Satire stories in Malayalam online reading

7 super satire stories

1. മൊട

ജാട, പൊങ്ങച്ചം, വലിമ, നിഗളം, താന്‍പോരിമ..ഇത്യാദി വാക്കുകളേക്കാള്‍ മനോഹരമാകുന്നു 'മൊട' എന്ന പദം.
സില്ബാരിപുരം നഗരത്തിലെ ഒരു കോളജ് ആയ 'സില്ബാരി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്' എന്ന പ്രശസ്ത സ്ഥാപനവുമായി ബന്ധമുള്ള ഒരു കഥയിലേക്ക്..
രാവിലെ, റിംഗ്-ടോണ്‍ കേട്ടുകൊണ്ട് മനു ഞെട്ടിയെണീറ്റു. ഫോണില്‍ നോക്കി- ആരിത്? 'ടോമി കോളിംഗ്' എന്ന് ഡിസ്പ്ലേ. കോളജില്‍ തന്റെ ജൂനിയറായിരുന്ന ടോമിയാണ‌്. അവന്‍ കുറച്ചുനാളായി വിളിച്ചിട്ട് . എന്താവും കാര്യം?

വളച്ചുകെട്ടാതെ ടോമി കാര്യം പറഞ്ഞു:
"നമ്മുടെ മുരുകന്‍സാറിന്റെ സെന്റോഫ് ഇന്നാണെന്ന് എന്നെ കുറച്ചു മുന്പ്, ജിനോ വിളിച്ചപ്പോഴാ അറിഞ്ഞത്. എന്റെ ബാച്ചിലെ ഫ്രെണ്ട്സ് നാലഞ്ചുപേര്‍ മാത്രമാ നല്ല ജോലിയിലുള്ളത്. അവരെ മാത്രം തെരഞ്ഞുപിടിച്ച് വിളിച്ചു"
"ടോമീ, എന്നിട്ട് ഞങ്ങളുടെ ബാച്ചിലെ മിക്കവരെയും വിളിച്ചല്ലോ. ഡിപാര്‍ട്ട്‌മെന്റില്‍ എന്തെങ്കിലും പിശക് പറ്റിയതാണോ?"

"എന്താ കാര്യം? നിങ്ങളുടെ ബാച്ച് ഏറ്റവും നല്ലതായിരുന്നു. എല്ലാവരുംതന്നെ തരക്കേടില്ലാത്ത ജോലിയില്‍ കയറി. ഞാന്‍ ഇന്നലെയും കുഞ്ഞമ്മടീച്ചറെ ബസ്‌സ്റ്റോപ്പില്‍ കണ്ടതാണല്ലോ, എന്നോടൊന്നും പറഞ്ഞില്ല. കോളജിന്റെ ഏറ്റവും അടുത്തുള്ള പൂര്‍വ വിദ്യാര്‍ഥി ഞാന്‍ തന്നെയാ. എന്തായാലും ഞങ്ങളുടെ ക്ലാസ്സിലെ ഫ്രണ്ട്സ് ആരും പോകുന്നില്ലെന്ന് തീരുമാനിച്ചു"
"ഈ ലാസ്റ്റ് മൊമെന്റില്‍ എന്തു ചെയ്യാന്‍ പറ്റും? ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാവരും അവിടെ കൂടാമെന്ന് പറഞ്ഞും പോയി"

"സോറി, ഞാന്‍ അങ്ങനെ പറഞ്ഞതല്ല, മനു, നീ പോകണം, അവിടത്തെ പരിപാടിയൊക്കെ അറിയാമല്ലോ"
പതിവു വര്‍ത്തമാനങ്ങള്‍ കഴിഞ്ഞ് അവര്‍ ഫോണ്‍ പോക്കറ്റിലിട്ടു. കോളജിനടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ടോമിയുടെ വാക്കുകളില്‍ ശമ്പളക്കുറവിന്റെ നൊമ്പരം നിഴലിച്ചിരുന്നു.
സമയം ഒന്പതു കഴിഞ്ഞപ്പോള്‍മുതല്‍ പല വിലയിലുള്ള കാറുകള്‍ കോളജ്ഗ്രൗണ്ടില്‍ നിരന്നുതുടങ്ങി. ചിലര്‍ അവിടെ വച്ചുതന്നെ പുത്തന്‍വാഹന വിശേഷങ്ങള്‍ വീമ്പിളക്കിത്തുടങ്ങി. രണ്ടു മൊടരാജന്മാര്‍ ഒരു കാറിന്റെ പിന്നില്‍നിന്ന്‍ ഏതോ ഒരെണ്ണം നോക്കിയിട്ട് ഇപ്രകാരം പറയുന്നതു കേട്ടു:

"ഹോ! ദേ, നോക്കടാ, ഒടുവില്‍ ആ പഞ്ഞനും കാര് വാങ്ങി!"
അതേസമയം, പഠനകാലത്തെ മരംചുറ്റികള്‍, സഫലമാകാതെ പോയ പ്രണയങ്ങള്‍ അതിവേഗം അയവിറക്കി. മനു കോളജിനു മുന്നിലെത്തിയപ്പോള്‍, കുഞ്ഞമ്മടീച്ചര്‍ നടന്നുവരുന്നത് കണ്ടു. അവനെ കണ്ടപ്പോള്‍ ടീച്ചറിന്റെ മൃദുവായ ചോദ്യം ഇതായിരുന്നു-
"മനു, താന്‍ കല്യാണം കഴിച്ചോ?"
മനു ഇതുകേട്ട് ഞെട്ടി. കല്യാണം കഴിഞ്ഞു സ്വന്തമായി ഒരു ഭാര്യയും രണ്ടുകുട്ടികളും ഉള്ള തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അവന്‍ ദേഹം മുഴുവനും തപ്പിനോക്കി. ചിലപ്പോള്‍ സില്ബാരിയിലെ തെണ്ടിമുക്ക് മെട്രോ നിവാസികളുടെ പരദൂഷണം മൂലമാകാം, അല്ലെങ്കില്‍ 'ഊജീസീ' ശമ്പളം വാങ്ങുന്നവര്‍ക്കു മാത്രമേ കുടുംബജീവിതം സാധ്യമാകൂ എന്ന്‍ ടീച്ചര്‍ ധരിച്ചുവച്ചിട്ടുണ്ടാകാം.

അവന്‍ ഹാളിലേക്ക് നടന്നു. കുറച്ചുകഴിഞ്ഞ് എല്ലാവരും ഹാളിലേക്ക് എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ മറ്റൊരു മൊട-പരേഡ് നടന്നു. എല്ലായിടത്തും കാണുന്ന പോലെതന്നെ പട്ടുചേല ചുറ്റി നിറയെ ആഭരണങ്ങള്‍ അണിഞ്ഞ ഭാര്യമാരെ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നെള്ളിക്കുന്നതുപോലെ പൂര്‍വ-വിദ്യാര്‍ഥിമൊടകള്‍ അങ്ങോട്ട്‌ കൊണ്ടുവന്നു. ബെല്‍റ്റിന്റെ ബലത്തില്‍ പിടിച്ചുനിര്ത്തിയിരിക്കുന്ന കുടവയറുമായി ഭര്‍ത്താക്കന്മാരെയും കൂട്ടി മൊട സ്ത്രീകളും അവിടെ പ്രത്യക്ഷപ്പെട്ടു. എല്ലാവരും തങ്ങളുടെ മൊട കണ്ടുവെന്ന് ഉറപ്പാക്കിയ ശേഷം പതിവു ഡയലോഗുകള്‍-
"ഞങ്ങള്‍ക്ക് ഇപ്പോള്‍ രണ്ടു വിവാഹങ്ങളില്‍ പങ്കെടുക്കണം"
"വേറെ കുറച്ചു പരിപാടികള്‍ ഉണ്ട്"
"മിനിസ്റ്ററുടെ മകന്റെ മാരിയേജ് ഉണ്ട്. അദ്ദേഹം കുറച്ചുമുന്പും എന്താ നിങ്ങള്‍ താമസിക്കുന്നതെന്ന് വിളിച്ചുചോദിച്ചു"
ഇതുപോലെയുള്ള 'സില്ലി' പരിപാടികളില്‍ പങ്കെടുത്താല്‍ തങ്ങളുടെ തിരക്കേറിയ മൊട താഴെ വീണു പൊട്ടുമെന്ന് അവര്‍ ഭയപ്പെട്ടു! അങ്ങനെ അക്കൂട്ടര്‍ പത്തുമിനിറ്റുകള്‍ക്കുള്ളില്‍ സദസ്യരെ കൈ വീശി കാട്ടിയ ശേഷം സ്ഥലം വിട്ടു.

അങ്ങനെ ഏകദേശം പത്തുമണിയോടെ യോഗനടപടികള്‍ ആരംഭിച്ചു . തുടക്കത്തില്‍ത്തന്നെ ഒരു ടീച്ചര്‍ പറഞ്ഞു:
"ഞങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഈ പരിപാടിയുടെ കാര്‍ഡ്‌ അയച്ചിരുന്നു. ചില പരാതികള്‍ ഇതിനോടകംതന്നെ കേള്‍ക്കുകയുണ്ടായി. അതില്‍ യാതൊരു വാസ്തവവുമില്ല"
ഇതുപോലെ ഒരു സാറ് ഈ ഭൂമിയില്‍ ജനിച്ചിട്ടുമില്ല, ഇനി ജനിക്കാനും പോകുന്നില്ലെന്ന മട്ടിലായിരുന്നു ചിലരുടെ പ്രസംഗം. അദ്ദേഹം ഒരു സഹൃദയനും മികച്ച അധ്യാപകനും ആയിരുന്നു. പക്ഷേ, ഒരു മികച്ച സയന്റിസ്റ്റ് വരെ ആയിത്തീരേണ്ട ആള്‍, ഒരു പ്രൊഫഷണല്‍ കോഴ്സ് പോലുമല്ലാത്ത 'ഊണിവാര്സിറ്റി ബിരുദം' കുട്ടികള്‍ക്ക് സമ്മാനിച്ചുകൊണ്ടിരുന്നതില്‍ ഇച്ഛാഭംഗം കൊണ്ടാവണം, അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍-നോട്ടുകള്‍ സിലബസിനു മുകളില്‍ കയറിനിന്ന് ബിരുദാനന്തര നിലവാരത്തിലെത്തിയത്!

'Your presence is my best present' എന്ന് എല്ലാവര്ക്കും അയച്ച പോസ്റ്റ്‌ കാര്‍ഡില്‍ ഉണ്ടായിരുന്നുവെങ്കിലും ചിലര്‍ അതൊക്കെ മറന്ന് മൊട കാട്ടാനുള്ള വേദിയാക്കി മാറ്റി. സാറിന്റെ താല്‍പര്യക്കുറവു കണക്കിലെടുക്കാതെ മൊടവീരന്മാര്‍ ഒരു വലിയ ഗദ പോലെയുള്ള ഒരു സമ്മാനം കൊടുത്തു. അട്ടിമറിക്കാരുടെ നോക്കുകൂലിയും ലോറിയും വിളിച്ച് അതെങ്ങനെ അദ്ദേഹം വീട്ടിലെത്തിക്കും എന്നോര്‍ത്ത് പലരും ഊറിച്ചിരിക്കുന്നത് മനു കണ്ടു.

അതിനുശേഷം, മൈക്കിലൂടെയുള്ള പൂര്‍വ വിദ്യാര്ഥികളുടെ പരിചയപ്പെടുത്തല്‍ ആയിരുന്നു- അല്ല, ഒരു മൊട മത്സരമെന്ന് അതിനെ വിശേഷിപ്പിക്കാം. ചിലര്‍ തങ്ങള്‍ക്കുള്ള അറിവു മുഴുവന്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സമയം കുറെ പാഴായി.
അവിടെ കേട്ടത്..
"....ജോലിയുള്ള എനിക്ക് അടുത്ത മാസം പ്രമോഷന്‍ കിട്ടും.."
"ഞങ്ങള്‍ പുതിയ വില്ലയിലേക്ക് മാറി.."
"എന്റെ മോന് സ്കോളര്‍ഷിപ് നേടി.."
"കഴിഞ്ഞ പെരുന്നാള്‍ നടത്തിയത് ഞങ്ങളായിരുന്നു..."
"ഡോഗ്ഷോ-യില്‍ എന്റെ ലാബ്രഡോര്‍ ഒന്നാമത്.."
"....ക്ലബിന്റെ മെമ്പര്‍....പാര്‍ട്ടിയുടെ നേതാവ‌്.."
ഇങ്ങനെ പലവിധ ഗീര്‍വാണങ്ങള്‍ അവിടെ മുഴങ്ങി. ഇതിനിടയില്‍ സെല്ഫി മത്സരവും(സെല്‍ഫോണ്‍ മൊട മത്സരം) നടന്നു.

പണ്ട്, സോഷ്യല്‍ മീഡിയയും ഫോണും ഇല്ലാഞ്ഞതിനാല്‍ അകാല ചരമമടഞ്ഞ പ്രണയങ്ങള്‍ക്ക് ഈ പൂര്‍വ വിദ്യാര്‍ഥി സംഗമം, പുത്തന്‍ ഉണര്‍വിനു സാങ്കേതിക ഒത്താശകള്‍ ചെയ‌്തുകൊടുത്തു. 'മൊടപുസ്തകം', 'എന്താപ്പ്' എന്നീ സാമൂഹിക മാധ്യമങ്ങളില്‍ തോണ്ടിയും മാന്തിയും ചാറ്റിയും ചീറ്റിയും കൂലിത്തൊഴിലാളികള്‍ എന്നപോലെ ചില പൂര്‍വവിദ്യാര്‍ഥികള്‍ പരിചയം പുതുക്കി അതിര്‍വരമ്പുകള്‍ താണ്ടി.
ചില ആണുങ്ങള്‍ ശബ്ദം താഴ്ത്തി എന്തോ ചര്‍ച്ച ചെയ്യുന്നത് മനുവിന്റെ ശ്രദ്ധയില്‍ പെട്ടു; ഈ പരിപാടി കഴിഞ്ഞുള്ള മദ്യസേവ എവിടെനിന്ന് വേണം എന്നു ചര്‍ച്ച ചെയ്യുകയായിരുന്നു. ഒടുവില്‍ ഇരുണ്ട വെളിച്ചത്തില്‍ മദ്യപിക്കാമെന്ന് അവര്‍ ധാരണയിലെത്തി.
വിരോധാഭാസം ഒരു ലോക പ്രതിഭാസമാകയാല്‍, യാതൊരു മൊടയുമില്ലാത്ത കുറച്ചുപേരും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മാതൃകാപരമായ സമീപനവുമുള്ള ചില സുഹൃത്തുക്കളെയും അധ്യാപകരെയും മനുവിന‌് അവിടെ കാണാനായി.

സാമൂഹ്യപാഠം:
ഒട്ടേറെ നല്ല ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങള്‍ കലാലയങ്ങളില്‍ നടന്നുവരുന്നുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ വെറും പൊങ്ങച്ച പ്രഹസനങ്ങളും പിന്നീടുള്ള മദ്യപാനവും പ്രണയങ്ങളുടെ പുതുക്കലും വിവാഹേതര ബന്ധങ്ങളും കണ്ടുവന്നേക്കാം. കുടുംബ ബന്ധങ്ങളില്‍ അലോസരം ഉണ്ടാക്കാന്‍ അത്തരം അവസരങ്ങള്‍ വഴിതെളിക്കാതെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കട്ടെ.

2. പൊങ്ങച്ചം ഒരു ദൗര്‍ബല്യം (ഒരു പഴയകാല സംഭവ കഥ- ആക്ഷേപഹാസ്യം, വിമര്‍ശനകഥ )

ബെന്നിച്ചൻ ഒരു ഇടത്തരം ദേവാലയത്തിലെ ഇടവകാംഗമാണ്. അവിടത്തെ മതപുരോഹിതൻ ശൗചാലയങ്ങൾ പണിയുന്നതിനായി ദേവാലയത്തിലെ പ്രസംഗത്തിനിടെ ഫണ്ട് രൂപീകരിക്കാൻ ശ്രമിച്ചു. നിലവിൽ പഴയ ഒരെണ്ണമുണ്ടെങ്കിലും അത് മുൻവശത്തായതിനാൽ അവിടെ കയറിയാൽ പള്ളിയിൽ ഇരിക്കുന്ന എല്ലാവരുടെയും അനുഗ്രഹ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കയറിയിറങ്ങേണ്ടി വരും.
ഇരുണ്ട ഗുഹപോലെ കുള്ളന്‍ശുചിമുറികള്‍. അതുകൊണ്ടുതന്നെ പ്രകൃതിയുടെ വിളികൾ കേട്ടില്ലെന്നു കരുതി സഹനശക്തിയിലാണു പലർക്കും താൽപര്യം.
പൊതുവേ, മിതഭാഷിയായ പുരോഹിതൻ ആരുമായും കാര്യമായ ചങ്ങാത്തമില്ല. എന്നാൽ, നന്നായി പൗരോഹിത്യകർമ്മം ചെയ്യുന്നുണ്ടുതാനും.
എന്തായാലും, പുരോഹിതന്റെ ആവശ്യത്തോടു ജനങ്ങൾ യോജിച്ചില്ല. പിന്നെയും മൂന്നു-നാലു വർഷങ്ങൾ ശുചിമുറികൾ പൊട്ടിച്ചീഞ്ഞു കിടന്നു.
പഴയ പുരോഹിതനു സ്ഥലം മാറ്റമായി. പകരം, മറ്റൊരാൾ അവിടേയ്ക്കു വന്നു.
അദ്ദേഹം ആദ്യമായി ചെയ്തത് സ്വന്തം ഇടവകയിലെ മികച്ച സാമ്പത്തിക ശേഷിയുള്ളവരുടെ വിവരശേഖരണമായിരുന്നു.
അതിനുശേഷം അത്തരം ഒരു കുടുംബക്കാരെക്കൊണ്ട് ചെറിയൊരു സംഭാവന ചെയ്യിച്ചു. അത് അടുത്ത ഞായറാഴ്ച പ്രസംഗത്തിനിടയിൽ ആ വ്യക്തിയുടെ സൽപ്രവൃത്തിയെ വാനോളം പുകഴ്ത്തി. ഇതു കേട്ട് കുടുംബക്കാർക്ക് എല്ലാം സുഖിച്ചുവെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
അതേസമയം, ഇക്കാര്യം മറ്റുള്ളവർക്കു സുഖിച്ചതുമില്ല. പക്ഷേ, ഇനി തങ്ങൾക്ക് എന്താണു ചെയ്യാനാവുക?

ഒതുക്കത്തിൽ പല പ്രമാണിമാരും പള്ളിമേടയിലേക്ക് ചെല്ലാൻ തുടങ്ങി. പിന്നെയങ്ങോട്ട് കാരുണ്യ പ്രവൃത്തികളുടെ കുത്തൊഴുക്കായിരുന്നു!
അതിനിടയിൽ പള്ളിപ്പറമ്പിൽ ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ തോന്നിക്കുന്ന ശൗചാലയവും പിറന്നു!
നാലഞ്ചു വർഷങ്ങൾ പിന്നിട്ടപ്പോൾ തകർപ്പൻ പാരീഷ് ഹാളും പണികഴിപ്പിച്ചിരുന്നു.
എന്നാൽ, ഇതിനിടയിൽ പണം കളയാൻ കഴിയാത്ത തുരുമ്പരും ദരിദ്രരായ വിഭാഗങ്ങളും മുറുമുറുപ്പുകൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.
അവരുടെ ന്യായവാദങ്ങൾ ഇതായിരുന്നു -
"അച്ചൻ കാശുകാരെ വെറുതെ മുഖസ്തുതി പാടുന്നതുകൊണ്ടാണ് ഈ വികസനമൊക്കെ വരുന്നത്. നേരത്തേ ഇരുന്നിരുന്ന അച്ചമ്മാരൊന്നും നോക്കിയിട്ട് ഒന്നും പറ്റിയില്ലല്ലോ. പ്രസംഗം പൊങ്ങച്ചക്കാരെ പ്രോൽസാഹിപ്പിക്കാനുള്ളതല്ല"

അതേ സമയം, നേരിട്ട് അച്ചനോടു പറയാനും ആരും ധൈര്യപ്പെട്ടില്ല. എന്നിരുന്നാലും ഇരുതലമൂരികൾ അല്പം കൂടി കയ്യിൽ നിന്ന് സംഗതി ഇട്ടു പൊലിപ്പിച്ച് അച്ചന്റെ ചെവിയിലെത്തിച്ചു. എന്നാൽ, അച്ചൻ ഒന്നു ചിരിച്ചതല്ലാതെ യാതൊന്നും പ്രതികരിച്ചില്ല.
അദ്ദേഹവും അവിടെ നിന്നും സ്ഥലം മാറ്റം കിട്ടി ദൂരെയുള്ള ഒരിടത്തേക്കു പോയി. പിന്നീടു വന്ന അച്ചൻ കർക്കശക്കാരനായതിനാൽ ശേഷിച്ച വികസനമൊന്നും നടക്കാതെ വീണ്ടും പഴയ കാല മന:സ്ഥിതിയിലേക്കു മുതലാളിമാർ തിരികെപ്പോയി.
മേൽപറഞ്ഞ വികസനം നടത്തിയ അച്ചനെ ബെന്നിച്ചൻ കുറച്ചു വർഷങ്ങൾക്കു ശേഷം പാലാ ബസ് സ്റ്റാൻഡിൽ വച്ച് അപ്രതീക്ഷിതമായി കണ്ടു-

ഇടവകയ്ക്ക് അന്ന് അത്രയും നന്നായി ചെയ്തിട്ടു പോയ അച്ചന്റെ ആവനാഴിയിൽ ഇനിയും നല്ല കാഴ്ചപ്പാടുകൾ കാണും!
മുഖവുരയ്ക്കു ശേഷം, ബെന്നിച്ചൻ അച്ചനോടു ചോദിച്ചു -
"അച്ചാ, ഞങ്ങളുടെ ഇടവകയിൽ ഇരുന്നപ്പോൾ എത്ര ലക്ഷം രൂപയുടെ വികസനമാണു നടന്നത്. പള്ളീടെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല. എന്താ അച്ചന്റെ ടെക്നിക്ക്?"
"... അതിൽ പറയാൻമാത്രം വലിയ കാര്യമൊന്നുമില്ല. ഞാനല്പം സൈക്കോളജി പ്രയോഗിച്ചു അത്രയേള്ളൂ. പ്രശസ്തിയും മുഖസ്തുതിയും ആഗ്രഹിക്കാത്ത ആരാ ഉള്ളത്? പിന്നെ, ഞാനാ മുമ്പൻ എന്നു വീമ്പടിക്കാനും കുറെയാളുകൾ കാണും"
"അച്ചോ, ഇടവകക്കാര് ചിലർക്ക് എതിർപ്പുണ്ടായിരുന്നു, അച്ചൻ അത് അറിഞ്ഞായിരുന്നോ?"

"ങാ, എല്ലാവരെയും തൃപ്തിയാക്കി വല്ലതും നടക്കുമോ? ഞാനവിടെ വന്നപ്പോൾ പള്ളിമേടയുടെ സ്ഥിതി വളരെ മോശം- ടോയ്‌ലെറ്റ് പോയത്. പാരീഷ് ഹാൾ ഇല്ല. രൂപതയിലെ ഒന്നാന്തരം പള്ളിയാക്കിയിട്ടാ ഞാൻ പോന്നത്"
ഉടനെ അച്ചനു പോകാനുള്ള ബസ് വന്നു സംസാരം മുറിഞ്ഞതിൽ ബെന്നിച്ചനു നഷ്ടബോധം തോന്നി.

3. കല്‍ക്കരിപ്പാളം (Malayalam satire, criticism stories)

ഒരു യൂറോപ്യൻ രാജ്യത്തിൽ നടന്ന സംഭവ കഥ.
ആ രാജ്യത്ത് പണ്ടൊരു കൽക്കരി ഖനി ഉണ്ടായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുമ്പ് അത് അടച്ചു പൂട്ടി. പക്ഷേ, പഴയ കെട്ടിടങ്ങളും തുരുമ്പെടുത്ത സാമഗ്രികളും അവിടേക്കുള്ള റെയിൽപാളങ്ങളും അവശേഷിച്ചു. മുഖ്യ റെയിൽപാതയിൽനിന്ന് കൽക്കരിപ്പാളം തിരിഞ്ഞു പോകുന്നിടത്ത് റെയിൽവേ പുറമ്പോക്കുണ്ടായിരുന്നു. അവിടെ ഇരുപതു കുടുംബങ്ങൾ താമസിച്ചു പോന്നു.
പുറമ്പോക്കിലെ കുട്ടികൾ സാധാരണയായി പാളങ്ങളുടെ വശങ്ങളിലും പാളത്തിലുമൊക്കെ കളിച്ചു നടക്കുന്നതു പതിവാണ് ട്രെയിൻ വരുന്ന ശബ്ദം കേൾക്കുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന കൽക്കരിപ്പാളത്തിലേക്കു മാറി നിൽക്കും.
അങ്ങനെ കാലം പോകവേ, ഒരു വർഷം ആ പ്രദേശത്ത് ഏതോ ആഘോഷം നടക്കുകയാണ്. പട്ടണത്തിലെങ്ങും പാട്ടും നാടകവും മേളവും തകർത്തു. ലൗഡ് സ്പീക്കറുകൾ പാട്ടുകൾ ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരുന്നു.
അന്ന്, അവിടങ്ങളിലുള്ള കുട്ടികൾക്കെല്ലാം സ്കൂൾ അവധിയായതിനാൽ അവർ റെയിൽപാളത്തിലിരുന്ന് പതിവു കളികൾ തുടങ്ങി. എന്നാൽ, അക്കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയെ അവർ കളിക്കാൻ കൂട്ടിയില്ല. അപ്പോൾ, അവൻ പിണങ്ങി കൽക്കരിപ്പാളത്തിലേക്കു പോയി തനിയെ കല്ലുകൾ കൊണ്ട് വീടുണ്ടാക്കി കളിച്ചുതുടങ്ങി.
ഇതിനിടയിൽ- ചൂളം വിളിച്ചുകൊണ്ട് ഒരു ട്രെയിൻ ആ പ്രദേശത്തേക്കടുത്തു
പാട്ടിന്റെ അമിത ശബ്ദം നിമിത്തം കുട്ടികൾ ആരും ഈ അപായ ശബ്ദം കേട്ടില്ല!
കുട്ടികളെ ദൂരെ നിന്നു കണ്ട ട്രെയിൻ ഡ്രൈവർ സഡൻ ബ്രേക്ക് പ്രയോഗിച്ചെങ്കിലും വേഗം കുറഞ്ഞതല്ലാതെ ട്രെയിൻ നിൽക്കില്ലെന്നു മനസ്സിലാക്കിയ അയാൾ കൽക്കരിപ്പാളത്തിലേക്ക് ട്രെയിൻ തിരിച്ചുവിട്ടു!
അവിടെ ഒറ്റയ്ക്ക് കളിച്ചിരുന്ന കൊച്ചു കുട്ടിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ട്രെയിൻ നിന്നു!
അടുത്ത ദിവസങ്ങളിലെ പത്രങ്ങളിൽ ഈ വാർത്ത വന്നത് ഇപ്രകാരമായിരുന്നു -
"ട്രെയിൻഡ്രൈവർക്ക് ധീരതയ്ക്കുള്ള അവാർഡ്"
"ഏഴു കുട്ടികളിൽ ആറു പേരെയും രക്ഷിച്ച് ഡ്രൈവർ രക്ഷകനായി "
ആ ഡ്രൈവർ അനേകം അഭിനന്ദന പ്രവാഹങ്ങളും അവാർഡുകളും ഏറ്റുവാങ്ങി. കൽക്കരിപ്പാളത്തിലെ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരവും കൊടുത്തു. ന്യായമായും അർഹിക്കാത്ത ശിക്ഷയാണ് അവനു കിട്ടിയത്. ഉപയോഗത്തിലിരുന്ന പാളത്തില്‍ കളിച്ചു കുട്ടികൾ ചെയ്ത നിയമലംഘനത്തിന് ആ നിരപരാധി ബലിയാടാകേണ്ടി വന്നു. ഡ്രൈവർ ചെയ്ത നിയമലംഘനവും കുട്ടികളുടെ എണ്ണത്തിനു മുന്നിൽ അപ്രസക്തമായി.
ആശയം - അവസരവാദം നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും ചിലപ്പോൾ വിഴുങ്ങുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾക്കും നിഗമനങ്ങൾക്കും ചിലപ്പോൾ യാതൊരു സത്യവും നീതിയും കാണില്ല. സമൂഹ മനസ്സാക്ഷി നേട്ടങ്ങളുടെ പിറകേ പായുകയാണ്.

