Malayalam eBooks-515

യോഗയിലെ വെല്ലുവിളികൾ


ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ബുധനാഴ്ചയുടെ വൈകുന്നേരം.

ബിജേഷ് അധ്യാപനജോലിയും കഴിഞ്ഞ് ക്ഷീണിതനായി കോട്ടയം ടൗണിലൂടെ അടുത്ത ബസ് പിടിക്കാനായി ബസ് സ്റ്റോപ്പിലേക്കു നടക്കവേ,

"ഡാ, ബിജേഷേ... "

പിറകിൽ നിന്നൊരു വിളി!

ദാ.... വരുന്നു, തന്റെ സ്കൂൾകാല സഹപാഠി - ലിജോ, അവൻ ഏതോ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്നറിയാം. ഇപ്പോൾ ഏതാനും വർഷങ്ങളായി തമ്മിൽ കണ്ടിട്ട്.

അടുത്തു വന്നയുടൻ, ആദ്യ ചോദ്യം എറിഞ്ഞു കഴിഞ്ഞു -

" നീ ഇപ്പോ എവിടെയാ ജോലി ചെയ്യുന്നത്?"

പണ്ട്, തന്റെ ക്ലാസ്സിലെ പ്രധാന കിള്ളിക്കിഴിക്കൽ വിദഗ്ധനായിരുന്നു ഈ കക്ഷി. എന്നാലോ? വലി-കുടി-പിടി ദുശ്ശീലങ്ങളൊന്നുമില്ലതാനും.

ബിജേഷ് ജോലി ചെയ്യുന്ന സ്കൂളും സ്ഥലവും പറഞ്ഞു കൊടുത്തു. അധ്യാപകനെന്ന് കേട്ടപ്പോൾ അല്പം ബഹുമാനമൊക്കെ ലിജോയുടെ മുഖത്ത് തെളിഞ്ഞെങ്കിലും പഠിപ്പിക്കുന്ന വിഷയം യോഗ യെന്ന് അറിഞ്ഞപ്പോൾ അവൻ നെറ്റി ഒന്നു ചുളിച്ചു. അവനിലെ സംശയ ദൃഷ്ടി ഉണർന്നു കഴിഞ്ഞിരിക്കുന്നു! പിന്നെ റാപിഡ് ഫയർ ക്വസ്റ്റ്യൻസിന്റെ പെരുമഴയായിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന കൃത്യ സ്ഥലം, ടൗണിൽ നിന്നുള്ള ദൂരം, ആ റൂട്ട്, അടുത്തുള്ള പ്രധാന സ്ഥാപനങ്ങൾ എന്നിങ്ങനെ പലതും കൃത്യമായി പറഞ്ഞു കൊടുത്തിട്ടും അവന് പിന്നെയും സംശയങ്ങൾ ബാക്കിയായി.

"ആ സ്കൂളിലെ ബോർഡ് മെമ്പർ .... സാറിനെ അറിയുമോ?"

ഇല്ലെന്നു ബിജേഷ് പറഞ്ഞപ്പോൾ അവന്റെ ഉൽസാഹം വർദ്ധിച്ച പോലെ തോന്നി.

"എന്റെ വൈഫിന്റെ റിലേറ്റീവ് ആണു .... ടീച്ചർ. ബിജേഷിന്റെ സ്റ്റാഫ് റൂമിലാണോ?"

ബിജേഷ് പിന്നെയും പരുങ്ങി. കാരണം, 90 ടീച്ചർമാരും 1800 കുട്ടികളും ഉള്ള വലിയ സ്കൂളിൽ അവൻ ചേർന്നിട്ട് വെറും മൂന്നു മാസമേ ആകുന്നുള്ളൂ. ആ ടീച്ചർ ഏതാണെന്നു ബ്രെയിൻ സേർച്ച് ചെയ്തിട്ടും പിടികിട്ടിയില്ല.

അടുത്ത ചോദ്യം ഒഴിവാക്കാൻ വേറൊരു വിഷയം അങ്ങോട്ട് ഇട്ടു കൊടുത്തെങ്കിലും ലിജോ താൽക്കാലിക ബധിരനായി അഭിനയിച്ച്, പഴയതിൽത്തന്നെ കടിച്ചു കുടയാൻ അമിതാവേശം കാണിച്ചു.

അടുത്ത ചോദ്യം CBI ഉദ്യോഗസ്ഥനെപ്പോലെയായി -

"എന്റെ കൂടെ ജോലി ചെയ്യുന്ന ജോയലിന്റെ മോൻ ഫോർത്ത് സ്റ്റാന്റേഡിലാണ്. അവനെ പഠിപ്പിക്കുന്നുണ്ടോ?"

ബിജേഷ് : "അത് ക്ലാസ് ടീച്ചർമാർക്ക് നല്ല നിശ്ചയമായിരിക്കും. എന്റെ വിഷയത്തിന് ടെസ്റ്റ് പേപ്പറും നോട്ടു ബുക്കും ഒന്നും ഇല്ലാ . അറ്റൻഡൻസ് എടുക്കുന്നുമില്ല "

പക്ഷേ, ഇത്തരം മുട്ടാപ്പോക്കൊന്നും അവനു മുന്നിൽ വിലപ്പോയില്ല. അതേസമയം, ലിജോയുടെ വായടക്കാനുള്ള കൗണ്ടർ വേണ്ടെന്നു വയ്ക്കാൻ ബിജേഷിന് സ്കൂളിലെ പഴയ കാലം ധാരാളം മതിയായിരുന്നു - എന്തു മാത്രം സ്കൂൾ ഗ്രൗണ്ടിൽ ഞങ്ങൾ കളിച്ചിരിക്കുന്നു. യാതൊരു വഴക്കും ഉണ്ടാക്കാത്ത പ്രകൃതമായിരുന്നു ലിജോയുടേത്. ആ സുവർണ്ണ നിമിഷങ്ങളുടെ കടപ്പാടിനെ കാലവും മറവിയും ബാധിക്കില്ല !

പോകാൻ നേരം അവൻ പറഞ്ഞു -

"കഴിഞ്ഞ വർഷം വരെ ആ സ്കൂളിനു മുന്നിലുള്ള ബാങ്കിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ഈ വർഷം കോട്ടയത്തേക്ക് ട്രാൻസ്ഫറായി "

അതോടൊപ്പം, വിജയ ഭാവത്തിലുള്ള ഒരു ആക്കിച്ചിരിയോടെ ലിജോ നടന്നുനീങ്ങി. ഈ വിധത്തിൽ ഒരു പരിധിയിൽ കഴിഞ്ഞുള്ള തുരപ്പൻ ചോദ്യങ്ങളുമായി വല്ലവന്റെയും വ്യക്തിപരമായ/സ്വകാര്യ ഡേറ്റാ കളക്ഷന് പോകേണ്ട ആവശ്യമെന്താണ്? പ്രത്യേകിച്ച് യോഗാ അധ്യാപകരെ കാണുമ്പോൾ പലർക്കും ചൊറിച്ചിൽ ഇളകും.

ഉദാഹരണം - സീൻ - 1

അടുത്ത പ്രദേശത്തുള്ള ഒരു ആന്റിയുണ്ട്. ബിജേഷ് എവിടെ ജോലി ചെയ്യുന്നുവെന്നും ഏതു വിഷയത്തിലെന്നും അറിയാവുന്ന ഒരു സ്ത്രീ . ഒരിക്കൽ രാവിലെ ബസ് സ്റ്റോപ്പിൽ ആന്റിയുടെ മുന്നിൽ ചെന്നുപെട്ടു.

അവരുടെ ചോദ്യങ്ങളിലേക്ക് -

"നിങ്ങളുടെ പേ സ്കെയിൽ എങ്ങനെയാണ്?"

"ആന്റീ ഞങ്ങൾ എല്ലാ ടീച്ചേഴ്സിനും ഫിക്സ്ഡ് സാലറിയാണ്. പേ സ്കെയിലൊക്കെ ഗവൺമെന്റിനല്ലേ?"

"ഓ.. അൺ എയ്ഡഡ് ആണല്ലോ അല്ലേ? ഞാനത് മറന്നു. എന്നാലും സാലറി എങ്ങനെ?"

"ങാ, കുഴപ്പമില്ല "

ബിജേഷിന്റെ ഉഴപ്പൻമറുപടിയിൽ ആ സ്ത്രീ ജന്മം ഒതുങ്ങിയില്ല.

"എയ്ഡഡിന്റെ അടുത്തു വരുമോ ?"

"ഇല്ല "

ബിജേഷ് നീരസത്തിലേക്കു പോകുന്നുവെന്ന കാര്യം മനസ്സിലാക്കി അവർ വേഗം മറ്റൊരു ചീട്ട് കളത്തിലിറക്കി -

" 25 ഒക്കെ കിട്ടുമായിരിക്കും അല്ലേ?"

ഉടൻ, ബിജേഷ് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഇത്തരം അവസരങ്ങളിലെ സുരക്ഷാ ഉപകരണമായ ഫോൺ എടുത്ത് എന്തോ അത്യാവശ്യം പോലെ എവിടെയൊക്കയോ തോണ്ടി കുറച്ചങ്ങു നടന്നുമാറി നിന്നു.

സീൻ-2

ഒരിക്കൽ, ബിജേഷ് ഒരു മീറ്റിങ്ങിൽ പങ്കെടുക്കവേ റിട്ടയർ ചെയ്ത ഒരു ടീച്ചർ പരിചയപ്പെട്ടു.

" ഏതു സബ്ജക്റ്റാണ് ?"

"യോഗ" ബിജേഷ് മറുപടി പറഞ്ഞു.

ഉടൻ, ആ അധ്യാപികയുടെ ചിരി (അതോ, അട്ടഹാസമോ?) കേട്ട് അവൻ അമ്പരന്നു! അടുത്ത ചോദ്യം ചോദിച്ചതും ഫോൺ എടുത്തതും ഒന്നിച്ചായിരുന്നു. സ്കൂളിലെ പല വാട്സാപ് ക്ലാസ് ഗ്രൂപ്പുകളിൽ കയറിയിറങ്ങി മെസേജുകൾ ഡെലീറ്റ് ചെയ്തതിനൊപ്പം ആ ടീച്ചറും ഡെലീറ്റ് ആയി.

ചിന്തിക്കുക -

മലയാളികൾ നാടുവിടാനുള്ള ഒരു കാരണം ദുരഭിമാനമാകുന്നു. കാരണം തണ്ടുതുരപ്പൻ പുഴുക്കളുടെ ശല്യം നല്ലതുപോലെയുണ്ട്! അതുണ്ടാക്കുന്നതോ? ബന്ധുക്കൾ, മിത്രങ്ങൾ, പരിചയക്കാർ, നാട്ടുകാർ എന്നിവർ അടങ്ങുന്ന മലയാളി സമൂഹവും! വിദേശങ്ങളിൽ ഏതു ജോലിയും ഒരു മിഷൻ അല്ലെങ്കിൽ ടാസ്ക് പോലെ പ്രവർത്തിച്ച് മികച്ച കൂലി വാങ്ങുകയെന്നതാണ്. അവിടെ ജോലിയുടെ പേര്, ഉദ്യോഗ പദവി, സ്ഥാനം, എന്നിവയൊക്കെ കാര്യമാക്കാറില്ല. പ്രവർത്തനശേഷിയും ഉൽപാദനക്ഷമതയുമാണു പ്രധാനം. കേരളത്തിൽ, ഇപ്പോൾത്തന്നെ വലിയ വീടുകളിൽ വിരസമാകുന്ന വാർദ്ധക്യങ്ങൾ. മാതാപിതാക്കൾക്കു കൂട്ടായി മിണ്ടാനും പറയാനും നായ്ക്കളും പൂച്ചകളും പക്ഷികളും പശുക്കളുമെല്ലാം ശീലിച്ചു തുടങ്ങി!

To read Malayalam eBooks-515 PDF File, this is the link for free download-

 https://drive.google.com/file/d/1IFyj5lM9pR6UuMf2rsnaY8kPiNZ_YEyy/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