Family read online Malayalam digital series

 കുടുംബം (family)

കൂടുമ്പോള്‍ ഇമ്പമുള്ളതു കുടുംബം. അവിടെ സന്തോഷവും ഉണ്ടാകും. ചില കുടുംബങ്ങളില്‍ സന്തോഷത്തിന്റെ ഒരു തരിപോലുമില്ല കണ്ടുപിടിക്കാ‌ന്‍. ജീവിതകാലത്തെ വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എന്നു വേണമെങ്കി‌ല്‍ രണ്ടായി തിരിക്കാം. കുറച്ചുകൂടി വ്യക്തമാക്കാം. ബാല്യവും കൌമാരവും ഉള്‍പ്പെടുന്ന ഒന്നാം ഭാഗത്തി‌ല്‍ കളിച്ചുരസിച്ചുനടക്കുന്ന ഒരു കാലം. രണ്ടാം ഭാഗം ഏകദേശം 25-30 വയസ്സുകള്‍ക്കിടയി‌ല്‍ വിവാഹത്തോടുകൂടി തുടങ്ങുന്നു. പിന്നീടത്, ജീവിതത്തിന്റെ മൂന്നില്‍രണ്ടു ഭാഗവും കയ്യടക്കുന്നു. കൂടുതലും ഒരു വ്യക്തി കുടുംബജീവിതത്തിലൂടെ യാത്ര ചെയ്യുന്നതിനാല്‍ കുടുംബസന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലായല്ലോ.

അമേരിക്കന്‍ശമ്പളവും ചൈനീസ്ഭക്ഷണവും ബ്രിട്ടീഷ‌്‌വീടും ഇന്ത്യന്‍ഭാര്യയും ഒരുവനു ലഭിച്ചാല്‍ അവന്‍ സൗഭാഗ്യവാനായി എന്നൊരു രസകരമായ പ്രയോഗമുണ്ട്. സുദീര്‍ഘമായ ഇന്ത്യന്‍ കുടുംബ ബന്ധങ്ങളെ ലോകം ബഹുമാനത്തോടെയാണ‌് നോക്കിക്കാണുന്നത്. എന്നാ‌ല്‍, അന്ധമായ വിദേശ അനുകരണം മൂലം മലയാളികുടുംബങ്ങള്‍ക്കും വിള്ളലുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. “അപ്പാ, ക്ഷമിക്കണം...” എന്നു പറഞ്ഞിരുന്ന കുട്ടികള്‍ ഇപ്പോ‌ള്‍ “സോറീഡാ...” എന്നു പരിഷ്കരിച്ചു. മുതിര്‍ന്ന മക്ക‌ള്‍പോലും മാതാപിതാക്കളുടെ തോളി‌ല്‍ കയറിയിരുന്ന് “ഞങ്ങള്‍ ഫ്രണ്ട്സിനെപ്പോലെയാ” എന്നു പ്രഖ്യാപിക്കുന്നു!

ശൈശവത്തിലും ബാല്യത്തിലും കുട്ടികള്‍ മാതാപിതാക്കളെ മാതൃകയാക്കി സ്വഭാവം രൂപപ്പെടുത്തുന്നു. കുടുംബ വഴക്കുകള്‍ ഉള്ള വീടുകളിലെ കുട്ടിക‌‌ള്‍ ഭാവിയി‌‌ല്‍ അതുതന്നെ ആവര്‍ത്തിച്ചേക്കാം.

രാജിയുടെയും സ്മിതയുടെയും കുട്ടിക‌ള്‍ ഒരേ ക്ലാസ്സിലാണ‌ു പഠിക്കുന്നത്. എന്നാല്‍ കുട്ടികള്‍ കൂട്ടുകാരെന്നു പറയുക വയ്യ. കാരണം രാജിയുടെ മകന്‍ ക്ലാസ്സിലെ സ്ഥിരം വഴക്കാളിയെന്നു വേണമെങ്കില്‍ പറയാം. ഒരു ദിവസം എങ്ങനെയോ അവന്റെ പുസ്തകം സ്മിതയുടെ മകന്റെ ബാഗി‌ല്‍ വന്നുപെട്ടു. വീട്ടി‌ല്‍ ചെന്ന് കൊടുത്തേക്കാം എന്നുകരുതി സ്മിത രാജിയുടെ വീട്ടിലേക്കു നടന്നു. അഞ്ചുമിനിറ്റിന്റെ നടപ്പിനുള്ള ദൂരം മാത്രം. വീടിന്റെ മുറ്റത്ത്‌ വന്നപ്പോഴേ അകത്തു വലിയ ബഹളം കേള്‍ക്കാം. രാജിയും ഭര്‍ത്താവും തമ്മിലാണ‌് അശ്ലീലം പെരുമഴയായി ചൊരിയുന്നത്. കോളിംഗ് ബെ‌ല്‍ അമ‌ര്‍ത്താനായി അവ‌ള്‍ കൈ ഉയര്‍ത്തിയെങ്കിലും വേണ്ടെന്നു വച്ച് തിരിഞ്ഞു നടന്നു. കാരണം, താ‌‌ന്‍ ഇതുമുഴുവ‌ന്‍ കേട്ടെന്നുവേണ്ട എന്നവ‌ള്‍ കരുതി. ആരാധനാലയത്തിലും മറ്റും വളരെ നന്നായി പ്രകടനം നടത്തിയിരുന്ന കുടുംബം. അവിടെനിന്ന് അവള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വിരോധാഭാസമെന്നപോലെ ആ വീടിന്റെ വാതിലിനു മുകളി‌‌ല്‍ ഒരു തകിടി‌ല്‍ ഇങ്ങനെ എഴുതിയിരുന്നു: “.....ദേവന്‍ ഈ വീടിന്റെ നായകന്‍”

അറിഞ്ഞോ അറിയാതെയോ അതിലെ അവസാന അക്ഷരങ്ങ‌ള്‍ മാഞ്ഞുതുടങ്ങിയിരുന്നു! ആ കുടുംബത്തിലെ വഴക്കുതന്നെ മകന്റെ സ്വഭാവത്തിന്റെയും ആധാരം. ഒരു കൈ ദൈവത്തിന്റെ തോളിലും മറുകൈ പിശാചിന്റെ തോളിലും വച്ചുനടക്കുന്നത് രണ്ടുവള്ളത്തി‌‌ല്‍ ഒരേസമയം കാലു വയ‌്ക്കുന്നതുപോലെയാണ‌്, വെള്ളത്തില്‍ വീഴാതെ തരമില്ലല്ലോ.

കുടുംബത്തി‌ല്‍ ഇപ്പോ‌ള്‍ നല്ല സംസാരം കുറഞ്ഞിരിക്കുന്നു. ടി.വിയി‌ല്‍ നല്ല പരിപാടിക‌ള്‍ ഉണ്ടെങ്കിലും എപ്പോഴും ചീത്തയായവ അനുകരിക്കാനുള്ള ത്വര മനുഷ്യരി‌ല്‍ കൂടുതലാണല്ലോ. നിലവാരം കുറഞ്ഞ സീരിയല്‍സംസ്കാരം വികലമായ ചിന്തക‌ള്‍ ഉണ്ടാക്കും. കുട്ടികളി‌ല്‍ കുടുംബങ്ങളുടെ ദുഷിച്ച ചിത്രം പതിഞ്ഞു തെറ്റിദ്ധാരണ ഉടലെടുക്കും. അങ്ങനെ ടി.വി., കമ്പ്യൂട്ട‌‌ര്‍, മൊബൈ‌ല്‍ ഫോ‌ണ്‍ എന്നിവയെല്ലാം ചേര്‍ന്ന് വീടുകളിലെ ഓരോ മുറിയും ഒറ്റപ്പെട്ട ദ്വീപുകളാക്കി മാറ്റിയിരിക്കുന്നു. തുറന്നു പറഞ്ഞാല്‍ മുളയിലേ നുള്ളാവുന്ന പ്രശ്നങ്ങ‌ള്‍ വന്‍വൃക്ഷങ്ങ‌ള്‍ ആകുന്നതിന്റെ പിന്നി‌ല്‍ ഇത്തരം വിടവുകളാണ‌് മൂലകാരണ‌മാവുക.

കുടുംബത്തില്‍ പരദൂഷണത്തിനുള്ള ഇടം കൊടുക്കരുത്. അങ്ങനെയൊന്ന് പ്രമോദിന്റെ ജീവിതത്തിലും ഉണ്ടായി. പതിവുപോലെ രാകേഷിന്റെ വീട്ടില്‍ കൂട്ടുകാരെല്ലാം എത്തിച്ചേര്‍ന്നു. രണ്ടുമൂന്നു മണിക്കൂര്‍ എന്തെങ്കിലും കളികള്‍, പാട്ട്, ചീട്ടുകളി, സെല്‍ഫോണ്‍, ടി.വി കാണ‌ല്‍...ഇതൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സംസാരിക്കാനായി എടുത്തിടുന്ന വിഷയം പരദൂഷണം തന്നെ. അന്ന്‍ അജോ മാത്രം വന്നില്ല, എവിടെയോ അവനു പോകാനുണ്ടത്രേ. അവ‌ന്‍ എവിടെപ്പോയതാ എന്ന ഒരു ചോദ്യത്തില്‍ തുടങ്ങിയ സംസാരം പിന്നെ അവനെക്കുറിച്ചുള്ള ദുഷിച്ച സംസാരമായി മാറി. എല്ലാവരും ആവോളം പരിഹസിച്ചു.

അപ്പോഴാണ‌ു പ്രമോദിനൊരു കൌതുകം തോന്നിയത്. എന്നെക്കുറിച്ച് ഇവര്‍ക്കു നല്ല മതിപ്പാണല്ലോ. എന്താവും, അതൊന്നു കേട്ടാലോ? അവന്‍ മെല്ലെ സെല്‍ഫോ‌ണ്‍ voice recording ആക്കിയിട്ട് അല്പം മാറ്റിവച്ചു. ഉടനെ പ്രമോദ് അവിടെനിന്നിറങ്ങി, വീട്ടിലൊരു അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞാണ‌് ഇറങ്ങിയത്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അങ്ങോട്ടു വീണ്ടും ചെന്നു.

“എന്റെ സെല്‍ എടുക്കാ‌ന്‍ മറന്നു” അങ്ങനെ വീണ്ടും തിരിച്ചു വീട്ടിലേക്ക്. മുറിയുടെ വാതില്‍ അടച്ച ശേഷം വലിയ താല്പര്യത്തോടെ ഫോണ്‍ നോക്കി. അവന്‍ അവിടെനിന്നും ഇറങ്ങിയ നിമിഷം തന്നെ അവരുടെ നായകന്‍ പ്രമോദായി മാറി. ആദ്യത്തെ ഒന്നുരണ്ടു വാചകങ്ങള്‍ നല്ലവയെങ്കിലും പിന്നെ സ്വരം മാറി. പരദൂഷണങ്ങ‌ള്‍.... എല്ലാം വലിയ ആരോപണങ്ങള്‍.... മിക്കവയും സത്യം ഒട്ടുമില്ലാത്ത നിറം പിടിപ്പിച്ച കഥക‌ള്‍! വെറും ഊഹാപോഹങ്ങള്‍! പ്രമോദ് തരിച്ചിരുന്നുപോയി. കുറച്ചുകഴിഞ്ഞ് പ്രമോദിനു ബോധോദയം ഉണ്ടായി. അല്പം മുന്‍പ്, അജോയെ താനുംകൂടിയല്ലേ പരിഹസിച്ചത്? ഏതായാലും ഈ കൂട്ടുകെട്ട് ഇനി മുന്നോട്ടുവേണ്ട. അവ‌‌ന്‍ അങ്ങനെ സമാധാനിച്ചു.

പരദൂഷണത്തിന്റെ പ്രത്യേകത എന്തെന്നാ‌ല്‍, എല്ലാവരേക്കുറിച്ചും തരംകിട്ടുമ്പോ‌ള്‍ പറയും, ഇന്നു കേട്ടു സുഖിക്കുന്നവ‌‌ന്‍ നാളത്തെ ഇരയായിരിക്കും. പല കുടുംബങ്ങളിലും ഏഷണി വരുത്തുന്ന പൊല്ലാപ്പ് ചെറുതല്ല.

കുടുംബ ബന്ധങ്ങളെ ഉലയ‌്‌ക്കുന്ന അനേകം വിഷയങ്ങളുണ്ട്. മദ്യസേവ പ്രധാന വില്ലനാണ‌്. മയക്കുമരുന്നുകളും വിവാഹേതര ബന്ധങ്ങളും വലിയ വിപത്തി‌ല്‍ കലാശിക്കാറുണ്ട്. ‘പലനാ‌ള്‍ കള്ളന്‍ ഒരുനാ‌ള്‍ കുടുങ്ങും’ എന്നാണു ചൊല്ല്. വ്യക്തിത്വ വൈകല്യങ്ങള്‍ ഒരുപാടുണ്ട്, സന്തോഷം കളയുന്നവ. മാതൃകാപരമായ ജീവിതത്തിനു നല്ല ശ്രദ്ധ ആവശ്യമാണ‌്. കുടുംബ സുഹൃത്തുക്കളുമായുള്ള ബുദ്ധിപരമായ അകലം സൂക്ഷിക്കുന്നതു നല്ലതുതന്നെ. കൂടുതല്‍ അകന്നാലും കൂടുത‌ല്‍ അടുത്താലും ഒരുപോലെ ദോഷം. എപ്പോ‌‌ള്‍ വേണമെങ്കിലും വീട്ടി‌ല്‍ കടന്നുവരാ‌ന്‍ സ്വാത(ന്ത്യം ഉള്ളവരെ സൂക്ഷിക്കുന്നതു നന്ന്. ഒരാള്‍ മാത്രമുള്ള സമയത്തും കടന്നുവന്നു പ്രശ്നങ്ങ‌‌ള്‍ സൃഷ്ടിച്ചേക്കാം.

പൊന്‍കുന്നം സ്വദേശിയായ രാജന്റെ പ്രധാന പരിപാടി മിക്ക ദിവസങ്ങളിലും ധ്യാനത്തിനു പോകുകയെന്നതാണ‌്. തനിച്ചല്ല, ഭാര്യയും കൂടെയുണ്ട്. വീട്ടിലെ രണ്ടു പെണ്‍കുട്ടികളെ, അവരുടെ വീട്ടില്‍ റബര്‍വെട്ടുന്ന ഒരു മധ്യവയസ്കനോട് “വീട്ടിലൊന്നു ശ്രദ്ധിച്ചേക്കണം” എന്നുപറഞ്ഞ് ഏല്‍പ്പിച്ചിട്ടാണ‌ു പോകുന്നത്. ഒരു ദിവസം അയാളെ ജോലിയില്‍നിന്നു പുറത്താക്കി. കാരണം, അയാളുടെ ‘ശ്രദ്ധ’ കൂടിപ്പോയത്രേ!

‘made for each other’, ‘perfect match’, ‘ideal couple’ എന്നൊക്കെ കേള്‍ക്കാറുണ്ട്. പക്ഷേ, വാസ്തവം എന്താണ‌്? ദമ്പതിക‌‌ള്‍ 60-70 ശതമാനം വരെയൊക്കെ യോജിപ്പു പ്രതീക്ഷിച്ചാ‌ല്‍ മതിയെന്നാണ‌്. കാരണം, അവര്‍ വെവ്വേറെ സാഹചര്യങ്ങളില്‍നിന്നും വരുന്ന രണ്ടു വ്യക്തികളാണല്ലോ. പല പുറംപൂച്ചുക‌ള്‍ കണ്ടുകണ്ട് ദമ്പതിക‌‌ള്‍ കുറ്റവും കുറവും ഒന്നുമില്ലാത്ത ജീവിതം പ്രതീക്ഷിക്കരുത്. പങ്കാളിയുടെ കുറവുകള്‍ പരസ്പരം ക്ഷമിക്കാനുള്ള സഹനശക്തി എവിടെയുണ്ടോ അവിടെ സന്തോഷമുണ്ട്, സമാധാനമുണ്ട്. കാരണം, പൂര്‍ണത ദൈവത്തിനു മാത്രമുള്ളതാണ‌്, മനുഷ്യനായാ‌‌ല്‍ തെറ്റുക‌‌ള്‍ കാണിക്കും.