4. ബാങ്കിലെ യോഗാ

പതിവുപോലെ അന്നും ബാങ്കിൽ നല്ല തിരക്കായിരുന്നു.
പണമടയ്ക്കാൻ നീണ്ട നിര കാണപ്പെട്ടു. ആ ക്യൂവിൽ നിൽക്കുന്നവരിൽ ഭൂരിഭാഗവും സർട്ടിഫിക്കറ്റ് യോഗ കോഴ്സ് കഴിഞ്ഞ് അതേ സ്ഥാപനത്തിൽ ഡിപ്ലോമ യോഗാ കോഴ്സിന്റെ ഫീസ് അടയ്ക്കാനുള്ളവരാണ്. എന്നാൽ, അവർക്കിടയിൽ മറ്റുള്ള കാര്യങ്ങൾക്ക് പണം ഒടുക്കാനുള്ള ചിലരുമുണ്ടായിരുന്നു.
അവിടെ കൂട്ടുകാർക്കിടയിൽ നിന്ന ബിജേഷിനോട് സഹപാഠി വന്നു പണം നീട്ടിക്കൊണ്ടു രഹസ്യമായി മൊഴിഞ്ഞു -
"എന്റെ ചെല്ലാനും കൂടി അടച്ചേക്ക് "
ബിജേഷ് അതു നിരസിച്ചു -
"പിറകിൽ വേറെ ആവശ്യത്തിന് ക്യൂ നിൽക്കുന്നവരുണ്ട്. ഞാനിത് വാങ്ങിയാൽ ശരിയാവില്ല''
സുഹൃത്ത് കണ്ണിറുക്കി പറഞ്ഞു -
"യോഗ കർമ്മസു കൗസല എന്നാണ് ഭഗവദ്ഗീത പറഞ്ഞിരിക്കുന്നത്"
"എടാ, അത് നീയത് മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്. കർമ്മം വിരുതോടെ കൗശലത്തോടെ ചെയ്യണമെന്നു പറഞ്ഞാൽ പറ്റിക്കണമെന്നും ചതിക്കണമെന്നുമല്ല. നല്ലതായ എളുപ്പവഴികൾ പെട്ടെന്ന് പ്രയോഗിക്കുക"
"എന്തു വഴി? ഞാൻ ഈ പറഞ്ഞതും എളുപ്പവഴിയാ"
"ഏയ്- ഇതല്ല. അതായത്, കൗണ്ടറിൽ ചില്ലറ കൊടുക്കുക, ക്യൂവിൽ നിന്നു കൊണ്ട് ചെല്ലാൻ പൂരിപ്പിക്കാം, അല്ലെങ്കിൽ ഈ സമയം എന്തെങ്കിലും നിന്നു വായിക്കാം, അങ്ങനെയൊക്കെ..."
"...മതി...മതി...ഞാൻ വേറെ ഫ്രണ്ട്സിനെ നോക്കട്ടെ"
ഇങ്ങനെ ക്യൂവിലുള്ള കൂട്ടുകാരെ ഏല്പിച്ച് പലരും ബാങ്കിന്റെ കസേരകളിൽ സുഖമായി ഇരിപ്പുണ്ടായിരുന്നു.
ഇതിനിടയിൽ, പ്രായമായ ഒരാൾ നീണ്ട നിരയുടെ പിറകിൽ നിന്ന് ബഹളമുണ്ടാക്കിത്തുടങ്ങി -

"ഇങ്ങനെ ഓരോ കുട്ടിയും നാലഞ്ചു പേരുടെ ചെല്ലാനടയ്ക്കാൻ തുടങ്ങിയാൽ ഇവിടെ നിൽക്കുന്നവരെന്താ പൊട്ടന്മാരാണോ?"
അപ്പോൾ ബിജേഷ് സുഹൃത്തിനെ കണ്ണിറുക്കി കാണിച്ചു.
ആശയം -
അറിവിനെ വളച്ചൊടിക്കാൻ പലരും ശ്രമിക്കാറുണ്ട്. തങ്ങളുടെ സൗകര്യത്തിന് തോന്നുംപോലെയങ്ങ് നിർവചിച്ചുകളയും. അറിവുള്ളവർ കാണിക്കുന്ന തെറ്റുകളെ തിരുത്തി ജയിക്കാനും വളരെ ബുദ്ധിമുട്ടാണ്.

5. ശത്രുവിന്റെ ആശയം

രോഗിയായ സുഹൃത്തിനെ കാണാനായി രമേശൻ ആശുപത്രിമുറിയിലെത്തി. അവിടെ വേറെ നാലുപേരും കൂടി അയാളുടെ ചുറ്റിനും വർത്തമാനം പറഞ്ഞു കൊണ്ട് ഇരിപ്പുണ്ടായിരുന്നു. അവർക്കൊപ്പം രമേശനും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ രോഗിയെ സന്ദർശിക്കാൻ രമേശന്റെ നാട്ടുകാരനായ ഷിജു മുറിയിൽ പ്രവേശിച്ചു.
അതോടെ അവരുടെ മാത്രമല്ല, രോഗിയുടെ മുഖത്തും ലേശം മ്ലാനത പടർന്നു. കാരണം, ഷിജുവിന്റെ സ്വഭാവം അവർക്കു നന്നായി അറിയാം-
നല്ലതൊന്നും അയാളുടെ നാവിൽ നിന്നും വരാറില്ല. ആരുടെയെങ്കിലും കുറ്റം സദാസമയവും വിളമ്പിക്കൊണ്ടിരിക്കും. നാട്ടിൽ ചെന്ന് രോഗവിവരം പെരുപ്പിച്ചു പറയുമെന്ന് രോഗിയും ഉറപ്പാക്കി.
ആരുടെയും അനുവാദത്തിനു നിൽക്കാതെ ഷിജു പതിവു ശൈലിയിൽ പരദൂഷണം തുടങ്ങി. ഇത്തവണ ഈ സ്വകാര്യ ആശുപത്രിയായിരുന്നു ഇര!
ഡോക്ടർമാരുടെ അനാവശ്യമായ മരുന്നു കുറിക്കൽ, ലാബ് ടെസ്റ്റ്, സ്കാനിങ്ങ് , അമിത ചികിൽസാഫീസ്, കമ്മീഷൻ, മലിനീകരണം, കന്റീൻ തട്ടിപ്പ്, നഴ്സുമാരുടെ ശമ്പളക്കുറവ് അങ്ങനെ പോയി പരാതികൾ.
കുറച്ചു കഴിഞ്ഞപ്പോൾ രോഗിയെ എം.ആർ.ഐ ചെയ്ത പോലെ ഷിജു കടിച്ചു കുടഞ്ഞു!
സംസാരത്തിന് വേണ്ടത്ര പിന്തുണ കിട്ടാത്തതിനാൽ അയാൾ വേറെ ആരെയോ വേട്ടയാടാനായി അവിടം വിട്ടു.
അപ്പോൾ, അവർ അഭിപ്രായപ്പെട്ടു -
"നാശം! ഇവനൊക്കെ ഏതു സമയത്താണാവോ ഉണ്ടായത്?"
അതിനു മേമ്പൊടിയായി ഷിജുവിന്റെ ചില ചെയ്തികൾ ദൃഷ്ടാന്തമായി പറയുകയും ചെയ്തു.
അന്നേരം, രമേശൻ ലേശം വ്യത്യസ്തനായി -
"അയാൾ പറഞ്ഞതു മുഴുവൻ കുറ്റമാണെങ്കിലും ഡിസ്ചാർജ് ചെയ്യാൻ നേരം കാന്റീൻ ബിൽ ഒന്നു ശ്രദ്ധിച്ചേക്കണം"

ഒരാഴ്ച കഴിഞ്ഞപ്പോൾ രമേശനെ സുഹൃത്ത് വിളിച്ചു -
"എടാ, രമേശാ.. താങ്ക്സ്, അന്ന് ഞാൻ ആശുപത്രി വിടാൻനേരം കാന്റീൻകാരുമായി കശപിശയുണ്ടായി. അവര് ഒരു ബിരിയാണി തിരുകിക്കയറ്റി നൂറ്റമ്പതു രൂപ കൂട്ടിയടിച്ചു പറ്റിക്കാൻ നോക്കീടാ, നീ അന്നു പറഞ്ഞതുകൊണ്ടാണ് ഞാൻ ബില്ല് ശ്രദ്ധിക്കാൻ കാര്യം''
"... അതെന്റെ ബുദ്ധിയിൽ തോന്നിയ കാര്യമൊന്നുമല്ലന്നേ. ഷിജു അവിടെ പറഞ്ഞിട്ടു പോയ കുറ്റങ്ങൾ കേട്ടതിൽ നിന്ന് ഞാൻ നോട്ടു ചെയ്തതാ"
ആശയം -
നല്ല ആശയങ്ങൾ ആണെങ്കില്‍ ശത്രുവിൽ നിന്നു പോലും സ്വീകരിക്കാൻ നാം മടിക്കരുത്. മാത്രമല്ല, എല്ലാം നല്ലതുമാത്രം കിട്ടുന്ന ഒരിടവും കാണാനാവില്ല. ഏതു സാഹചര്യങ്ങളിലും നമുക്കു വേണ്ടത് വലിച്ചെടുക്കാൻ നാം പരിശീലിക്കണം.

6. കാലുവാരികള്‍

ഒരു സർക്കാർ സ്ഥാപന സമുച്ചയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് ആളുകളെ തെരഞ്ഞെടുക്കുന്നുവെന്ന് പത്രത്തിലെ കൊച്ചുവാർത്ത വായിച്ചപ്പോൾ ബിജേഷിന്റെ മനസ്സിൽ കുളിരു കോരി.
ഒരു കെട്ട് സർട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പികളും ബാഗിൽ കുത്തിനിറച്ച് അവൻ അങ്ങോട്ടു വച്ചുപിടിച്ചു.
അവിടെ ചെന്നപ്പോൾ ടൗണിലുള്ള ഓഫീസല്ല പകരം, ഹെഡ് ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക. പത്രക്കുറിപ്പിൽ സ്ഥാപനത്തിന്റെ പേരല്ലാതെ സ്ഥലം കൊടുത്തിട്ടില്ലായിരുന്നു. അതിനാൽ, വേറെ മുപ്പതോളം ആളുകളും വെപ്രാളപ്പെട്ടു. അവന്റെ ടൈം മാനേജ്മെന്റ് തകിടം മറഞ്ഞു. അവിടെ എത്തിയപ്പോൾ സമയം 11:05 !

പതിനൊന്നു മണിക്ക് ഹാജരാകണമെന്ന് പത്രക്കുറിപ്പ്!
പരീക്ഷാഹാളിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല. കാരണം, ഇന്റർവ്യൂ എന്നു പറഞ്ഞിട്ട് എഴുത്തുപരീക്ഷയാണു പോലും!
പലരോടും പറഞ്ഞു നോക്കിയിട്ടും ഫലം നിരാശയായിരുന്നു. ഒടുവിൽ, വൈകിയെത്തിയ ആ സംഘം അഭിപ്രായപ്പെട്ടു -
"നമുക്ക് ഒരു പരാതി കൊടുക്കാം ചിലപ്പോൾ കയറ്റി വിട്ടേക്കും''
എല്ലാവരും ധൈര്യസമേതം ചൂടൻ വാദങ്ങൾ നിരത്തി

പ്രോൽസാഹിപ്പിച്ചപ്പോൾ ബിജേഷ് പരാതി എഴുതി സെക്യൂരിറ്റിയെ ഏൽപ്പിച്ചത് അയാൾ മുകളിലെത്തിച്ചു.
ഉടൻ വാതിൽ തുറന്ന് ഒരു ലേഡി സൂപ്രണ്ട് ദേഷ്യത്തോടെ പറഞ്ഞു -
"ആരാണിത് തന്നത്?"
അന്നേരം, ഉദ്യോഗാർഥിസംഘം പൊട്ടൻ കളിച്ചു. ആരോ ബിജേഷിനെ ചൂണ്ടിക്കാട്ടി
'' മാഡം വിളിക്കുന്നു .. ചെല്ല്.. ചെല്ല്"
എന്നു പറഞ്ഞു.
ആ സ്ത്രീ അല്പം പുഛ രസത്തിൽ പറഞ്ഞു -
"എഴുതിയ ആൾ ഇവിടെ നിൽക്ക്. മറ്റുള്ളവർ ടെസ്റ്റിനു കയറിക്കോളൂ"
അതു കേൾക്കേണ്ട താമസം, ബിജേഷിനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവർ ഓടി!

മാഡം തുടർന്നു -
"ഞങ്ങളുടെ നോട്ടിഫിക്കേഷൻ കണ്ടിട്ട് പതിനൊന്നിനു മുമ്പ് എത്രയോ കാൻഡിഡേറ്റ്സ് വന്നു. ഇയാൾക്കു മാത്രമെന്താ ഇത്ര പ്രത്യേകത?''
"മാഡം, പത്രത്തിൽ സ്ഥാപനത്തിന്റെ പേരല്ലാതെ സ്ഥലം കൊടുത്തിട്ടില്ലായിരുന്നു. ടൗണിലെ റീജണൽ ഓഫീസിൽ പോയതുകൊണ്ടാണ് ലേറ്റായത്"

"താൻ ഒരു കാര്യം ചെയ്യൂ. നല്ല പരസ്യം വരുന്ന ജോലിക്ക് അപ്ലെ ചെയ്തോളൂ"
ആ സ്ത്രീ കുലുങ്ങി മറിഞ്ഞ് അകത്തേക്കു പോയി. ബിജേഷ് പുറത്തേക്കും.
ആശയം -
മറ്റുള്ളവരെ ചാക്കിലാക്കി കാലാൾപടയെപ്പോലെ തള്ളിവിടുന്നവരുണ്ട്. ബലിയാടാകുന്നവരെ തിരിഞ്ഞു പോലും നോക്കാതെ അവർ സ്ഥലം വിടും.
നിങ്ങൾ ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തുള്ള ആളെങ്കിൽ ജോലിക്കായി പരക്കം പായുന്നവരെ ബുദ്ധിമുട്ടിക്കാത്ത നിയമനമാർഗങ്ങൾ സ്വീകരിക്കുക.
മുൻകൂട്ടി ശമ്പളം അറിയിക്കുക.
സമയവും സ്ഥലവും വ്യക്തമാക്കുക.
ഇന്റർവ്യൂ ഘടനയും പരീക്ഷാ സ്വഭാവങ്ങളും സൂചിപ്പിക്കുക.
യോഗ്യത, പ്രായം എന്നിവ വ്യക്തമാക്കുക.
പത്ര പരസ്യം ചെറുതെങ്കില്‍ വെബ്സൈറ്റില്‍ പൂര്‍ണമായും കൊടുക്കുക.
വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്ത് പഴയകാല ശല്യങ്ങള്‍ കളഞ്ഞ് കണ്ടുപിടിക്കാന്‍ എളുപ്പമാക്കുക.

7. കുളത്തിലെ ഭൂതം

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം ഭരിച്ചിരുന്നത് പ്രഗൽഭനായ വീരവർമ്മൻ എന്ന രാജാവായിരുന്നു. വീരവർമ്മന്റെ കാലശേഷം ഭരണം മകനായ കേശുവർമ്മനു വന്നു ചേർന്നു. പക്ഷേ, അയാൾ മുൻകോപിയും മണ്ടനുമായിരുന്നു.
അക്കാലത്ത്, സിൽബാരിപുരംരാജ്യത്ത് ഒട്ടേറെ പുഴകളും കുളങ്ങളും തോടുകളുമൊക്കെ ഉണ്ടായിരുന്നു. ഓരോ തറവാടിനും ഓരോ കുളമുണ്ടായിരുന്നു. അതിരാവിലെ എണീറ്റ് കുളത്തിൽ മുങ്ങി നിവർന്നില്ലെങ്കിൽ ആളുകൾക്ക് ഒരു മനസ്സുഖവുമുണ്ടാവില്ല. കൊട്ടാരത്തിനു സമീപമുള്ള രാജവീഥിയുടെ കിഴക്കുവശത്ത് മാളികക്കുളം എന്നു പേരുള്ള ഒരു കുളമുണ്ടായിരുന്നു.
അന്തപ്പുര സ്ത്രീകൾക്കു മാത്രമേ അവിടെ കുളിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം- രാജകുമാരി തോഴികളുമൊത്ത് കുളിക്കാൻ വന്നു. പതിവുപോലെ അവൾ, രത്നമാലയും വസ്ത്രങ്ങളും അഴിച്ചു കുളനടയിൽ വച്ചു.
പിന്നെയങ്ങോട്ട് വെള്ളത്തിൽ മുങ്ങിക്കുളിച്ചു, മുങ്ങിക്കളിച്ചു. വെള്ളം കലങ്ങി മറിഞ്ഞു. എപ്പോഴും ഈ കളികളിൽ കുമാരി മാത്രമായിരിക്കും ജയിക്കുക!
കാരണം, ഏതെങ്കിലും കാര്യത്തിൽ മകൾ തോറ്റെന്ന് കേശുരാജാവ് അറിഞ്ഞാൽ കൂട്ടുകാരും കുടുംബവും രാജാവിന്റെ അപ്രീതിക്കു പാത്രമാകും!
അതിനാൽ, എപ്പോഴും കുമാരിയെ സന്തോഷിപ്പിക്കാനാവും തോഴികൾ ശ്രദ്ധിക്കുക.

കുമാരിയും തോഴിമാരും കുളിച്ചു കയറിയപ്പോൾ രത്നമാല കാണാനില്ല!
രത്നമാലയുടെ തിളക്കം കണ്ട് കാക്ക കൊത്തിക്കൊണ്ട് പറന്നതായിരുന്നു കാരണം. പക്ഷേ, ആരോ മോഷ്ടിച്ചെടുത്തതായി തെറ്റിദ്ധരിച്ച് അവർ രാജാവിനെ അറിയിച്ചു.
ഇതു കേട്ട്, കേശുവർമ്മന് കലിയിളകി. അയാൾ ഒറ്റയ്ക്ക് കുളത്തിനരികെ വന്നു. രാജാവ് കുളത്തിലേക്കു നോക്കിയപ്പോൾ ഞെട്ടി!
അതാ, വെള്ളത്തിൽ രത്നമാല തിളങ്ങുന്നു!

മറ്റൊന്നും ആലോചിക്കാതെ അയാൾ വെള്ളത്തിലേക്ക് എടുത്തു ചാടി. കുളത്തിനടിയിലെ ചേറിൽ തപ്പിയെങ്കിലും ഒന്നും കണ്ടില്ല. ഏറെ നേരം വെള്ളത്തിൽ മുങ്ങി അവശനായി കുളനടയിൽ കുറെ നേരം കേശുവര്‍മ്മന്‍ തളർന്നിരുന്നു.
സമയം കൊണ്ട് വെള്ളം തെളിഞ്ഞു നിശ്ചലമായി. അപ്പോൾ
വീണ്ടും രത്നമാലയും തിളക്കവും വെള്ളത്തിൽ പ്രത്യക്ഷപ്പെട്ടു!
ഉടൻ, കേശുവർമ്മൻ ഞെട്ടിയെണീറ്റു-
"അയ്യോ! ഇതു ഭൂതത്തിന്റെ വേലത്തരമാണ് !"

കേശുവർമ്മൻ പേടിച്ചോടി അണച്ചു കൊണ്ട് കൊട്ടാരത്തില്‍ ചെന്നു കയറി.
അടുത്ത ദിവസം രാജാവ് പുതിയ കല്പന പുറപ്പെടുവിച്ചു -
"മേലിൽ, ആരും ഭൂതബാധയുള്ള മാളികക്കുളത്തിന്റെ പരിസരത്ത് പോകാൻ പാടില്ല "
ഒരാഴ്ച കഴിഞ്ഞപ്പോൾ, രാജകുമാരിയുടെ ജന്മദിനം വന്നെത്തി. അന്നാട്ടിലെ ഏറ്റവും ആഘോഷം നടക്കുന്ന ദിനം. കൊട്ടാരത്തിൽ അനേകം വിശിഷ്ടാതിഥികൾ വരുന്നതുകൊണ്ട് സ്വാദിഷ്ടമായ കോഴിക്കറി ഉണ്ടാക്കാൻ അമ്പതു കോഴികളെ കാലുകൾ കൂട്ടിക്കെട്ടി കൊട്ടാരത്തിന്റെ പിറകു വശത്ത് ഇട്ടിട്ടുണ്ടായിരുന്നു. അവിടെ ഒരു പൂവൻകോഴി അവന്റെ കാലിലെ കെട്ടുകൾ അഴിച്ച് പറന്നു പോയി.

"എടാ, ശങ്കൂ, അതിനെ വേഗം പോയി പിടിച്ചോണ്ടു വാടാ"
രാജാവ് അലറിയപ്പോൾ ഭൃത്യൻ ശങ്കു കോഴിക്കു പിന്നാലെ പാഞ്ഞു. കോഴി പറന്ന് മാളികക്കുളത്തിന്റെ മതിലും കടന്ന് അകത്തേക്കു പോയി. എങ്ങനെയും കോഴിയെ പിടിച്ചില്ലെങ്കിൽ രാജാവിന്റെ ചാട്ടവാർ തന്റെമേൽ പതിയുമെന്ന് അവനറിയാം. അതുകൊണ്ട്, മാളികക്കുളത്തിന്റെ പടവുകൾ ഇറങ്ങി അവിടമാകെ അവൻ പരതി. പക്ഷേ, കോഴി ഇതിനോടകം തന്നെ അപ്പുറത്തെ മതിലും കടന്നു പറന്നു രക്ഷപ്പെട്ടിരുന്നു.
വെള്ളത്തിൽ എത്തി നോക്കിയപ്പോൾ എന്തോ തിളങ്ങുന്ന പോലെ തോന്നി ശങ്കു പറഞ്ഞു -

"ഹും. ഭൂതത്താൻ വെള്ളത്തിനടിയിലുണ്ട്. അവന്‍ കോഴിയെ തിന്നിരിക്കുന്നു. കോഴിയില്ലാതെ ഇനി ഞാന്‍ എങ്ങനെ കൊട്ടാരത്തില്‍ ചെല്ലും? മിന്നുന്നതു കണ്ട് ആരെങ്കിലും വെളളത്തിലിറങ്ങിയാൽ ഭൂതം മുക്കിക്കൊല്ലും. കേശു രാജാവ് പറഞ്ഞതു സത്യമാണ്''
അവൻ പെട്ടെന്ന് കുളപ്പടവുകൾ കയറി വെളിയിലിറങ്ങിയതും-
"നിൽക്കടാ അവിടെ! രാജകല്പന ലംഘിച്ച ഇവനെ പിടിച്ചുകെട്ട്!"
കുറെയാളുകൾ എവിടന്നൊക്കയോ ഓടിക്കൂടി.
അവനെ പിടിച്ചുകെട്ടി രാജാവിന്റെ മുന്നിലെത്തിച്ചു. ശങ്കുവിന്റെ കയ്യിൽ കോഴിയില്ലെന്നു കണ്ടപ്പോൾ കേശുവർമ്മനു കലിപ്പിളകി -
"എന്റെ കല്പന ധിക്കരിച്ച ഇവന് പത്തു ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു. നാളെ നേരം വെളുക്കുമ്പോൾ ഈ നാട്ടിലെങ്ങും കണ്ടു പോകരുത്!"

ചാട്ടവാറിന്റെ അടികളേറ്റിട്ടും ശങ്കു കരഞ്ഞില്ല. പകരം, അവന്റെ മനസ്സിൽ ഭൂതത്താനോടുള്ള പകയാണു ജ്വലിച്ചത്. അവിടന്ന് ഇറങ്ങി നടന്നു. ചന്തയിൽ നിന്ന് നല്ല തിളക്കമുള്ള പുതിയ കഠാര മേടിച്ചു. നല്ല നിലാവുള്ള അന്നു രാത്രിയിൽ മടിക്കുത്തിൽ കഠാരയുമായി ശങ്കു പതുങ്ങി മാളികക്കുളത്തിന്റെ കല്പടവുകൾ ഇറങ്ങി. ഇത്തവണയും വെള്ളത്തിൽ തിളക്കം കണ്ടു.

ഉടന്‍, ഭൂതത്താനു നേരേ ശങ്കു തന്റെ കഠാര നീട്ടി. അത്ഭുതം! അപ്പോൾ അനങ്ങുന്ന മറ്റൊരു തിളക്കം കൂടി വെള്ളത്തിൽ പ്രത്യക്ഷപ്പെട്ടു!
തന്റെ കഠാരയുടെ നിഴലാണെന്നു മനസ്സിലായപ്പോൾ ശങ്കു പെട്ടെന്ന് ഓർത്തു - മറ്റേ തിളക്കവും മുകളിൽ നിന്നാണോ? അവൻ മുകളിലേക്കു നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന ആൽമരത്തിന്റെ ശിഖരത്തിൽ എന്തോ ഒന്ന് തിളങ്ങുന്നു. അതിന്റെ നിഴലാണ്!

പിന്നെ, ഒട്ടും താമസിച്ചില്ല, വേഗം ആലിന്റെ ശിഖരത്തിലൂടെ പിടിച്ചു നടന്ന് തിളക്കത്തിന്റെ അടുക്കലെത്തി. ശങ്കുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല - അമൂല്യമായ രത്നമാല !
ശങ്കു രത്നമാല മടിക്കുത്തിൽ തിരുകുമ്പോൾ പിറുപിറുത്തു-
"മരമണ്ടയിലെ മാലയെ പേടിച്ച മരമണ്ടൻ രാജാവ്!"
അന്നു രാത്രിയിൽ, കോസലപുരംരാജ്യത്തേക്ക് ശങ്കു ഒളിച്ചു കടന്നു. പിന്നെ, സ്വന്തമായി മാളിക പണിത് പ്രഭുവായി ജീവിച്ചു.
ആശയം -
മറ്റുള്ളവരുടെ നിഴലിനെ പിന്തുടരുന്ന ചില മനുഷ്യർ !
സ്വന്തം നിഴലിനെ തിരിച്ചറിയാത്ത മറ്റു ചിലർ!
നിഴലേത് , യാഥാർഥ്യമേത് എന്നറിയാത്തവർ !
പ്രതിബിംബങ്ങൾ യഥാർഥവും അയഥാർഥവും എന്ന് രണ്ടു തരമുണ്ടെന്ന് ഭൗതികശാസ്ത്രം (ഫിസിക്സ്) നമ്മെ പഠിപ്പിക്കുന്നു-
സിനിമാ സ്ക്രീൻ, കണ്ണിന്റെ റെറ്റിന, കോൺവെക്സ് ലെൻസ്, കോൺകേവ് കണ്ണാടി എന്നിവയൊക്കെ തരുന്ന പ്രതിബിംബങ്ങൾ യഥാർഥങ്ങളാണ്. എന്നാൽ അവിടെ സാധാരണയായി തലതിരിഞ്ഞതായിരിക്കും നിഴലുകൾ!
എന്നാൽ, മുറിയിലെ കണ്ണാടിയിൽ കാണുന്നതും വാഹനത്തിന്റെ റിയര്‍വ്യൂ കണ്ണാടിയിൽ കാണുന്നതും അയഥാർഥ പ്രതിബിംബമാണ്. പക്ഷേ, നേരേയായിരിക്കും!

അനേകം നിഴലുകളിൽനിന്ന് സത്യ-നീതി-ന്യായ-ധർമ്മനിഴലുകൾ കണ്ടു പിടിക്കണമെങ്കിൽ അല്പം തലതിരിഞ്ഞു ചിന്തിക്കേണ്ടി വരും!
അപ്പോൾ മാത്രമാണ്, നാം വിശ്വസിക്കുന്ന പല തത്വസംഹിതകളും ചൂഷണ നിഴലുകളാണെന്ന് വെളിപ്പെടുന്നത്!
labels: Malayalam digital books, ebooks, critic, criticism, satire stories free online reading. vimarshanakathakal, irony, paradox. 
This branch of literature have some importance in criticism, social awareness and which will be against social evils. A critic usually aims at the overall improvement to the society. Some selected stories from my own eBooks for online quick reading!

Comments