കാട്ടിലെ പക്ഷികളുടെ രാജാവായി അരയന്നം കുടുംബമായി കഴിയുന്ന സമയം. മകളായ അരയന്നരാജകുമാരിക്ക് സ്വയംവരത്തിനുള്ള സമയമായി. രാജാവ് എല്ലാ പക്ഷികളെയും വിളിച്ചു കൂട്ടിയപ്പോൾ ആൺപക്ഷികളെല്ലാം ഒരു പാറപ്പുറത്ത് വരിവരിയായി നിന്നു.
രാജകുമാരി ഓരോ പക്ഷിയുടെയും മുന്നിലൂടെ സൂക്ഷ്മമായി നിരീക്ഷിച്ച് മെല്ലെ നടന്നു. സുന്ദരനായ മയിലിന്റെ മുന്നിലെത്തിയപ്പോൾ നിന്നു. അവൾ രാജാവിനോടു പറഞ്ഞു -"ഈ പക്ഷിയെ ഞാൻ സ്വയംവരത്തിലൂടെ തെരഞ്ഞെടുത്തിരിക്കുന്നു. അച്ഛൻ ഞങ്ങളെ അനുഗ്രഹിച്ചാലും"
രാജാവിനും എതിർപ്പൊന്നും തോന്നിയില്ല. പക്ഷേ, മറ്റു പക്ഷികൾ പിറുപിറുക്കാൻ തുടങ്ങി. എന്നാൽ, ചില പക്ഷികൾ മയിലിനോടു ഉറക്കെ ചോദിച്ചു - "നിനക്ക് എന്തു മേന്മയാണ് രാജകുമാരിക്ക് ഇഷ്ടപ്പെടാനായി ഉള്ളത്? ഞങ്ങളിൽ പലർക്കും വിശിഷ്ടമായ കഴിവുണ്ടല്ലോ"
മയിലിന് അതൊരു വെല്ലുവിളിയായി തോന്നി. ഉടനെ, മയിൽപീലി വിരിച്ച് അവൻ നൃത്തമാടാൻ തുടങ്ങി.
അതു കണ്ടപ്പോൾ രാജാവിന് നീരസമായി. രാജകുമാരിക്ക് ദേഷ്യം വന്നു - "ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവരുടെയെല്ലാം മുന്നിൽ സ്വന്തം കഴിവു കാട്ടി ബോധ്യപ്പെടുത്താൻ പോയ നീ ഒരു ചപലനാണ്. നിനക്കു പോകാം"
മയിൽ തല കുനിച്ച് ദൂരെ ദിക്കിലേക്കു പറന്നു പോയി.
Written by Binoy Thomas, Malayalam eBooks - 751- Jataka series -26, PDF -https://drive.google.com/file/d/1qwxseO1H62NGI5WQSZgwOHlfttH3PHnH/view?usp=drivesdk
Comments