Meditation stories Malayalam

ധ്യാനഗുരു (Meditation stories in Malayalam)

സിൽബാരിപുരംരാജ്യം വീരകേശു എന്നൊരു രാജാവ് ഭരിച്ചിരുന്ന കാലം. അയലത്തെ കോസലപുരംരാജ്യവുമായി കടുത്ത ശത്രുതയിലായിരുന്നതിനാൽ രാജാവിനെ യുദ്ധഭയം വല്ലാതെ അലട്ടിയിരുന്നു. എതിർരാജ്യത്തിന്റെ ശക്തിയേക്കുറിച്ച് പലരും പെരുപ്പിച്ചു പറയുന്നതു കേട്ട് വീരകേശുവിന്റെ മനസ്സമാധാനം പോയിത്തുടങ്ങി. ഭക്ഷണത്തിന് രുചിയില്ലാത്തതായി തോന്നി. പേടിസ്വപ്നങ്ങൾ ശരിയായ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. അങ്ങനെ, രാജാവിന്റെ ശക്തി ക്ഷയിക്കുന്നതു കണ്ട് മന്ത്രി പറഞ്ഞു -

"രാജാവേ, ഇങ്ങനെ പോയാൽ വൈകാതെ അങ്ങയുടെ സാമ്രാജ്യം നശിക്കും. ഈ രാജ്യം ഒരു യുദ്ധം പോലും ചെയ്യാതെ കോസലപുരത്തിനു കീഴടങ്ങേണ്ടി വരും "

"എന്താണ് മന്ത്രീ ഇതിനൊരു പരിഹാരം ?"

"രാജാവേ, എന്റെ അഭിപ്രായത്തിൽ അങ്ങയെ സഹായിക്കാൻ യോഗിവര്യന്മാരുടെ ധ്യാനത്തിനു കഴിയുമെന്നു തോന്നുന്നു"

"എങ്കിൽ, ഈ ലോകത്തെ ഏറ്റവും മികച്ച ധ്യാനഗുരുവിനെ തെരഞ്ഞെടുക്കാൻ നാം കല്പിച്ചിരിക്കുന്നു ''

രാജവിളംബരം എല്ലാ ദിക്കിലുമെത്തി. കൊട്ടാരത്തിലെ മികച്ച വേതനവും ഭക്ഷണവും താമസ സൗകര്യങ്ങളും ആരെയും കൊതിപ്പിക്കുന്നതായിരുന്നു.

അതുകൊണ്ട്, അടുത്ത ദിനം അതിരാവിലെ തന്നെ രാജാങ്കണത്തിൽ യോഗിവര്യന്മാരും ധ്യാനഗുരുക്കന്മാരും പണ്ഡിതന്മാരും വന്നു നിറഞ്ഞു. അക്കൂട്ടത്തിൽ തല മുണ്ഡനം ചെയ്തവരുണ്ടായിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയവരും ഉണ്ട്. ചില പണ്ഡിതർ ഇടയ്ക്ക് സംസ്കൃത ശ്ലോകങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു. മറ്റൊരു കൂട്ടം സന്യാസിമാർ തങ്ങളുടെ ശിഷ്യ സമ്പത്ത് കാട്ടാനായി അവരോടു സംവദിച്ചു കൊണ്ടിരുന്നു. മറ്റു ചിലരാകട്ടെ, കഠിനാസനങ്ങൾവഴിയായി സദസ്സിനെ അമ്പരപ്പിക്കുകയും ചെയ്തു.

രാജസദസ്സാകെ ആളുകൾ തിങ്ങിനിറഞ്ഞതു കണ്ട് മന്ത്രി അന്തം വിട്ടു!അദ്ദേഹം രാജാവിന്റെ മുന്നിൽ ഉണർത്തിച്ചു -

"ഇവരിൽ മിടുക്കനായ ധ്യാനഗുരുവിനെ എങ്ങനെ തിരിച്ചറിയും? കെട്ടിലും മട്ടിലും എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇവരുടെ കഴിവ് അറിയാനുള്ള ജ്ഞാനം നമുക്കില്ലല്ലോ!"

"ശരിയാണു മന്ത്രീ.. ഞാനത് ആലോചിച്ചിരുന്നില്ല"

ആരെയും കൂടിക്കാഴ്ചയ്ക്ക് രാജാവ് അനുവദിച്ചില്ലെങ്കിലും അതിഥികൾക്ക് നല്ലതുപോലെ തിന്നാനും കുടിക്കാനും കൊടുത്തതിനാൽ ആർക്കും പരാതിയുണ്ടായിരുന്നില്ല. എല്ലാവരും കൊട്ടാരത്തിന്റെ ശില്പഭംഗിയിൽ അതിശയിച്ചു. സമയം പോയത് ആരും ഓർത്തില്ല.

വൈകുന്നേരമായപ്പോൾ കൊട്ടാരത്തിന്റെ കിഴക്കുവശത്ത് ആളൊഴിഞ്ഞ കോണിലെ മരച്ചുവട്ടിൽ ഒരു മനുഷ്യൻ പത്മാസനത്തിലിരുന്ന് ധ്യാനിക്കുന്നുണ്ടായിരുന്നു. കൊട്ടാര മാളികയിലൂടെ എന്തു ചെയ്യണമെന്നറിയാതെ കൈ ചുരുട്ടി ഉലാത്തുകയായിരുന്ന രാജാവ് ഈ കാഴ്ച കണ്ട് അമ്പരന്നു!

എന്ത്? കൊട്ടാരപ്പൊലിമയിൽ കണ്ണു മഞ്ഞളിക്കാതെ ധ്യാനം മുടക്കാത്ത ഒരാള്! ഇയാൾ യഥാർഥ ഗുരുവാണ്!

ഉടൻ, രാജാവ് തന്റെ വേഷഭൂഷാദികൾ അഴിച്ചു വച്ച് സാധാരണ വേഷത്തിൽ അയാളുടെ മുന്നിലെത്തി. താൻ വന്നതു പോലും അറിയാതെ ധ്യാനത്തിലിരിക്കുന്ന ആ മനുഷ്യന്റെ മുന്നിൽ രാജാവ് ചമ്രം പടിഞ്ഞിരുന്നു. ആ മനുഷ്യന്റെ കണ്ണുകൾ അടഞ്ഞിരുന്നുവെങ്കിലും അയാളിൽ നിന്ന് എന്തോ ഊർജ്ജം പ്രവഹിക്കുന്നതായി രാജാവിനു തോന്നി. ക്രമേണ രാജാവും ധ്യാനത്തിലാണ്ടു.

അരമണിക്കൂർ കൂടി കഴിഞ്ഞു. അപരിചിതൻ കണ്ണു തുറന്നു. രാജാവിനെ മൃദുവായ ശബ്ദത്തിൽ ഉണർത്തി.

അപ്പോള്‍, രാജാവ് ചോദിച്ചു -

"ഗുരുജീ, എവിടെ നിന്നാണ് അങ്ങ് വരുന്നത്? ധ്യാനഗുരുവിന്റെ നിയമനത്തിനായി വന്നയാൾ ഈ മരച്ചുവട്ടിലാണോ ഇരിക്കേണ്ടത്?"

അയാൾ പറഞ്ഞു -

"ഞാൻ സമയം വൈകി ഒരു നേരത്തെ ആഹാരത്തിനായി ഇവിടെ കയറിയതാണ്. ഭക്ഷണം കഴിച്ചു തൃപ്തിയായി. അപ്പോഴേക്കും, എന്റെ ധ്യാന സമയമായി. അത് ഞാനൊരിക്കലും മുടക്കാറില്ല. അതിനായി ഈ മരത്തണൽതന്നെ എനിക്കു ധാരാളമാണ് "

രാജാവ് ഉടൻ തന്നെ താൻ രാജാവാണെന്നു വെളിപ്പെടുത്തി.

"ഗുരുജി എന്റെ ധ്യാനഗുരുവായി കൊട്ടാരത്തിൽ തുടരാൻ ദയവുണ്ടാകണം"

പക്ഷേ, ഗുരു അത് നിരസിച്ചു -

"കൊട്ടാരത്തിലെ പണവും സുഖസൗകര്യവും ഒരു യോഗിക്ക് എന്തിനാണ്? യാതൊരു കെട്ടുപാടുകളുമില്ലാതെ ഈ ലോകം മുഴുവൻ ധ്യാനം പ്രചരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. രാജാവായാലും പ്രജയായാലും ഒരു ശിഷ്യനിൽ അധ്യാപനം ചുരുക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. അങ്ങ് ദയവായി ക്ഷമിക്കണം"

രാജാവ് അല്പനേരം വിഷമവൃത്തത്തിലായി. എങ്കിലും, ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു -

"ഗുരുജി എന്നെ മാത്രമായി പഠിപ്പിക്കേണ്ടതില്ല. അതിനൊപ്പം കൊട്ടാരസദസ്സിൽ ശിഷ്യരായി നൂറു പേർക്കുള്ള പഠന സൗകര്യം ഞാൻ നൽകാം''

ഗുരുജി അതിനു മുന്നിൽ സമ്മതം മൂളി.

ആശയം -ഇക്കാലത്ത്, പല യോഗിവര്യന്മാരും ധ്യാനഗുരുക്കന്മാരും വരുമാനമാർഗമായി മാത്രം യോഗയെ ഉപയോഗിക്കുന്നുണ്ട്. സാമ്രാജ്യ സൃഷ്ടിക്കുള്ള ചെപ്പടിവിദ്യയായി ധ്യാനത്തെയും പ്രാർഥനയെയും യോഗാസനങ്ങളെയും പ്രാണായാമത്തെയും കച്ചവടവൽക്കരിക്കുകയാണ്. ഇത്തരം ഗുരുക്കന്മാർ പ്രശംസ തേടൽ, സുഖാന്വേഷണം എന്നിങ്ങനെയുള്ള രജോഗുണങ്ങൾ വച്ചു പുലർത്തുന്നു. യഥാർഥയോഗി സാത്വിക ഗുണങ്ങൾ വച്ചുപുലർത്തുന്നതിനാൽ പത്രം, ടിവി, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയായി അവരെ അറിയപ്പെടുന്നുമില്ല. അങ്ങനെ ആലോചിച്ചാൽ ശ്രേഷ്ഠ ആത്മിക ജീവിതം നയിക്കുന്ന യോഗിവര്യന്മാർ താരപരിവേഷമൊന്നുമില്ലാതെ പ്രശസ്തിയുടെ അകമ്പടി കൂടാതെ ഭാരതത്തിൽ ജീവിക്കുന്നുണ്ടെന്ന് കരുതണം!

Comments