(753) ശത്രുക്കളുടെ മറിമായം

 കാട്ടിലെ സിംഹം തന്റെ ഗുഹയിൽ സുഖമായി താമസിക്കുന്ന സമയം. ഒരു ദിവസം, കാട്ടുപൂച്ചകളുടെ ആക്രമണം ഭയന്ന് ഒരു എലി ആ ഗുഹയിൽ അഭയം പ്രാപിച്ചു. ഗുഹയുടെ ചെറിയ വിടവിനുള്ളിൽ എലി കഴിയുന്ന വിവരം സിംഹത്തിന് അറിയാമെങ്കിലും ഒട്ടുമേ ഗൗനിച്ചില്ല.

എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ഗുഹ എലിയുടേതായി അവനു തോന്നി. സിംഹം ഗുഹയിൽ അഭയം തേടിയവൻ ആണെന്നും. അന്നേരം, സിംഹം ഉറങ്ങുന്ന സമയത്ത് സിംഹത്തിന്റെ മുടി (സട) എലി മുറിച്ചു കളയുന്ന വികൃതി കാട്ടാൻ തുടങ്ങി. ആദ്യമൊന്നും സിംഹത്തിന് ഇക്കാര്യം മനസ്സിലായില്ല. പക്ഷികൾ കൂവി പരിഹസിച്ചപ്പോഴാണു സംഗതിയുടെ ഗൗരവം സിംഹരാജനു പിടികിട്ടിയത്.

എങ്കിലും, എലിയെ പിടിക്കാൻ സിംഹത്തിനു കഴിഞ്ഞില്ല. പല ദിവസവും ശ്രമിച്ചു പരാജയം രുചിച്ചു. മറ്റൊരു വിധത്തിൽ ആലോചിച്ച് കാട്ടു പൂച്ചയുമായി സിംഹം ചങ്ങാത്തം കൂടി. പിന്നീട്, സൂത്രത്തിൽ എലിയെ വക വരുത്താനായി ഗുഹയിൽ പൂച്ചയെ താമസിപ്പിച്ചു.

അടുത്ത ദിവസം, സിംഹം പുറത്തുപോയി വന്ന നേരത്ത് എലിയെ പൂച്ച കൊന്ന സത്യം സിംഹം മനസ്സിലാക്കി.

"ഇനി എന്തിനാണ് ഇവിടെ പൂച്ചയുടെ ആവശ്യം?" സിംഹം പിറുപിറുത്തു. അവൻ പൂച്ചയോടു പറഞ്ഞു-"നിന്നെ എന്റെ ഉറ്റ ചങ്ങാതിയാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അനുഗ്രഹം വാങ്ങാനായി എന്റെ പാദങ്ങൾ തൊട്ടു വന്ദിക്കുക"

ഉടനെ, കാട്ടുപൂച്ച വലിയ സന്തോഷത്തോടെ നമസ്കരിക്കാൻ വന്ന നേരത്ത്, ഒറ്റയടിക്ക് സിംഹം പൂച്ചയെ കൊന്നു!

സിംഹം അലറി - "എന്റെ ഗുഹയിൽ കേവലം ഒരെലിയെ താമസിപ്പിച്ചിട്ട് ശല്യം ഉണ്ടായതാണ്. അങ്ങനെയെങ്കിൽ, ഒരു പൂച്ച ഉണ്ടാക്കുന്ന ശല്യം അതിലും എത്രയോ വലുതായിരിക്കും"

Written by Binoy Thomas, Malayalam eBooks-753-Kadha sarith Sagaram - 2, PDF -https://drive.google.com/file/d/1iMI0k1ccmPwbfzy2_-eJ8fUbu6JYfhA4/view?usp=drivesdk

Comments

MOST POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