ചെറുകഥകള്‍

മലയാളം ചെറുകഥകള്‍ ഡിജിറ്റല്‍ ഇ-ബുക്സ്

This Malayalam 'eBook-16-Malayalam-cherukathakal-1' is a series of short stories having some idea for self-help/improvement morals for a quality life. Author- Binoy Thomas, format-PDF, size-98 KB, pages-10, price-FREE.
'മലയാളം-ചെറുകഥകള്‍-1--വഴികാട്ടി' ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ ചെറു കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. ജീവിതഗുണമേന്മ അല്പമെങ്കിലും മെച്ചപ്പെടാന്‍ ഉപകരിക്കുമെന്ന് കരുതുന്നു. ഓണ്‍ലൈന്‍ വായനയിലേക്ക്..
To download safe Google drive pdf eBook-16 file, click below-https://drive.google.com/file/d/1aQZj1WL1dcV0IIsHHL1JXp6Cedb8pP8U/view?usp=sharing

Famous Malayalam short stories from my Malayalam eBooks. Now you can read this series online!

വഴികാട്ടി

അന്നൊരു മഴദിവസമായിരുന്നു. അത് ചന്നംപിന്നം പെയ‌്തുകൊണ്ടിരിക്കുന്നു. സര്‍ക്കാരുവക ബസ്‌സ്റ്റാന്‍ഡില്‍ ബസുകള്‍ യാതൊരു ലക്ഷ്യബോധവുമില്ലാതെ തലങ്ങും വിലങ്ങും വന്നുപോയി. അതിന്റെ ചക്രങ്ങള്‍ ചെളിക്കുഴികളില്‍ കയറിയിറങ്ങി ബസിനുള്ളിലെ ആളുകളെ ചാടാനും പുറത്തുള്ള മനുഷ്യരെ ഓടാനും പഠിപ്പിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, ഏതോ ഒരു ഓര്‍ഡിനറിബസില്‍നിന്ന് ഒരു മധ്യവയസ്കന്‍ അവിടെ വന്നിറങ്ങി. അയാളുടെ കണ്ണുകളില്‍ അപരിചിതത്വം നിഴലിച്ചു,

അതേസമയംതന്നെ, ചുറ്റുമുള്ള നോട്ടത്തില്‍ എല്ലാറ്റിനോടും നീരസവും. സംഗതി നേരുതന്നെ; അവിടെ കണ്ണിനു കൊള്ളാവുന്ന കാഴ്ചകളൊന്നുമില്ല. എല്ലാം പതിവുള്ളതൊക്കെത്തന്നെ. പണ്ടെങ്ങോ ആര്‍ഭാടമായി പണിതെങ്കിലും കാടുകയറിയ നിലയില്‍, മനുഷ്യാവയവങ്ങളെ ഉപേക്ഷിച്ച ശുചിമുറികള്‍...
മനുഷ്യനു ശല്യമായി അപേക്ഷിക്കുന്ന പിച്ചക്കാര്‍...
വെറ്റിലച്ചുണ്ണാമ്പ് തോണ്ടി തേച്ചുമിനുക്കിയ വെളുത്ത ഭിത്തികള്‍...
മൂന്നുംകൂട്ടി മുറുക്കിയ പൊതുജനം തറകളെയും വെറുതെ വിട്ടില്ല- മുറുക്കിത്തുപ്പിയ ചുവന്ന അടയാളങ്ങള്‍ എങ്ങും കാണാമായിരുന്നു.

പച്ചനിറമുള്ള തണലും ചുവന്ന പൂക്കളും നിറഞ്ഞ വാകമരത്തിനു കീഴെ നില്‍ക്കാനും ആള്‍ക്കാര്‍ക്കു കഴിഞ്ഞിരുന്നില്ല. മനുഷ്യര്‍ക്കു മാത്രമല്ല, ഞങ്ങള്‍ക്കും അഴിഞ്ഞാടാന്‍ അറിയാമെന്നു തെളിയിക്കുംവിധം വികൃതികള്‍ കാട്ടി തെരുവുപട്ടികളും നാല്‍ക്കാലികളും മഴകൊള്ളാതെ ആ മരച്ചുവട്ടില്‍ നേരത്തേ സ്ഥാനംപിടിച്ചിരുന്നു.

ശുചീകരണവും നന്നേ കുറവാണെന്നതിന്റെ തെളിവെന്നോണം 'മൊട്ടായി'ക്കടലാസുകളും സിഗരറ്റ് കൂടുകളും ഫലം പുറപ്പെടുവിക്കാഞ്ഞ ലോട്ടറിക്കടലാസുകളും മാത്രമല്ല, പുതുവണ്ടികള്‍ അലങ്കരിച്ച പൂമാലകള്‍ ചതഞ്ഞരഞ്ഞും ബലൂണുകള്‍ പൊട്ടിക്കീറിയും അവിടെ കാണപ്പെട്ടു. പക്ഷേ, ഇതൊന്നും ഞങ്ങള്‍ അറിയുന്നില്ലെന്ന മട്ടില്‍ ചില അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു അല്പവസ്ത്രധാരിയായ സിനിമാനടിയുടെ പരസ്യബോര്‍ഡിലേക്ക് നോക്കിനില്‍ക്കുന്നുണ്ട്! മറ്റൊരുകൂട്ടം മലയാളിഞരമ്പുരോഗികള്‍ ക്ഷമയോടെ തിരക്കേറിയ ബസിനുവേണ്ടി കാത്തിരുന്നു!

വന്നിറങ്ങിയ ആ യാത്രക്കാരന്‍ നേരെ 'എന്‍ക്വയറി' എന്നെഴുതിയ ബോര്‍ഡ് കണ്ട് അങ്ങോട്ടുവന്നു നോക്കിയപ്പോള്‍, ഓഫിസില്‍ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ട ഉപകരണങ്ങള്‍ ഒന്നുമില്ല. അവിടെ, ആകെയുള്ളത് ഒരു പഴഞ്ചന്‍ ടേബിള്‍ഫാന്‍. തകരത്തിന്റെ കുറുകുറുപ്പുമായി അന്ത്യശ്വാസം വലിക്കുമെന്ന് അത് സ്റ്റേഷന്‍മാസ്റ്റര്‍ക്ക് അന്ത്യശാസനം കൊടുക്കുന്നുണ്ടെങ്കിലും അയാള്‍ മഴയുടെ സംഗീതത്തിന്റെ അകമ്പടി സേവിച്ചു കൂര്‍ക്കം വലിക്കയാണ‌്.

ഇനി താന്‍ ആരോടു ചോദിക്കണം എന്നു ശങ്കിച്ചു നില്ക്കെ, അന്ധനായ ഒരു വൃദ്ധന്‍ ലോട്ടറിയുമായി മന്ദംമന്ദം അവിടേക്ക് വന്നു. "നാളെയാണ‌്... നാളെയാണ‌്..നാളെ കൃത്യം രണ്ടരമണിക്ക് നറുക്കെടുക്കുന്ന ലോട്ടറി ആര്‍ക്കും വാങ്ങാം..നിങ്ങള്‍ വാങ്ങുന്ന ഈ ടിക്കറ്റ്‌ നാളെ നറുക്കെടുക്കുമ്പോള്‍ ഒന്നാം സമ്മാനമുള്ള ടിക്കറ്റ്‌ ആരുടെ കയ്യിലിരിക്കുന്നോ, അയാള്‍ ലക്ഷാധിപതി ആയിത്തീരുന്നു. ആര്‍ക്ക് എപ്പോള്‍ ഭാഗ്യം വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല.."

ഈ വാചകങ്ങള്‍തന്നെ ക്രമമായി വൃദ്ധന്‍ ഉരുവിട്ടുകൊണ്ടിരുന്നു. യാത്രികന്‍ വൃദ്ധനോട് എന്തോ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും അതു പാഴായിപ്പോയി.
അന്നേരം, ഒരു ഫാസ്റ്റ്പാസഞ്ചര്‍ബസ്‌ അങ്ങോട്ട്‌ പാഞ്ഞുവന്നു. മഴവെള്ളം കാരണം അതിന്റെ ബോര്‍ഡ് നന്നായി കാണാന്‍ കഴിയുമായിരുന്നില്ല. തന്നെയുമല്ല, ബോര്‍ഡ് കാണാനുള്ള ബള്‍ബ്‌ തെളിഞ്ഞിട്ടുമില്ലായിരുന്നു. എങ്കിലും വലിയ അക്ഷരങ്ങള്‍ വായിച്ചെടുക്കാമായിരുന്നു-'നിലമ്പൂര്‍'

പെട്ടെന്ന്, ആ മനുഷ്യന്‍ അടുത്തുനിന്ന ചെറുപ്പക്കാരനോട്‌ തിടുക്കത്തില്‍ ചോദിച്ചു:
"ഈ ബസ്‌ എങ്ങോട്ടാ?"
"ഇത്..നിലമ്പൂരുബസാ.."
"കോട്ടയംവഴിയല്ലേ?"
"അല്ലാ..മൂവാറ്റുപുഴ വഴി പോകുന്നതാ.."

അയാള്‍ ചെറുപ്പക്കാരനെ രൂക്ഷമായി ഒന്നു നോക്കിയിട്ട് വേഗം ആ ബസില്‍ കയറിപ്പോയി. യുവാവിന‌് ആകെ സംശയമായി. അയാള്‍ എന്തിനായിരിക്കണം തെക്കോട്ട്‌ ചോദിച്ചിട്ട് വടക്കോട്ടു പോയത്? ചിലര്‍ ഉത്തരത്തിനായി എതിര്ചോദ്യം ചോദിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ വരുന്ന രീതിക്കാരനാവാം.

അങ്ങനെ അഞ്ചുമിനിറ്റ് കഴിഞ്ഞുകാണണം,
ദാ, വരുന്നു..നമ്മുടെ കഥാനായകന്‍, ചാറ്റുമഴയത്ത് കുടപോലുമില്ലാതെ നനഞ്ഞ കോഴിയെപ്പോലെ!
ആ ബസില്‍നിന്ന് ഇറക്കിവിട്ടെന്നു ചുരുക്കം!

ചമ്മിയതുപോലെ അയാള്‍ കുറച്ചു മാറി തൂണിന്റെ മറവില്‍ ഒളിച്ചുനില്‍ക്കുന്ന പ്രതീതി. മറ്റൊരു ബസ്‌ വന്നപ്പോള്‍ പ്രകാശമുള്ള ബോര്‍ഡ് സ്വയം വായിച്ച് അയാള്‍ വലിയ ഗമയില്‍ കയറിപ്പോയി. അതിന്റെ ബോര്‍ഡ് 'പുനലൂര്‍' എന്നായിരുന്നു!

Moral of the story: ജീവിതയാത്രയില്‍ പലയിടത്തും വഴികാട്ടികളെ കാണാന്‍ കഴിയും. അത് ശ്രവിച്ച് സ്വയം തിരുത്താനുള്ള അവസരവും കിട്ടിയെന്നിരിക്കും. എന്നാലോ? ആരാലും തിരുത്തപ്പെടാന്‍ സമ്മതിച്ചുകൊടുക്കാത്ത പ്രകൃതം നന്നല്ലെന്നും ഓര്‍ക്കുക.

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam