(811) കുടിയന്റെ കുരുട്ടുബുദ്ധി

 ആ ഗ്രാമത്തിൽ ഉൽസവം വന്നു. ഉൽസവ രാത്രികളിൽ മദ്യം കഴിക്കാൻ ആളുകൾ അനേകമായിരുന്നു. കാരണം, അവിടെയുള്ള ആളുകളുടെ പ്രധാന ദുശ്ശീലമായിരുന്നു മദ്യം സേവിക്കുന്നത്.

അതിനിടയിൽ, മദ്യശാലയിലെ തിരക്കു കാരണം ഇറച്ചി തീർന്നു പോയി. അന്നേരം, ഒരു മല്ലനായ കുടിയൻ ഇറച്ചി കിട്ടാനായി ബഹളം വയ്ക്കാൻ തുടങ്ങി. ഒടുവിൽ കടയുടമ പറഞ്ഞു - "താൻ ഇറച്ചി കൊണ്ടു വന്നാൽ നല്ലതുപോലെ കറിവച്ചു തരുന്ന കാര്യം ഞങ്ങളേറ്റു"

അവനു സന്തോഷമായി. വേഗം ചുടുകാട്ടിലേക്കാണ് അവൻ പോയത്. കാരണം, അവിടെ കുറുക്കന്മാർ ശവം തിന്നാൻ വരുന്നതു പതിവാണ്. അവൻ ഒരു ബലമുള്ള വടിയും കയ്യിൽ പിടിച്ച് ശവം പോലെ കിടന്നു. കുറുക്കന്മാർ അടുത്തു വരുമ്പോൾ അടിച്ചു വീഴിക്കാമെന്നു കരുതി.

കുറച്ചു കുറുക്കന്മാർ അവിടെയെത്തി. അവരുടെ നേതാവായിരുന്നു ബോധിസത്വൻ. അവർക്കെല്ലാം ഒരുവൻ കിടക്കുന്നതു കണ്ടപ്പോൾ അത്യാർത്തിയായി. പക്ഷേ, ശവത്തിന്റെ കയ്യിൽ ഒരു വടി കണ്ടപ്പോൾ കുറുക്കൻനേതാവിന് സംശയമായി.

അവൻ പറഞ്ഞു - "കൂട്ടരേ, സാധാരണയായി ശവം വടിയും പിടിച്ചു കിടക്കാറില്ല. അതിനാൽ ഇവനു ജീവനുണ്ടോ എന്നു നോക്കട്ടെ"

വടിയുടെ ഒരറ്റത്ത് കുറുക്കൻ വലിച്ചു. പക്ഷേ, കുടിയൻ വടി മുറുകെ പിടിച്ചു!

"ശവം പോലെ കിടക്കാനും അറിയില്ലാത്ത വിഡ്ഢിയാണു ഞങ്ങളെ മണ്ടരാക്കാൻ നോക്കുന്നത്. ത്ഫൂ!"

കുറുനരികൾ കാട്ടിലേക്കു പാഞ്ഞു. ആ മനുഷ്യൻ ജാള്യതയോടെ എണീറ്റു നടന്നു.

Written by Binoy Thomas, Malayalam eBooks - 811 - Jataka tales -75, PDF -https://drive.google.com/file/d/1wB1pepr4Ri0-T1GQ9L-vOst_O_tO0YB0/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories