പഞ്ച സത്യങ്ങളും ദാര്‍ശനിക പശ്ചാത്തലവും ധര്‍മ സംഹിതകളും ഉപദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന കഥകള്‍ പോലെയുള്ള പുരാതന ഗ്രന്ഥങ്ങളാകുന്നു പുരാണങ്ങള്‍. ഭാരതീയരുടെ സംസ്കാരത്തെയും ജീവിതശൈലിയെയും ഇത് വളരെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
മഹാപുരാണങ്ങള്‍ പതിനെട്ട്. അതില്‍, വിഷ്ണുപുരാണവും ശിവപുരാണവും ബ്രഹ്മപുരാണവും ഭാഗവതപുരാണവും നാരദപുരാണവുമൊക്കെ ഏറെ ശ്രദ്ധേയം. പുരാണങ്ങള്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ വേദവ്യാസന്‍ രചിച്ചതെന്നു കരുതപ്പെടുന്നുവെങ്കിലും ഗവേഷകര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങളുണ്ട്.
പുരാണങ്ങള്‍ നല്‍കുന്ന അറിവുകളും കഥകളും സന്ദേശങ്ങളും ഈ പരമ്പരയിലൂടെ വായിക്കൂ...
ബിനോയി തോമസ്
1. പ്രത്യാശയുടെ ഫലം (മലയാളം പുരാണകഥകള്‍ )
ഒരിക്കൽ പരമശിവനും ശ്രീപാർവതിയും കൂടി സന്തോഷത്തോടെ ഭൂമിയിലെ ഓരോ കാഴ്ചകൾ ആസ്വദിച്ച് പോകുകയായിരുന്നു.
അതിനിടയിൽ, ഒരു സ്ഥലത്തിനു മീതെ എത്തിയപ്പോൾ അവിടമാകെ വരൾച്ച ബാധിച്ചതായി പാർവ്വതി ശ്രദ്ധിച്ചു.
ഉടൻതന്നെ പാർവ്വതി ശിവനോടു ചോദിച്ചു:
"പണ്ട്, നാം ഇതിലൂടെ പോയപ്പോൾ വളരെ മനോഹരമായ സ്ഥലമായിരുന്നല്ലോ ഇത്. എന്നാൽ, ഇപ്പോൾ ഈ ഭൂപ്രദേശമെല്ലാം എങ്ങനെയാണ് ഒരു പുൽക്കൊടി പോലുമില്ലാതെ ഇങ്ങനെയായത്?"
"ലോകം സദാസമയവും മാറിക്കൊണ്ടിരിക്കുന്ന ഒന്നാകയാൽ ഇങ്ങനെയൊക്കെ വന്നു ഭവിക്കുന്നു. വരൂ... വെറുതെ അതിനേക്കുറിച്ച് സംസാരിച്ച് സമയം കളയേണ്ട"
ശിവൻ മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോൾ പാർവ്വതി അവിടത്തന്നെ നിന്നുകൊണ്ട് പറഞ്ഞു:
"ഈ സ്ഥലത്തിന്റെയും ഇവിടെ പാർക്കുന്ന ഗ്രാമവാസികളുടെയും ഇനിയുള്ള ഭാവി എപ്രകാരമായിരിക്കുമെന്ന് അങ്ങ് പറഞ്ഞുതന്നിട്ടേ ഞാൻ ഇനി യാത്രയുള്ളൂ"
അപ്പോൾ ശിവൻ പറഞ്ഞു:
"ഇനിയുള്ള പന്ത്രണ്ടു വർഷങ്ങൾ ഇവിടെ ഒരു തുള്ളി മഴ പെയ്യില്ല. അങ്ങനെ ഇവിടെ ജീവിക്കുന്നവർ പട്ടിണിമൂലം മരണമടയും. മരിക്കാത്തവർ നരകതുല്യമായി ജീവിക്കും"
പാർവതി ഇതു കേട്ട് ഞെട്ടി!
"ഹൊ! ഭയങ്കരംതന്നെ! എന്തിനാണ് അവരെ ഇങ്ങനെ ദുരിതത്തിലാക്കുന്നത്?
അങ്ങയുടെ കയ്യിലിരിക്കുന്ന കുഴൽ ഒന്ന് ഊതിയാൽ മഴ പെയ്യുമല്ലോ. അന്നേരം അവരുടെ നാശനഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം തീരില്ലേ?"
"അങ്ങനെയല്ല പ്രിയേ, ഇവിടെ പന്ത്രണ്ടു വർഷത്തെ ദുരിത ഫലങ്ങൾ അനുഭവിക്കണമെന്ന് ഒരു വിധിയുണ്ട്"
പരമശിവന്‍റെ മറുപടി കേട്ട് പാർവതി വിഷമത്തോടെ താഴേക്കു നോക്കിയപ്പോൾ അതാ, ദൂരെ ആ വരണ്ട ഭൂമിയിലൂടെ എന്തോ നീങ്ങുന്നു!
"അതെന്താ അവിടെ മുന്നോട്ടുപോകുന്നത്?"
പാർവതിയുടെ ചോദ്യത്തിന് മറുപടിയായി ശിവൻ പറഞ്ഞു:
"അതൊരു പാവം കർഷകൻ. അയാൾ കൃഷിയിറക്കാൻ പാടം ഉഴുതു മറിക്കുകയാണ് "
അപ്പോൾ പാർവതിക്ക് ആശ്ചര്യമായി.
"മഴ പെയ്യാത്ത അവിടെ എന്തു കിട്ടാനാണ് അയാൾ ഈ വേല ചെയ്യുന്നത്?"
"ഇപ്പോൾ പാടം ഉഴുവുന്നതിൽ പ്രയോജനമൊന്നുമില്ലെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, അവൻ പ്രത്യാശ വെടിഞ്ഞിട്ടില്ല. താമസിയാതെ മഴ പെയ്യുമെന്നും അപ്പോൾ പെട്ടെന്ന് വിത്ത് എറിയാനുമുള്ള ആ പ്രതീക്ഷയാൽ ഇങ്ങനെ ചെയ്തു പോകുന്നതാണ്"
പാർവതി വീണ്ടും വിഷമിച്ചെങ്കിലും ഒരാശയം മനസ്സിലുദിച്ചു.
"അങ്ങ് പന്ത്രണ്ട് വർഷമൊക്കെ കുഴൽ ഊതാതിരുന്നാൽ കുഴലൂത്ത് അങ്ങ് മറന്നു പോയാലോ? മറക്കാതെ ഇടയ്ക്കൊക്കെ ഒന്ന് ഊതാമല്ലോ?"
അതുകേട്ട് ശിവൻ സന്തോഷപൂർവം തന്റെ കുഴൽ ചുണ്ടിൽവച്ച് ഊതി.
അത്ഭുതം!
പെട്ടെന്ന് മാനത്ത്, മഴക്കാറ് ഉരുണ്ടുകൂടി. ഇടിവെട്ടിന്റെ അകമ്പടിയോടെ മഴ തിമിർത്തു പെയ്തു. വിത്തുകൾ പാടത്തേക്ക് വാരിയെറിഞ്ഞ ആ കർഷകനോടൊപ്പം ഗ്രാമവാസികൾ ആനന്ദനൃത്തം ചവിട്ടി.
പാർവതി കുസൃതിയോടെ പരമശിവനെ പറ്റിച്ച മട്ടിൽ നോക്കി ചോദിച്ചു:
"ഇവിടം പന്ത്രണ്ടു വർഷത്തെ വറുതിയിലായിരിക്കുമെന്ന് അങ്ങ് പറഞ്ഞിട്ട് ഇപ്പോൾ എന്താണ് സംഭവിച്ചത് ?"
അനന്തരം പരമശിവൻ പറഞ്ഞു:
"നോക്കൂ... പാർവതീ... ഒരു മനുഷ്യന്റെ വിധി ആർക്കും നിശ്ചയിക്കാൻ സാധ്യമല്ല.
പ്രത്യാശയുളളിടത്ത് അത് ഈശ്വരനിയോഗംപോലെ മാറിമറിയുന്ന ഒന്നായിരിക്കും. ഈ കൃഷിക്കാരന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. അയാളുടെ പ്രത്യാശയുടെ മുൻപിൽ വരൾച്ചയുടെ വിധി മാറിക്കൊടുത്തു”
ആശയം ...
മനുഷ്യന്റെ ജീവിത യാത്രയ്ക്ക് വേണ്ട ഒന്നാന്തരം ഇന്ധനമാണ് പ്രത്യാശ. അതുള്ളവര്‍ക്ക് പ്രകൃതിയിലെ ഓരോ അണുവും ലക്ഷ്യപ്രാപ്തിക്കായി പിന്തുണയ്ക്കുന്നു. അങ്ങനെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവനെ പ്രാപ്തനാക്കുന്നു. അതേസമയം, ദുരാശകളെ പ്രത്യാശകളായി തെറ്റിദ്ധരിക്കരുത്.
2. പുരാണങ്ങള്‍- അറിവുകള്‍
പുരാണങ്ങള്‍
പുരാണങ്ങള്‍ പതിനെട്ട് എണ്ണമുണ്ട്. ബ്രഹ്മം , പത്മം , വിഷ്ണു , ശിവ ,ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത ,ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ , ഗാരുഡ , ബ്രഹ്മാണ്ഡ ,മാത്സ്യപുരാണങ്ങള്‍.ത്രിലോകങ്ങള്‍
സ്വര്‍ഗം, ഭൂമി, പാതാളംത്രിഗുണങ്ങള്
സത്വഗുണം, രജോഗുണം, തമോഗുണംത്രികര്മ്മങ്ങള്
സൃഷ്ടി, സ്ഥിതി, സംഹാരംത്രികരണങ്ങള്
മനസ്സ്, വാക്ക് , ശരീരംബ്രഹ്മാവിന്റെ വാഹനം
അരയന്നംഹാലാഹലം
പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായ ലോകനാശക ശക്തിയുള്ള വിഷം.പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം
ഓംപുരാരി
ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ ശിവനെ പുരാരി എന്നു വിളിക്കുന്നു.ത്രിസന്ധ്യകള്‍
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം (പ്രഭാതം , മദ്ധ്യാഹ്നം, പ്രദോഷം)കൃഷ്ണദ്വൈപായനന്‍
വേദവ്യാസന്‍. കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍. ദ്വീപില്‍ജനിച്ചതിനാല്‍ ദ്വൈപായനന്‍. ഇവ രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍.ചതുരുപായങ്ങള്‍
സാമം ,ദാനം, ഭേദം ,ദണ്ഡംചതുര്ദന്തന്
നാല് കൊമ്പുള്ളതിനാല്‍ ഇന്ദ്രവാഹനത്തെ ഐരാവതം അഥവാ ചതുര്‍ദന്തന്‍.
ചതുരാശ്രമങ്ങള്‍
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്യാസം
ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്ക്കുന്നവന്വേദവ്യാസന്റെ അച്ഛനമ്മമാര്‍
പരാശരനും സത്യവതിയുംപഞ്ചമവേദം
മഹാഭാരതം- എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത അടങ്ങിയിരിക്കുന്നതു കൊണ്ട്.പഞ്ചഭൂതങ്ങള്‍
ഭൂമി , ജലം , തേജസ്സ് , വായു , ആകാശംപഞ്ചകര്മ്മങ്ങൾ
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി ,നാശം അനുഗ്രഹം , തിരോധാനം)
ഷഡ് വൈരികള്‍
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .ഷഡ്ശാസ്ത്രങ്ങള്‍
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്സപ്തര്ഷികള്
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.സപ്ത ചിരഞ്ജീവികള്‍
അശ്വത്ഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ ,പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിക്കുന്നുവെന്ന് പുരാണം.പഞ്ചലോഹങ്ങള്‍
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്ണംപഞ്ചാമൃതം
പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ എന്നീ അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം.പഞ്ചദേവതകള്‍
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
പഞ്ചദേവതമാര്‍ ഏതിന്റെ ദേവതകളാണ്
ആകാശത്തിന്റെ ദേവന്‍- വിഷ്ണു , അഗ്നി- ദേവി , വായു- ശിവന്‍ , ഭൂമി-ആദിത്യന്‍ , ജയത്തിന്റെ ദേവന്‍- ഗണപതിയുഗങ്ങള്
കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗംദാരുകന്
ശ്രീകൃഷ്ണന്റെ തേരാളി, മഹിഷാസുരന്റെ ഒരു തേരാളി, ഗരുഡന്റെ ഒരു പുത്രൻ. ഇവരില്‍ ആരുമാകാം.ഉദ്ധവന്‍
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നുഭഗവത്സ്പര്ശത്താല് സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി
പൂതനശ്രീകൃഷ്ണന്റെ ഗുരു
സാന്ദീപനി മഹര്ഷിനാരായണീയത്തിന്റെ കര്‍ത്താവ്
മേല്‍പത്തൂര്‍ നാരായണഭട്ടതിരിപഞ്ചമഹായജ്ഞങ്ങള്
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞംപഞ്ചബാണങ്ങള്
അരവിന്ദം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കള്‍.ദ്വാദശാക്ഷരി മന്ത്രം
'ഓം നമോ ഭഗവതേ വാസുദേവായ നമ'ദ്വാദശാക്ഷരി മന്ത്രം ആദ്യമായി ഉപദേശിച്ചു കൊടുത്തത്
ബ്രഹ്മര്‍ഷിയായ നാരദന്‍, ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്തു.ഷഡ്ഗുണങ്ങള്‍
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ
ശിവന് പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം
ആഗമ ശാസ്ത്രംതന്ത്രസമുച്ചയത്തിന്റെ രചയിതാവ്
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്തടിയില് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്
ദാരുമയിക്ഷേത്രത്തിലെ അന്തരാളം എന്നത് മനുഷ്യശരീരത്തിലെ സ്ഥാനം
മുഖം
തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ
2895തന്ത്രവിഭാഗങ്ങള്‍
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.മോക്ഷം നല്‍കുന്ന സപ്ത പുണ്യനഗരികള്‍
അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക .സപ്ത മാതാക്കള്‍
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മപ്രഭാതത്തില് സപ്തമാതാക്കളെ ഓര്‍ത്താല്‍ യഥാക്രമം യൌവനം ,സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
സപ്തധാതുക്കള്‍
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായുശ്രീരാമകൃഷ്ണദേവന് പൂജാരിയായിരുന്ന ക്ഷേത്രം
ദക്ഷിണേശ്വരം കാളിക്ഷേത്രംകാശിരാജാവിന്റെ മക്കള്‍
അംബ, അംബിക, അംബാലികഭഗവാൻ ശ്രീകൃഷന്റെ രഥത്തിലെ കുതിരകൾ
5ഹിന്ദുമതത്തിന്റെ പുരാണ നാമം
സനാതന മതം, വേദാന്തമതം.സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം
വിശ്വകര്മ്മ്യംആദ്യമായി ഭഗവദ് ഗീത മലയാളത്തില്‍ തര്‍ജമ ചെയ്തത്
മാധവപണിക്കര്‍ നിരണത്ത് .ശങ്കരാചാര്യരുടെ ഗുരു
ഗോവിന്ദ ഭാഗവദ്പാദര്‍.സപ്താശ്വാന്‍
ആദിത്യന്‍. ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രം.
ഓംശിവപാര്വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ
തന്ത്രശാസ്ത്രംസംഗീത മഹിമ വിളിച്ചോതുന്ന തന്ത്രം
രുദ്രയാമളംദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥം
കുളാര്‍ണ്ണവ തന്ത്രംപാര്വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം
നിഗമ ശാസ്ത്രംയോഗ ആദ്യമായി പഠിപ്പിച്ചത്
പരമശിവന്‍ പാര്‍വതിയെ പഠിപ്പിച്ചു.
ആദിയോഗി
പരമശിവന്‍
3. സജ്ജന സമ്പര്‍ക്കം
നാരദപുരാണം അടിസ്ഥാനമാക്കിയുള്ള ഒരു കഥ വായിക്കൂ...
നാരദൻ, മഹാവിഷ്ണുവിനെ കണ്ടപ്പോള്‍ ഒരു സംശയം ചോദിച്ചു-
"അങ്ങ്, സജ്ജന സമ്പര്‍ക്കം (സത്സംഗം) കൊണ്ടുള്ള പ്രയോജനം എന്താണെന്ന് എനിക്കു വിശദമാക്കിയാലും"
മഹാവിഷ്ണു:
“നാരദാ, താങ്കള്‍ ബദരി ആശ്രമത്തില്‍ പോകുക. അവിടെ, അത്തിമരത്തില്‍ ഒരു പുഴു ഇരിപ്പുണ്ട്. അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരും”
നാരദന്‍ പുഴുവിനെ കണ്ടു പിടിച്ചു ഇക്കാര്യം ചോദിച്ച നിമിഷത്തില്‍ പുഴു ഒന്നും പറയാതെ ഒന്നു വിറച്ചുകൊണ്ട് താഴെവീണു ചത്തു!
നാരദന്‍ തിരികെ വൈകുണ്ഠത്തില്‍ചെന്ന് വിവരം പറഞ്ഞു. അപ്പോള്‍ മഹാവിഷ്ണു പറഞ്ഞു-
"അല്ലയോ, നാരദാ, അയോധ്യയിലേക്കു ചെല്ലുക. അവിടെ വൈശ്വാനരന്‍ എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, അതിന്റെ കുട്ടിയോടു ചോദിക്കുക"
നാരദന്‍ പോയി വൈശ്വാനരനെ കണ്ടുപിടിച്ചു. പശുക്കുട്ടിയുടെ ചെവിയില്‍ മെല്ലെ ചോദിച്ചു. ഉടന്‍ തന്നെ, പശുക്കുട്ടി ഒന്നു വിറച്ചതിനു ശേഷം ചത്തു!
നാരദന്‍ ശീഘ്രം വൈകുണ്ഠത്തില്‍ എത്തി. നിരാശയോടെ അദ്ദേഹം പറഞ്ഞു-
"പ്രഭോ, അതും മരിച്ചു”
മഹാവിഷ്ണു അതുകേട്ട് ഒന്നു പുഞ്ചിരിച്ചു.
"വിഷമിക്കാതിരിക്കുക നാരദരേ, അങ്ങ് കാശിരാജ്യത്തേക്ക് ചെല്ലൂ... അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം തീര്‍ച്ചയായും ലഭിക്കും”
എന്നാല്‍, ഇത്തവണ നാരദന് പേടിയായി. കാരണം, പുഴുവും പശുക്കിടാവും പോലെയല്ല രാജ്ഞിയുടെ ശിശു! താന്‍ കാരണം കുഞ്ഞ് മരിച്ചാല്‍? ആ ശാപവും കിട്ടും. കാശിരാജാവിന്റെ കോപത്തിന് ഇരയായുകയും ചെയ്യും.
"ഭഗവാനേ, വേണ്ട, സത്സംഗം കൊണ്ടുള്ള പ്രയോജനം എനിക്ക് അറിയണമെന്നില്ല. കാശിരാജന് വര്‍ഷങ്ങളായി മക്കളില്ലാഞ്ഞതിനു ശേഷം ഉണ്ടാകുന്ന കുട്ടിയാണ്...!”
മഹാവിഷ്ണു നാരദനെ ആശ്വസിപ്പിച്ചു-
"ഒന്നും പേടിക്കാനില്ല നാരദരേ. താങ്കള്‍ അവിടെ ചെല്ലണം”
നാരദന്‍ പേടിച്ചു യാത്രയായി. അവിടെ ചെന്നപ്പോള്‍ കാശിരാജ്യത്ത് ഉത്സവപ്രതീതി. കാരണം, രാജ്ഞിക്കു കുട്ടിയുണ്ടാവാന്‍ പോകുന്നു. നാരദനെ രാജാവ് സ്വീകരിച്ചു. നവജാത ശിശുവിനെ ആശീര്‍വദിക്കാനായി നാരദന്റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം സത്സംഗം കൊണ്ടുള്ള പ്രയോജനം കുഞ്ഞിന്റെ ചെവിയില്‍ പതിയെ ചോദിച്ചു.
പെട്ടെന്ന്, കുഞ്ഞ് എഴുന്നേറ്റിരുന്നു സംസാരിക്കാന്‍ തുടങ്ങി!
“അല്ലയോ, നാരദമഹര്‍ഷെ, ഞാന്‍ പഴയ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. അങ്ങ് അവിടെയെത്തിയപ്പോള്‍ ബദരീനാഥില്‍ അത്തിമരത്തില്‍ വച്ചു ജീവന്‍ വെടിഞ്ഞു. പിന്നെ, പശുക്കിടാവായി. അവിടെയും അങ്ങയുടെ സമ്പര്‍ക്കം മൂലം ജീവന്‍ വെടിഞ്ഞു. പിന്നെയിപ്പോള്‍, രാജകുമാരനായി ജനിച്ചു. അങ്ങയുമായുള്ള സജ്ജന സമ്പര്‍ക്കം അഥവാ സത്സംഗം കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി ലഭിച്ചുവല്ലോ. എനിക്കു വളരെയേറെസന്തോഷമായി"
ആശയത്തിലേക്ക് ശ്രദ്ധിക്കാം-
സത്സംഗം എന്നാല്‍ നല്ല ആളുകളുമായുള്ള ഇടപഴകല്‍ എന്നര്‍ത്ഥം. സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം നമ്മെ അല്പമെങ്കിലും ഊര്‍ജസ്വലമാക്കുകയോ ഐശ്വര്യം വരുത്തുകയോ നിലവാരം ഉയരുന്നതിനോ കാരണമാകും. ജ്ഞാന സമ്പാദനത്തിനും മനസ്സു ശുദ്ധമാക്കിയുള്ള നേര്‍വഴി നേടാനും ഇത് സഹായിക്കും. തനിയെ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതും എന്നു രണ്ടു തരം സത്സംഗം ഉണ്ടെന്ന് രമണമഹര്‍ഷി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശങ്കരാചാര്യരും ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
4. മഹാബലി
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍ -
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലഭദ്രൻ, കൃഷ്ണന്‍, കൽക്കി എന്നിവരാകുന്നു.
പരമ വിഷ്ണു ഭക്തനും അസുര ചക്രവര്‍ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്‍മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്‍ത്തി ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന്‍ കുഞ്ഞായിരിക്കുമ്പോൾ മുതൽ വിഷ്ണുഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനെ കൊല്ലുവാനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ, ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാൺപ്രദേശം (ആന്ധ്റാപ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ത്രപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹമൂര്‍ത്തി അവതരിച്ചത്. ഇന്നും നരസിംഹമൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവികമായ അനുഭൂതി തുളുമ്പുന്ന ആന്ത്രയിലെ ആഹോബിലം എന്ന പുണ്യദേശം. ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലിചക്രവർത്തി. ശക്തിമാനും നീതിമാനുമായിരുന്ന ബലിചക്രവർത്തി
സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി.
വിന്ധ്യസത്പുര (മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിപ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാദിക്കാൻ തുടങ്ങി.
സമൂഹത്തോടുള്ള കടമയായ പഞ്ചയജ്ഞങ്ങളും കർമ്മങ്ങളും മറക്കാൻ തുടങ്ങി.
അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മബോധത്തിന് സ്ഥാനമില്ലാതായി.
രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദു:ഖിതരായ ഇന്ദ്രാതിദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു. ബലിചക്രവര്‍ത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മപുന:സ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു.
അപ്പോൾ, തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു വേണ്ടി ബലിചക്രവര്‍ത്തി ഭൃഗുഗഛത്തിൽ അശ്വമേധയാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ തിരുവോണം ദിനത്തിൽ വാമനൻ ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു. തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി.
പെട്ടെന്ന്, ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുന്നിൽ പുണ്യദര്‍ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം ശിരസ്സുനമിച്ചു.
ബലിചക്രവര്‍ത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്‍ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും, അടുത്ത മന്വന്തരത്തിൽ 'ഇന്ദ്രൻ' ആവുമെന്നും വരം നൽകി.
അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും.
5. പരശുരാമൻ
ജമദഗ്നിമഹര്‍ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്‍ജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അപ്പോൾ മഹാവിഷ്ണു ജമദഗ്നിമഹര്‍ഷിയുടെ പുത്രൻ പരശുരാമനായി അവതരിച്ചു.
സഹസ്രാര്‍ജുനൻ തുടര്‍ന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നിമഹര്‍ഷി കൊല്ലപ്പെട്ടു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്തു.
ഹിമാലയത്തിൽ പരമശിവന്‍റെ ശിക്ഷണത്തിൽ പത്തു വര്‍ഷം നീണ്ട ആയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്‍ന്നുണ്ടായ യുദ്ധങ്ങളിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപ്പെട്ടു. പരശുരാമൻ തന്റെ ശപഥം പൂര്‍ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി, ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്‍ണ്ണത്തു വന്നു. താൻ, മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാൻ വരുണദേവനോട് ആജ്ഞാപിച്ചു.
അങനെ നേടിയ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച്ചു വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും അവര്‍ക്കുവേണ്ടി പരശുരാമൻ നിര്‍മ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു.
6. നാരദമുനി യും മുക്തിയും
ഒരിക്കൽ, നാരദമുനി കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. അപ്പോൾ ഒരാൾ ധ്യാനത്തിലിരിക്കുന്നതു കണ്ടു. ഒരുപാടു നാളത്തെ അവസ്ഥ കാരണം അയാളുടെ ചുറ്റുപാടും ചിതൽ കയറിയിരുന്നു.
അയാൾ നാരദനെ നോക്കി ചോദിച്ചു -
"അങ്ങ് എവിടെ പോകുന്നു?''
നാരദൻ പറഞ്ഞു -
"ഞാൻ ഭഗവാനെ കാണാൻ പോകുകയാണ് "
അയാൾ ചോദിച്ചു -
"എനിക്ക് എപ്പോൾ ഭഗവാന്റെ കൃപാകടാക്ഷവും മുക്തിയും ഉണ്ടാകുമെന്ന് ചോദിക്കണം"
നാരദൻ സമ്മതിച്ചു. അദ്ദേഹം കുറെ ദൂരം മുന്നോട്ടു പോയി. അപ്പോൾ, ഒരാൾ ആടിയും പാടിയും കൂത്താടി നടക്കുന്നതു കണ്ടു. ആ മനുഷ്യനും നാരദനോടു ചോദിച്ചു -
"താൻ എങ്ങോട്ടു പോകുന്നു?"
നാരദൻ-
"ഭഗവാന്റെ അടുക്കലേക്ക് "
തീരെ ബഹുമാനമില്ലാതെ അയാൾ പറഞ്ഞു -
"എങ്കിൽ, എനിക്ക് എപ്പോഴാണ് മോക്ഷം കിട്ടുന്നതെന്ന് ഭഗവാനോടു അന്വേഷിച്ചു പറയണം"
അതും നാരദൻ സമ്മതിച്ചു യാത്രയായി.
പിന്നെയും കുറച്ചു കാലം കഴിഞ്ഞ്, നാരദൻ അതുവഴി വന്നു.
അപ്പോൾ, ധ്യാനത്തിലിരുന്ന ആൾ ചോദിച്ചു -
"ഭഗവാൻ എന്തു പറഞ്ഞു ?"
നാരദൻ -
"താങ്കൾ നാലു ജന്മങ്ങൾ പിന്നിടുമ്പോൾ മോക്ഷം ലഭിക്കും"
ഉടൻ, അയാൾ നിലവിളിക്കാൻ തുടങ്ങി -
"ഞാൻ എത്ര നാളായി ധ്യാനത്തിലായിരുന്നു. ഇനിയും നാലു ജന്മങ്ങൾ കൂടിയോ?"
നാരദൻ അവിടം പിന്നിട്ട്, രണ്ടാമത്തെ ആളിന്റെ സമീപമെത്തി.
അയാൾ നാരദനോടു തിരക്കി-
"ഭഗവാൻ എന്റെ കാര്യം എന്തു പറഞ്ഞു?"
നാരദൻ വിഷമത്തോടെ പറഞ്ഞു -
"ഈ നിൽക്കുന്ന പുളിമരത്തിന്റെ ഇലയുടെ അത്രയും ജന്മങ്ങൾ കഴിഞ്ഞാലേ നിനക്കു മുക്തി ലഭിക്കുകയുള്ളു എന്നാണ് ഭഗവാൻ അറിയിച്ചത്"
അയാൾ അത് കേട്ടപ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടി -
"ഹായ്... എനിക്ക് അത്രയും കുറഞ്ഞ കാലം കൊണ്ട് മോക്ഷം ലഭിക്കുമല്ലോ''
പെട്ടെന്ന്- ഒരു അശരീരി മുഴങ്ങി -
"കുഞ്ഞേ, നിനക്ക് ഈ നിമിഷം തന്നെ മുക്തിയാകും"
ആശയം -
സ്ഥിരോൽസാഹവും കുറുക്കുവഴികൾ തേടാത്ത നേരിന്റെ കഠിനാധ്വാനവും ഉണ്ടെങ്കിൽ ഈശ്വരന്റെ ശ്രദ്ധയും സംപ്രീതിയും പിടിച്ചുപറ്റാനാകും.
ചിലർ തങ്ങളുടെ യുവത്വത്തിലെ തെറ്റുകൾക്കു പകരമായി നന്മകളിലൂടെ ശിഷ്ടകാലം പ്രായശ്ചിത്തം ചെയ്യുന്നതു കാണാം. കാരണം, തിരികെ പോയി തെറ്റുതിരുത്താന്‍ വേണ്ടി കാലചക്രത്തെ പിന്നോട്ടു പായിക്കാൻ മനുഷ്യർക്കു സാധ്യമല്ലല്ലോ.
മറ്റു ചിലരാകട്ടെ- ''ഏതായാലും തെറ്റില്‍ മുങ്ങിപ്പോയി. ഇനി അടുത്ത ജന്മത്തില്‍ നന്നായി ജീവിക്കാം. ഈ ജന്മം ഇങ്ങനങ്ങു പോകട്ടെ" എന്നു പറയുന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് ഓര്‍ക്കുക!
വേറൊരു കൂട്ടര്‍- "എല്ലാം വിധിയാണ്, തലേവരയാണ്, മുജ്ജന്മശാപമാണ്, വീടിന്റെ സ്ഥാനം ശരിയല്ല, ദൈവനിയോഗമാണ്" എന്നു പറഞ്ഞു തെറ്റുകള്‍ക്കു നേരെ സൗകര്യപ്രദമായി കണ്ണടയ്ക്കുന്നു. അതും തെറ്റായ സമീപനമാണ്!
Malayalam puranakadhakal, epic, old tradition, hindu, hinduism, Indian culture, free online reading stories puranakathakal, digital series.പ്ര
No comments:
Post a Comment