(806) കഴുതയുടെ മാല
ഒരിക്കൽ, സാധുവായ ഒരു കച്ചവടക്കാരൻ ചന്തയിലേക്ക് പോകുകയായിരുന്നു. അയാളുടെ ചുമടെല്ലാം കഴുതയായിരുന്നു ചുമന്നിരുന്നത്. രാവിലെ ചന്തയിലേക്കു പോയി അവിടെ കച്ചവടമെല്ലാം കഴിഞ്ഞ് വൈകുന്നേരം തിരികെ പോരുകയും ചെയ്യും.
അയാൾ പോകുന്ന വഴിയിൽ ഒരു നിറമുള്ള കല്ല് കിടക്കുന്നതു കണ്ടപ്പോൾ കൗതുകം തോന്നി അത് എടുത്തു നോക്കി. പിന്നീട്, കയ്യിലെ ചരടിൽ കെട്ടി കഴുതയുടെ കഴുത്തിൽ ഒരു മാലയാക്കി തൂക്കിയിട്ടു.
അങ്ങനെ, കുറെ ദൂരം നടന്നപ്പോൾ ആഭരണപ്പണികൾ ചെയ്യുന്ന ആൾ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. കഴുതയുടെ കഴുത്തിൽ തൂങ്ങിയാടുന്ന കല്ല് കണ്ടപ്പോൾ അവൻ ഞെട്ടി!
"ഹൊ! ഈ വജ്രക്കല്ല് ഇയാൾക്ക് എവിടെ നിന്നു കിട്ടി?"
അയാൾ പിറുപിറുത്തു. അന്നേരം, അയാൾ ചോദിച്ചു - "എടോ, ഈ കഴുതയുടെ കഴുത്തിലെ കല്ലുമാല എനിക്കു തന്നാൽ, എന്റെ കുതിരയുടെ കഴുത്തിൽ കെട്ടാമായിരുന്നു"
കച്ചവടക്കാരൻ: "എനിക്ക് നൂറ് സ്വർണ്ണ നാണയം തന്നാൽ ഞാൻ നിങ്ങൾക്ക് തരാം"
കച്ചവടക്കാരനെ പറ്റിക്കാനായി അയാൾ പറഞ്ഞു - "അൻപത് നാണയം തരാം"
പകുതി വിലയ്ക്ക് പറ്റില്ലെന്നായി കച്ചവടക്കാരൻ. പക്ഷേ, പണിക്കാരൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു - ഈ കച്ചവടക്കാരൻ കുറച്ചു മാറിക്കഴിഞ്ഞ് തിരികെ വന്ന് പകുതി വിലയ്ക്കു സമ്മതിയ്ക്കും.
എന്നാൽ, കച്ചവടക്കാരൻ തിരികെ വരാതെ ചന്തയിൽ പോയി കച്ചവടവും കഴിഞ്ഞ് തിരികെ പോന്നു. തന്റെ വീടിന്റെ മുന്നിൽ പണിക്കാരൻ കച്ചവടക്കാരനെ കാത്തുനിൽപ്പായി.
തിരികെ വന്നപ്പോൾ കഴുതയുടെ കഴുത്തിലെ മാല കാണാനില്ല! പണിക്കാരന് ദേഷ്യവും നിരാശയും ഇരച്ചുകയറി - "കഴുതയുടെ മാല നീ എന്തു ചെയ്തു?"
കച്ചവടക്കാരൻ യാതൊരു കൂസലും കൂടാതെ പറഞ്ഞു - "ഞാനത് നൂറ്റമ്പത് നാണയങ്ങൾക്ക് ഒരാൾക്കു കൊടുത്തു"
വീണ്ടും അയാൾ കോപിച്ചു - "നീ എന്തൊരു വിഡ്ഢിയാണ് ? അതൊരു വജ്രക്കല്ലായിരുന്നു. ആയിരം സ്വർണനാണയങ്ങൾ വിലയുണ്ട് അതിന്!"
കച്ചവടക്കാരൻ ലാഘവത്തോടെ പറഞ്ഞു - "ഞാനല്ല, നീയാണ് പമ്പര വിഡ്ഡി. കാരണം, എനിക്ക് ആ കല്ലിന്റെ വില അറിയില്ലായിരുന്നു. എന്നാൽ, നിനക്ക് അറിയാമായിരുന്നിട്ടും വെറും അൻപത് നാണയം ലാഭിക്കാനായി അതു നഷ്ടപ്പെടുത്തി!"
ആഭരണ പണിക്കാരൻ ലജ്ജിച്ചു തല താഴ്ത്തി.
Written by Binoy Thomas, Malayalam eBooks-806- Thinmakal - 39, PDF -https://drive.google.com/file/d/1HTW25VWD9uyXIxWrhTWmvJEyX45OC06z/view?usp=drivesdk