ബ്രഹ്മദത്തൻ രാജാവായി വാരാണസി ഭരിച്ചിരുന്ന സമയം. അദ്ദേഹത്തിനു നാലു മക്കളുണ്ട്. ഒരിക്കൽ, ഏറ്റവും മുതിർന്ന രാജകുമാരൻ ഒരു ആഗ്രഹം പറഞ്ഞു - " മനോഹരമായ പൂക്കൾ ഉള്ള പ്ലാശ് മരം (ചമത) കാണണം"
രാജകല്പന പ്രകാരം, രാജ ഭടന്മാർ കാട്ടിൽ കൊണ്ടുപോയി അവനെ ആ മരം കാണിച്ചു കൊടുത്തു. അതു മഞ്ഞുകാലമായതിനാൽ ഇലകൾ പൊഴിച്ച് വെറും ഉണക്കമരം പോലെ തോന്നിച്ചു. ഒന്നാമൻ പോയതിനാൽ മൽസര ബുദ്ധിയോടെ രണ്ടാമനും പോകണമെന്ന് പറഞ്ഞപ്പോൾ രാജാവ് കുറച്ചു മാസം കഴിഞ്ഞാണ് അനുവാദം കൊടുത്തത്.
രണ്ടാമൻ ചെന്നപ്പോൾ ആ മരം നിറയെ പച്ചയുടുപ്പ് ധരിച്ച പോലെ മനോഹരമായിരുന്നു. മൂന്നാമൻ രണ്ടു മാസം കഴിഞ്ഞ് ചെന്നപ്പോൾ അതിൽ നിറയെ ചുവന്ന പൂക്കളായിരുന്നു. നാലാമൻ ചെന്നപ്പോൾ പൂക്കൾ എല്ലാം പോയി മരം നിറയെ പഴങ്ങൾ!
കുറെ നാളുകൾക്കു ശേഷം രാജാവും മക്കളും സംസാരിച്ചു കൊണ്ടിരുന്ന സമയത്ത്, ഏറ്റവും മൂത്തവൻ പറഞ്ഞു- "എല്ലാവരും പറയുന്ന പോലെ പ്ലാശു മരം കാണാൻ ഒരു ഭംഗിയുമില്ല. വെറും ഉണക്കമരം പോലെ"
രണ്ടാമൻ ഇടപ്പെട്ടു - "ഞാൻ കണ്ടത് മനോഹരമായ പച്ചപ്പട്ട് ഉടുത്ത പോലത്തെ മരമാണ്"
മൂന്നാമൻ: "അതിലുളള ചുവന്ന പൂക്കൾ കാണാൻ എന്തു ചേലാണ്?"
നാലാമൻ : "എന്നാൽ, നിറയെ പഴങ്ങളുമായി നിൽക്കുന്ന പ്ലാശു മരമാണ് ഞാൻ കണ്ടത്. നിങ്ങളൊക്കെ കണ്ടത് വേറെ ഏതെങ്കിലും മരമായിരിക്കാം"
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന രാജാവ് പറഞ്ഞു - "നിങ്ങൾ നാലു പേരും കണ്ടത് ഒരേ മരം തന്നെയാണ്. പക്ഷേ, പല കാലത്താണ് നിങ്ങൾ പോയത്. അതിനാൽ മാറ്റം പ്രകൃതി നിയമമാണ്. ഒരു കാര്യത്തിന്റെ എല്ലാ വശവും അറിയാതെ എടുത്തു ചാടി വിഡ്ഢികളാകരുത്"
Written by Binoy Thomas, Malayalam eBooks-815- Jataka tales - 79, PDF -https://drive.google.com/file/d/109A59sZjFXpv-itnIj2YZep7BnCah-Wz/view?usp=drivesdk
Comments