(697) കാക്കയും സർപ്പവും

 ഒരു ദേശത്തെ പുഴയോരത്ത് വലിയ മരം നിൽപ്പുണ്ടായിരുന്നു. അതിൻ്റെ ചുവട്ടിൽ വേരുകൾക്കിടയിലെ മാളത്തിലായിരുന്നു ആ മൂർഖൻ പാമ്പ് വസിച്ചിരുന്നത്. അതേ സമയം, മരത്തിൻ്റെ ശിഖരത്തിൽ ഒരു കാക്ക കൂടുകൂട്ടി താമസിക്കുന്നുണ്ടായിരുന്നു.

കാക്ക തൻ്റെ കൂട്ടിൽ സന്തോഷത്തോടെ മുട്ടയിട്ട് അടയിരുന്നു. ഓരോ ദിവസവും ഇടയ്ക്ക് തീറ്റി തേടാൻ വേഗം പോയിട്ട് മടങ്ങിവരും. ഒരു ദിവസം, കാക്ക തിരികെ വന്നപ്പോൾ മുട്ടകൾ എല്ലാം പൊട്ടിച്ച് ആരോ കുടിച്ചിട്ടു കടന്നു കളഞ്ഞിരിക്കുന്നു!

കാക്കയ്ക്ക് വളരെയേറെ സങ്കടമായി. അടുത്ത മാസം, കാക്ക മുട്ടയിട്ട് വളരെ ജാഗ്രതയോടെ ഇരുന്നു. പക്ഷേ, ഇടയ്ക്ക് തീറ്റി തേടിക്കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കൂട്ടിൽ നിന്നും സർപ്പം മരത്തിനു ചുവട്ടിലുള്ള പൊത്തിലേക്ക് മടങ്ങുന്നതു കണ്ടു.

എല്ലായ്പ്പോഴും മുട്ട കുടിക്കുന്നത് ഈ പാമ്പുതന്നെയെന്ന് കാക്കയ്ക്കു മനസ്സിലായി. തുടർന്ന്, പാമ്പിനെ തക്കതായ ശിക്ഷ കൊടുക്കണമെന്ന് കാക്ക തീരുമാനിച്ചു. അതിനായി കാക്ക അവസരം പാർത്തിരുന്നു.

ഒരു ദിവസം, രാജകുമാരിയും തോഴിമാരും നദിക്കരയിൽ നീരാടാൻ വന്നപ്പോൾ രാജകുമാരിയുടെ രത്നമാല പുഴക്കരയിൽ ഊരിവച്ചു. അന്നേരം, കാക്കയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു.

കാക്ക പെട്ടെന്നു തന്നെ, രത്നമാല കൊത്തിയെടുത്തു. എന്നിട്ട്, അവരുടെ ശ്രദ്ധ ആകർഷിച്ചു.

അവർ കൂവി വിളിച്ചു - "അയ്യോ! ആ കാക്ക രാജകുമാരിയുടെ രത്നമാല കൊത്തിയെടുത്തിരിക്കുന്നു !"

കാക്ക അവരെല്ലാം നോക്കി നിൽക്കെ, പാമ്പ് വസിക്കുന്ന മരപ്പൊത്തിനുള്ളിലേക്ക് മാല കൊണ്ടിട്ടു. മാലയുടെ തിളക്കം കണ്ട് പാമ്പ് വെളിയിലേക്കു വന്നു. ഭടന്മാർ ഓടി വന്നപ്പോൾ ആ മാളത്തിനു മുന്നിൽ പാമ്പ് പത്തി വിടർത്തി പേടിപ്പിച്ചു. പക്ഷേ, ഭടന്മാർ വടിയെടുത്ത് മാളം വലുതാക്കി പാമ്പിനെ തല്ലിക്കൊന്ന് മാല എടുക്കുകയും ചെയ്തു.

ഗുണപാഠം - ദുർബലരെ കീഴ്പ്പെടുത്ത ശക്തിയുള്ളവരെ കീഴടക്കാൻ അതിലും ശക്തിമാൻ ഉണ്ടായേക്കാം എന്നു കരുതിയിരിക്കണം.

Written by Binoy Thomas, Malayalam eBooks-697-Aesop -99, PDF -https://drive.google.com/file/d/1XlhcyQ9_21cJInztJ6bhdLWSkp2uZOsW/view?usp=drivesdk


Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം