹിമാലയത്തിനു താഴെയുള്ള ഒരു പൊയ്കയിൽ ധാരാളം മീനുകൾ ഉണ്ടായിരുന്നു. ബോധിസത്വൻ, ആ പൊയ്കയിൽ മീനുകളുടെ രാജാവായി ജനിച്ചു.
ഒരിക്കൽ, ആ പ്രദേശത്തിലൂടെ ഒരു കൊറ്റി പറന്നു പോയപ്പോൾ മീനുകളുടെ ബഹളം കണ്ടു. ഏതു വിധത്തിലും ഇവറ്റകളെ പിടിക്കണമെന്ന് ആ പക്ഷി വിചാരിച്ചു.
അതിനു വേണ്ടി ഒരു സൂത്രം കണ്ടുപിടിച്ചു. അങ്ങനെ, പൊയ്കയുടെ തീരത്ത് വെള്ളത്തോടു ചേർന്ന് പക്ഷി ചത്തതുപോലെ കിടന്നു. മീനുകൾ അവനെ നിരീക്ഷിച്ചു. എങ്കിലും യാതൊരു അനക്കവുമില്ല.
പിന്നെയും അവരെല്ലാം കൂടി അടുത്തു വന്നു നോക്കി. കൊക്കിന്റെ അടുത്തു മീനുകൾ വരാനായി കൊറ്റി വീണ്ടും ക്ഷമയോടെ കിടന്നു.
അന്നേരം, മീൻരാജാവ് പറഞ്ഞു - "നിങ്ങൾ അവന്റെ അടുത്തേക്കു പോകരുത്. കൊറ്റികൾ ചതിയന്മാരാണ്. ഇവന് ജീവൻ ഇല്ലെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ലാ"
അതുകേട്ട്, അവരെല്ലാം വെള്ളത്തിന്റെ ആഴത്തിലേക്കു പോയി. ഇനി വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയതിനാൽ കൊറ്റി എങ്ങോട്ടോ പറന്നു പോയി.
Written by Binoy Thomas, Malayalam eBooks-769 - Jataka Stories- 41, PDF -https://drive.google.com/file/d/1mqHqRsQa84eDwVfYu-ooQdt6tBpF8_0p/view?usp=drivesdk
Comments