(718) മണി കെട്ടിയ നായ

 ഒരിക്കൽ, ഒരു ഗ്രാമവാസിയുടെ വീട്ടിൽ വളർത്തു നായ ഉണ്ടായിരുന്ന സമയം. ആ നായ വലുതായപ്പോൾ വഴിയിലിറങ്ങി പതുങ്ങിച്ചെന്ന് ആളുകളെ കടിക്കാൻ തുടങ്ങി. എന്നാലോ? ആരെയും ഓടിച്ചിട്ടു കടിക്കുന്ന രീതി ഇല്ലായിരുന്നു താനും. അതായത്, പിറകിലൂടെ വന്ന് കടിക്കുന്നതിൽ നായ രസം കണ്ടെത്തി. നാട്ടുകാരുടെ പരാതികൾ വളരെയധികമായി. ഒടുവിൽ, വീട്ടുകാരൻ ആ പട്ടിയെ ചങ്ങലയിൽ ബന്ധിച്ചു.

പക്ഷേ, ആ നായ അവിടെ കിടന്ന് ഉച്ചത്തിൽ കുരയ്ക്കാനും കരയാനും തുടങ്ങിയപ്പോൾ യജമാനനു വലിയ ശല്യമായി. പിന്നെ, അയാൾ ഒരു വലിയ മണി ആ നായയുടെ കഴുത്തിൽ കെട്ടിയിട്ട് അതിനെ അഴിച്ചു വിട്ടു. അതായത്, അകലെ നിന്നും നായ വരുമ്പോൾത്തന്നെ ആളുകൾക്ക് ഓടി മാറാനും അല്ലെങ്കിൽ കയ്യിൽ വടിയോ കല്ലോ കരുതാനുമായിരുന്നു ഇങ്ങനെ മണി കെട്ടിയത്.

എന്നാൽ, മണ്ടനായ നായ കരുതിയത് ഈ മണി തനിക്കു കിട്ടിയ ബഹുമതിയായിട്ടാണ്. അവൻ അനേകം ചെറു ജീവികളുടെയും മറ്റുള്ള ചെറു മൃഗങ്ങളുടെ ഇടയിലും അഹങ്കാരത്തോടെ നടന്നു.

ഒരിക്കൽ, ഒരു കാട്ടു കോഴിയെ പിടിക്കാനായി അവൻ അവിചാരിതമായി അയൽദേശത്തേക്ക് ഓടിയെത്തി. അന്നേരം, അവിടെ കുറെ തെരുവുനായ്ക്കൾ ഉണ്ടായിരുന്നു. അവരുടെ ഇടയിലേക്ക് തലയെടുപ്പോടെ മണി കിലുക്കി നടന്നടുത്തു.

അന്നേരം, അക്കൂട്ടത്തിലെ വയസ്സൻ നായ പറഞ്ഞു - "നീ ഈ മണി കഴുത്തിലുള്ളത് ഒരു ബഹുമതിയായി കാണുന്നു. പക്ഷേ, നീ കടിയൻ പട്ടിയാണെന്ന് ആളുകളെ അറിയിക്കുന്ന മുന്നറിയിപ്പാണിത്. പണ്ടു കാലത്ത്, കുഷ്ഠ രോഗികളുടെ കഴുത്തിലും ഇത്തരം മണി ഉണ്ടായിരുന്നു!"

ആ നായ ലജ്ജിച്ച് തന്റെ വീട്ടിലേക്കു നടന്നു.

ഗുണപാഠം -അഹങ്കാരം അറിവില്ലായ്മയുടെ ലക്ഷണമാണ്. വിനയം അറിവിന്റെയും.

Written by Binoy Thomas, Malayalam eBooks-718 - Aesop - 113. PDF -https://drive.google.com/file/d/1RdEjBSqyWyYeV9oSmLjftRH0TUs0K-8l/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