(749) പരുന്തും കഴുകനും

 ഒരു പരുന്ത് ജനിച്ചു വീണത് മൺകൂനകൾക്കിടയിലായിരുന്നു. പിന്നെ, അതിനിടയിലൂടെ പറക്കാൻ പഠിച്ച നേരത്ത് പല തവണ കൂനയിൽ ഇടിച്ചു നിലത്തുവീണു. എങ്കിലും സ്ഥിര പരിശ്രമത്താൽ മലക്കം മറിഞ്ഞ് വെട്ടിച്ചു നീങ്ങി പറക്കാൻ പഠിച്ചു.

ഒരിക്കൽ, ആകാശത്തിലൂടെ പറന്നുപൊങ്ങി താഴെ ഇരയെ തിരയുന്നതിനിടയിൽ കാടിനു മുകളിലെത്തി. പിന്നീട്, കാട്ടിലിറങ്ങി കുറച്ചു തീറ്റികൾ നോക്കിയപ്പോൾ പക്ഷി രാജാവായ കഴുകൻ പരുന്തിനെ കൊത്തിയോടിച്ചു.

പരുന്ത് വാശിയോടെ പറഞ്ഞു - "നിനക്ക് ഈ കാട്ടിൽ വച്ച് എന്നെ ഉപദ്രവിക്കാനും ഓടിക്കാനും പറ്റും. എന്നാൽ, ഞാൻ താമസിക്കുന്ന പാടത്തേക്കു വന്നാൽ നിന്റെ സ്ഥിതി ദയനീയമാകും!"

പക്ഷേ, കഴുകൻ പുച്ഛിച്ചു തള്ളി - " ഞാൻ പക്ഷികളുടെ രാജാവാണ്. എനിക്ക് എവിടെയും ഒരുപോലാണ്. നിന്റെ വെല്ലുവിളി ഞാൻ സ്വീകരിച്ചിരിക്കുന്നു. നാളെ തോൽക്കാൻ തയ്യാറെടുത്തു കൊള്ളൂ.."

അടുത്ത ദിവസം മൺകൂനകൾക്കു മുകളിലെ ആകാശത്ത് പരുന്ത് വട്ടമിട്ടു പറന്നു. കഴുകൻ കൊത്തിപ്പറിക്കാനായി പരുന്തിനെ സമീപിച്ചപ്പോൾ അവൻ താഴ്ന്നു പറന്ന് മൺകൂനകൾക്കിടയിലേക്കു കയറി. പിന്നീട്, പരുന്ത് വേഗം കൂട്ടിയതിനൊപ്പം കഴുകനും വേഗം കൂട്ടി. പെട്ടെന്ന്, പരുന്ത് മൺകൂനയിൽ ഇടിക്കാതെ അതിവേഗം വെട്ടിച്ചു മാറി. എന്നാൽ, അവിടം വശമില്ലാത്ത കഴുകൻ ശക്തമായി മൺകൂനയിൽ ഇടിച്ചു കയറി മരണമടഞ്ഞു. സ്വന്തം തട്ടകം ഏതൊരു ജീവിക്കും സുപ്രധാനമാണ്!

Written by Binoy Thomas, Malayalam eBooks-749 - Jataka tales - 24, PDF -https://drive.google.com/file/d/1l2qLxs6-QVOrakcy-N-BfODsZOyB7xuz/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1