ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന ക്രൂരനായ രാജാവായിരുന്നു. അക്കാലത്ത്, കുറ്റകൃത്യങ്ങൾക്ക് മരണ ശിക്ഷയായിരുന്നു കൊടുത്തിരുന്നത്. രണ്ടു ദിവസം പട്ടിണി കിടത്തിയ ചെന്നായ്ക്കളുടെ കിടങ്ങിലേക്ക് കുറ്റവാളിയെ എറിഞ്ഞു കൊടുക്കും. പ്രാണവേദനയോടെ ഓടി നടക്കുന്ന അയാളെ കാണാൻ കിടങ്ങിനു ചുറ്റും രാജാവ് ഉൾപ്പെടെ ആളുകൾ കൂടുകയും ചെയ്യുമായിരുന്നു.
എന്നാൽ, ഒരു ദിവസം രാജാവിന്റെ അന്തപ്പുരം വൃത്തിയാക്കുന്ന ഭൃത്യൻ (രങ്കൻ) ഒരു തെറ്റു ചെയ്തു. അബദ്ധത്തിൽ ചെയ്തു പോയ കാര്യം അവൻ രാജാവിനു മുന്നിൽ താണു വീണ് അപേക്ഷിച്ചിട്ടും മാപ്പു കൊടുത്തില്ല.
രാജാവ് അവനോടു കോപിച്ചു-
"നീ ഇനി കിടങ്ങിലെ നായ്ക്കൾക്കുള്ള ആഹാരമായിരിക്കും"
ഉടൻ രങ്കൻ നിലവിളിച്ചു - "രാജാവേ, എനിക്ക് ഈ കൊട്ടാര പരിസരത്ത് ഇനിയും അഞ്ചു ദിവസത്തെ ജീവിതം കൂടി സ്വതന്ത്രമായി അനുവദിക്കണം. അതുവരെ ശിക്ഷയുടെ കാര്യം ആരും അറിയരുത് "
രാജാവ് സമ്മതിച്ചു - "ഹും. നിന്റെ അന്ത്യാഭിലാഷം ഞാൻ അനുവദിച്ചിരിക്കുന്നു ! "
ഉടൻ തന്നെ, ഭൃത്യൻ ചെന്നായ്ക്കളെ പരിപാലിക്കുന്ന ഭൃത്യന്റെ പക്കലെത്തി. അവനൊപ്പം കൂടി. ഒരു മാസം കൂടുമ്പോൾ ചിലപ്പോൾ ഒരു ഇര മാത്രം കിട്ടിയതു കൊണ്ട് നായ്ക്കൾക്ക് ജീവിക്കാൻ പറ്റില്ലല്ലോ. അതിനാൽ അവറ്റകൾക്ക് എന്നും യഥേഷ്ടം ഇറച്ചി കൊടുത്തു കൊണ്ടിരുന്നു. അടുത്ത അഞ്ചു ദിവസം ആ ജോലി ഭൃത്യനൊപ്പം രങ്കനും ചേർന്ന് നിർവ്വഹിച്ചു. രണ്ടു ദിവസം നായ്ക്കൾക്ക് ഒന്നും കൊടുത്തില്ല. ഏഴാം ദിനം രാവിലെ ശിക്ഷ നടപ്പാക്കുന്ന സമയം വന്നെത്തി. രങ്കനെ കിടങ്ങിലെറിഞ്ഞു. വിശന്ന് പരവേശപ്പെട്ട് പാഞ്ഞടുത്ത അവറ്റകൾ രങ്കന്റെ അടുക്കലെത്തി തൊട്ടുരുമ്മി സ്നേഹപ്രകടനങ്ങളാണ് കാട്ടിയത്. ചിലത് രങ്കന്റെ ദേഹത്ത് നക്കാനും തുടങ്ങി. ഈ അത്ഭുത കാഴ്ച കണ്ട് കാണികളും രാജാവും അമ്പരന്നു !
ഉടൻ, രങ്കൻ രാജാവിനോടു വിളിച്ചു കൂവി - "രാജാവേ, വെറും അഞ്ചു ദിവസം ഞാൻ തീറ്റി കൊടുത്തതിന്റെ നന്ദി നോക്കിയാലും. രണ്ടു ദിനം പട്ടിണി കിടന്നിട്ടും എന്നെ നോവിക്കാൻ ഇവർക്കു പറ്റുന്നില്ല. അതേസമയം, കഴിഞ്ഞ അഞ്ചു വർഷം രാപകലില്ലാതെ അങ്ങയെ സേവിച്ചതിനിടയിൽ അറിയാതെ ചെയ്ത തെറ്റിന് എനിക്കു കിട്ടിയ ശിക്ഷയോ?"
ഉടൻ, രാജാവിന് മനം മാറ്റമുണ്ടായി. രങ്കനെ സ്വതന്ത്രനാക്കി. പകരം, കാട്ടുപന്നിയെ നായ്ക്കൾക്ക് തിന്നാൻ കൊടുത്തിട്ട് രാജാവ് പറഞ്ഞു - " ഇനിയും ഈ നായ്ക്കൾ ഇവിടെയുണ്ടെങ്കിൽ ചിലപ്പോൾ നിരപരാധികളും കൊല്ലപ്പെട്ടേക്കും. അവറ്റകളെ കാട്ടിൽ തുറന്നു വിട്ടേയ്ക്കുക ! "
ആശയം- തെറ്റ് ചെയ്യാതെ ജീവിക്കാൻ നാം ദൈവമല്ല! കേവലം മനുഷ്യർ മാത്രം! ആയതിനാൽ, എല്ലാ തെറ്റുകളും മനസ്സാക്ഷിക്കോടതിയിൽ ശിക്ഷ അർഹിക്കുന്നില്ല.
Malayalam digital books-537 pdf file-https://drive.google.com/file/d/1OdGq-fu9tdlezEmPsUqwsKUFpW5Ue6En/view?usp=sharing
Comments