(754) മുയലും സ്വപ്നവും
കാട്ടിലെ പനമരക്കൂട്ടങ്ങൾ ഏറെയുള്ള സ്ഥലത്തായിരുന്നു മുയൽസംഘം താമസിച്ചിരുന്നത്. ഒരു ദിവസം, മറ്റുള്ള മുയലുകൾ തീറ്റി തേടി പോയപ്പോൾ ഒരുവൻ മാത്രം സുഖമായി ഉറങ്ങുകയായിരുന്നു.
അവൻ വലിയ ശബ്ദം കേട്ട് ഞെട്ടിത്തെറിച്ചു!
"അയ്യോ... ലോകം അവസാനിക്കാൻ പോകുന്നേ... ഭീകര ശബ്ദം വന്നേ! എല്ലാവരും ഓടിക്കോ!"
ഈ വിധത്തിൽ അലറിക്കൊണ്ട് മുയൽ പാഞ്ഞു. അതു കേട്ട് മാൻകൂട്ടങ്ങൾ മുന്നോട്ടു പാഞ്ഞു. അവർ വഴിയിൽ കണ്ട കാട്ടുപോത്തുകളോടു പറഞ്ഞു. അവരും ഓടിയപ്പോൾ വഴിയിൽ കണ്ട കുറുക്കന്മാരോടു പറഞ്ഞു. കുറുക്കന്മാർ പോയ വഴിയിൽ ചെന്നായ്ക്കൾ ഈ വിവരം അറിഞ്ഞു. തുടർന്ന്, പന്നിക്കൂട്ടങ്ങളും. ഒടുവിൽ, എല്ലാവരും പേടിച്ചോടി അഭയം പ്രാപിച്ചത് സിംഹത്തിന്റെ മടയിലാണ്.
സിംഹം ചോദിച്ചു - "നിങ്ങളെല്ലാം കൂടി എന്തിനാണ് പേടിച്ചിരിക്കുന്നത്?"
പുലി ഭയത്തോടെ പറഞ്ഞു - "പ്രഭോ, ലോകം അവസാനിക്കാൻ പോകുന്നു. നമ്മൾ ഇനി എന്തു ചെയ്യും?"
സിംഹം അലറിച്ചിരിച്ചു. "ആരാണ് ഈ മണ്ടത്തരം പറഞ്ഞത് ?"
പുലി തന്നോടു വിവരം പറഞ്ഞ കുരങ്ങനെ ചൂണ്ടിക്കാട്ടി. കുരങ്ങൻ കരടിയെയും. തുടർന്ന്, അനേകം മൃഗങ്ങൾ കഴിഞ്ഞ് അവസാനം മുയലിന്റെ ഊഴമായി.
"സിംഹരാജൻ, ഞാൻ സത്യമായും ഭീകര ശബ്ദം കേട്ടതാണ് "
സിംഹം ഉടനെ, എല്ലാവരെയും കൂട്ടി മുയൽ കിടന്നുറങ്ങിയ സ്ഥലത്തേക്കു നടന്നു. അവിടെ, പനയോലകൾ അനേകമായി ഉണങ്ങി നിലത്തു വീണു കിടപ്പുണ്ടായിരുന്നു. എന്തെങ്കിലും ശബ്ദം അവിടെ കേൾക്കുന്നുണ്ടോ എന്നറിയാനായി എല്ലാവരും നിശബ്ദമായി നിൽക്കാൻ സിംഹം കൽപ്പിച്ചു.
ഉടൻ, ഒരു പഴുത്ത പനങ്കായ ഓലയിൽ വന്നു വീണപ്പോൾ സ്ഫോടന ശബ്ദം കേട്ടതു പോലെ ഞെട്ടി!
സിംഹം കൽപ്പിച്ചു - "ഉറങ്ങിക്കിടന്ന മുയൽ കേട്ടത് ഈ ശബ്ദം തന്നെയാണ്. എല്ലാവരും പിരിഞ്ഞു പോകുക"
Written by Binoy Thomas, Malayalam eBooks-754- Jataka tales - 28, PDF -https://drive.google.com/file/d/1V1zRSwVOms9fr4_K19f414S0zCxfMnWz/view?usp=drivesdk
Comments