(805) രാജാവിന്റെ മന്ത്രം!

 കാശിയിലെ രാജാവായി സേനകൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, അദ്ദേഹം വേട്ടയ്ക്കു പോയപ്പോൾ കുറെ കുട്ടികൾ ഒരു സർപ്പത്തെ വളഞ്ഞ് കല്ലെറിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഉടൻ, രാജാവ് അവരെ ഓടിച്ചു വിട്ടു.

ആ സർപ്പം നാഗരാജാവായിരുന്നു. സ്വന്തം ജീവൻ രക്ഷിച്ചതിനാൽ സേനകന് ഒരു പ്രത്യേക വരം കൊടുത്തു - "രാജാവിന് മൃഗങ്ങളുടെ ഭാഷ അറിയാൻ പറ്റും. പക്ഷേ, ഈ രഹസ്യം ആരെങ്കിലും അറിഞ്ഞാൽ, രാജാവ് ആ നിമിഷംതന്നെ മരിക്കും!"

സേനകൻ തിരികെ കൊട്ടാരത്തിലെത്തി. തീൻമേശയിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന സമയത്ത്, ഈച്ചകൾ പറഞ്ഞു - "നമ്മുടെ സദ്യ വരുന്നുണ്ട് "

രാജാവ് അതു കേട്ട് പൊട്ടിച്ചിരിച്ചു. എന്നാൽ, റാണി ഇതു ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. അത്താഴത്തിന് മധുരം വിളമ്പിയപ്പോൾ ലേശം താഴെ വീണു. അതു കണ്ട്, ഉറുമ്പുകൾ ആർത്തു വിളിച്ചു - "എല്ലാവരും ഓടി വരിനെടാ, ഒരു സദ്യ ശരിയായിട്ടുണ്ട് "

അപ്പോഴും രാജാവ് പൊട്ടിച്ചിരിച്ചു. റാണി അതും കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ, അന്ന് ഉറങ്ങാൻ നേരം, റാണി ചോദിച്ചു - "അങ്ങ്, ആഹാരം കഴിക്കുന്നതിനിടെ രണ്ടു തവണ ചിരിച്ചത് എന്തിനായിരുന്നു?"

അദ്ദേഹം ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ, റാണി തുടർച്ചയായി ഏതാനും ദിവസങ്ങൾ ശല്യമായി. രാജാവ് ധർമ്മസങ്കടത്തിലായി. അദ്ദേഹം പറഞ്ഞു - "ആ രഹസ്യം നിന്നോടു പറഞ്ഞാൽ ഞാൻ മരിച്ചു പോകും"

അവൾ പറഞ്ഞു - "അങ്ങ്, എന്നോടു സത്യം പറയാതിരിക്കാനായി സൂത്രം പറയുകയാണ്"

ഒടുവിൽ, ആ മന്ത്രത്തിന്റെ കാര്യം പറയാമെന്ന് രാജാവ് തീരുമാനിച്ചു. അതിനു മുൻപായി നഗരം ഒന്നു കൂടി കാണാൻ രാജാവിനു കൊതിയായി.

അതേ സമയം, ബോധിസത്വൻ ദേവന്മാരുടെ രാജാവായ ശക്രനായി ജീവിക്കുന്ന കാലം. അദ്ദേഹം, ഈ രാജാവിന്റെ വിഷമം മനസ്സിലാക്കി സഹായിക്കാൻ വേണ്ടി ആടിന്റെ വേഷത്തിൽ ഭൂമിയിലെത്തി. രാജാവിന്റെ രഥം വലിക്കുന്ന കുതിരയ്ക്ക് തടസ്സമായി വഴിയിൽ കിടക്കുകയായിരുന്നു.

കുതിര പറഞ്ഞു- "നീ എന്തൊരു വിഡ്ഢിയാണ്. വഴിയിലാണോ വിശ്രമിക്കുന്നത്?"

ആട് പറഞ്ഞു - "നിന്റെ രാജാവാണ് എന്നേക്കാളും വിഡ്ഢി. കാരണം, ഭാര്യ പറഞ്ഞതു കേട്ട്, സ്വന്തം ജീവൻ കളയാൻ പോകുന്നവൻ"

രാജാവ് അതു കേട്ടപ്പോൾ ആട് അവതാരമാണെന്നു മനസ്സിലാക്കി ഉപദേശം ചോദിച്ചു. ആട് ഒരു തന്ത്രം പറഞ്ഞു കൊടുത്തു.

അതിൻപ്രകാരം ചാട്ടവാറടി കൊടുക്കുന്ന ശിക്ഷാ സ്ഥലത്ത് റാണിയെ കൊണ്ടുവന്നിട്ടു പറഞ്ഞു - "ആ രഹസ്യം നിന്നോടു പറയാം. പക്ഷേ, നീ ചാട്ടവാറിന്റെ പത്ത് അടികൾ നിശ്ശബ്ദം സഹിച്ച് കഴിവു തെളിയിക്കണം"

അവൾക്കു സമ്മതമായി. ആദ്യ ചാട്ടവാറിന്റെ പ്രഹരം തന്നെ കിട്ടിയപ്പോൾ അലറി നിലവിളിച്ചു. പിന്നീട്, ആ രഹസ്യത്തിന്റെ കാര്യം ഒരിക്കലും റാണി ചോദിച്ചില്ല.

Written by Binoy Thomas, Malayalam eBooks-805 - Jataka tales - 70, PDF -https://drive.google.com/file/d/1KH-V9hcv9mWcvm8gZZ149aocC1si8Dj1/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam