രാജകുമാരിയുടെ സ്വയംവരം

Malayalam story of a svayamvara

ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി നാണിയമ്മയുടെ അടുക്കലേക്ക് ചെന്നു. അന്നേരം, നാണിയമ്മ വീടിനോടു ചേർന്നുനിന്നിരുന്ന കപ്ലത്തിൽനിന്ന് കപ്ലങ്ങാ (പപ്പായ) പറിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടെണ്ണം മഞ്ഞയും പച്ചയും കലർന്ന നിറത്തിൽ പഴുത്തിരിക്കുന്നുവെങ്കിലും അതിൽ ഒരെണ്ണംമാത്രം കുത്തി താഴെയിട്ടു. പിന്നെ അതുമെടുത്ത് തിരിഞ്ഞു നടന്നു.

"അമ്മൂമ്മേ..അതും പഴുത്തതല്ലേ.. അതിപ്പോൾ പറിച്ചില്ലെങ്കിൽ കിളികൊത്തും"

"ഞാൻ മറന്നുപോയതല്ല കുട്ടാ.. നമ്മള് ഒന്നിൽ കൂടുതൽ കഴിക്കില്ല. അതുകൊണ്ട് ഒരെണ്ണം കിളികളും തിന്നോട്ടെ. ഈ മീനച്ചൂടിൽ അതുങ്ങൾക്കു തീറ്റി കിട്ടാൻ വല്യ പാടാണ്"

ഉണ്ണി അതിനു മറുത്തൊന്നും പറഞ്ഞില്ല.

അന്നു രാത്രി ഉറങ്ങാൻനേരം ഉണ്ണിക്ക് ഒരു സംശയം-

"അമ്മൂമ്മേ.. കിളിക്ക് അറിയാമോ അമ്മൂമ്മയാണ് കപ്ലങ്ങാപ്പഴം അവർക്കു വച്ചതെന്ന്? അങ്ങനെ ചെയ്താൽ നമുക്കെന്താ കിട്ടുക?"

"ഇല്ലെടാ കുട്ടാ.. ആ സാധുജീവികൾക്ക് ഒന്നുമറിയില്ല. തിരിച്ചൊന്നും നമുക്കു കിട്ടില്യാന്നേ. എന്നാലും, പലജാതി കിളികളെല്ലാം മാറിമാറി വന്ന് പഴം തിന്നണത് നീ കണ്ടിട്ടില്ലേ?"

"ഉം..അതുകാണാൻ നല്ല രസോണ്ട്.. "

"ഉണ്ണീ..മാത്രമല്ല, തീറ്റിയും വെള്ളവുമൊക്കെ ആർക്കു കൊടുത്താലും പുണ്യംന്നാ പഴമക്കാര് പറേണത്.."

"ഹായ്.. കിട്ടിപ്പോയി.. ഇന്നെനിക്ക് പുണ്യത്തിന്റെ കഥ കേട്ടാൽ മതി"

നാണിയമ്മ കുറച്ചുനേരം ആലോചിച്ചു കിടന്നിട്ട് ഒരു കഥ ആരംഭിച്ചു-

പണ്ടുപണ്ട്, സിൽബാരിപുരംകൊട്ടാരം വാണിരുന്നത് വീരു മഹാരാജാവായിരുന്നു. കീർത്തി എന്നു പേരുള്ള രാജകുമാരി അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു.

ചെറുപ്പംമുതൽക്കേ രാജ്യത്തെ ഏറ്റവും മിടുക്കരായ ഗുരുക്കൻമാർ കൊട്ടാരത്തിലെത്തി അവളെ നന്നായി പഠിപ്പിച്ചിരുന്നു. തൽഫലമായി നല്ല സ്വഭാവ ഗുണങ്ങൾ അവളിൽ വന്നു ചേർന്നു.

ഒരു ദിവസം -

രാജ്ഞി രാജാവിനോട് ഉണർത്തിച്ചു -

"തിരുമനസ്സേ..നമ്മുടെ കുമാരിയുടെ സ്വയംവരത്തിനുള്ള (swayamvaram) സമയമായിരിക്കുന്നു. അതിനുള്ള കൽപനയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്"

"ഹും..ശരിയാണ്.. നാം അതിനേക്കുറിച്ച് കുറച്ചു ദിവസങ്ങളായി ആലോചിക്കുന്നു. ചിങ്ങമാസത്തിൽ നടത്തണം"

രാജാവ് പുത്രിയോടു സ്വയംവരത്തേക്കുറിച്ച് സംസാരിച്ചു. എന്നാൽ, കീർത്തിക്ക് ഇതിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല.

"അച്ഛാ.. എന്തിനാണ് ഈ സ്വയംവരം ഉൽസവംപോലെ നടത്തി ഖജനാവ് ധൂർത്തടിക്കുന്നത്? അച്ഛൻതന്നെ നല്ലൊരു വരനെ കണ്ടുപിടിച്ചാൽ മതിയല്ലോ?"

"മകളേ..നമ്മുടെ പൂർവ്വികരെല്ലാം തുടർന്നുപോരുന്ന ആചാരമാണിത്. നാം അതു ലംഘിക്കുന്നതു ശരിയല്ല"

"എങ്കിൽ, രാജകുമാരന്മാർക്കു മാത്രമല്ല, രാജ്യത്തെ യുവാക്കൾക്കും പങ്കെടുക്കാൻ അവസരം കൊടുക്കുന്നതു നല്ലതായിരിക്കും"

"ഹും.. ശരി.. അങ്ങനെയാകട്ടെ മകളേ.."

അടുത്ത സുപ്രഭാതത്തിൽ സ്വയംവരത്തിനുള്ള വിളംബരം പുറപ്പെടുവിച്ചു. പിന്നീട്, രാജ്യം അന്നുവരെ കണ്ടില്ലാത്ത തരത്തിലുള്ള ഒരുക്കങ്ങൾ തുടങ്ങി. കൊട്ടാരം മുഴുവൻ തോരണങ്ങൾ നിറഞ്ഞു. നാടെങ്ങും ഉൽസവ പ്രതീതി. അന്യദേശത്തെ രാജകുമാരൻമാർ മാത്രമല്ല, രാജ്യത്തെ യുവാക്കളും വെറുതെയിരുന്നില്ല. വിവിധ പരിശീലനങ്ങളിൽ ഏർപ്പെട്ടു. കാരണം, കീർത്തിരാജകുമാരിയാകട്ടെ രാജാവിന്റെ ഒരേയൊരു മകളാണ്. ഇതിൽ വിജയിച്ചാൽ ഈ രാജ്യംതന്നെ സ്വന്തമാക്കാം!

സ്വയംവരത്തിനു സാധാരണയായി കണ്ടുവരുന്ന ഗുസ്തിമൽസരം, അമ്പെയ്ത്ത്, കുതിരയോട്ടം, കളരിയഭ്യാസം, സാഹസിക പ്രവൃത്തികൾ, ബുദ്ധിപരീക്ഷ, ചതുരംഗം.... എന്നിങ്ങനെയുള്ള ഇനങ്ങളിൽ പരിശീലകർക്കു ചാകരയെന്നു പറഞ്ഞാൽ മതിയല്ലോ. അങ്ങനെ ആ സുദിനം വന്നുചേർന്നു. വലിയ ആൾക്കൂട്ടം കൊട്ടാരമുറ്റത്തെ പന്തലിൽ തടിച്ചുകൂടി. രാജ്യത്തിനു പുറത്തുനിന്നുപോലും യുവാക്കൾ വിജയപ്രതീക്ഷയോടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചു.

ഏതിനമാണ് ഇവിടെ മൽസരത്തിനുള്ളതെന്ന് ആർക്കും അറിയില്ല. രാജാവ്, രാജ്ഞി, രാജകുമാരി- ഇവരിൽ ആർക്കു വേണമെങ്കിലും മൽസരയിനം തീരുമാനിക്കാം. അപ്പോൾ, രാജാവ് പ്രഖ്യാപിച്ചു -

"പതിവു രീതികൾ നിങ്ങൾ പരിശീലിച്ചാണ് ഇവിടെ വന്നിട്ടുള്ളതെന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ, ഇവിടെ ലളിതമായ ഒരിനം മാത്രമേ ഉണ്ടാവൂ. അവിടെ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ കോട്ടമതിൽ ചാടിക്കടക്കുന്ന മിടുക്കന് രാജകുമാരിയെ സ്വന്തമാക്കാം"

വാസ്തവത്തിൽ, അതു ലളിതമായിരുന്നില്ല. കാരണം, എണ്ണതേച്ച് മിനുസപ്പെടുത്തിയ കോട്ടമതിൽഭാഗമായിരുന്നു അവിടം. ഓരോരുത്തരായി കയറാൻ ശ്രമിച്ച് പരാജയം രുചിച്ചു. വലിയ കളരിയഭ്യാസികൾപോലും നിരാശരായി. 

"ഇത് അസാധ്യമാണ് രാജാവേ.. വേറെ ഏതെങ്കിലും മൽസരം പറഞ്ഞാലും"

അത്തരത്തിലുള്ള അപേക്ഷകൾ രാജാവിനു മുന്നിൽ വന്നുതുടങ്ങി.

പെട്ടെന്ന്, ഒരു യുവാവ് കോട്ടയില്‍ പറ്റിപ്പിടിച്ചു കയറി മറുവശത്തേക്ക് ചാടി!

പല്ലിയും ഉടുമ്പും കയറുന്നപോലെ ആളുകളെ അമ്പരിപ്പിച്ച കാഴ്ച!

അയാൾ ഏതു ദേശക്കാരനെന്ന് ആർക്കും അറിയില്ലായിരുന്നു.

ഉടൻതന്നെ രാജകുമാരി വരണമാല്യം അയാളെ അണിയിച്ചു. പിന്നീട്, കൊട്ടാരമാകെ ബഹളത്തിൽ മുങ്ങി. സംഗീതവും സദ്യയും ദാനധർമ്മങ്ങളും കലാപ്രകടനങ്ങളും ആർപ്പുവിളികളും എങ്ങും മുഴങ്ങി.

അതേ സമയം മണിയറയിൽ -

രാജകുമാരൻ കീർത്തിയോടു പറഞ്ഞു:

"നമ്മുടെ നല്ല ജീവിതത്തിന് സർവ്വ ഐശ്വര്യവും ഉണ്ടാകുന്നതിനായി പൂജാമുറിയിൽ പ്രാർഥിക്കുക. ആഭരണങ്ങൾ ഒന്നും ധരിക്കേണ്ടതില്ല. ചില അപൂർവ പൂജാദ്രവ്യങ്ങൾ ഒരുക്കിയതിനുശേഷം ഞാൻ കുമാരിയെ അവിടെ വന്നു വിളിച്ചുകൊള്ളാം"

കുമാരന്റെ ഭക്തിയിൽ അവളുടെ മനംനിറഞ്ഞു. പിന്നീട്,

പൂജാമുറിയിൽ ഒരുപാടുനേരം പ്രാർഥിച്ചിട്ടും രാജകുമാരൻ വന്നില്ല. ഒടുവിൽ, പറഞ്ഞ വാക്കിനു വിപരീതമായി കുമാരി മടിച്ചുമടിച്ച് മണിയറയിൽ തിരികെയെത്തി.

അവിടെങ്ങും ആരുമില്ല!

ആഭരണങ്ങളും കാണുന്നില്ല!

രാജകുമാരിയുടെ കരച്ചിൽകേട്ട് തോഴിമാർ ഓടിയെത്തി. പക്ഷേ, എല്ലാം വൈകിപ്പോയിരുന്നു. കൊട്ടാരത്തിൽ കാവൽഭടന്മാരും തിന്നുകുടിച്ച്  ആഘോഷരാവിലായിരുന്നതിനാൽ കൊട്ടാര സുരക്ഷയിലും വീഴ്ച പറ്റിയിരിക്കുന്നു! ആരൊക്കെ കോട്ടയ്ക്കുള്ളിൽ കയറിയെന്നോ പുറത്തു പോയെന്നോ അറിയില്ലാത്ത ദുരവസ്ഥയായിരുന്നു അത്.

രാജകുമാരനെ അപായപ്പെടുത്തി ആഭരണങ്ങൾ കള്ളൻമാർ കൊണ്ടുപോയെന്ന നിഗമനത്തിൽ രാജ്യമാകെ ഭടന്മാർ പരക്കം പാഞ്ഞു. പക്ഷേ, ഒരു തുമ്പും കിട്ടിയില്ല.

കുറച്ചു ദിനങ്ങൾക്കുശേഷം അയൽരാജ്യത്തിൽനിന്ന് ഒരു ദൂതൻ കൊട്ടാരത്തിലെത്തി രാജാവിനെ മുഖം കാണിച്ചു -

"അങ്ങയെ ആ പെരുങ്കള്ളൻ കബളിപ്പിച്ചു ദൂരദേശത്തേക്കു രക്ഷപ്പെട്ടിരിക്കുന്നു. അവൻ വലിയ മാളികകളുടെയും കൊട്ടാരങ്ങളുടെയും മതിലുകൾ ചാടിക്കടക്കുന്ന മണിയറക്കള്ളനാണ്. കഴിഞ്ഞ കൊല്ലം, ഞങ്ങളുടെ രാജ്യത്തും മന്ത്രിയുടെ വിവാഹ ദിവസം മണിയറയിൽനിന്ന് ആഭരണങ്ങൾ കൊള്ളയടിച്ചത് വലിയ മാളികമതിൽ പിടിച്ചുകയറിയാണ്. ഞങ്ങൾക്കും അവനെ പിടിക്കാനായില്ല. ഈ കൊട്ടാരത്തിലും ആഭരണങ്ങൾ കൊള്ളയടിക്കാൻ വന്നതാണെങ്കിലും സ്വയംവരത്തിൽ നിഷ്പ്രയാസം ജയിച്ച് എളുപ്പത്തിൽ മോഷണം നടത്താനായെന്ന് അടിയൻ വിശ്വസിക്കുന്നു"

ഇതുകേട്ട് രാജാവ് കോപം കൊണ്ട് പല്ലുകൾ ഞെരിച്ചു. 

കുറച്ചു കഴിഞ്ഞ് അദ്ദേഹം ശാന്തനായപ്പോൾ, വിലപ്പെട്ട വിവരങ്ങൾ നൽകിയ ദൂതനു മാത്രമല്ല, അവിടത്തെ രാജാവിനുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകിയാണ് ദൂതനെ പറഞ്ഞയച്ചത്.

അടുത്ത ചിങ്ങമാസം വന്നുചേർന്നു. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മെല്ലെ മാഞ്ഞുതുടങ്ങി. രാജകുമാരിയുടെ ദു:ഖമൊക്കെ മാറിയെന്നുകണ്ട് വീണ്ടും ഒരു സ്വയംവരത്തേക്കുറിച്ച് രാജാവ് ആലോചിച്ചു. അപ്പോൾ രാജകുമാരിയുടെ മറുപടി ഇപ്രകാരമായിരുന്നു:

"അച്ഛാ, സ്വയംവരത്തിലെ പതിവു മൽസരങ്ങൾ നടത്താത്ത മരമണ്ടൻരാജാവായതിനാലാണ് എനിക്ക് ഈ ഗതി വന്നു ഭവിച്ചതെന്ന് പ്രജകൾ ഇപ്പോഴും രഹസ്യമായി പറഞ്ഞു നടക്കുന്നുണ്ട്. എത്രമാത്രം സമ്മാനങ്ങളും സദ്യകളും ദാനധർമ്മങ്ങളും അച്ഛൻ ചെയ്തിട്ടാണ് ഈ നന്ദികേട് കേൾക്കേണ്ടി വന്നത്. അതിനാൽ, അടുത്ത സ്വയംവരത്തിന്റെ മുഴുവൻ ചുമതലയും അച്ഛൻ എനിക്കു വിട്ടുതരാൻ ദയവുണ്ടാകണം"

"നാം ഈ തീരുമാനത്തിൽ സന്തോഷിക്കുന്നു മകളേ.. നിന്റെ ആഗ്രഹം പോലെയാവട്ടെ.."

