14/10/20

Jyothisham astrology omen

 

ജ്യോതിഷം വെറും തട്ടിപ്പാണെന്നും ശാസ്ത്രീയ അടിത്തറയില്ലെന്ന നിലപാടും ശരിയല്ല. കാരണം, ഒരുകാലത്ത്, ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരും സംസ്കാരവും വിജ്ഞാനവും ഭാരതത്തിനു സ്വന്തമായിരുന്നു. ജ്യോതിഷവും യോഗയും അതിന്ദ്രീയ ജ്ഞാനവും(ESP) മറ്റും ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തി അതിന്റെ ഗുണഫലങ്ങള്‍ പലതും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ കേരളത്തില്‍ അനേകം ജ്യോതിഷ പണ്ഡിതരും (astrologer) ചക്രവര്‍ത്തിമാരുമൊക്കെ നല്ല സേവനം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ രംഗത്തും യാതൊരു വിവരവുമില്ലാത്തവര്‍ തട്ടിപ്പുകളും വെട്ടിപ്പുകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നടത്തി പലരെയും ചൂഷണം ചെയ്യുന്നുമുണ്ട്. അതിനാല്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഉപകാരപ്പെടുന്ന ചെറുകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി ഈ പരമ്പരയെ ഞാന്‍ ഉപയോഗിക്കട്ടെ.

ശകുനങ്ങള്‍

ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോള്‍, ആദ്യമായി നമ്മുടെ ഇന്ദ്രിയ വിഷയമാകുന്നത് ശകുനം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതില്‍ നല്ലതും ചീത്തയുമായ ശകുനങ്ങള്‍ ഉണ്ടെന്നു കാണാം. ശകുനം അഴുക്കായത് കണ്ടാല്‍ യാത്ര മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍, തിരികെ വീട്ടില്‍ കയറി കുറച്ചു സമയം കഴിഞ്ഞ് വീണ്ടും യാത്ര തിരിക്കുക. ചിലര്‍, യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ നല്ല ശകുനം കാണുന്നതിനായി പലതും ഒരുക്കി നിര്‍ത്താറുണ്ട്. പ്രകൃതി സ്വയം കാണിക്കാത്ത അത്തരം കൃത്രിമ ശകുനത്തില്‍ കഴമ്പില്ല.

നല്ല ശകുനങ്ങള്‍ (good omen)

വെളുത്ത പൂവ്

ചന്ദനം

കുതിര

വേശ്യാസ്ത്രീ

പശു

മത്സ്യം

മാംസം

മണ്ണ്‍

കിളികളുടെ ശബ്ദം (കരച്ചില്‍ അല്ല)

രണ്ടു ബ്രാഹ്മണര്‍

കയറിട്ട കാള

കത്തുന്ന തീ

ശവം

നെയ്യ്

രാജാവ്

മണ്ണ്‍

തേന്‍

കരിമ്പ്

സ്വര്‍ണം

വെള്ളി

രത്നം

ചാണകം

ചീത്ത ശകുനങ്ങള്‍-ദുശ്ശകുനങ്ങള്‍ (bad omen) 

വിറക് അല്ലെങ്കില്‍ വിറകുകെട്ടുകള്‍

ചാരം

എണ്ണ

വീട്ടിലെ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പുറപ്പെടുന്ന യാത്രകള്‍

ചൂല്‍

കോടാലി

ഇരുമ്പ്

അരിവാള്‍

ഉപ്പ്

കയര്‍

തല മൊട്ടയടിച്ച ആളിനെ കാണുന്നതും ദുര്‍ശകുനം

വികലാംഗര്‍

എള്ള്

വിധവ

പൂച്ച

മുറം

പോത്ത്

ത്രിസന്ധ്യാ സമയത്ത് പോകുന്നതും വരുന്നതും

യാത്ര തുടങ്ങുമ്പോള്‍ കാല്‍ തട്ടുക, വീഴുക

യാത്രയ്ക്ക് കൂടെ കരുതുന്ന വടി, കുട, മറ്റു സാധനങ്ങള്‍ കയ്യില്‍നിന്നും താഴെ വീഴുന്നതും മോശമായ ശകുനമാകുന്നു

യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ പിറകില്‍നിന്നും വിളിക്കുന്നത് ദോഷം

ഇറങ്ങുന്ന സമയത്ത് ആരെങ്കിലും നിഷേധ വാക്കുകള്‍, വഴക്ക് എന്നിവയും ദോഷമാകുന്നു

കരി തൊടരുത്

ക്ഷേത്രത്തിലും പള്ളിയിലും മാതമല്ല, പല ആരാധനാലയങ്ങളിലും നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടോ? അവിടെ കത്തിനില്‍ക്കുന്ന വിളക്കിലെ കരി തോണ്ടി ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും തെറ്റായ കാര്യവും ഏറെ ദോഷങ്ങൾ വരുത്തുന്നതും ആണ്. പഴമൊഴിയെ നോക്കിയാല്‍- വിളക്കിലെ കരി നാണം കെടുത്തും എന്നു പല കാരണവന്മാരും പ്രസ്താവിച്ചിട്ടുള്ളതിനാല്‍ അതിലും കഴമ്പുണ്ടെന്നു കാണാം.

