(623) പിശുക്കൻ്റെ സ്വർണ്ണം
ഒരു ദേശത്ത്, സ്വാർത്ഥമതിയും പിശുക്കനുമായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വട്ടിപ്പലിശയ്ക്കു പണം കൊടുത്ത് ധാരാളം പണം ഉണ്ടാക്കിയപ്പോൾ ഒരു ദിനം, അയാൾക്കു തോന്നി- ഇനി പണമായി സൂക്ഷിക്കുന്നതിനേക്കാൾ നല്ലത്, സ്വർണ്ണമായി മാറ്റുന്നതായിരിക്കും!
അങ്ങനെ, തൻ്റെ പണമെല്ലാം കൊടുത്ത് വലിയ സ്വർണ്ണക്കട്ടി വാങ്ങി. എന്നിട്ട്, ആരും കാണാതിരിക്കാനായി പാതിരാത്രിയിൽ, മുറ്റത്തെ മണ്ണിനടിയിൽ കുഴിച്ചിട്ടു.
പക്ഷേ, ഈ സംഭവം അടുത്ത വീട്ടിലെ ആൾ കാണുന്നുണ്ടായിരുന്നു. അന്നു രാത്രിയിൽത്തന്നെ, അവൻ അതു മാന്തിയെടുത്ത് അയൽരാജ്യത്തേക്കു പാഞ്ഞു!
അടുത്ത പാതിരാവിൽ തൻ്റെ നിധി നോക്കി ആനന്ദിക്കാനായി കുഴിമാന്തിയപ്പോൾ സ്വർണ്ണം മോഷണം പോയതറിഞ്ഞ് അയാൾ മാറിലടിച്ച് ഉറക്കെ നിലവിളിച്ചു!
അതു കേട്ട്, നല്ലൊരു അയൽക്കാരൻ ഓടിവന്ന് കാര്യം തിരക്കി. അതിനു ശേഷം, അയാൾ ആശ്വസിപ്പിച്ചു - "സ്വർണ്ണക്കട്ടിക്കു പകരമായി തുല്യ തൂക്കം വരുന്ന പാറക്കല്ല് സ്വർണ്ണ മെന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് മണ്ണിട്ടു മൂടുക. കാരണം, ആർക്കും പ്രയോജനമില്ലാതെ മണ്ണിനടിയിൽ കിടക്കുന്ന പാറക്കല്ലും സ്വർണ്ണക്കട്ടിയും ഒരുപോലെയാണ്!"
ഗുണപാഠം - ആവശ്യത്തിന് ഉപകരിക്കാത്ത എത്ര വലിയ നിധിയും ഒന്നുമില്ലാത്തതിനു തുല്യമാണ്.
Malayalam eBooks-623-Aesop-44- PDF file -https://drive.google.com/file/d/1wyI0NZMc0xlenhmAWlYN39i0oHGBndik/view?usp=drivesdk
Comments