(913) പ്രസവിച്ച പാത്രങ്ങൾ!

 ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി.

പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു.

മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ"

ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു"

രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം"

അന്നേരം, രത്നചന്ദ്രൻ 5 സ്വർണ പാത്രങ്ങൾ കൊടുത്തു കൊണ്ട് പറഞ്ഞു - "ഈ 5 പാത്രങ്ങളും ഗർഭിണികളാണ്. വളരെ സൂക്ഷിച്ചു കൊണ്ടു പോകണം"

യോഗയ്യ ആ പാത്രങ്ങൾ തെനാലിയെ ഏൽപ്പിച്ചു. തെനാലി ഒരു സ്വർണ പണിക്കാരനെ വച്ച് ചെറുതായി മുറിച്ച് രത്നചന്ദ്രന്റെ ക്രൂരതകൾക്ക് ഇരയായവർക്കു നൽകി.

ഒരാഴ്ച കഴിയുന്ന ദിവസം, ഇരട്ടി സ്വർണ പാത്രങ്ങൾ കിട്ടുമെന്ന് വിചാരിച്ച് രത്നചന്ദ്രൻ ആവേശത്തോടെ യോഗയ്യയുടെ വീട്ടിലെത്തി.

യോഗയ്യ നിലവിളിച്ചു - "പ്രഭോ, ഞാൻ പരമാവധി ശ്രമിച്ചിട്ടും ആ 5 ഗർഭിണികളെ രക്ഷിക്കാൻ പറ്റിയില്ല. അവർ പ്രസവത്തോടെ മരിച്ചു പോയി"

ഉടൻ, രത്നചന്ദ്രൻ പരാതിയുമായി രാജാവിന്റെ മുന്നിലെത്തി. അന്നേരം, അടുത്തുണ്ടായിരുന്ന തെനാലി പറഞ്ഞു - "3 ചെമ്പുപാത്രങ്ങൾ പ്രസവിച്ച് 3 കുഞ്ഞുപാത്രങ്ങൾ കിട്ടിയപ്പോൾ താങ്കൾ സന്തോഷിച്ചു സ്വീകരിച്ചു. ഇപ്പോൾ പ്രസവത്തോടെ മരിച്ചതും അംഗീകരിക്കണം"

കൊള്ളപ്പലിശക്കാരൻ തലതാഴ്ത്തി. തെനാലിയുടെ യുക്തിയിൽ രാജാവിനു മതിപ്പു തോന്നി.

Written by Binoy Thomas, Malayalam eBooks-913 - Tenali stories - 28, PDF -https://drive.google.com/file/d/11lqRN1YHmc0WHaaEF5ZfQhiceuLzNLer/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam