11/12/20

വ്യക്തിത്വ വികസനം

 1. നാവിന്റെ ശക്തി

നന്നായി സംസാരിക്കാന്‍ അറിയുന്നവര്‍ പാതി ജയിച്ചുവെന്ന് പറയാം. ഒരാളുടെ മനസ്സില്‍ എന്തായിരുന്നാലും പുറത്തുവരുന്ന വാക്കുകളെ വിലയിരുത്തി നാം പ്രാഥമിക നിഗമനം നടത്തും.അത് സാഹചര്യവും സന്ദര്‍ഭവും നോക്കി വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം.

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല’ എന്നുള്ള ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. പല പ്രശസ്തരായ വ്യക്തികളും വിവാദ പ്രസംഗത്തിന്റെ പേരില്‍ കുരുക്കില്‍ വീണിട്ടുള്ളത് നമുക്ക് അറിയാവുന്നതാണല്ലോ.

നമ്മുടെ വാക്കുകളെ മാനത്തുനിന്നു വീഴുന്ന ജലമായി സങ്കല്‍പ്പിക്കുക. അത് വീഴുന്ന സാഹചര്യം നോക്കിയാലോ?

-ആകാശത്തു നിന്ന് വീണ വെള്ളം നേരിട്ട് ശേഖരിച്ചത് നമുക്ക് കുടിക്കാം.

-പുരപ്പുറത്ത് നിന്ന് വീണാല്‍ കുളിക്കാം, അലക്കാം, കഴുകാം.

-ജലം അറിയാതെ സിമന്റിലോ പ്ലാസ്റ്റര്‍ ഓഫ് പാരിസിലോ വീണാല്‍ കട്ടയായി അതൊരു നഷ്ടമാകും.

-ജലം അഴുക്കുചാലില്‍ വീണാല്‍ ഒന്നിനും കൊള്ളില്ല. പക്ഷേ, ആ വെള്ളം തന്നെ മണ്ണില്‍ ആണ്ടിറങ്ങി ഉറവച്ചാലില്‍ എത്തിയ ശേഷം കിണറ്റിലെ കുടിവെള്ളം ആയിമാറുന്നു.

-ജലം ഡാമില്‍ കെട്ടി നിര്‍ത്തി ഒഴുക്കിവിട്ടാലോ? ജലസേചനത്തിനും വൈദ്യുതിക്കും വേണ്ടി ഉപയോഗിക്കാം.

-ജലം പുല്ലില്‍ ഒട്ടിനില്‍ക്കുമ്പോള്‍ കുട്ടികള്‍ അതെടുത്ത് കണ്ണീര്‍ത്തുള്ളി എന്നു പറഞ്ഞു കണ്ണില്‍ ഇറ്റിക്കും.

-ചേമ്പിലയില്‍ വീണ ജലം തിളങ്ങി തുള്ളിക്കളിക്കും.

-ചുട്ടു പഴുത്ത റോഡില്‍ വീണാല്‍ ജലം ബാഷ്പീകരിച്ചു പോവും.

-തിളച്ച എണ്ണയില്‍ വീണാല്‍ ജലം ചീറ്റിത്തെറിക്കും.

-ഇരുമ്പില്‍ വീണുകിടന്നാല്‍, തുരുമ്പായി മാറും.

-അതേസമയം, ഐസില്‍ വീണാല്‍ ആ ജലവും ഐസായി മാറും.

-നീറ്റുകക്കയില്‍ ജലം വീണാല്‍ പുകഞ്ഞു കൊണ്ടിരിക്കും. .

-ഇനി ഈ മഴവെള്ളം കടലില്‍ പെയ്തിറങ്ങിയാലോ? ആരും അറിയാനേ പോകുന്നില്ല! എങ്കിലും അത് ഉപ്പുവെള്ളമാകും എന്നുറപ്പ്.

ഇതേപോലെയാണ് നമ്മുടെ നാവില്‍നിന്നും ഉതിര്‍ന്നുവീഴുന്ന വാക്കുകളും! വീഴുന്ന സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് വാക്കുകള്‍ക്ക് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.

വാക്കുകള്‍ സംഭാഷണവും സംവാദവും തര്‍ക്കവും അലര്‍ച്ചയും എന്നിങ്ങനെയുള്ള ഭാവങ്ങള്‍ കൈവരിക്കുമ്പോള്‍ ഓരോ വ്യക്തിയും ജീവിതത്തിലെ ജയപരാജയങ്ങള്‍ രുചിക്കും. ഇതു മനസ്സിലാക്കി പല വിദേശ സര്‍വ്വകലാശാലകളും നല്ല സംസാരം പഠിപ്പിക്കുന്ന ഓറോളജി എന്ന പഠനശാഖ തുടങ്ങിയിരിക്കുന്നു.

കാലും കയ്യും കണ്ണും കാതും ഇടത്-വലതു തലച്ചോറും ശ്വാസകോശവും വൃക്കയും ഓവറി, സ്ക്രോട്ടം, നാസാദ്വാരവുമെല്ലാം രണ്ട് എണ്ണം ഉണ്ടെങ്കിലും നാവ് ഒരെണ്ണം മാത്രം. നാവ് വളരെ മിതമായി സൂക്ഷിച്ചുവേണം ഉപയോഗിക്കേണ്ടത്.

ഏറെ പ്രശസ്തമായ ഒരു കഥ ശ്രദ്ധിക്കൂ...

ഒരിക്കല്‍, ഒരു രാജകൊട്ടാരത്തില്‍ രാജാവിന്റെ മുന്നില്‍ ജ്യോതിഷ പണ്ഡിതനെ വിളിച്ചു വരുത്തി. രാജകൊട്ടാരത്തിന്റെ ഭാവി പ്രവചിക്കാന്‍ രാജാവ്‌ ആവശ്യപ്പെട്ടു.

കുറച്ചുനേരം മനനം ചെയ്ത ശേഷം പണ്ഡിതന്‍ പറഞ്ഞു:

ഒരു കഷ്ടകാലമാണ് ഞാന്‍ കാണുന്നത്. രാജാവ് നാടുനീങ്ങും”

സത്യം കണ്ടെത്തി പ്രവചിച്ചതിനാല്‍ പണ്ഡിതന്‍ നല്ല സമ്മാനം കിട്ടുമെന്ന് കരുതി. എന്നാല്‍, രാജാവിന് അടക്കാനാവാത്ത കോപമാണ് ഉണ്ടായത്. തന്റെ മരണം പ്രവചിച്ച അയാള്‍ക്ക് രാജാവ് നല്‍കിയത് ഇരുണ്ട തടവറവാസമായിരുന്നു!

പിന്നീട്, മറ്റൊരു ജ്യോതിഷ വിദഗ്ധന്‍ അവിടെ വന്നു. അയാള്‍ പ്രവചനം

നടത്തിയത് മറ്റൊരു വിധത്തില്‍-

വൈകാതെ രാജകുമാരന്‍ കിരീടാവകാശി ആയിത്തീരും!”

ഇതില്‍ സന്തോഷിച്ചു രാജാവ് കൈനിറയെ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്കുകയും ചെയ്തു.

ഇവിടെ രണ്ടുപേരും പറഞ്ഞ ആശയം രാജാവിന്റെ മരണമായിരുന്നു. ആദ്യം വന്നയാള്‍ നേരെ കാര്യം പറഞ്ഞപ്പോള്‍ രണ്ടാമന്‍ അതുതന്നെ ബുദ്ധിപരമായി പറഞ്ഞു.

2. സംസാര ശൈലികള്‍

അമിതശബ്ദത്തില്‍ പറയുന്നതും കേള്‍ക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. അത്തരം ചുറ്റുപാടില്‍ മാനസിക പിരിമുറുക്കവും ക്രമേണ മാനസിക-ശാരീരിക രോഗങ്ങളും വന്നേക്കാം. അളന്നു തൂക്കി സംസാരിക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ കുറവായിരിക്കും. എന്നാലോ? വായാടികള്‍ സ്വന്തം നാവുകൊണ്ട് കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഒരുപാടു സംസാരിക്കുമ്പോള്‍ തെറ്റുവരാനുള്ള സാധ്യത സ്വാഭാവികമായും വന്നുചേരും. അതുകൊണ്ടാണ് 'മൗനം വിദ്വാനു ഭൂഷണം' എന്ന പ്രയോഗം വരാന്‍ കാരണം.

ഒരിക്കല്‍, ഒരു പരിചയക്കാരന്‍ സോക്രട്ടീസിനെ ഓടി സമീപിച്ചു പറഞ്ഞു:

ഞാന്‍ നിങ്ങളുടെ സുഹൃത്തിനെക്കുറിച്ച്‌ കേട്ടതായ കാര്യം പറയട്ടെ”

എന്നാല്‍, അദ്ദേഹം അത് വിലക്കി തിരിച്ചു ചോദ്യം ഉന്നയിച്ചു:

ഞാന്‍ ചോദിക്കുന്ന മൂന്ന് കാര്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കിയാല്‍ നിങ്ങളുടെ കാര്യം ഞാന്‍ കേള്‍ക്കാം”

വന്നയാള്‍ അത് സമ്മതിച്ചു.

സോക്രട്ടീസ് ഒന്നാമത്തെ ചോദ്യം ചോദിച്ചു:

അദ്ദ്യത്തെ ചോദ്യം സത്യത്തെ ആസ്പദമാക്കിയാണ്. താങ്കള്‍ പറയുന്ന കാര്യം സത്യമെന്ന് ഉറപ്പുണ്ടോ?”

അല്ല...അതുപിന്നെ...ഞാന്‍ പറഞ്ഞുകേട്ടതാണ്”

എങ്കില്‍ നിങ്ങള്‍ ആദ്യത്തെ ചോദ്യത്തില്‍ തോറ്റിരിക്കുന്നു. ഇനി രണ്ടാമത്തെ ചോദ്യം നന്മയെ അടിസ്ഥാനമാക്കിയാണ്. താങ്കള്‍ ചോദിക്കുന്ന ചോദ്യം ഒരു നല്ല കാര്യമാണോ?”

അല്ലെന്ന് അയാള്‍ മറുപടി പറഞ്ഞു.

അപ്പോള്‍ താന്‍ അതിലും തോറ്റിരിക്കുന്നു. ഇനി അവസാന ചോദ്യം- നിങ്ങള്‍ പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്കോ, നിങ്ങള്‍ക്കോ, ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ?”

ഇല്ല. ഞാന്‍ വെറുതെ പറയാന്‍ വന്നതാ”

അനന്തരം സോക്രട്ടീസ് പ്രസ്താവിച്ചു:

ഇങ്ങനെ യാതൊരു ഗുണവുമില്ലാത്ത കാര്യം താന്‍ പറയേണ്ട”

നമ്മുടെ സംസാരവും എന്തെങ്കിലും പ്രയോജനം ഉള്ളത് എന്ന് ഉറപ്പാക്കണം. അതിനാല്‍ ചില നല്ല സംസാര ശീലങ്ങള്‍ ശ്രദ്ധിക്കാം-

 • സംഭാഷണം പിറുപിറുക്കല്‍ ആയിരിക്കരുത്. എന്നാല്‍, അധികം ഒച്ചയിടാനും പാടില്ല.

 • പരദൂഷണം പാടില്ല

 • ഒരുകാര്യം തന്നെ ആവര്‍ത്തിച്ചു പറയരുത്.

 • വിവാദം ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളില്‍ മൗനം പാലിക്കുക.

 • ഉദാഹരണം പറയുമ്പോള്‍ വ്യക്തിഗതമല്ലാതെ നോക്കണം.

 • അശ്ലീല ഭാഷണം അരുത്.

 • പാണ്ഡിത്യം കാട്ടാന്‍ കട്ടിയുള്ള പദങ്ങള്‍ പ്രയോഗിക്കരുത്.

 • മലയാളം പറയുന്നതിനിടയില്‍ ഇംഗ്ലീഷ് ആവശ്യമില്ലാതെ വരുത്തരുത്.

 • അമിത വേഗത്തിലോ ഇഴഞ്ഞു വലിഞ്ഞോ പറയരുത്.

 • സംസാരം അധികം വലിച്ചു നീട്ടി ആരെയും ബോറടിപ്പിക്കരുത്.

 • സമയംകൊല്ലി സംസാരങ്ങള്‍ പലരുടെയും സമയം അപഹരിക്കും.

 • ആശയ സംവാദം ആകാം. വാഗ്വാദം വേണ്ട. അത് ഒരിക്കലും തര്‍ക്കത്തിലെത്തരുത്.

 • തെറ്റുണ്ടാവരുത് എന്ന നിര്‍ബന്ധമുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി എഴുതി വായിക്കുക.

നല്ല സംഭാഷണങ്ങള്‍ സൗഹൃദങ്ങളെയും കുടുംബ ബന്ധങ്ങളെയും സന്തോഷത്തില്‍ നിലനിര്‍ത്തും. നാവുദോഷം പലതും തച്ചുടയ്ക്കും. സ്വന്തം ശൈലികള്‍ വിശകലനം ചെയ്യുക.

3. നാരങ്ങയുടെ നിറം

കറുമ്പന്‍കാട്ടിലെ ചെമ്പൻകുതിരയും ചിന്നൻകഴുതയും കൂട്ടുകാരാണ്.

ഒരു ദിവസം, അവർ മധുരപ്പുല്ല് തിന്നുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ തലയ്ക്കു മുകളിലായി മഞ്ഞ നിറത്തിൽ അനേകം നാരങ്ങാ പഴുത്തു കിടപ്പുണ്ട്. അതിനിടയിൽ എപ്പോഴോ കഴുതയുടെ തലയിലേക്ക് ഒരു നാരങ്ങാ വന്നു വീണു.

അവൻ പറഞ്ഞു:

"ഹായ്, ഈ പഴത്തിന് എന്തു നല്ല നീല നിറം! കാണാന്‍ നല്ല ചേല്!"

അപ്പോൾ കുതിര പൊട്ടിച്ചിരിച്ചു-

"ഏയ്, അത് മഞ്ഞനിറമാണ്"

എന്നാൽ, കഴുത അതു സമ്മതിച്ചുകൊടുത്തില്ല. അവർ ഉച്ചത്തിൽ തർക്കിച്ചു കൊണ്ടിരുന്നു. ഇവർ അമറുന്ന ശബ്ദം കേട്ട് കാട്ടിലെ മറ്റുള്ള മൃഗങ്ങൾ അവരുടെ ചുറ്റിനും കൂടി. തര്‍ക്കം മുറുകി വന്നു.

അപ്പോൾ, മോട്ടുമുയൽ പറഞ്ഞു -

"എല്ലാവരും ഞാൻ പറയുന്നത് ശ്രദ്ധിക്കൂ... ചെമ്പനും ചിന്നനും ഉടനെങ്ങും വഴക്കു തീർക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് നമുക്ക് സിംഹരാജന്റെ അടുത്തേക്കു ചെന്നു കാര്യത്തിനു തീരുമാനമുണ്ടാക്കാം"

എല്ലാവർക്കും അതു സമ്മതമായി. സിംഹരാജന്റെ അടുക്കലെത്തി പ്രശ്നം അവതരിപ്പിച്ചു. അല്പം ആലോചിച്ച ശേഷം കാടിന്റെ രാജാവായ സിംഹം വിധി കൽപ്പിച്ചു-

"നാരങ്ങായുടെ നിറം മഞ്ഞയാണെന്ന് നമുക്കെല്ലാം അറിയാം. അതു കൊണ്ട് ഈ തർക്കത്തിന്റെ ശിക്ഷയായി ചെമ്പൻകുതിര ഇന്നേ ദിവസം മുഴുവനും, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഈ കല്ലിൽ കയറി നിൽക്കട്ടെ!"

വിചിത്രമായ വിധി കേട്ട് മൃഗങ്ങളെല്ലാം കണ്ണുമിഴിച്ചു.
സിംഹരാജനു പ്രായമാകയാൽ ശിക്ഷ വിധിച്ചതിൽ മാറിപ്പോയെന്ന് എല്ലാവരും കരുതി. പക്ഷേ, സിംഹരാജന്റെ കല്പനയെ ചോദ്യം ചെയ്യാൻ കടുവ പോലും ഭയപ്പെട്ടു.

അപ്പോൾ ധീരനായ മോട്ടുമുയൽ സിംഹത്താനോടു ചോദിച്ചു-

"അങ്ങ് കാട്ടിലെ രാജാവാണെന്നതു ശരി തന്നെ. എന്നാൽ, ശരിയായ കാര്യം പറഞ്ഞ ചെമ്പൻകുതിരയ്ക്ക് പട്ടിണി വിധിച്ചത് ന്യായമാണോ?"

സിംഹത്താൻ ഗർജിക്കുമെന്നു മറ്റു മൃഗങ്ങൾ പേടിച്ചെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല.

സിംഹരാജൻ പറഞ്ഞു-

"യാതൊരു അന്യായവും എന്റെ കല്പനയിൽ ഇല്ല. പഴുത്ത നാരങ്ങയുടെ നിറം നീലയാണെന്ന് ഒരു കഴുത പറയുന്നത് ശരിയല്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. കാരണം, കാട്ടിലെ ഒട്ടും ബുദ്ധിയില്ലാത്തവരാണ് കഴുതകൾ. അപ്പോൾ, ശരിയായ ഉത്തരമായ മഞ്ഞനിറം പറഞ്ഞ് കഴുതയെ ബോധിപ്പിക്കാൻവേണ്ടി തർക്കിച്ച ചെമ്പൻകുതിരയാണ് തെറ്റുകാരൻ. കാരണം, വിഢികളുടെ വാക്കിനു ചെവി കൊടുത്താൽ മറ്റു മൃഗങ്ങൾ ഈ സംഭവം ഏറ്റുപിടിച്ച് വലിയ ലഹളയുണ്ടാകാൻ കാരണമാകും!''

കൊച്ചുകഥയെങ്കിലും വലിയൊരു പാഠം ഇതു നൽകുന്നുണ്ട്.

 • വിഢികൾ പറയുന്നതിനു മുന്നിൽ നാം മൗനം പാലിക്കണം. സത്യം പറഞ്ഞാൽ അതു മനസ്സിലാക്കാൻപോലും അവർക്കു കഴിഞ്ഞെന്നു വരില്ല.

 • അത്തരം രംഗത്തിൽനിന്ന് ഒഴിഞ്ഞു മാറുക.

 • മറുപടി പറയാതെ യാതൊരു നിവൃത്തിയുമില്ലെങ്കിൽ ഒരു പ്രാവശ്യം മാത്രം കാര്യം സംസാരിക്കുക. അതു കേട്ടിട്ട് മണ്ടശിരോമണികൾ എങ്ങനെ വേണമെങ്കിലും എടുക്കട്ടെ.

 • ഇത്തരത്തിൽ, സംസാരത്തിൽ സംയമനവും അടക്കവും ശീലിച്ചാൽ വാദപ്രതിവാദങ്ങളും തർക്കങ്ങളും ശത്രുതയും ആക്രമണങ്ങളും ഒഴിവാക്കാം. അങ്ങനെ, മനസ്സുഖവും കിട്ടും.

 • അതിനാൽ- മറുപടിക്ക് യോഗ്യതയുള്ള സംസാരത്തിനു മാത്രം അതു നൽകിയാൽ മതിയാകും. ദാമ്പത്യ ജീവിതത്തിലും ഇങ്ങനെ പരീക്ഷിച്ചു നോക്കാം. ചിലപ്പോള്‍, മൗനമാകുന്നു ഏറ്റവും നല്ല മറുപടി!

4. ബുദ്ധിപരമായ സംസാരം

സിൽബാരിപുരംരാജ്യത്തിലെ പ്രധാന നാൽക്കവലയിൽ ഒരു വലിയ ആൽമരം നിന്നിരുന്നു. അതിനെ ചുറ്റിയാണ്‌ വഴികളെല്ലാം കടന്നുപോകുന്നത്. ഇടതു വശത്തേക്കുള്ള വഴി സമ്പൽസമൃദ്ധമായ കോസലപുരംരാജ്യത്തിലേക്കുള്ളതാണ്. വലതുവഴിയാകട്ടെ, ദുഷ്ടരാജ്യമായ രാജമാണിക്യപുരംരാജ്യത്തിലേക്ക്. നേരെയുള്ളത് ചന്തയിലേക്കും.

ഒരിക്കൽ, ഒരു സന്യാസി അവിടത്തെ ആൽമരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ, ഒരു വഴിപോക്കൻ അതുവഴി വന്നു. സന്യാസിയോടു ചോദിച്ചു -

"ഞാൻ ദൂരെ നിന്നു വരികയാണ്. എനിക്ക് നല്ല രാജ്യത്തിലേക്കുള്ള വഴി പറഞ്ഞു തരിക"

ഉടൻ, സന്യാസി ചോദിച്ചു -

"താങ്കൾ എന്തിനാണ് നല്ല രാജ്യം തിരക്കി പോകുന്നത്? എന്താ, നിന്റെ നാട്ടിൽ നല്ലവരില്ലേ?"

"ഹൊ! അതു പറയാതിരിക്കയാണു ഭേദം. ഒരെണ്ണം പോലും ഇല്ല"

"ങാ. എങ്കിൽ വലതു വഴിയിലൂടെ നടന്നോളൂ"

അയാൾ ദുഷ്ട രാജ്യത്തിലേക്കു പോയി.

അതിനു പിറകിലായി മറ്റൊരാൾ നടന്നുവരുന്നുണ്ടായിരുന്നു. അയാളും നല്ല രാജ്യത്തിലേക്കു പോകാനുള്ള വഴി തേടി സന്യാസിയോടു ചോദിച്ചു.

"വഴി ഞാൻ പറയാം. നീ എന്തിനാണ് ഇങ്ങനെ നല്ല രാജ്യം നോക്കി പോകുന്നത്? നിന്റെ രാജ്യത്തിൽ നല്ലവർ ഇല്ലേ?"

"ഉണ്ട്. സ്വാമീ... ഞാനൊരു കച്ചവടക്കാരനാണ്. പക്ഷേ, ഞങ്ങളുടെ നാട്ടിൽ വരൾച്ചയും പട്ടിണിയുമാകയാൽ എന്റെ കച്ചവടം നഷ്ടത്തിലാണ്. ഏതെങ്കിലും നല്ല രാജ്യത്തു ചെന്നേ മതിയാകൂ"

"ഉം...നീ ഇടതു വഴിയിലൂടെ യാത്ര ചെയ്യുക"

അയാൾ നല്ല രാജ്യത്തിലേക്കു യാത്രയായി.

മൂന്നാമതും ഒരാൾ അതിലേ വന്നു. അയാൾ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു -

"സന്യാസീ... ചന്തയിലെത്താൻ എത്ര സമയം വേണ്ടിവരും?"

"ക്ഷമിക്കണം, എനിക്കറിയില്ല"

അയാൾ മുന്നോട്ടു കുറച്ചു ദൂരം പോയിക്കഴിഞ്ഞപ്പോൾ സന്യാസി
ഉച്ചത്തിൽ വിളിച്ചു പറഞ്ഞു -

"ഒരു മണിക്കൂർ സമയംകൊണ്ട് നിനക്കു ചന്തയിലെത്താം!"

ആശയത്തിലേക്ക്....

ആദ്യം വന്നയാളിനെ സന്യാസി മോശമായ രാജ്യത്തിലേക്കു വിടാൻ കാരണമുണ്ടായിരുന്നു - അയാൾക്ക് സ്വന്തം നാട്ടിൽ ഒരാളിനെപ്പോലും നന്നായി കാണാൻ പറ്റാത്തതിനാൽ അയാൾ എവിടെ ചെന്നാലും നല്ലതു കാണാനും കിട്ടാനും പോകുന്നില്ല. അതായത്, അയാൾ നല്ലവനല്ല!

രണ്ടാമൻ നിവൃത്തികേടുകൊണ്ട് പോകുന്നതാണ്. അയാൾ നല്ല രാജ്യം അർഹിക്കുന്നു.

മൂന്നാമനോട് യാത്രാ സമയം അറിയില്ലെന്ന് സന്യാസി പറഞ്ഞത് സത്യമായിരുന്നു. അയാളുടെ നടപ്പിന്റെ വേഗത കാലിൽ നോക്കി പിന്നീടാണ് അദ്ദേഹം കണക്കുകൂട്ടിയത്!

യഥാർഥത്തിൽ, സന്യാസി സംസാരിച്ചത് നാവുകൊണ്ടായിരുന്നില്ല!

മറിച്ച്, ബുദ്ധികൊണ്ടായിരുന്നു!

അതിനാൽ,
'
മണഗുണ...കലപില...ചറപറ...ബ്ളാ...ബ്ളാ...ബബ്ബബ്ബ...'വാചകങ്ങൾ ഒഴിവാക്കി ബുദ്ധിപരമായ സംസാരങ്ങൾക്കായി നമുക്കു പറ്റുന്നപോലെ പരിശ്രമിക്കാം.

5. കല്ലിന്റെ വില

ഒരിക്കൽ, തുണിത്തരങ്ങളുമായി ഒരു സംഘം നാടോടികൾ കോസലപുരം രാജ്യത്തു നിന്നും സിൽബാരിപുരം രാജ്യത്തിലേക്ക് കച്ചവടത്തിനായി വന്നു ചേർന്നു.
അക്കൂട്ടത്തിൽ, പതിനാലു വയസ്സുള്ള കേശുവുമുണ്ടായിരുന്നു. ഒരു ദിനം, കേശു ചന്തയിലെ കച്ചവടവും കഴിഞ്ഞ് അവന്റെ കൂടാരത്തിലേക്കു വന്നത് കരഞ്ഞുകൊണ്ടാണ്.

പിതാവ് രത്നാകരൻ അവനോടു കാര്യം തിരക്കി-

"അച്ഛാ, ചന്തയിൽ ഞാൻ തുണി വിൽക്കാൻ നിൽക്കുമ്പോൾ ആളുകൾ എന്നെ നാടോടീ എന്നു വിളിച്ചു കളിയാക്കി കൂവുന്നു. നമുക്ക്, ഈ ദേശം വിട്ട് ചിത്തിരപുരത്തേക്കു പോകാം, അച്ഛാ..."

അയാൾ ആശ്വസിപ്പിച്ചു -

"അതെങ്ങനാ മോനേ കളിയാക്കലാകുന്നത്? സത്യമല്ലേ അവരു പറയുന്നത്. നമുക്ക് സ്വന്തമായി നാടോ വീടോ ഇല്ലല്ലോ. ഒരു നാട്ടിൽ നിന്ന് വേറൊരു നാട്ടിലേക്കു പോകും"

പക്ഷേ, അതൊന്നും അവനെ ആശ്വസിപ്പിച്ചില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രത്നാകരനും വിഷമമായിത്തുടങ്ങി. അന്നു രാത്രി അയാൾ തന്റെ പാണ്ടക്കെട്ടു തുറന്നു. അതിനുള്ളിൽ നിന്ന് ഒരു ചെറിയ കിഴിയുടെ കെട്ടഴിച്ചു.

പിന്നീട്, കേശുവിനെ വിളിച്ച് കിഴിയിലുണ്ടായിരുന്ന ഒരു കല്ല് അവനു കൊടുത്തിട്ടു പറഞ്ഞു -

" നീ ഈ നാട്ടിലെ ആഭരണ വ്യാപാരികളെ കാണിച്ച് കല്ലിന് എന്തു വില കിട്ടുമെന്ന് എന്നോടു വന്നു പറയുക "

കേശു ഒന്നാമത്തെ വ്യാപാരിയുടെ അടുക്കലെത്തി. അയാൾ പറഞ്ഞു -

"ഈ പരട്ടക്കല്ലിന് ഞാനൊന്നും തരില്ല''

രണ്ടാമത്തെ വ്യാപാരിയെ സമീപിച്ചു -

"പത്തു ചെമ്പു നാണയം തരാം"

മൂന്നാമൻ -

"അമ്പത് വെള്ളിനാണയം തരാം''

പക്ഷേ, നാലാമത്തെ വ്യാപാരി ഈ കല്ല് കണ്ടിട്ട് ഞെട്ടി!

"എന്റെ ഭഗവാനെ! അതിപുരാതനമായ ഇത്തരം വജ്രക്കല്ല് എവിടുന്നു കിട്ടി?
ആയിരം സ്വർണനാണയങ്ങൾ ഇതിനു മതിപ്പുവിലയുണ്ട്. പക്ഷേ, ഒരു കുട്ടിയിൽ നിന്നും വാങ്ങാൻ രാജകല്പന അനുവദിക്കുന്നില്ല, നിന്റെ അച്ഛനോ അമ്മയോ വന്നാൽ വില്പന നടത്താം"

കേശു കല്ലുമായി തിരികെ വന്ന്, അച്ഛനെ നടന്ന കാര്യങ്ങൾ അറിയിച്ചു.

അയാൾ പറഞ്ഞു -

"അനേകം തലമുറകളായി കൈമാറി വരുന്ന വൈരക്കല്ലാണ് ഇത്. പട്ടിണി മൂലം ദുരിതം വന്നാല്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. പക്ഷേ, ഈ കല്ല് ഇനിയും ശുദ്ധി ചെയ്യേണ്ടതുണ്ട്. ഇവിടെ നല്ല അറിവുള്ള വ്യാപാരിയായി ഒരുവൻ മാത്രം. ഇതിന്റെ മൂല്യം അറിയാത്തവർ തോന്നുന്നതു പോലെ വില പറയും. അതുകൊണ്ട് നിന്റെ വില എന്താണെന്ന് അറിയാത്തവർ എന്തെങ്കിലും പറഞ്ഞാൽ നീ അതിനു ചെവി കൊടുക്കേണ്ട"

"അച്ഛാ, എനിക്ക് എന്തു വിലയാണ് ഉള്ളത്?"

"നീ ഇത്ര ചെറുപ്പത്തിൽത്തന്നെ മികച്ച കച്ചവടക്കാരനാണ്, നമ്മുടെ പരമ്പരയിലെ ഏറ്റവും മിടുക്കനായതിനാൽ ഒരു കച്ചവടസാമ്രാജ്യം തന്നെ നിനക്കു നേടാനാകും"

"എങ്കിൽ, വജ്രക്കല്ല് വില്ക്കേണ്ട അച്ഛാ, ഇവിടെത്തന്നെ തുണിക്കച്ചവടം ചെയ്യാം "

അവർക്കു സന്തോഷമായി.

ആശയം -

പലരും ഒന്നുമില്ലായ്മയുടെ പേരിൽ നീറിപ്പുകയുകയാണ്. ഇതിന് ഒരു പരിധി വരെ കാരണമാകുന്നത് മറ്റുള്ളവരുടെ വിലനിലവാരസൂചിക മൂലമാകാം.

ഓർമ്മിക്കുക- ദൈവം ഓരോ വ്യക്തിക്കും മുൻകൂർ വില നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യർ മറ്റുള്ളവരുടെ വില കുറച്ചിടാനും കൂട്ടിയിടാനും പോകാതെ സ്വന്തം കാര്യം ശ്രദ്ധിക്കുക. സഹജീവികളുടെ മനസ്സു നോവിക്കാതെ ശ്രദ്ധിക്കുമല്ലോ.

personality development online Malayalam free digital reading, വ്യക്തിത്വ വികസനം, മികച്ച സംസാരം, വാങ്ങ്മി, പ്രസംഗം, വാചാലത, 

No comments:

Post a Comment