impersonation story

 ചാരം പൂശിയ കള്ളൻ

സിൽബാരിപുരംദേശത്ത് ഒരു കാലത്ത്, കള്ളന്മാരുടെ ശല്യം ഭയങ്കരമായിരുന്നു. ആളുകൾ വല്ലാതെ ബുദ്ധിമുട്ടി. ഒടുവിൽ, നാട്ടുകാർ ഒരു സംഘമായി രാത്രിയിൽ പന്തവും കത്തിച്ചു നടക്കാൻ തുടങ്ങി. നല്ല ആസൂത്രണമില്ലാത്ത ചെറുകിട കള്ളന്മാരെ നാട്ടുകാർ പിടിച്ച് തല്ലിക്കൊന്നു തുടങ്ങി. ഈ വിധത്തിൽ പലപ്പോഴായി ഇരുപതോളം കള്ളന്മാരെ കൊന്നതോടെ കള്ളന്മാരുടെ ശല്യം ഏറെക്കുറെ അവസാനിച്ചു. മറ്റുള്ള കള്ളന്മാർ ഇതിനോടകംതന്നെ കോസലപുരത്തേക്ക് പ്രവർത്തനമേഖല മാറ്റിയിരുന്നു.

കുറെക്കാലത്തേക്ക് ആളുകൾ പേടിയില്ലാതെ കഴിഞ്ഞു. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ പിന്നെയും മോഷണ പരമ്പര തുടങ്ങി. ഇത്തവണ ആ നാട്ടിൽ അവശേഷിച്ച ഒരേയൊരു കള്ളനായ കിട്ടുണ്ണിയുടെ പണിയായിരുന്നു അത്.
നാട്ടുകാർ വീണ്ടും ഒത്തൊരുമിച്ച് രാത്രിയിൽ കറക്കം തുടങ്ങി.

ഒരു ദിവസം രാത്രിയിൽ കിട്ടുണ്ണിയുടെ ആസൂത്രണം പാളി. മോഷണത്തിനുള്ള കയറും തോളിലിട്ട് ഇടുങ്ങിയ നടപ്പാതയിലൂടെ വന്നപ്പോൾ -

ആളുകൾ തൊട്ടു മുന്നിൽ !

അവർ അലറി -

"പിടിയെടാ ആ കാട്ടുപന്നിയെ ...."

കിട്ടുണ്ണി തിരിഞ്ഞോടി അടുത്തു കണ്ട പുഴയിൽ ചാടി. അതിനു പിറകെ നാട്ടുകാരും നീന്തിയപ്പോൾ അവരുടെ കയ്യിലെ പന്തം അണഞ്ഞു.

അതിവേഗം നീന്തിയതിനാൽ അണച്ചു കൊണ്ട് പുഴയ്ക്ക് അക്കരെയുള്ള കോസലപുരംദേശത്ത് മണൽതിട്ടയിൽ അവശനായി ഇരുന്നു. തനിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റില്ലെന്ന് മനസ്സിലായി. അപ്പോഴാണ്, തെങ്ങിന്‍ ചുവട്ടിൽ ചാരം കിടക്കുന്നത് കിട്ടുണ്ണി കണ്ടത്. അവൻ വെപ്രാളത്തോടെ ദേഹം മുഴുവൻ ചാരം പൂശി. നാട്ടുകാർ നീന്തിക്കയറിയെങ്കിലും വെളിച്ചക്കുറവു മൂലം വ്യക്തമായി മുന്നോട്ടു കാണാനായില്ല. പക്ഷേ, തൊട്ടു മുന്നിൽ ചമ്രം പടഞ്ഞ് കണ്ണടച്ച് ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടിരുന്ന കിട്ടുണ്ണിയെ കണ്ടപ്പോൾ ഒരാൾ സംശയം പറഞ്ഞു-

ഇതു കള്ളനായിരിക്കുമോ?”

ഹേയ്...ഒരിക്കലും അല്ല. അവന്‍ ഓടിപ്പോകാതെ നമ്മുടെ മുന്നില്‍ത്തന്നെ ഇത്ര ധൈര്യത്തില്‍ ഇരിക്കില്ല. ഒരുപാട് സന്യാസിമാരുള്ള നാടാണിത്"

അവര്‍ ചോദിച്ചു-

"ഗുരുവേ, ഇതുവഴി ഒരു കള്ളൻ ഓടിപ്പോകുന്നതു കണ്ടോ?"

പക്ഷേ, കിട്ടുണ്ണി കണ്ണു തുറക്കാതെ കിതച്ചു കൊണ്ടിരുന്നു!

"സാരമില്ല, അദ്ദേഹം യോഗയിലെ ശ്വാസ പരിശീലനം നടത്തുകയാണ്. അതു കൊണ്ട് കണ്ണു തുറക്കില്ല"

അങ്ങനെ മറ്റൊരുവൻ പറഞ്ഞപ്പോള്‍, അതു ശരിവച്ച് അവർ മുന്നോട്ടു പോയി.

അടുത്ത സുപ്രഭാതത്തിൽ, ആളുകൾ കിട്ടുണ്ണിയുടെ ചുറ്റിനും കൂടി. ഹിമാലയ സാനുക്കളിൽനിന്ന് വന്ന മഹായോഗിയായി തെറ്റിദ്ധരിച്ചു. കിട്ടുണ്ണിയുടെ സിരകളിലൂടെ ഒഴുകിയിരുന്നത് ഒരു കള്ളന്റെ രക്തമാകയാൽ കിട്ടുണ്ണി പിന്നീട് കിടുകിടുസ്വാമി എന്ന പേരിൽ അറിയപ്പെട്ടു! സാധാരണ കളവു നിര്‍ത്തി സാധുക്കളുടെയും പണക്കാരുടേയും മനസ്സിനെ ആധുനിക രീതിയില്‍ കൊള്ളയടിച്ചുതുടങ്ങി! ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ആശ്രമങ്ങളും സ്ഥാപനങ്ങളും പണിതു!

ആശയം -

ലോക ജനതയെ ഇപ്പോഴും പറ്റിക്കുന്ന ചായവും ചാരവും പൂശിയ കള്ളന്മാർ നിരവധിയാണ്. യഥാർഥ ആത്മീയ തേജസ് ഒരിക്കലും സമ്പന്നതയുടെയും ആഡംബരത്തിന്റെയും അധികാരത്തിന്റെയും കൂടെ ചേർന്നു പോകില്ല!

Comments