(797) കുരങ്ങൻ നൽകിയ ഗുണപാഠം

 വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചു വന്നിരുന്ന കാലം. ബോധിസത്വൻ അവിടെ മന്ത്രിയായി ജന്മമെടുത്തിരിക്കുകയാണ്. ഒരിക്കൽ, അയൽരാജ്യം അല്പം കൃഷിഭൂമി കയ്യേറി. അതിനു പകരം ഒരു ദേശം മുഴുവനും കൈക്കലാക്കാനായി രാജാവും മന്ത്രിയും കുറെ ഒളിപ്പോരാളികളുമായി അയൽരാജ്യത്തിന്റെ അതിർത്തിയിലുള്ള കാട്ടിൽ അവർ ഒളിച്ചു താമസിച്ചു.

ഒരു ദിവസം, കുതിരയ്ക്കു കൊടുക്കാൻ വച്ചിരുന്ന മുതിര നിറച്ച ചാക്ക്,  മരത്തിന്റെ മുകളിലിരുന്ന കുരങ്ങൻ കണ്ടു. കുരങ്ങൻ ചാടിയിറങ്ങി അതിൽ നിന്നും ഒരുപിടി വാരിയെടുത്തു. വീണ്ടും മരത്തിന്റെ മുകളിൽ ഇരുന്ന് തിന്നാൻ തുടങ്ങി.

എന്നാൽ, വായിലേക്ക് എറിഞ്ഞപ്പോൾ ഒരു മുതിര താഴെ വീണു. അതു കിട്ടാത്ത ദേഷ്യത്തിൽ അവൻ കയ്യിലെ മുതിര മുഴുവനും താഴേക്ക് എറിഞ്ഞു.

കുറച്ചു നേരം കഴിഞ്ഞ്, കുരങ്ങന്റെ ദേഷ്യമൊക്കെ മാറിയപ്പോൾ മെല്ലെ താഴെയിറങ്ങി ഇലകൾക്കിടയിൽ മുതിര തിരയാൻ തുടങ്ങി. കാട്ടിലെ ഇടതൂർന്ന് വീണു കിടക്കുന്ന ഇലക്കൂട്ടത്തിൽ നിന്നും എങ്ങനെ കിട്ടാനാണ്? അവൻ വെറുതെ തപ്പി ക്കൊണ്ടിരുന്നു.

അതേസമയം, ഈ സംഭവമെല്ലാം രാജാവും മന്ത്രിയും കാണുന്നുണ്ടായിരുന്നു. അപ്പോൾ, ബോധിസത്വൻമന്ത്രി രാജാവിനോടു പറഞ്ഞു - "നോക്കൂ, ആ കുരങ്ങന്റെ കയ്യിൽ നിന്നും പോയ ഒരു മുതിര കിട്ടാൻ വേണ്ടിയാണ് കയ്യിലുള്ള മുതിര അത്രയും കളഞ്ഞത്. മനുഷ്യരും ഇതുപോലെ തന്നെ!"

അപ്പോൾ, രാജാവിനു കാര്യം മനസ്സിലായി. അല്പം കൃഷി ഭൂമിക്കു പകരമായി ആ ദേശം പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ ഏറെ ആൾനാശവും ദുരിതവുമെല്ലാം വരുമെന്നുള്ള സൂചനയാണ് എന്നു ഗ്രഹിച്ചു. അവർ മടങ്ങിപ്പോന്നു.

Written by Binoy Thomas, Malayalam eBooks-797- ജാതക കഥകൾ-62-PDF-https://drive.google.com/file/d/1sz21Gvldmcks4dJ1y61m-x9HOXV3dzgM/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1