ദുരഭിമാനം, അപകര്‍ഷതാബോധം, അഹങ്കാരം, ധൂര്‍ത്ത്, പൊങ്ങച്ചം, അവിശുദ്ധ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ കുടുംബത്തിനു ചേര്‍ന്നതല്ല. ഭാര്യയും ഭര്‍ത്താവും friend എന്ന നിലയില്‍നിന്ന് ഉയര്‍ന്ന് companion എന്ന രീതിയി‌‌ല്‍ പങ്കാളിയെ കാണുമ്പോ‌ള്‍ സന്തോഷമുള്ള കുടുംബമാകും അത്.

മഹത്തായ വചനങ്ങള്‍:

“മനുഷ്യനെ സംസ്കരിക്കുന്ന ഉത്തമമായ ഉപകരണമാണ‌ു ദാമ്പത്യം” (റോബര്‍ട്ട്ഹാ‌ള്‍)

“കുടുംബത്തിന്റെ ഐക്യം സ്നേഹത്തിലാണിരിക്കുന്നത്” (ബെന്‍സ‌ന്‍)

“സൗഭാഗ്യപൂര്‍ണമായ കുടുംബം ഭൂമിയിലെ സ്വര്‍ഗമാണ‌്” (ബൌറിംഗ്)

“നല്ല ഭവനങ്ങ‌ള്‍ക്കേ നല്ല രാജ്യം സൃഷ്ടിക്കാ‌ന്‍ സാധിക്കൂ” (ജെ.കുക്ക്)

“കുഞ്ഞുങ്ങളെ ഉത്തമ പൌരന്മാരും സല്‍സ്വഭാവികളും ആക്കുന്നതിനുള്ള പരിശീലനക്കളരിയാണ‌ു ഭവനം. സ്നേഹമില്ലെങ്കില്‍ ഭവനമില്ല” (ബൈറന്‍)

“അപവാദ പ്രചരണത്തിനുള്ള ഏറ്റവും നല്ല മറുപടി മൗനമാണ‌്” (വാഷിങ്ട‌ണ്‍)

“നിരാശ നിറഞ്ഞ മനസ്സിന‌് ഒരു വാക്കുകൊണ്ട് ആശ്വാസം നല്‍കാം” (കെ.പി.കേശവമേനോ‌ന്‍)

“അന്ധകാരത്തെ പഴിക്കുന്നതിലും ഭേദം ഒരു കൈത്തിരിയെങ്കിലും കത്തിക്കുന്നതാണ‌്” (ഏബ്രഹാം ലിങ്കണ്‍)

പ്രവര്‍ത്തിക്കാ‌ന്‍:

ആയുസ്സിന്റെ ഭൂരിഭാഗവും വിവാഹജീവിതമാകയാ‌ല്‍ സന്തോഷം കിട്ടുന്ന രീതിയില്‍ ജാഗ്രതയോടെ മുന്നോട്ടു നീങ്ങുക. ഒരാളുടെ ഏറ്റവും വലിയ സുഹൃത്ത് ജീവിത പങ്കാളിതന്നെ. ക്ഷമയും ത്യാഗവും പ്രകടിപ്പിക്കുക. സ്നേഹിക്കാ‌ന്‍ മാത്രമേ പരസ്പരം മത്സരിക്കാവൂ. കുട്ടികളുടെ നല്ല ഭാവി നല്ല കുടുംബത്തെ ആശ്രയിച്ചിരിക്കും

Comments