(866) കപട യോഗ!

 യോഗ എന്ന സവിശേഷ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സ്വയം ചോദിക്കേണ്ടതും അറിയേണ്ടതുമായ ഒരു കാര്യമാണ്  യോഗയിലൂടെ നാം എവിടെ എത്തി നിൽക്കുന്നു എന്നുള്ളത്.

1. നാം യോഗ ഗുരുവാണോ?

എങ്കിൽ ആഴത്തിലുള്ള യോഗ അറിവും ഗവേഷണവും ഉപരിപഠനവും ഒക്കെ വേണം. ആ വിഷയത്തിൽ പാണ്ഡിത്യമുണ്ടാവണം. ഇരുട്ടിനെ അകറ്റി പ്രകാശം വരുത്താനുള്ള "ഗുരു" എന്ന അർത്ഥം വരണം.

2. നാം യോഗാചാര്യനാണോ ?

യോഗയെ ആചരിക്കുന്നവൻ. ഇവിടെ സത്യവും ധർമ്മവും നീതിയും ന്യായവും ആചരിക്കണം.

പ്രശസ്തി, മദം പൊട്ടിയ മതം, അഹംഭാവം, താൻപോരിമ... ഇത്യാദി വന്നാൽ നടക്കില്ല.

3. യോഗാ അധ്യാപകർ

യോഗയിലെ കുറച്ച് അറിവുകൾ പകർന്നു കൊടുക്കുന്നവർ, പഠിപ്പിക്കുന്നവർ. (ഈയുള്ളവൻ ഈ തരത്തിൽ ഉൾപ്പെടുന്നു).

4. യോഗ ഇൻസ്ട്രക്ടർ (യോഗ നിർദ്ദേശകൻ)

ഏറ്റവും താഴെ തട്ടിലുള്ള  നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നയാൾ. പ്രത്യേകിച്ചും ആസനങ്ങളുടെ പരിശീലനം മുഖ്യമായും.

5. യോഗ ഡെമൊൺസ്ട്രേറ്റർ -

ഇവിടെ സാധാരണമായി ഏതെങ്കിലും അപകട കായിക പ്രകടനം പോലെയുള്ള യോഗാസനങ്ങൾ സ്റ്റേജിൽ നടത്തുന്നവർ. വിദ്യാഭ്യാസം കുറവുണ്ടെങ്കിൽ ഏറെ നന്ന്. കാരണം, അപകട സാധ്യത മനസ്സിലാവില്ലല്ലോ.

6. യോഗ ട്രെയിനർ -

യോഗ പരിശീലകർ. സ്വന്തമായി ക്ലബ്, ഗസ്റ്റായി പോകുന്നവർ, ഫ്ലാറ്റ്, വീടുകൾ എന്നിവിടങ്ങളിൽ പോയി പരിശീലനം കൊടുക്കുന്നവർ.

സാമാന്യമായി പറഞ്ഞാൽ, മതം, രാഷ്ട്രീയം, അന്ധവിശ്വാസങ്ങൾ, പ്രാർഥന, പൂജ, തീർഥാടനങ്ങൾ എന്നിവയൊക്കെ അമിതമായാൽ മനസ്സിനെ പിടിച്ചു കെട്ടാൻ കഴിവില്ലാത്തവർ എന്നർഥം. ആൾ ദൈവങ്ങളുടെ പരസ്പര പിന്തുണ... അതെല്ലാം യോഗയുടെ ദുഷ്പേരിനു മാത്രമേ സഹായിക്കൂ...

യോഗ കഴിവതും നിഷ്പക്ഷമായി കൊണ്ടുനടക്കാൻ ശ്രമിക്കുമ്പോൾ പണം, അധികാരം, പ്രശസ്തി എന്നിവയെ ത്യജിക്കേണ്ടിവരും. നഷ്ടങ്ങൾ പലതും വരാം.

Written by Binoy Thomas, Malayalam eBooks-866-yoga-28, PDF -https://drive.google.com/file/d/1SUABIdMb9RDLM0KMzXdqogqvO8MfWD8F/view?usp=drivesdk

Comments