ചിങ്ങമാസമൊക്കെ കടന്നുപോയി. സമൃദ്ധിയുടെ മാസങ്ങൾ പിന്നിട്ട് മീനച്ചൂടിൽ എത്തിയപ്പോൾ രാജ്യമാകെ ജലക്ഷാമം അനുഭവപ്പെട്ടു. പിന്നെയും വേനൽ കടുത്തപ്പോൾ കൃഷിയാകെ നശിച്ചുതുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം-

ഗ്രാമത്തിലെ ഒരു വീട്ടമ്മ മകൻ ചന്ദ്രുവിനോടു പറഞ്ഞു:

"നമ്മുടെ നെല്ലു തീർന്നിരിക്കുകയാണ്. നാളെകൂടി കഴിഞ്ഞാൽ നമ്മൾ പട്ടിണി കിടക്കേണ്ടി വരും "

"അമ്മേ, എല്ലാ വീട്ടിലും വരൾച്ച കാരണം പട്ടിണിതന്നെ. ഇനിയെന്താ ചെയ്ക?"

"രണ്ടു ദിനംകൂടി കഴിഞ്ഞാൽ രാജകുമാരിയുടെ സ്വയംവരമാണ് വീണ്ടും നടത്താൻ പോകുന്നത്. ആദ്യത്തേതിന് രണ്ടുപറ നെല്ല് ദാനമായി കിട്ടിയത് നീ മറന്നു പോയോ?"

"ക്ഷാമകാലമായതിനാൽ ദാനമൊക്കെ കാണുമോ? സ്വയംവരത്തിനു പോകുന്ന ജനങ്ങൾക്ക് ദാഹശമനത്തിനായി പൊതുകിണറുള്ള തേക്കിന്‍ചുവട്ടിലെ  വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് രാജകൽപനയുണ്ട്. കൊട്ടാരത്തിലേക്കുള്ള മറ്റു വഴികളെല്ലാം അടച്ചു"

"ചന്ദ്രൂ.. ധാന്യപ്പുരയിൽനിന്ന് എന്തെങ്കിലും ഈ വിശേഷാവസരത്തിൽ കിട്ടാതിരിക്കില്ല. ദൂരക്കൂടുതലുണ്ടെങ്കിലും നീ ഇന്നുതന്നെ യാത്ര തിരിക്കണം"

അമ്മ പറഞ്ഞതുകേട്ട് ചന്ദ്രു യാത്രയായി. വറ്റിവരണ്ട പ്രദേശത്തുകൂടി ഒരുപാടു സമയം നടന്നപ്പോൾ അവനു വല്ലാതെ ദാഹിച്ചു. കാലുകൾ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. കുറച്ചു കൂടി നടന്നപ്പോൾ അകലെ പൊതുകിണർ കണ്ടപാടേ ആശ്വാസമായി. വെള്ളം കോരുന്നതിനുവേണ്ടി മരക്കപ്പിയിൽ കയറും തടിത്തൊട്ടിയും വച്ചിരിക്കുന്നത് അവൻ കണ്ടു.

ചന്ദ്രു പരവേശത്തോടെ തൊട്ടിയിൽ നോക്കിയപ്പോൾ ഭാഗ്യമെന്നു പറയേണ്ടിയിരിക്കുന്നു- അതിനുള്ളിൽ വെള്ളമുണ്ടായിരുന്നു. മതിയാവോളം കുടിച്ച് കാലും മുഖവും കഴുകി ക്ഷീണം തീർത്തു. അപ്പോൾ തൊട്ടിവെള്ളം കാലിയായി. ഇതിനിടെ ചന്ദ്രു കിണറിനകത്തേക്ക് നോക്കി. വളരെയധികം ആഴത്തിൽനിന്ന് വെള്ളം വലിച്ചുകയറ്റുക അത്ര എളുപ്പമല്ലെന്ന് അവനു തോന്നി. എന്തായാലും, ഇതിനു മുൻപേ പോയ ആൾ മിച്ചം വച്ച അരത്തൊട്ടി വെള്ളംകൊണ്ട് ക്ഷീണം തീർക്കാൻ തനിക്കു സാധിച്ചു. 

ഒരു പക്ഷേ, ഇനി വരുന്നവരിൽ പ്രായമായവരും കുട്ടികളുമൊക്കെയാണെങ്കിൽ വല്ലാതെ വിഷമിക്കേണ്ടി വരും. വെള്ളം കോരാൻ വേണ്ടി ഒരാളിനെ കൊട്ടാരംവകയായി ഏർപ്പെടുത്തേണ്ടതായിരുന്നു. സ്വയംവരത്തിന് ഇതുവഴി പോകുന്നവർക്ക് സഹായമായേനെ. ചന്ദ്രു ചുറ്റുപാടും നോക്കി.

തേക്കിന്‍ചുവട്ടില്‍ ഒരു പിച്ചക്കാരൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ആ മനുഷ്യനാകട്ടെ, ഒരു കയ്യില്ലാത്തവനെന്ന് ചന്ദ്രുവിനു മനസ്സിലായി.

'കര.. കര..' ശബ്ദത്തോടെ കറങ്ങാൻ മടിക്കുന്ന മരക്കപ്പിയിലൂടെ കഷ്ടപ്പെട്ട് വെള്ളം വലിച്ചു കയറ്റി. അപ്പോള്‍, സമീപത്ത് ഏതാനും കാക്കകള്‍ വെള്ളം കുടിക്കാന്‍ തക്കം പാര്‍ത്ത് കരഞ്ഞു. തൊട്ടിയില്‍ അവ തലയിടുമെന്നു തോന്നിയതിനാല്‍ കിണറരികത്ത്  പൊട്ടിയ മണ്‍കുടത്തിന്റെ ചീളില്‍ അല്പം ഒഴിച്ചു. പിന്നെ, തേക്കിലകള്‍കൊണ്ട് തൊട്ടിവെള്ളം കുറച്ചൊക്കെ മൂടിവച്ചു. 

ചന്ദ്രു യാത്ര തുടർന്നു. പൊതുവഴിയിൽ എത്തിച്ചേർന്നപ്പോൾ പലതരം പരിശീലകർ അവനെ മാടി വിളിച്ചു. താൻ അരി വാങ്ങാൻ പോകുകയാണെന്നു കേട്ട് അവരെല്ലാം പരിഹസിച്ചു.

ചന്ദ്രു കൊട്ടാരത്തിൽ എത്തിച്ചേർന്നു. അവിടമാകെ ജനപ്രളയമായിരുന്നു.

സ്വയംവരപ്പന്തലിൽ അവൻ എത്തിനോക്കുകകൂടി ചെയ്തില്ല. സ്വയംവരം കഴിഞ്ഞാൽ കെങ്കേമമായ സദ്യയുണ്ട്. പിന്നീട്‌ ദാനധര്‍മങ്ങളുടെ പെരുമഴയാണ്, വരൾച്ചയെങ്കിലും ഈ അവസരത്തിലേക്കായി ധാന്യപ്പുരയിൽ സൂക്ഷിപ്പുണ്ടാകുമെന്ന് ചന്ദ്രു ഊഹിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന തുണിസഞ്ചി ഒന്നുകൂടി ഭദ്രമായി അരയിൽ കെട്ടിവച്ചു.

പെട്ടെന്ന്- രണ്ടു ഭടൻമാർ ചന്ദ്രുവിന്റെ ഇടത്തും വലത്തുമായി വന്നു നിന്നു. ചന്ദ്രു വിറച്ചുപോയി!

"കുമാരാ.. അങ്ങയെ രാജകുമാരി വിളിക്കുന്നു. ദയവായി ഞങ്ങളുടെ കൂടെ  വന്നാലും "

"എന്നോടു ദയവുണ്ടാകണം. ഞാൻ ചന്ദ്രുവാണ്. നിങ്ങൾക്ക് ആളുമാറിയതാണ്''

"കുമാരൻ രാജകുമാരിയോട് നേരിട്ടുതന്നെ സത്യം പറഞ്ഞുകൊള്ളൂ"

ചന്ദ്രു വല്ലാത്ത ചങ്കിടിപ്പോടെ സ്വയംവരസദസ്സിലേക്ക് നടന്നു. ഭടൻമാരോടൊപ്പം കീർത്തിരാജകുമാരിയുടെ മുന്നിലെത്തിയതും അവൾ വരണമാല്യം ചന്ദ്രുവിന്റെ കഴുത്തിൽ അണിയിച്ചു!

"രാജകുമാരീ.. അടിയനോടു പൊറുത്താലും. ഞാൻ കുമാരനും രാജകുമാരനുമൊന്നുമല്ല, ചന്ദ്രുവാണ്. കുറച്ചു നെല്ല്.. അരി കിട്ടുമോയെന്ന് തിരക്കി വന്നതാണ്. എന്നെ പോകാൻ അനുവദിച്ചാലും"

"കൊട്ടാരത്തിന്റെ ധാന്യപ്പുരയിലെ നെല്ലിന്റെ കാര്യങ്ങൾ മുഴുവനും ഇനി അങ്ങു തന്നെയാണ് നോക്കേണ്ടത് "

കീർത്തി പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ചന്ദ്രു ധർമ്മസങ്കടത്തിലായി.

"കുമാരീ.. എന്നെ തെറ്റിദ്ധരിക്കരുതേ.. ദയവായി പോകാൻ അനുവദിച്ചാലും"

അപ്പോൾ സദസ്സിന്റെ മുൻനിരയിൽനിന്ന് ഒരു ഭടൻ വിളിച്ചു പറഞ്ഞു:

"ഇത് ചന്ദ്രുരാജകുമാരൻതന്നെയാണ് രാജകുമാരീ.."

അയൽരാജ്യത്തെ ഏതോ രാജകുമാരനെന്നു തെറ്റിദ്ധരിച്ചാണ് തന്റെ കഴുത്തിൽ ഈ കുരുക്ക് വീണിരിക്കുന്നതെന്ന് ചന്ദ്രുവിനു ബോധ്യമായി.

ഭടൻമാരുടെ ആർപ്പുവിളികൾ എങ്ങും അലയടിച്ചു.

"വീരു മഹാരാജാവ് നീണാൾ വാഴട്ടെ.."

"ചന്ദ്രു രാജകുമാരൻ നീണാൾ വാഴട്ടെ.."

"കീർത്തി രാജകുമാരി നീണാൾ വാഴട്ടെ.."

മൽസരമില്ലാത്ത സ്വയംവരമോ? ഇതെന്ത് കഥ? സദസ്സിലെ മൽസരാർഥികൾ കണ്ണു മിഴിച്ചു. സദ്യ കഴിക്കുന്നതിനിടയിലും പലയിടത്തും മുറുമുറുപ്പുകൾ കേട്ടു:

"അടുത്ത സ്വയംവരം എന്നാണന്നേ ഇനി അറിയേണ്ടതുള്ളൂ. ആദ്യം രാജാവ് മണ്ടത്തരം കാട്ടിയെങ്കിൽ ഇത്തവണ മകളും.. മന്ത്രിമാരോടും പണ്ഡിതരോടും ആലോചിക്കാതെയുള്ള പമ്പര വിഡ്ഢിത്തം!"

ഇത്തവണ എങ്ങും കനത്ത സുരക്ഷ രാജാവ് ഏർപ്പെടുത്തിയിരുന്നു. മണിയറയുടെ മുന്നിലും രണ്ടു ഭടൻമാർ കാവൽനിന്നു.

മണിയറയിൽ-

"രാജകുമാരീ..ഇവിടെ സ്വയംവരമെന്ന ചടങ്ങു മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. മൽസരമില്ലായിരുന്നല്ലോ. എനിക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല"

"കുമാരാ.. ഇത്തവണ മൽസരമുണ്ടായിരുന്നല്ലോ. അതിൽ വിജയിച്ചത് അങ്ങാണ്"

"എന്ത്? എന്തു മൽസരം?"

"സാധാരണയായി കായബലംകൊണ്ടാണ് സ്വയംവരത്തിൽ ജയിക്കുക. ആദ്യത്തേതിൽ, അതാണ് ഒരു കള്ളനുപോലും ജയിക്കാനായത്. ആ തെറ്റ് തിരുത്തുകയാണ് ഞാൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. നല്ല മനസ്സുള്ളവർക്കുമാത്രം ജയിക്കാനാകുന്ന മൽസരം"

"എങ്ങനെ?"

"ഇത്തവണ കാൽനടയായി സഞ്ചരിക്കാവുന്ന ആ കിണറ്റിന്റെ അരികിലൂടെയുള്ള ചെറുവഴിമാത്രമാണ് കൊട്ടാരത്തിലേക്കുണ്ടായിരുന്നത്. യാത്രക്കാർക്ക് തൊട്ടിയില്‍ പകുതി വെള്ളം കോരിവയ്ക്കാൻ ഞാൻ ഒരു ഭടനെ ഏർപ്പെടുത്തി. ഒരു കൂട്ടര്‍  തൊട്ടിയിലെ വെള്ളം തീർത്ത ശേഷം പിന്നീടു വരുന്നവരുടെ കാര്യമൊന്നും ആലോചിക്കാതെ കൊട്ടാരത്തിലേക്ക് നടന്നു. 

എന്നാല്‍, ചിലര്‍ കയ്യില്‍ വെള്ളം കരുതിയിരുന്നു. അവരാകട്ടെ, തൊട്ടിയില്‍ വെള്ളമുണ്ടോ എന്ന് നോക്കിയതു പോലുമില്ല. അടുത്തുവന്നു നോക്കിയാലേ അരത്തൊട്ടിവെള്ളം കാണാന്‍ പറ്റുമായിരുന്നുള്ളൂ. അങ്ങനെ ഇരുകൂട്ടര്‍ക്കും സ്വന്തം കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. എന്നാൽ, ചന്ദ്രുവാണ്   മനസ്സിലെ നൻമ പ്രവൃത്തിയായി അവിടെ കാട്ടിയത്"

ഇതുകേട്ട് ചന്ദ്രുവിന് അത്ഭുതമായി.

"പക്ഷേ, ഞാനവിടെ ഭടനെ കണ്ടില്ലല്ലോ. ഒരു കയ്യില്ലാത്ത പിച്ചക്കാരനാണെങ്കിൽ അവിടെ കൂർക്കംവലിച്ച് ഉറങ്ങുകയുമായിരുന്നു''

കീർത്തി അതുകേട്ട് പൊട്ടിച്ചിരിച്ചു.

"അത് പിച്ചക്കാരനല്ലായിരുന്നു. രണ്ടു കയ്യുമുള്ള എന്റെ ഭടനായിരുന്നു അത്. സദസ്സില്‍ വിളിച്ചുപറഞ്ഞ്‌ അങ്ങയുടെ കാര്യം ഉറപ്പിച്ചതും അവനായിരുന്നു"

അപ്പോഴാണ്‌ ചന്ദ്രുവിന്റെ ശ്വാസം നേരെ വീണത്.

പിന്നീടുള്ള കാലം ചന്ദ്രു കൊട്ടാരസൗകര്യങ്ങളിൽ മതിമയങ്ങാതെ ഉണർന്നു പ്രവർത്തിച്ചു. വരൾച്ച ബാധിച്ച് കൃഷി നശിക്കുന്നിടത്തും കുടിവെള്ള ക്ഷാമം ഉള്ളയിടങ്ങളിലും രാജ്യത്തെ നദിയിൽനിന്ന് ചാലുകൾ കീറി വെള്ളമെത്തിച്ചു. രാജ്യത്തെ ആരോഗ്യമുള്ള എല്ലാ പ്രജകളെയും പങ്കെടുപ്പിച്ച് വേഗം പണിതീർത്തപ്പോൾ വരൾച്ചയും പട്ടിണിയും ആ രാജ്യം വിട്ടുപോയി.

ഗുണപാഠം:

കാരുണ്യപ്രവൃത്തികളും നന്മകളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. സമൂഹം സങ്കുചിത മനോഭാവം കാട്ടുന്നിടത്ത് ഒഴിഞ്ഞുമാറി പോകുക. അനുകൂല സാഹചര്യത്തില്‍ നന്മകളും പുണ്യങ്ങളും ചെയ്യാമല്ലോ.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam