(814) ബ്രാഹ്മണന്റെ ഭാര്യ

ബ്രഹ്മദത്തൻ രാജാവായി കഴിയുന്ന സമയം. അവിടത്തെ രാജപുരോഹിതൻ ഒരു സാധുവായ മനുഷ്യനായിരുന്നു. എന്നാൽ ആ ബ്രാഹ്മണ പുരോഹിതന്റെ ഭാര്യയാകട്ടെ, ഒരു ദുഷ്ട സ്ത്രീയായിരുന്നു. അവൾ അയാളെ പരിഹസിക്കാൻ കിട്ടുന്ന അവസരമെല്ലാം നന്നായി വിനിയോഗിച്ചിരുന്നു.

ഒരിക്കൽ, രാജാവ് പുരോഹിതന് സഞ്ചരിക്കാനായി കുതിരയെ സമ്മാനിച്ചു. കുതിരയെ നന്നായി മാലയിട്ട് അലങ്കരിച്ചിരുന്നു. വഴിയിലൂടെ കുതിരയുമായി വരുന്ന സമയത്ത് എല്ലാവരും കുതിര വളരെ നല്ലതാണെന്ന് പ്രശംസിച്ചു.

ഈ കാര്യം ഭാര്യയോടു പറഞ്ഞപ്പോൾ അവൾ കളിയാക്കി -"മനോഹരമായ മാല നോക്കിയിട്ടാണ് എല്ലാവർക്കും മതിപ്പു തോന്നിയത്. നിങ്ങൾ ആ മാലകൾ എടുത്ത് അണിഞ്ഞാൽ അതേ ബഹുമാനം നിങ്ങൾക്കും കിട്ടും"

ആ സാധു ബ്രാഹ്മണൻ അതു വിശ്വസിച്ചു. കുതിരയുടെ മാലകൾ ഇട്ടു കൊണ്ട് കൊട്ടാരത്തിലേക്കു യാത്രയായി. പോയ വഴിയിൽ കണ്ടവരെല്ലാം അയാളെ കൂകി വിളിച്ചു.

കൊട്ടാരത്തിൽ എത്തിയപ്പോൾ രാജാവ് കളിയാക്കി ചിരിച്ചു. പിന്നീട് കാര്യം  തിരക്കി. വിവരങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "സാധാരണയായി സ്ത്രീകൾ ഇങ്ങനെ പെരുമാറുന്നത് പതിവാണല്ലോ. ഒരു തവണ അവൾക്ക് മാപ്പു കൊടുക്കാമല്ലോ"

പക്ഷേ, പുരോഹിതൻ പറഞ്ഞു- "ഇല്ല, ഒരിക്കലും ഞാൻ ക്ഷമിക്കയില്ല. കാരണം, അവൾ സ്വന്തം ഭർത്താവിനെ വീട്ടിൽ വച്ച് മാത്രമേ ഇതിനു മുൻപ് പരിഹസിക്കുമായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ പൊതുവഴിയിലും കൊട്ടാരത്തിലും ഞാൻ പരിഹാസ കഥാപാത്രമായിരിക്കുന്നു"

ബ്രാഹ്മണൻ ഭാര്യയെ ഉപേക്ഷിച്ചു വീട്ടിൽ നിന്നും ഇറക്കിവിട്ടു. പിന്നെ, മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

Written by Binoy Thomas, Malayalam eBooks-814-Jataka tales-78, PDF-https://drive.google.com/file/d/1H5nAmIdjvcHMrB4ZlZ_US10zOQXfXV-4/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1