അതായത്, വിളക്കിലെ കരി തൊട്ടാൽ നാണക്കേട് എന്നാണ് പണ്ട് മുതല്‍ക്കെ ഉള്ള വിശ്വാസം. എന്നാൽ ഇവിടെ അതു മാത്രമല്ല, ജീവിതമാകെ മാനഹാനിയും ദു:ഖവും കഷ്ടപ്പാടും നിറഞ്ഞ് കറുത്തുപോകും എന്ന് കുന്തിദേവിയുടെ കഥ സാക്ഷ്യം വഹിക്കുന്നു.

കുന്തിയുടെ ജനനവും ബാല്യവും ഒന്നു നോക്കാം. അവരുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായി തീർന്നു.

കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുന്ന പണിയായിരുന്നു കുന്തി ചെയ്തിരുന്നത്. അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക, ഹോമ സ്ഥലം വൃത്തിയാക്കുക, വിളക്ക് വയ്ക്കണം എന്നിങ്ങനെ പോകുന്നു ആ ജോലികൾ.

ഒരു ദിവസം- ഉച്ചകഴിഞ്ഞപ്പോള്‍ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോള്‍ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്നതു കണ്ടു. ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു തമാശ തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്കമുണർന്ന ബാലകർ അന്യോന്യം മനസ്സിലാക്കാതെ നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ കറുത്ത പാട് കണ്ടാണ് അവരെല്ലാം കളിയാക്കിയത്. എന്നാലോ? തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ കുട്ടികള്‍ക്ക് വല്ലാത്ത ദേഷ്യം വന്നു ശാപവാക്കുകള്‍ പുറത്തുവന്നു-

"ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചത്, ജീവിതവും ഇങ്ങനെ കരിപുരണ്ടതാകട്ടെ!"

ശുദ്ധ ബ്രാഹ്മണ ശാപവാക്കുകൾ ഫലിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിന് ശേഷം കുന്തീദേവിയുടെ കദനകഥകൾ നമുക്ക് അറിയാവുന്നതാണല്ലോ. എന്നാൽ, പലരും ഇപ്പോഴും കറുത്ത പൊട്ട് തൊടാറുണ്ട്. കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിച്ചു കിട്ടിയ കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടത്. ദേവിക്ഷേത്രത്തിലെ ദാരുവിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്. ഒരു പക്ഷെ, ഇതേക്കുറിച്ച് അറിയാത്തവർ വിളക്കിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടും. എന്നാൽ ഇതു തെറ്റാണെന്ന് ഓര്‍ക്കുമല്ലോ!

ഇനി മറ്റൊരു കാര്യം- ഇക്കാലത്ത്, ആരാധനാലയങ്ങളിലെ വിഗ്രഹങ്ങളിലും ഫോട്ടോകളിലും രൂപങ്ങളിലും മറ്റും വൈദ്യുത വിളക്കുകള്‍, മിന്നിത്തിളങ്ങുന്ന വൈദ്യുത മാലകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നതു പതിവാണ്. സാധാരണയായി ഭക്തജനങ്ങള്‍ അവയെ തല മുട്ടിച്ച് അല്ലെങ്കില്‍ കൈകൊണ്ടു തൊട്ടു വണങ്ങാറുണ്ട്. ആ സമയത്ത്, ആദരപൂര്‍വ്വം കാലില്‍ ചെരുപ്പുകള്‍ കാണുകയുമില്ല. അന്നേരം, കൈ തൊടുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടെങ്കില്‍ അതിന്മേല്‍ ഇലക്ട്രിക്‌ ഷോക്ക്‌ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം, ചെരുപ്പുകള്‍ ധരിക്കാതെ നില്‍ക്കുമ്പോള്‍ വലിയ അപകടം വന്നേക്കാം. അതിനാല്‍, ശ്രദ്ധിക്കുമല്ലോ.

No comments: