(809) ആടിന്റെ പുനർജന്മം

 വാരാണസിയിലെ ഗ്രാമത്തിൽ ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. അദ്ദേഹം, ദേവപ്രീതിക്കായി ആടിനെ ബലി കൊടുക്കുമെന്ന് തീരുമാനിച്ചു. ഭൃത്യന്മാർ ഒരു ആടിനെ ചന്തയിൽ നിന്നും വാങ്ങിച്ചു. ആടിനെ അടുത്തുള്ള പുഴയിൽ കുളിപ്പിച്ച് നെറ്റിയിൽ ചന്ദനവും പുരട്ടി തുളസിമാലയും ഇട്ട് കൊണ്ടുവരാൻ അയാൾ വേലക്കാരോടു പറയുകയും ചെയ്തു.

എന്നാൽ, അവരുടെ സംസാരത്തിൽ നിന്നും, തന്നെ ബലി അർപ്പിക്കാൻ പോകുകയാണെന്ന് ആടിനു മനസ്സിലായി. ആട് ഉടൻ പൊട്ടിച്ചിരിച്ചു. പിന്നെ, പൊട്ടിക്കരഞ്ഞു.

അതു കണ്ടപ്പോൾ അവർ ആടിനോടു ചോദിച്ചു - "നീ എന്താണ് ഇങ്ങനെ വിചിത്രമായി പെരുമാറുന്നത്?"

"ഞാൻ അത് നിങ്ങളുടെ ഗുരുവിനോടു പറഞ്ഞുകൊള്ളാം"

ബ്രാഹ്മണന്റെ അടുക്കൽ ആടിനെ കൊണ്ടുവന്ന നേരത്ത് അതിനോട് അദ്ദേഹം ചോദിച്ചു - "നീ ആരാണ്? ഒരു സാധാരണ മൃഗമല്ല എന്നു തോന്നുന്നുണ്ട് "

ആട്: "അങ്ങ് പറഞ്ഞതു സത്യമാണ്. ഞാൻ അഞ്ഞൂറു ജന്മങ്ങൾക്കു മുൻപ് ഒരു ബ്രാഹ്മണ പണ്ഡിതനായിരുന്നു. അപ്പോൾ ഒരു യാഗത്തിനായി ആടിനെ ബലിയർപ്പിച്ചു. അതിന്റെ ശിക്ഷയായി അടുത്ത ജന്മത്തിൽ ആടായി ജനിച്ചു. എന്നെ മനുഷ്യർ ബലിയർപ്പിച്ചു. പിന്നീട്, അടുത്ത അഞ്ഞൂറ് ജന്മങ്ങൾക്കും അതു തന്നെയായിരുന്നു വിധി. ഇത് അവസാനത്തെ ആടു ജന്മമാണ്. ഇതോടെ, എനിക്കു മോക്ഷം ലഭിക്കും. അതാണ് ഞാൻ പൊട്ടിച്ചിരിച്ചത്. അതേസമയം, എന്നെ കൊല്ലുന്നതോടു കൂടി അങ്ങേയ്ക്കും അടുത്ത അഞ്ഞൂറ് ജന്മങ്ങൾ ആടായി ജനിക്കേണ്ടി വരുന്ന ദുരിതം ഓർത്തപ്പോൾ പൊട്ടിക്കരഞ്ഞതാണ് "

ഉടൻ, ബ്രാഹ്മണൻ പേടിച്ചു പോയി. അയാൾ ആടിനെ വിട്ടയച്ചപ്പോൾ ആട് പറഞ്ഞു - "അങ്ങ് എന്നെ വിട്ടാലും ഇന്നുതന്നെ എന്റെ ജീവൻ വെടിയും"

പക്ഷേ, അവർക്ക് അതു വിശ്വാസമായില്ല. ആട് പോയ പിറകേ രഹസ്യമായി ബ്രാഹ്മണനും ഭൃത്യന്മാരും പതുങ്ങി നടന്നു. ഒരു മലയുടെ അടിവാരത്തിൽ പുല്ലു തിന്നുകയായിരുന്ന ആടിന്റെ തലയിലേക്ക് മുകളിൽ നിന്ന് ഒരു കല്ല് വീണ് അതു മരിച്ചു.

അന്നേരം, അടുത്തുള്ള മരത്തിൽ വൃക്ഷ ദേവതയായി അവതരിച്ച ബോധിസത്വൻ അവരോടായി പറഞ്ഞു - "ഹിംസ ചെയ്താൽ ഇതാണ് വരാനിരിക്കുന്ന ദുരന്തമെന്ന് മനുഷ്യരെല്ലാം മനസ്സിലാക്കിയാൽ വീണ്ടും ആ ക്രൂരത ചെയ്യില്ലായിരുന്നു!"

ബ്രാഹ്മണനും കൂട്ടാളികളും അതു കേട്ടതോടെ ഹിംസകൾ ഉപേക്ഷിച്ചു നല്ലവരായി മാറി.

Written by Binoy Thomas, Malayalam eBooks-809 -Jataka stories -73, PDF -https://drive.google.com/file/d/1RMd1GYtfYpgjwZKdYj1IN73Wx8b-SFVN/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam