പണ്ടു കാലങ്ങളിലെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുരുക്കന്മാർ പ്രയോഗിച്ചു വന്നിരുന്ന കാര്യമാണ് സന്മാർഗ കഥകൾ. അത്തരം രണ്ടു കഥകൾ വായിക്കുക.
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ വീരമണിഗുരുജിയുടെ ആശ്രമം. അദ്ദേഹം കുട്ടികളോടു കഥ പറയാൻ തുടങ്ങി.
ഒരിക്കൽ, നല്ല ചൂടുള്ള വേനൽക്കാലത്തെ ഉച്ച കഴിഞ്ഞ സമയം. ആശ്രമത്തിന്റെ വരാന്തയിൽ മൺകലത്തിൽ നിറയെ കുടിവെള്ളം വച്ചിരുന്നു. ഏതോ കുട്ടി വെള്ളം കുടിച്ച ശേഷം അതു മൂടി വയ്ക്കാൻ മറന്നു. ആ തക്കം നോക്കി ഒരു കാക്ക മൺകലത്തിൽ തലയിട്ടു വെള്ളം കുടിച്ചു. എന്നിട്ട് അത്ഭുതത്തോടെ കലത്തിനോടു ചോദിച്ചു -
" ഈ വേനൽക്കാലത്തും എങ്ങനെയാണ് ഇതിനുള്ളിൽ നീ ഇത്രയും തണുത്ത വെള്ളം സൂക്ഷിക്കുന്നത്?"
കലം പറഞ്ഞു-
" ഞാൻ വയലിൽ കളിമണ്ണായി കഴിഞ്ഞിരുന്ന കാലത്ത് വെള്ളം എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. ഞങ്ങൾ കുഴഞ്ഞുമറിഞ്ഞ ങ്ങനെ കളിച്ചു രസിച്ചിരുന്ന പണ്ടത്തെ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു "
ഉടൻ, കാക്ക ചോദിച്ചു -
"അതെങ്ങനെ ശരിയാകും? ആ കളിമണ്ണ് തീച്ചൂളയിൽ ചുട്ടെടുത്തപ്പോൾ വെള്ളമൊക്കെ പോയല്ലോ? പിന്നെ എങ്ങനെയാണ് ചങ്ങാത്തം ശരിയാകുന്നത് ?"
മൺകലം പറഞ്ഞു -
"അക്കാലത്തെ വെള്ളവുമായുള്ള സൗഹൃദം എന്റെ മനസ്സിൽ നിന്നും ഇപ്പോഴും വറ്റിയിട്ടില്ല. എന്റെ മൺതരികൾക്കിടയിൽ സൂക്ഷ്മങ്ങളായ സുഷിരങ്ങൾ സൂക്ഷിച്ച് വെള്ളത്തെ തണുപ്പിക്കും "
ഗുരുജിയുടെ ഈ കഥ കേട്ടത് പത്തു കുട്ടികളായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ പത്തുപേരുംകൂടി കുറച്ചു ദൂരത്തിലായി സ്ഥിതി ചെയ്യുന്ന അമ്പലത്തിൽ പോയിവരാൻ ഗുരുജി അനുവദിച്ചു. അവർ പോകുംവഴി നന്നായി വിശന്നു. എപ്പോഴോ ഭക്ഷണപ്പൊതികളൊക്കെ തിന്നു തീർത്തിരുന്നു. ആ സമയത്ത് നല്ലൊരു വാഴ കൃഷിത്തോട്ടം ശ്രദ്ധയിൽപ്പെട്ടു. അതിൽ ഒരു വലിയ പഴക്കുല പഴുത്തു നിൽപ്പുണ്ട്!
എല്ലാവരും ചുറ്റുപുടും നോക്കി. ആരുമില്ല. പെട്ടെന്ന് , അവർ വാഴക്കുലയിൽ നിന്ന് പഴം ഇരിഞ്ഞു തിന്നാൻ തുടങ്ങി. എന്നാൽ, പത്തുപേരിൽ ഒരാൾ - കേശു മാത്രം തിന്നാതെ മാറി നിന്നു ,
അപ്പോൾ മറ്റുള്ളവർ പറഞ്ഞു-
"എടാ, നീ വന്നു കഴിക്കാൻ നോക്ക്. ആരും കാണില്ല "
ഉടനെ കേശു പറഞ്ഞു -
" ഒരാൾ കാണുന്നുണ്ട് "
പെട്ടെന്ന് എല്ലാവരും ഞെട്ടി! വിറച്ചു കൊണ്ട് ചുറ്റും നോക്കി. പക്ഷേ, അവിടെങ്ങും ആരുമില്ലായിരുന്നു.
ഒരുവൻ വിറച്ചു കൊണ്ട് ചോദിച്ചു -
" ആരാണ് കാണുന്നത്?"
കേശു - "എന്റെ മനസ്സാക്ഷി! "
അപ്പോൾ അവരെല്ലാം ആശ്വസിച്ചു കൊണ്ട് പറഞ്ഞു. -
" ത്ഫൂ.. അവന്റെയൊരു മനസ്സാക്ഷി "
ചിന്തിക്കുക - കലം വെള്ളവുമായുള്ള ബന്ധം തണുത്ത വെള്ളം തരുന്നു. അതുപോലെ, മനസ്സാക്ഷി - സത്യം, നീതി ,ധർമ്മം എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധം പുലർത്തി മനസ്സിനും തണുപ്പേകുന്നു !
Malayalam digital books-524 PDF file- https://drive.google.com/file/d/1RaWEwey7o2bkkH08MIY4hMX8uM_D16KK/view?usp=sharing
Comments